വിപണിയുടെ ധാര്‍മികതയും നീതിശാസ്ത്രവും – ഡോ. കൊച്ചുറാണി ജോസഫ്

വിപണിയുടെ ധാര്‍മികതയും നീതിശാസ്ത്രവും 	– ഡോ. കൊച്ചുറാണി ജോസഫ്

ലോക സാമ്പത്തിക മേഖലയുടെ ചരിത്രപരമായ വളര്‍ച്ചയില്‍ നിര്‍ണായകമായ കണ്ടുപിടുത്തമാണ് വിപണി. പണം എന്ന വിനിമയമാധ്യമം കണ്ടുപിടിച്ചതോടെ വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായ യുഗത്തില്‍ നിന്ന് വിനിമയസംസ്‌കാരത്തിലേക്കുള്ള വളര്‍ച്ചയുടെ നാള്‍വഴികളില്‍ നാലു പ്രധാന ഘട്ടങ്ങള്‍ കണ്ടെത്താനാവും. ഒന്നാമതായി കാര്‍ഷികവിപ്ലവമായിരുന്നു. കാര്‍ഷികവളര്‍ച്ച പിന്നീട് വ്യാവസായിക വിപ്ലവത്തിലേക്ക് വഴിതെളിച്ചു. ഇതിന്റെ ഫലമായി സാമ്പത്തികമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ് വിവിധ രാജ്യങ്ങള്‍ക്കുണ്ടായി. പിന്നീട് മൂന്നാമതായി കടന്നുവന്നത് വിവരസാങ്കേതിക വിദ്യാരംഗത്തുണ്ടായ വിപ്ലവകരമായ മുന്നേറ്റമാണ്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ഇതിനെയെല്ലാം മറികടന്ന് വിതരണവിപ്ലവത്തിന്റെ കാലഘട്ടത്തിലാണ്. ഉല്‍പന്നങ്ങള്‍ നിര്‍മിച്ചാല്‍ മാത്രം പോരാ മല്‍സരകമ്പോളത്തില്‍ അതിന് വിപണി കണ്ടെത്തി വിപണനമൂല്യം വര്‍ദ്ധിപ്പിക്കുക എന്നത് അനിവാര്യമായപ്പോള്‍ വിപണി അധിഷ്ഠിത മല്‍സരങ്ങളും ഉടലെടുത്തു.


മല്‍സരവിപണികളില്‍ ഏറെ ശ്രദ്ധേയമായ മേഖലയാണ് മൊണോപൊളിസ്റ്റിക്ക് അഥവാ കുത്തക മല്‍സരവിപണി. ഈ വിപണിയുടെ പ്രത്യേകത ഉല്‍പന്നങ്ങളുടെ വൈവിധ്യമാണ്. ഓരോ ഉല്‍പന്നവും ഗുണമേന്മയില്‍, തൂക്കത്തില്‍, വില്‍പനാന്തരസേവനത്തില്‍, പാക്കിംങില്‍, അവതരണത്തില്‍ ഒന്നിനൊന്ന് മെച്ചമാണെന്ന് അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ശക്തമായ മല്‍സരം വിപണിയിലുണ്ട്. ജൊയാന്‍ റോബിന്‍സണ്‍, ഇ.എച്ച്. ചേംബര്‍ലിന്‍ എന്നീ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഈ രംഗത്ത് ഉല്‍പാദനചിലവ് പോലെ ഏറെ പ്രധാനപ്പെട്ടതാണ് വില്‍പനചിലവും എന്ന് സമര്‍ത്ഥിക്കുന്നു.


