വായനക്കാര്‍ എഴുത്തുകാരെക്കാള്‍ ബുദ്ധിയുള്ളവര്‍ – ബെന്യാമിന്‍

വായനക്കാര്‍ എഴുത്തുകാരെക്കാള്‍ ബുദ്ധിയുള്ളവര്‍ – ബെന്യാമിന്‍

ബൈബിളിനെ കുറിച്ച് വലിയ സന്ദേഹങ്ങള്‍, സംശയങ്ങള്‍ അന്നേ കുട്ടിക്കാലത്തുതന്നെ എന്നിലുണ്ട്. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളും വായിക്കുമ്പോഴും ക്രിസ്തു എപ്പോഴും എവിടെയും വേട്ടയാടപ്പെടുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ബൈബിളുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങള്‍ ഭ്രാന്തമായ ആവേശത്തോടെ വായിക്കാനിടയായത് അങ്ങനെയാണ്.


എന്റെ ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് എന്റെ ഓരോ കൃതിയും. ജീവിതത്തോട് ഏറ്റവും അടുത്ത് കണ്ടിട്ടുള്ള അനുഭവങ്ങളെ പൊലിപ്പിച്ചെടുത്താണ് ഞാന്‍ ഓരോ കൃതിയും രചിച്ചിട്ടുള്ളത്.


ആത്യന്തികമായി ഞാന്‍ എന്നെ തൃപ്തിപ്പെടുത്തുന്നതിനാണ് എഴുതുന്നത്. അവയ്ക്ക് അവാര്‍ഡ് കിട്ടുന്നുണ്ടോ, വായനക്കാര്‍ അത് വായിക്കുന്നുണ്ടോ എന്നതൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളല്ല. അവയെല്ലാം എഴുത്തിന്റെ ബൈപ്രോഡക്ടുകളാണ്. എന്നെ സംബന്ധിച്ച് എഴുത്തുമേശയില്‍ ഞാന്‍ ആഹ്ലാദം അനുഭവിക്കുന്നുണ്ടോ എന്നു മാത്രമാണ് നോക്കുന്നത്. അതുകൊണ്ട് ഓരോ കൃതിയിലും പുതിയ മോള്‍ഡുണ്ടാക്കി, അതിനനുസരിച്ച് കഥാപാത്രങ്ങളെ രൂപപ്പെടുത്തി ഞാന്‍ എഴുതുന്നു.


അങ്ങനെ എഴുതുമ്പോള്‍ സ്വാഭാവികമായും ഞാന്‍ സമൂഹത്തിലേക്കും നോക്കും. അവിടെനിന്ന് ചിലത് കണ്ടെത്തും. ബൈബിളില്‍ ഉത്പത്തി പുസ്തകത്തില്‍ ദൈവം കായേനോട് ചോദിച്ചു, നിന്റെ സഹോദരന്‍ എവിടെ എന്ന്. ദൈവത്തിന്റെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള, സഹോദരന്‍ എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമം എന്റെ എഴുത്തുകളിലുണ്ട്. ഇത് എന്നെ ആഹ്ലാദിപ്പിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ വീണ്ടും വീണ്ടും എഴുതുന്നത്. ആടുജീവിതം എഴുതിയത് കുറെക്കൂടി ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനാവണമെന്ന് കരുതിയതുകൊണ്ടാണ്.


സാഹിത്യം യാദൃച്ഛികം


പൊതുവേ ചീത്തവിളിയാണ് എഴുത്ത് രംഗത്ത് എനിക്ക് കിട്ടിയിട്ടുള്ളത്; കിട്ടുന്നത്. അപൂര്‍വം അവസരങ്ങളിലേ നല്ല വാക്കുകള്‍ കേട്ടിട്ടുള്ളൂ. എന്റെ കഥകള്‍ കമ്പോടുകമ്പ് വായിച്ചിട്ടുള്ളവരല്ല. ഗൗരവതരമായി അതേക്കുറിച്ച് പഠനം നടത്തിയിട്ടുള്ളതായും എനിക്കറിയില്ല.


സാഹിത്യപരമായി യാതൊരു ഇഷ്ടവും ജീവിതത്തിന്റെ പ്രാരംഭദശകളില്‍ എന്നില്‍ ഉണ്ടായിരുന്നിട്ടില്ല. വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ലൈബ്രറികള്‍ അന്ന് എന്റെ വീടിനടുത്ത് ഉണ്ടായിരുന്നു. പക്ഷേ, മഴക്കാലത്ത് മഴ നനയാതിരിക്കാനായിപോലും അവയിലൊന്നിലും ഒരിക്കല്‍പ്പോലും ഞാന്‍ കയറുകയുണ്ടായിട്ടില്ല. ക്രിക്കറ്റ് കളിയിലായിരുന്നു അന്നൊക്കെ ഞാന്‍ കൂടുതല്‍ തല്പരനായിരുന്നത്. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഭാവിയില്‍ ഞാന്‍ നല്ലൊരു ക്രിക്കറ്റ് കളിക്കാരനാകണമെന്ന് നിനച്ചിരുന്നു.


