വിപണിയിലുണ്ടായ നവീകരണവും അതുവഴി കെണികളിലുണ്ടായ വൈപുല്യവും – ഡോ. എം. ശാര്‍ങ്ഗധരന്‍

വിപണിയിലുണ്ടായ നവീകരണവും അതുവഴി കെണികളിലുണ്ടായ വൈപുല്യവും – ഡോ. എം. ശാര്‍ങ്ഗധരന്‍

സാധനങ്ങളുടെയും സേവനങ്ങളുടെയും ക്രയവിക്രയമാണ് കൊമേഴ്‌സ് അഥവാ വാണിജ്യം വിവക്ഷിക്കുന്നത്. മനുഷ്യസമൂഹത്തിന്റെ ഉല്പത്തികാലം മുതല്‍ സാധനങ്ങളും സേവനങ്ങളും കൈമാറുന്ന പതിവ് ആരംഭംകുറിച്ചതാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഏദന്‍തോട്ടത്തില്‍ ഹൗവ്വയുടെ ആശ മനസ്സിലാക്കി ആദം തനിക്ക് കിട്ടിയ പഴം പങ്കുവച്ചപ്പോള്‍ മുതല്‍ കൂട്ടായ്മയുടെയും, സൗഹാര്‍ദ്ദത്തിന്റെയും ദൈവികചിന്തയുള്ള സത്യത്തിന്റെയും സമന്വയമായ വാണിജ്യശാസ്ത്രത്തിന്റെ പ്രാകൃതരൂപം ഉടലെടുത്തു. ഇതുപോലെ രസകരമായ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി വാണിജ്യസംബന്ധിയായി ബൈബിള്‍ വായനയിലൂടെ മനസ്സിലാക്കാനാകും.

ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ‘കമ്മ്യൂണി’ല്‍ നിന്നാണ് കൊമേഴ്‌സ് എന്ന പദം രൂപപ്പെട്ടത്. സമൂഹമായി ജീവിക്കുകയും അതിനോടൊപ്പം ആശയവും, വൈകാരികഭാവവും, കൈവശമുള്ള വസ്തുവകകളും, സാധനങ്ങളും പങ്കുവച്ചെടുക്കുക എന്നതാണ് കമ്മ്യൂണ്‍ എന്ന പദപ്രയോഗത്തിന്റെ സാരാംശം. ഇതില്‍ ‘പങ്കുവയ്ക്കല്‍’ എന്ന കൈമാറ്റരീതിക്ക് ശാസ്ത്ര സാങ്കേതികരംഗങ്ങളിലെ നൂതനതത്ത്വങ്ങളും സങ്കേതങ്ങളും കാതലായ മാറ്റങ്ങള്‍ ദിനംപ്രതിയെന്നോണം വരുത്തിക്കൊണ്ടിരിക്കുന്നു. ഒപ്പം സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, നിയമ, രാഷ്ട്രീയ, പാരിസ്ഥിതിക മേഖലകളിലെ മാറ്റവും നവീകരണവും കൈമാറ്റ പ്രക്രിയയ്ക്ക് നൂതന തലങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്.

കൊമേഴ്‌സിന്റെ ഗതാനുഗതമായ വളര്‍ച്ചയും വികാസവും സസൂക്ഷ്മം വീക്ഷിച്ചാല്‍ 16-ാം നൂറ്റാണ്ടില്‍ ആധുനിക ധനശാസ്ത്രശാഖയുടെ പിതാവായ ആദംസ്മിത്ത് തൊഴില്‍ ഉപവിഭജനം എന്ന തത്ത്വം ആവിഷ്‌കരിച്ച് നടപ്പിലാക്കിയതോടെയാണ്. ഇതിന്റെ ഫലമായി ഓരോരുത്തരും അവരവരുടെ അഭിരുചിക്കും താല്പര്യത്തിനും അനുസരിച്ചുള്ള തൊഴിലില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. സ്വാഭാവികമായി അയാള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്കായി അതത് തൊഴിലില്‍ ഏര്‍പ്പെട്ടവരേയും മറിച്ച് അവര്‍ക്ക് ഇതേ കാര്യത്തിനായി അയാളെയും ബന്ധപ്പെടേണ്ട സാഹചര്യം ഉയര്‍ന്നുവന്നു. സാധനങ്ങളും സേവനങ്ങളും നല്‍കി പരസ്പരം സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യുന്ന ബാര്‍ട്ടര്‍ സമ്പ്രദായം ഈ ഘട്ടത്തിലാണ് ശക്തമായത്. ഗുണമേന്മയുള്ള സാധനങ്ങള്‍ തിരിച്ചറിയാനും, ഇടപാടുകളില്‍ ചിലര്‍ക്ക് നേട്ടവും മറ്റ് ചിലര്‍ക്ക് നഷ്ടവും ഉണ്ടാകുന്നുവെന്ന് തിരിച്ചറിയാനും തുടങ്ങിയതോടെ മൂല്യനിര്‍ണയം നടത്തി നാണയം നല്‍കി കൈമാറ്റ പ്രക്രിയയില്‍ മാറ്റം വരുത്തി. ഇതോടെ ബാര്‍ട്ടര്‍ സമ്പ്രദായത്തിനു ബദലായി വ്യാപാര സമ്പ്രദായം രൂപംകൊണ്ടു.