സാമ്പത്തികശാസ്ത്രത്തില്‍ വിപണിയെന്നത് ഒരു പ്രത്യേകമായ നിശ്ചിതസ്ഥലമല്ല. അത് ആവശ്യക്കാരനും നല്‍കാന്‍ സാധിക്കുന്നവനും തമ്മില്‍ നടക്കുന്ന ഇടപാടുകളാണ്. ഫോണ്‍ വഴിയോ സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെയോ ഓണ്‍ലൈന്‍ ആയോ വിപണി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ വിപണി എന്നും ഒരേ സമയം ഊഷ്മളതയുടേയും അനിശ്ചിതാവസ്ഥയുടെയും തലമാണ്. വിപണി സാധ്യതകളും വിപണി പരാജയങ്ങളും നിത്യസാമ്പത്തിക സംഭവമായി മാറാറുണ്ട്. അതിനാല്‍ ഏതു സംരംഭവും, അത് കലാപരമോ നിര്‍മാണവസ്തുക്കളോ എന്തുമാകാം, മാറിവരുന്ന വിപണി സാഹചര്യങ്ങളുടെ വ്യതിയാനങ്ങള്‍ക്ക് വിധേയമാണ്.


വിപണി എന്നത് ഒരു പാഠ്യവിഷയവും കൂടിയാണ്. അക്കാദമിക തലത്തില്‍ ഇത് കേവലം സാമ്പത്തികശാസ്ത്രവിഷയം മാത്രമല്ല. സാമൂഹ്യശാസ്ത്രപരവും രാഷ്ട്രീയപരവുമായ വിവിധമാനങ്ങള്‍ വിപണിക്കുണ്ട്. വിപണിയിലെ വ്യതിയാനങ്ങള്‍ ഭരണകൂടങ്ങളെ വരെ മാറ്റാന്‍ തക്കവിധം ശക്തവുമാണ്.


വിപണിയില്‍ പ്രധാനമായും മൂന്നു കൂട്ടരുണ്ട്! ഉല്‍പാദകര്‍, ഉപഭോക്താക്കള്‍, വില്‍പനക്കാരന്‍. ഈ മൂന്നു വിഭാഗക്കാര്‍ക്കും ധാര്‍മികമായും നീതിയുക്തമായും അവര്‍ അര്‍ഹിക്കുന്നത് ലഭിക്കുന്നത് വിശകലനം ചെയ്യുന്നതിലാണ് വിപണിയുടെ നീതിയും ന്യായവും മാറ്റുരയ്‌ക്കേണ്ടത്. ഈ ഓരോ വിഭാഗത്തിനും ആനുപാതികമായ ധാര്‍മികതയെ നമുക്ക് പരിശോധിക്കാം.


ഉപഭോക്താവിനോടുള്ള ധാര്‍മികത


ആരാണ് വിപണി തീരുമാനിക്കുന്നത്? ഇതിന് വ്യത്യസ്തമായ ഉത്തരമുണ്ടെങ്കിലും ഉപഭോക്താവാണ് രാജാവ് എന്നതാണ് പരക്കെ സ്വീകാര്യമായ ഉത്തരം. ഉപഭോക്താവിനെ ചുറ്റിപറ്റിയാണ് ഉല്‍പാദനവും വിതരണവും നിശ്ചയിക്കുന്നത്. കാരണം ഉപഭോക്താവില്ലെങ്കില്‍ മറ്റ് രണ്ടു പ്രക്രിയകളും വ്യര്‍ത്ഥമാണ്. അതുകൊണ്ട് ഉപഭോക്താവാണ് ഈ മേഖലയിലെ പ്രധാന വ്യക്തി. അവര്‍ക്ക് ഒരു സേവനപ്രവൃത്തി ചെയ്തുകൊടുക്കുന്നതിലൂടെ നമ്മള്‍ അവര്‍ക്കല്ല അവര്‍ നമുക്കാണ് ഉപകാരം ചെയ്യുന്നത് എന്നൊക്കെ മഹാത്മാഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ട് പല കമ്പനിയിലും പ്രധാന ഓഫീസ് മുറിയില്‍ ഒരു ബോര്‍ഡ് വച്ചിട്ടുണ്ട്.