നിരന്തരം രോഗിയായിരുന്നു അന്നൊക്കെ ഞാന്‍. വലിവിന്റെ അസുഖമായിരുന്നു അന്നെനിക്ക്. തുടര്‍ച്ചയായി ആശുപത്രികളില്‍ കയറിയിറങ്ങിയിരുന്ന കാലം. പക്ഷേ, ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെട്ടതോടെ അസുഖങ്ങളൊക്കെ മാറി.


പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലാണ് ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചത്. അവിടെ അന്നത്തെ ആ പഠനം വളരെ ബോറടിപ്പിച്ചിരുന്നു. ബോറടിയില്‍നിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായി ചെന്നിരിക്കാന്‍ കണ്ടെത്തിയിരുന്നത് കോളജിലെ ലൈബ്രറിയാണ്. അങ്ങനെ ചെന്നിരിക്കുമ്പോള്‍ അവിടെ കിടക്കുന്ന സ്‌പോര്‍ട്‌സ് മാഗസിനുകള്‍ മറിച്ചുനോക്കും; വിശേഷിച്ചും സുന്ദരികളായ സ്‌പോര്‍ട്‌സ് താരങ്ങളുടെ കവര്‍ചിത്രങ്ങളുള്ള സ്‌പോര്‍ട്‌സ് മാഗസിനുകള്‍.


യാദൃച്ഛികമായി സാഹിത്യമാസികകളും അക്കൂട്ടത്തില്‍ കണ്ടു. ചിലപ്പോഴെങ്കിലും അറിയാതെ അവയും ഒന്ന് മറിച്ചുനോക്കി. ഒന്നു വായിച്ചുനോക്കി. ക്രമേണ ആ വായന പുസ്തകങ്ങളുടെ ലോകത്തേക്കും നീങ്ങി. വായനയ്ക്ക് കൂടുതല്‍ പ്രേരണയായി. പ ക്ഷേ, പ്രീഡിഗ്രി പഠനത്തിനുശേഷം കോയമ്പത്തൂരില്‍ തിരുപ്പൂരില്‍ ഐടിഐ പഠനത്തിനു ചേര്‍ന്നതോടെ വായനയോടുള്ള അന്നത്തെ ആ പ്രിയം തീര്‍ത്തും ഇല്ലാതായി.


കവി ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ കവിതകള്‍ ചൊല്ലിക്കൊണ്ടു നടന്നിരുന്ന കാലമായിരുന്നു അത്; എന്റെ സ്‌കൂള്‍, പ്രീഡിഗ്രി പഠനകാലം. ഇങ്ങനെ കവിതകള്‍ ചൊല്ലിക്കൊണ്ടു നടക്കുന്നവര്‍ക്കൊക്കെ വട്ടാണോ എന്നുപോലും അന്ന് ചിന്തിച്ചുപോയിട്ടുണ്ട്.


ഗള്‍ഫും അവിടത്തെ ജീവിതവും


വൈകാതെ 21-ാം വയസ്സില്‍ ഞാന്‍ ഗള്‍ഫിലേക്കുപോയി. അവിടെ എത്തിയശേഷമാണ് ഞാന്‍ മറ്റൊരാളാകുന്നത്; മറ്റൊന്നാകുന്നത്. മറ്റൊരു ദേശത്തേക്ക് പെട്ടെന്ന് നമ്മള്‍ പറിച്ചുനടപ്പെട്ട സ്ഥിതി. നമ്മള്‍ ആരാണ് എന്ന് ചിന്തിച്ചു തുടങ്ങിയത് അപ്പോഴാണ്. ഞാന്‍ എവിടെയാണ് എന്നെ പ്ലേസ് ചെയ്യേണ്ടതെന്ന് എന്നോട് ചോദിച്ചുതുടങ്ങി.


ക്രിക്കറ്റ് കളി പിന്നെയും കണ്ടെങ്കിലും അതൊന്നും എന്റെ മനസ്സിനെ എവിടെയും എത്തിച്ചില്ല. ധാരാളം സിനിമകള്‍ കണ്ടുനോക്കി. അതും എന്നെ തൃപ്തിപ്പെടുത്തിയില്ല. തുടര്‍ന്ന് ഞാന്‍ എന്റെ പ്രീഡിഗ്രിക്കാലത്തെ വായനയിലേക്ക് തിരിച്ചുപോയി. അതില്‍ ഞാന്‍ തൃപ്തി അനുഭവിച്ചുതുടങ്ങി.


