വളരുന്ന തീവ്രവലതുപക്ഷവും ആശങ്കയിലാകുന്ന അഭയാര്‍ത്ഥി പുനരധിവാസവും – അമല്‍. ബി

വളരുന്ന തീവ്രവലതുപക്ഷവും ആശങ്കയിലാകുന്ന അഭയാര്‍ത്ഥി പുനരധിവാസവും – അമല്‍. ബി

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അടുത്ത നാളില് മെക്സിക്കോയുമായുള്ള തങ്ങളുടെ രാജ്യാതിര്ത്തിയില് പടുകൂറ്റനൊരു മതില് പണിതുയര്ത്തുവാന് തീരുമാനമെടുത്തു. പക്ഷേ, യു.എസ് കോണ്ഗ്രസിന്റെ അംഗീകാരം ലഭിക്കാത്തതു മൂലം അദ്ദേഹത്തിനു തീരുമാനവുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ്. വൈദേശിക ആക്രമണങ്ങളെ ചെറുക്കാനോ രാജ്യസുരക്ഷയ്ക്കോ വേണ്ടിയായിരുന്നില്ല, ജന്മദേശങ്ങളിലെ അരക്ഷിതാവസ്ഥകളില് നിന്നും പലായനം ചെയ്ത് സൈ്വര്യമായൊരു ജീവിതം മാത്രം കൊതിച്ചെത്തുന്ന നിരാലംബരായ ഒരു കൂട്ടം മനുഷ്യരെ അതിര്ത്തിക്കപ്പുറം തടഞ്ഞു നിര്ത്തുക എന്നതായിരുന്നു ട്രംപിന്റെ ലക്ഷ്യം.


അഭയാര്ത്ഥികളെ കുറ്റവാളികളായി കാണുകയും കുടിയേറ്റ വിരുദ്ധത മുഖമുദ്രയായി സ്വീകരിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ട്രംപിന്റേതെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. യാതൊരു തരത്തിലും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനെ തുടര്ന്ന് ജീവിതത്തെക്കുറിച്ചുള്ള വിദൂര പ്രതീക്ഷയും അസ്തമിച്ച് ഇപ്പോള് മെക്സിക്കന് അതിര്ത്തിഗ്രാമങ്ങളില് കഴിയുകയാണ് ഹോണ്ടുറാസ്, എല് – സാല്വദോര്, ഗ്വാട്ടിമാല എന്നീ മധ്യഅമേരിക്കന് രാജ്യങ്ങളിലെ 7000 ഓളം വരുന്ന കാരവന് അഭയാര്ത്ഥികള്.


ലോകത്തിലേറ്റവും കൂടുതല് കൊലപാതകങ്ങള് നടക്കുന്ന രാജ്യമാണ് ഹോണ്ടുറാസ്. നാഷണല് ഒട്ടണോമസ് യൂണിവേഴ്സിറ്റി ഓഫ് ഹോണ്ടുറാസ് (UNAH) നടത്തിയ പഠനങ്ങളുടെ റിപ്പോര്ട്ട് അനുസരിച്ച് 2008ന് ശേഷം മാത്രം 48,094 നിരപരാധികളാണ് അവിടെ കൊലചെയ്യപ്പെട്ടത്. അമേരിക്കയുമായി തന്നെ താരതമ്യം ചെയ്താല് എണ്ണൂറുമടങ്ങ് അധികമാണ് ഹോണ്ടുറാസിലെ കൊലപാതക നിരക്ക്. കവര്ച്ചക്കാരുടെയും പിടിച്ചുപറിക്കാരുടെയും വലിയ നെറ്റ്വര്ക്കുകള് തന്നെ എല് സാല്വദോറിലും ഗ്വാട്ടിമാലയിലും പ്രവര്ത്തിക്കുന്നുണ്ട്. ഗവണ്മെന്റ് സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഈ രാജ്യങ്ങളില് അക്രമിസംഘങ്ങള് പ്രവര്ത്തിക്കുന്നത്. ഇവിടങ്ങളിലെ നിരന്തരമായുണ്ടാകുന്ന ലഹളകളും രക്തചൊരിച്ചിലുകളും ദാരിദ്ര്യവും മൂലം ജീവിതം ദുസ്സഹമായപ്പോള് മറ്റൊരു മാര്ഗ്ഗവും മുന്നിലില്ലാതെ പലായനം ചെയ്തെത്തിയവരാണ് കാരവന് അഭയാര്ത്ഥികള്.