ആരാണ് ഉപഭോക്താവ്? പ്രതിഫലം ഭാഗികമായോ പൂര്‍ണമായോ നല്‍കി ഒരു സാധനമോ, സേവനമോ വാങ്ങുന്നവനാണ് ഉപഭോക്താവ്. ചുരുക്കത്തില്‍ നമ്മളല്ലാവരും ദൈനംദിന ജീവിതത്തില്‍ മിക്കവാറും ഉപഭോക്താക്കളാണ്. സാമ്പത്തികശാസ്ത്രത്തില്‍ ഉപഭോക്തൃ തീരുമാനങ്ങളെക്കുറിച്ചുള്ള സിദ്ധാന്തം രൂപീകരിച്ച സാമ്പത്തികശാസ്ത്രജ്ഞനാണ് പോള്‍ എ സാമുവല്‍സണ്‍. അദ്ദേഹം മുന്നോട്ടു വച്ച ”വെളിപ്പെടുത്തപ്പെട്ട മുന്‍ഗണന’ അഥവാ റിവീല്‍ഡ് പ്രിഫെറന്‍സ് എന്ന സിദ്ധാന്തം ഉപഭോക്താവിന്റെ ശക്തമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് എ. ബി. സി എന്നിങ്ങനെ വ്യത്യസ്തരൂപങ്ങള്‍ ഒരു ഉപഭോക്താവിന്റെ മുന്നില്‍ തിരഞ്ഞെടുപ്പിനായി ഉണ്ടെന്ന് സങ്കല്‍പിക്കുക. അതില്‍ ഒരു വ്യക്തി ‘എ’ എന്ന വസ്തുവിനെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവയെ രണ്ടാംകിടയായോ മൂന്നാംതരമായോ പരിഗണിക്കുന്നു എന്നാണര്‍ത്ഥമാക്കുന്നത്. ഇപ്രകാരമുള്ള തിരഞ്ഞെടുപ്പുകളിലൂടെ ഒരാള്‍ തന്റെ മുന്‍ഗണനകളും താല്‍പര്യങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞുവെന്നും ഈ സിദ്ധാന്തം പഠിപ്പിക്കുന്നു. അതായത് തിരഞ്ഞെടുപ്പുകള്‍ മുന്‍ഗണനകള്‍ തീരുമാനിക്കുന്നു.


എന്തൊക്കെ ഘടകങ്ങളാണ് ഒരു ഉപഭോക്താവിനെ സ്വാധീനിക്കുന്നത്? വില, വരുമാനം, ആവശ്യകത, ഫാഷന്‍, ട്രെന്റ്, പാരമ്പര്യം, ചട്ടങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ഇവയുടെ പ്രാധാന്യം വ്യക്തി, സാഹചര്യ, സ്ഥലകാല വൈവിധ്യമനുസരിച്ച് വ്യത്യസ്തമാവുന്നു. ഉദാഹരണത്തിന് കൗമാരപ്രായക്കാരെ ഫാഷനും ട്രെന്റും സ്വാധീനിക്കുമ്പോള്‍ മദ്ധ്യവയസ്‌കരെ ആവശ്യകതയും വരുമാനവുമാണ് നിയന്ത്രിക്കുന്നത്. മാന്യവും സമയബന്ധിതവുമായ സേവനം ലഭിക്കാന്‍ ഓരോ ഉപഭോക്താവിനും അവകാശമുണ്ട്. 1986 ലാണ് വിപണിയുടെ ചൂക്ഷണത്തില്‍നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഉപഭോക്തൃസംരക്ഷണനിയമം നിലവില്‍ വന്നത്. എന്നാല്‍ ഈ നിയമം അവകാശങ്ങളോടൊപ്പം ഉപഭോക്താവിന് ചില കര്‍ത്തവ്യങ്ങളും കൂടിയുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു.