ആടുജീവിതമൊന്നുമായിരുന്നില്ല ഗള്‍ഫില്‍ എന്റേത്. ഒരു ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ദിവസവും എട്ടുമണിക്കൂര്‍ സുഖമുള്ള ജോലി. വായിക്കാന്‍ ധാരാളം സമയം. ഒരു വര്‍ഷം 160 പുസ്തകങ്ങളൊക്കെ അക്കാലത്ത് ഞാന്‍ വായിച്ചു. വായിക്കുക മാത്രമല്ല, അതിനിടയില്‍ അവയില്‍ നിന്നെല്ലാം നോട്ടുകളെടുത്ത് കുറിച്ചുവയ്ക്കുകയും ചെയ്തു. ഓരോ പുസ്തകത്തിലെയും കഥാപാത്രങ്ങളുടെ പേരുകള്‍വരെ കുറിച്ചുവച്ചു.


ബൈബിളുമായി ബന്ധപ്പെട്ട ഒരുപാട് പുസ്തകങ്ങള്‍ തികച്ചും ഭ്രാന്തമായിത്തന്നെ ഞാന്‍ വായിച്ചിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ പിന്നീട് പ്രവചകന്മാരുടെ രണ്ടാം പുസ്തകം എഴുതിയത്.


ബൈബിള്‍ അത്താഴവും


മദ്ധ്യതിരുവിതാംകൂറിലെ ഒരു ക്രൈസ്തവ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ വീട്ടില്‍ അന്ന് എല്ലാവര്‍ക്കും കണക്കിനോടായിരുന്നു പ്രിയം. കൂടുതലും കണക്കു പഠിച്ചവരായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. എനിക്കും കണക്കിനോടു തന്നെയായിരുന്നു പ്രിയം. അതുകൊണ്ടാണ് നേരത്തെ പറഞ്ഞതുപോലെ പ്രീഡിഗ്രി പഠനത്തിനുശേഷം പിന്നീട് കോയമ്പത്തൂരില്‍ തിരുപ്പൂരില്‍ പോയി ഞാന്‍ ഐടിഐ പഠനത്തിനു ചേര്‍ന്നത്. എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിലാണ് ഐടിഐ പഠിച്ചത്. അതിനുവേണ്ടിയുള്ള ടെക്സ്റ്റുകള്‍ മാത്രമാണ് അന്നു ഞാന്‍ വായിച്ചിരുന്നത്.


സാഹിത്യം വായിക്കണമെന്ന് അന്ന് കുടുംബത്തിലുള്ള ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ, നിത്യവും ബൈബിള്‍ വായിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. അത്താഴം കിട്ടണമെങ്കില്‍ ബൈബിള്‍ വായിക്കണം. അങ്ങനെ അത്താഴം കിട്ടാന്‍വേണ്ടിയാണ് അന്നു ഞാന്‍ ബൈബിള്‍ വായിച്ചുതുടങ്ങിയത്.


ബൈബിളിനെ കുറിച്ച് വലിയ സന്ദേഹങ്ങള്‍, സംശയങ്ങള്‍ അന്നേ കുട്ടിക്കാലത്തുതന്നെ എന്നിലുണ്ട്. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളും വായിക്കുമ്പോഴും ക്രിസ്തു എപ്പോഴും എവിടെയും വേട്ടയാടപ്പെടുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ബൈബിളുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങള്‍ ഭ്രാന്തമായ ആവേശത്തോടെ വായിക്കാനിടയായത് അങ്ങനെയാണ്.


ബൈബിളില്‍ ഉത്തമഗീതങ്ങളാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകം. അതിലെ പ്രണയത്തെക്കുറിച്ചു വായിച്ചപ്പോഴാണ് ഇപ്പറഞ്ഞ പുസ്തകം എഴുതാന്‍ തോന്നിയത്. തന്റെ അര്‍ദ്ധസഹോദരനെ എന്തിനു വെപ്പാട്ടികള്‍ക്കുവേണ്ടി കൊല്ലാന്‍ നോക്കി എന്ന ചിന്തയില്‍ നിന്നാണ് ഞാന്‍ ആ പുസ്തകം രചിച്ചത്.


നേരത്തെ പറഞ്ഞതുപോലെ നിന്റെ ജീവിതവുമായി ഏറ്റവും അടുത്തു നില്‍ക്കുന്നവയാണ് എന്റെ ഓരോ കൃതികളും. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്നതിലെ അക്കപ്പോര് എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള അനുഭവമാണ്. എന്റെ കുടുംബത്തിലൊക്കെ അത്തരത്തിലുള്ള വലിയ പോരായിരുന്നു.