ലോകം ആധുനികതയുടെ പടവുകള് കയറുമ്പോഴും അഭയാര്ത്ഥികളുടെ എണ്ണം നാള്ക്കുനാള് പെരുകുകയും അവരുടെ പുന:രധിവാസത്തിന്റെ സാധ്യതകള് അനുദിനം മങ്ങുകയും ചെയ്യുന്നു എന്നതാണ് പുതിയ കാലത്തെ കാഴ്ച. തങ്ങളുടേതല്ലാത്ത കാരണങ്ങളാല് ജന്മ നാടുകളില് നിന്നും നിര്ബന്ധപൂര്വ്വം അടര്ന്നു മാറി ജീവരക്ഷാര്ത്ഥം അന്യദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്നവരാണ് അഭയാര്ത്ഥികള്. അതു ചിലപ്പോള് ഭരണകൂടങ്ങളും വിമതശക്തികളും തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങള് മൂലമാകാം, വംശീയ അതിക്രമങ്ങള്കൊണ്ടാകാം, മാതൃരാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയോ പാരിസ്ഥിതിക പ്രശ്നങ്ങളോ കാരണമാകാം, അതുമല്ലെങ്കില് തീവ്രവാദ പ്രവര്ത്തനങ്ങളുടെ ഇരകളായിട്ടാവാം. എന്തു തന്നെയായാലും ജന്മനാട്ടില് എല്ലാത്തരം മനുഷ്യാവകാശങ്ങളും നിക്ഷേധിക്കപ്പെടുന്നവരാണ് അഭയാര്ത്ഥികള്.


UNHCR കണക്കുകളനുസരിച്ച് ലോകത്താകെ 68.5 മില്യണ് മനുഷ്യരാണ് വിവിധ കാരണങ്ങളാല് നിര്ബന്ധിതമായി സ്വന്തം നാടുപേക്ഷിക്കേണ്ടി വരുന്നവര്. അതില് 40 മില്യണ് ആളുകള്ക്ക് രാജ്യത്തിനകത്തു തന്നെ വിവിധ പ്രദേശങ്ങളിലേക്ക് മാറി താമസിക്കേണ്ടി വരുന്നെങ്കില് 25.4 മില്യണ് മനുഷ്യര് സ്വന്തം രാജ്യം തന്നെയുപേക്ഷിച്ച് പോകാന് വിധിക്കപ്പെട്ടവരാണ്. ഇതില് പകുതിയിലധികവും സിറിയ, അഫ്ഗാനിസ്ഥാന്, പലസ്തീന്, സൗത്ത് സുഡാന് എന്നീ രാഷ്ട്രങ്ങളില് നിന്നുള്ളവരാണ്.


സിറിയയില് നിന്നു മാത്രം 63 ലക്ഷം ആളുകളാണ് ജീവരക്ഷാര്ത്ഥം നാടുപേഷിച്ച് പോകുന്നവര്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാര്ത്ഥി പ്രവാഹമാണിത്. സിറിയയിലെ ആകെ ജനസംഖ്യയുടെ മൂന്നില് ഒന്നും അഭയാര്ത്ഥികളാക്കപ്പെടുന്നു. ബാഷര് അല് അസദിന്റെ ഗവണ്മെന്റും വിമതരും തമ്മില് 2011 മുതല് തുടരുന്ന ആഭ്യന്തര യുദ്ധമാണ് ഇവിടെ നിന്നും ഇത്രയധികം അഭയാര്ത്ഥികളെ സൃഷ്ടിക്കുന്നത്. ഇതിനോടകം അഞ്ചു ലക്ഷത്തോളം മനുഷ്യ ജീവനുകള് അപഹരിച്ച യുദ്ധത്തിന്റെ കെടുതികള് ഭയന്നാണ് സിറിയന് പൗരന്മാര് നാടുവിട്ടോടുന്നത്. സിറിയയില് നിന്നും പലായനം ചെയ്യുന്നവരില് കൂടുതല് പേരും എത്തിപ്പെടുന്നത് അയല് രാജ്യമായ തുര്ക്കിയിലാണ്. 3,541,572 സിറിയന് അഭയാര്ത്ഥികള് ഇന്നു തുര്ക്കിയിലുണ്ട്. 22 ലക്ഷം പേര് ലെബനനിലും 12 ലക്ഷം പേര് ജോര്ദാനിലും താല്ക്കാലികമായി അഭയം തേടിയിരിക്കുന്നു.