ബിഹേവിയറല്‍ സാമ്പത്തികശാസ്ത്രമനുസരിച്ച് സാമ്പത്തികതീരുമാനങ്ങള്‍ക്ക് മന:ശാസ്ത്രപരമായ തലം ഏറെ പ്രധാനപ്പെട്ടതാണ്. അതുക്കൊണ്ടുതന്നെ മനസ്സിന്റെ ദൃഡത സാമ്പത്തിക തീരുമാനങ്ങള്‍ക്ക് അടിസ്ഥാനമൂലധനം തന്നെയാണ്. യുക്തിപരമായി ചിന്തിക്കുവാനുള്ള മനുഷ്യന്റെ അടിസ്ഥാനകഴിവ് സാമ്പത്തികശാസ്ത്രത്തില്‍ നിര്‍ണായക ഘടകമാണെങ്കിലും ഇന്നെടുക്കുന്ന സാമ്പത്തിക തീരുമാനത്തിന്റെ ഫലം മറ്റൊരു സമയത്ത് സംഭവിക്കുന്നതിനാല്‍ സാമ്പത്തിക തീരുമാനങ്ങളില്‍ യുക്തിഭദ്രതയോടൊപ്പം മാനസിക, വൈകാരിക, സാമൂഹ്യഘടകങ്ങളും സമഞ്ജസിപ്പിക്കേണ്ടതുതന്നെയാണെന്നാണ് പെരുമാറ്റ സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത്. ഈ രംഗത്തെ സംഭാവനയ്ക്കാണ് 2017 നോബല്‍ സമ്മാനം സാമ്പത്തികശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് തലെര്‍ക്ക് ലഭിച്ചത്.


കേവലം ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സ്വര്‍ണം, ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ്, ഹോം അപ്ലയന്‍സസ് എന്നിങ്ങനെ നിരവധി വസ്തുക്കളുടെ കാര്യത്തില്‍ ഉപഭോക്താവ് അതിവിദഗ്ധമായി കബളിപ്പിക്കപ്പെടുന്നുണ്ട്. ”ഉപഭോക്താവാണ് വിപണിയിലെ രാജാവ്’ എന്ന അവസ്ഥ തകിടം മറിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് മരുന്നുപോലുള്ള അവശ്യവസ്തുക്കളുടെ കാര്യത്തിലാവുമ്പോള്‍ ദയനീയമാവുകയാണ്. ഒരു പാക്കറ്റ് പാലില്‍പോലും പാലല്ലാതെ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് ഉപഭോക്താവിന് അറിയാന്‍ പറ്റാത്ത വിധത്തിലാണ് വിപണി വളരുന്നത്. സാധനങ്ങളുടെ പൂര്‍ണവിവരം അറിയുവാനുള്ള അവകാശത്തില്‍ വസ്തുക്കളുടെ ഗുണം, ശുദ്ധി, അളവ്, വില്‍പനാന്തരസേവനം എന്നിങ്ങനെ വ്യത്യസ്ത കാര്യങ്ങള്‍ അടങ്ങുന്നു. വിറ്റ സാധനം തിരിച്ചെടുക്കുന്നതല്ല എന്ന് പറയുമ്പോള്‍ അതിന്റെ മാനദണ്ഡവും കൃത്യമായി ബോധ്യപ്പെടുത്തിയിരിക്കണം. ചില വസ്തുക്കളുടെ കാര്യത്തില്‍ ഇത് ലഭ്യമാണ്.


കുറച്ച് പേരെ കുറച്ചു കാലവും കൂറേപേരെ എല്ലാക്കാലവും പറ്റിക്കാം. എന്നാല്‍ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവില്ല എന്ന സത്യം നമ്മള്‍ മറന്നുപോവുന്നുവോ? വഞ്ചനാപരമായ പരസ്യങ്ങളും പ്രൊമോഷനുകളും നിഷേധാത്മകമായ പി. ആര്‍ വര്‍ക്കും ഉപഭോക്താവിനെ വഞ്ചിക്കുന്നവയാണ്. വാങ്ങുന്ന സാധനങ്ങള്‍ പൂര്‍ണമായും നമ്മുടെ ഇഷ്ടപ്രകാരമാണോ എന്നത് ഏറെ ചിന്തനീയമായ വിപണിചോദ്യമാണ്. ജൈവ എന്ന് പറഞ്ഞ് ലഭിക്കുന്നതെല്ലാം ജൈവയല്ല എന്ന് തിരിച്ചറിയുമ്പോഴും അധികം ചിന്തിച്ച് വഷളായിട്ട് കാര്യമില്ല എന്നതിലേക്ക് അവസാനം എല്ലാവരും എത്തിച്ചേരുന്നു