യന്ത്രസാമഗ്രികളുടെ ഉപയോഗത്തിലൂടെ ഉല്പാദനം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിന് ഹേതുവായ വ്യവസായ വിപ്ലവവും, തുടര്‍ന്ന് ഉല്പാദന ചെലവ് കുറയ്ക്കാന്‍ സഹായകമായ സയന്റിഫിക്ക് മാനേജ്‌മെന്റ് തന്ത്രങ്ങളുടെ പ്രയോഗവും ‘വ്യാപാരം’ എന്നു പൊതുവെ വിവക്ഷിക്കുന്ന ട്രേഡിന്റെ ആവിര്‍ഭാവത്തിനു പ്രേരകമായി. തുടര്‍ന്ന്, 20-ാം നൂറ്റാണ്ടിലെ വ്യാപാര ഇടപാടുകളിലെ വ്യാപകമായ നവീകരണം, അന്താരാഷ്ട്രതലത്തില്‍ സാധനങ്ങളും സേവനങ്ങളും കൈമാറുന്നതിന് തടസ്സമായി ദൂരം, കറന്‍സി വ്യത്യാസം, ആശയവിനിമയ വൈഷമ്യം എന്നിവ പരിഹരിക്കപ്പെട്ടു. മാത്രമല്ല, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ സേവനം, ഇന്‍ഷുറന്‍സ് പരിരക്ഷ, ഏജന്‍സി സേവനം തുടങ്ങിയ ഘടകങ്ങള്‍ വ്യാപാര ഇടപാടുകള്‍ വ്യാപകമായതോതില്‍ വര്‍ധിക്കുന്നതിന് പിന്തുണ നല്‍കി. ഇതോടെ ട്രേഡ് എന്ന സമ്പ്രദായം കൊമേഴ്‌സ് അഥവാ വാണിജ്യം എന്ന ഏര്‍പ്പാടായി മാറി.

സാമ്പത്തിക – സാമൂഹിക വ്യവസ്ഥിതികളില്‍ വന്ന പുരോഗമന മനോഭാവവും ഇവിടെ സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റ പ്രക്രിയയെ ഗണ്യമായി സ്വാധീനിച്ചു. ജനതയുടെ ആവശ്യകതകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു; ശാസ്ത്ര സാങ്കേതികരംഗങ്ങളിലെ കണ്ടുപിടുത്തങ്ങള്‍ നൂതന ഉല്‍പ്പന്നങ്ങളും, സേവനങ്ങളും ആവിര്‍ഭവിക്കുന്നതിന് വഴിതെളിച്ചു; സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനു പ്രേരിപ്പിച്ചു; ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ എന്ന ധാരണ മാറിമറിഞ്ഞു; ഈ മൂന്നു ഘടകങ്ങളോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, തൊഴില്‍/വരുമാന മാര്‍ഗം, സാമൂഹികസുരക്ഷ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായി മാറി. ചുരുക്കത്തില്‍, സാമൂഹികാവശ്യങ്ങള്‍ ആകമാനം വാണിജ്യവല്‍ക്കരണം വ്യാപകമായതോടെ വിപണ സമ്പദ്‌മേഖലയില്‍ മേല്‍ക്കോയ്മ നേടി. വിപണിയെ ആശ്രയിക്കാതെ ആര്‍ക്കും നിലനില്‍പ്പില്ല എന്ന നിലവന്നു.

ഇതോടെ, വാണിജ്യവല്‍ക്കരണത്തില്‍ അധിഷ്ഠിതമായ വിപണിയിലും കൗതുകകരമായ കാഴ്ചകള്‍ കാണാനായി. ഇവിടെ നടന്നുവന്ന വില്പന എന്ന പ്രക്രിയയില്‍ വില്പനക്കാരന്‍ അധീശത്വം നേടി. ആവശ്യക്കാര്‍ അയാള്‍ പറയുന്ന വില നല്‍കി സാധനങ്ങളും സേവനങ്ങളും വാങ്ങിക്കൊള്ളുമെന്നതായിരുന്നു വിപണിയില്‍ അതോടെ നിലവില്‍ വന്ന വ്യവസ്ഥ. ഉപഭോക്താവിന് ഈ വ്യവസ്ഥയില്‍ സംരക്ഷണം ആവശ്യമുണ്ട് എന്നു തിരിച്ചറിഞ്ഞ സര്‍ക്കാര്‍ മെഷീണറി പലവിധത്തിലുള്ള നിയമസംരക്ഷണവും ഉറപ്പ് വരുത്താനുള്ള ശ്രമങ്ങള്‍ നടത്തി. ഉപഭോക്തൃ സംരക്ഷണ നിയമം, ഭക്ഷ്യസുരക്ഷാ നിയമം, അളവ്-തൂക്ക നിയമം എന്നിങ്ങനെയുള്ള നിയമങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് ഈ ഘട്ടത്തിലാണ്. എന്നാല്‍, മായം ചേര്‍ത്ത ഉല്പന്നങ്ങളും ഭക്ഷ്യവിഭവങ്ങളും വില്‍ക്കുക; അമിത വില ഈടാക്കുക; തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളിലൂടെ പൊതുസമൂഹത്തെ കബളിപ്പിക്കുക; വാര്‍ഷിക അറ്റകുറ്റപ്പണിയും, വാരണ്ടിയും വാഗ്ദാനം ചെയ്ത് ചതിക്കുക; അപകടകരമായ ഉപകരണങ്ങളും, സാധനങ്ങളും വില്‍ക്കുക; ഗുണമേന്മ ഇല്ലാത്ത ഉല്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുക; പൊള്ളയായ അവകാശവാദങ്ങള്‍ ഉയര്‍ത്തുക; കരുതിക്കൂട്ടി തെറ്റായ ബില്‍ തയ്യാറാക്കി അമിത പണം ഈടാക്കുക തുടങ്ങിയ വിപണിയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത കെണികള്‍ ദിനംപ്രതി പലതരത്തില്‍ വിപണിയില്‍ നടമാടി പ്രത്യക്ഷപ്പെട്ടു.