പലസ്തീനാണ് അഭയാര്ത്ഥി പ്രശ്നം നേരിടുന്ന മറ്റൊരു രാജ്യം. ഇസ്രയേലിന്റെ അധിനിവേശ ഭീകരത പലസ്തീന് പൗരന്മാരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. UNRWA റിപ്പോര്ട്ടുകള് പ്രകാരം 5,149,742 പലസ്തീന് അഭയാര്ത്ഥികള് വിവിധ രാജ്യങ്ങളിലെ താല്ക്കാലിക ക്യാമ്പുകളില് കഴിയുന്നുണ്ട്.


ഏറ്റവും കൂടുതല് അഭയാര്ത്ഥികളെ സൃഷ്ടിക്കുന്ന മറ്റൊരു രാജ്യം ആഫ്രിക്കയിലെ സൗത്ത് സുഡാനാണ്. 24 ലക്ഷമാണ് ഇവിടെ നിന്നും മറ്റ് രാജ്യങ്ങളില് അഭയം തേടുന്നവരുടെ എണ്ണം. സര്ക്കാരും സുഡാന് പീപ്പിള്സ് ലിബറേഷന് മൂവ്മെന്റ് ഇന് ഓപ്പോസിഷനും (SPLM – IO) തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ രാഷ്ട്രം നേരിടുന്ന പ്രധാന പ്രതിസന്ധി. യുദ്ധത്തോടൊപ്പം കാലാവസ്ഥാ പ്രശ്നവും രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. രണ്ട് വര്ഷമായി ഇവിടെ മഴ ലഭിച്ചിട്ട്. ഭക്ഷ്യക്ഷാമം രൂക്ഷമാണ്. 49 ലക്ഷം മനുഷ്യര് (ആകെ ജനസംഖ്യയുടെ 40%) സൗത്ത് സുഡാനില് പട്ടിണിയിലാണ്. ഉഗാണ്ട, കെനിയ, എത്യോപ്യ മുതലായ രാജ്യങ്ങളിലാണ് ഇവിടെ നിന്നുള്ള ആളുകള് അഭയം തേടുന്നത്. അവയാകട്ടെ പരമ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളും.


അഫ്ഗാന്, സൊമാലിയ, മ്യാന്മര്, ലിബിയ, ഉക്രൈന്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിങ്ങനെ വിവിധ രാജ്യങ്ങളില് നിന്നും വ്യത്യസ്തങ്ങളായ കാരണങ്ങളാല് അഭയാര്ത്ഥികളാകുന്ന നിരവധി മനുഷ്യരുണ്ട്. ഓരോ രണ്ടു സെക്കന്റിലും ലോകത്ത് ഒരാള് വീതം അഭയാര്ത്ഥിയാക്കപ്പെടുന്നുണ്ട്. ഇതില് പകുതിയോടടുത്ത് പിഞ്ചുകുഞ്ഞുങ്ങളാണ്.


മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്, ഭക്ഷണം, പാര്പ്പിടം, തൊഴില്, വിദ്യാഭ്യാസം, ജീവനും സ്വത്തിനുമുള്ള സംരക്ഷണം എന്നീ അടിസ്ഥാനപരമായ അവകാശങ്ങളെല്ലാം ജന്മ നാടുകളില് നിക്ഷേധിക്കപ്പെട്ടവരാണിവര്. അവരുടെ മനുഷ്യാവകാശങ്ങള് പരിമിതമായ അളവിലെങ്കിലും സംരക്ഷിക്കപ്പെടേണ്ടതായുണ്ട്.


അഭയാര്ത്ഥി പ്രശ്നവുമായി നേരിട്ട് ബന്ധപ്പെടുന്ന രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം, ഒന്ന് അവരുടെ മാതൃരാജ്യം (country of origin ) രണ്ട്, താല്ക്കാലികമായി അവര് അഭയം കണ്ടെത്തുന്ന രാജ്യം (country of asylum) മൂന്ന്, അവരെ സ്ഥിരമായി പുനരധിവസിപ്പിക്കുന്ന രാജ്യം (country of resettlment).


ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നേഷന്സ് ഹൈ കമ്മീഷന് ഫോര് റഫ്യൂജീസ് (UNHCR) അഭയാര്ത്ഥി പ്രശ്നങ്ങളില് സാമാന്യം ഭേദപ്പെട്ട ഇടപെടല് നടത്തുന്നുണ്ട്. 138 രാജ്യങ്ങളിലായി UNHCRന്റെ പ്രവര്ത്തനങ്ങള് വ്യാപിച്ചിരിക്കുന്നു. മാതൃരാജ്യങ്ങളില് നിന്നും നിര്ബന്ധിതമായി പലായനം ചെയ്യേണ്ടി വന്നവരെ തിരികെ കൊണ്ടുവന്ന് സര്ക്കാര്-സര്ക്കാരിതര സംഘടനകളുടെയും മറ്റും സഹായത്തോടെ പുനരധിവസിപ്പിക്കുക, മറ്റ് രാജ്യങ്ങളിലെ ക്യാമ്പുകളിലും മറ്റുമായി താല്ക്കാലികമായി അഭയം കണ്ടെത്തിയിരിക്കുന്നവര്ക്ക് വേണ്ട സുരക്ഷ ഉറപ്പു വരുത്തുക, അഭയാര്ത്ഥികളെ സ്ഥിരമായി ഏറ്റെടുക്കാന് തയ്യാറാവുന്ന രാജ്യങ്ങളിലേക്ക് അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള് ചെയ്യുക മുതലായവയാണ് UNHCRന്റെ പ്രധാന ദൗത്യങ്ങള്. ഇതില് ആദ്യത്തെ രീതി മിക്കപ്പോഴും പ്രായോഗികമാകുന്നതല്ല. അഭയാര്ത്ഥിത്വത്തിനു കാരണമാകുന്ന രാജ്യങ്ങളിലെ സംഘര്ഷങ്ങളോ പ്രതിസന്ധികളോ വേഗത്തില് അവസാനിക്കുന്നവയല്ല. ശ്രീലങ്ക, താജിക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില് നിന്നും പലായനം ചെയ്തവരെ തിരികെ കൊണ്ടുവന്ന് വേണ്ട സൗകര്യങ്ങളൊരുക്കുവാന് ശ്രമങ്ങള് നടന്നിരുന്നുവെങ്കിലും അവ പൂര്ണ്ണ അര്ത്ഥത്തില് വിജയിച്ചിരുന്നില്ല. അഭയാര്ത്ഥികള് താല്ക്കാലികമായി അഭയം തേടിയിരിക്കുന്ന രാജ്യങ്ങളുടെ പ്രത്യേകത അവയില് ഭൂരിഭാഗവും ദരിദ്രമോ വികസ്വര രാജ്യങ്ങളോ ആയിരിക്കും എന്നതാണ്. കുടിയേറിയെത്തുന്നവരെ സ്ഥിരമായി പാര്പ്പിക്കാനാവശ്യമായ വിഭവങ്ങളോ സാമ്പത്തിക പശ്ചാത്തലമോ അവയ്ക്കുണ്ടാവില്ല.