വല്മീകങ്ങള്‍ കണ്ണുതുറക്കുമ്പോള്‍ -അഗസ്റ്റിന്‍ പാംപ്ലാനി

വല്മീകങ്ങള്‍ കണ്ണുതുറക്കുമ്പോള്‍ -അഗസ്റ്റിന്‍ പാംപ്ലാനി

പഴുത്ത ഇല താഴെവീഴുമ്പോള്‍ പച്ചില ചിരിച്ചു കളിയാക്കും എന്ന് പരസ്യാത്മകമായി പറയാറുണ്ടല്ലോ. മരണത്തിന്റെയും പതനത്തിന്റെയും ഒക്കെ പ്രതീകമാണ് ഇവിടെ വീഴുന്ന ഇല. വന്യമായ ഈ സാമാന്യബോധത്തെ കാവ്യഭാവന തലകീഴായി അട്ടിമറിച്ചിരിക്കുകയാണ് ശിവകുമാര്‍ അമ്പലപ്പുഴയുടെ പ്ലാവില എന്ന കവിതയില്‍. താഴെവീണഇലയെആട് ഭക്ഷിക്കുമ്പോഴും ഇലക്കുമ്പിളില്‍ കുഞ്ഞിനെ അന്നം ഊട്ടുമ്പോഴും മരിച്ച ഇല ജനിയുടെയും ജീവന്റെയും രൂപകമായി മാറുകയാണ്.

മണ്ണിനെക്കുറിച്ചുള്ള മനുഷ്യന്റെ സ്വാഭാവിക സംവേദനങ്ങളിലും ഇത്തരമൊരു വൈപരീത്യം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഏറ്റവും നിസ്സാരവും അന്തസ്സാരശൂന്യവുമായതിനെയുമാണ് പലപ്പോഴും മണ്ണുകൊണ്ട് വിവക്ഷിക്കുന്നത്. ‘മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ നീ മടങ്ങും’ എന്നു പറയുന്നത് ഒരുതരം ഭീഷണിയും ഓര്‍മ്മപ്പെടുത്തലുമല്ലാതെ നീ വീണ്ടും ജനിക്കാന്‍ പോകുന്നു എന്ന് ഇതിലൂടെ വിവക്ഷിക്കാറില്ലല്ലോ. ആയുഷ്‌കാലം മുഴുവനും നിന്നെ ധ്യാനിച്ച് ജീവിച്ചിട്ട് അവസാനം ഞങ്ങളുടെ കുഴിമാടങ്ങള്‍ക്കു –മീതെ കിളിര്‍ത്തു പൊങ്ങുന്നത് കാട്ടുപുല്ലാണല്ലോ എന്ന് ഡോസ്റ്റോവ്‌സ്‌കിയുടെ ഐവാന്‍ (കരമസോവ് സഹോദരന്മാര്‍) വിലപിക്കുന്നതും ഈ മണ്ണിന്റെ ശൂന്യതാബദ്ധമായ നിരാശയില്‍ നിന്നായിരിക്കും. ‘മണ്ണില്‍ നിന്നും മണ്ണിലേക്ക്’, ‘പൊടിയില്‍ നിന്നും പൊടിയിലേക്ക്’, ‘ചാരത്തില്‍ നിന്നും ചാരത്തിലേക്ക്’ ചലിക്കുന്ന മനുഷ്യാവസ്ഥയുടെ പ്രഹേളികയെക്കുറിച്ച് അസ്ഥിത്വചിന്തകനായ് ആല്‍ബര്‍ട്ട് കാവൂസിന്റെ നെടുവീര്‍പ്പിടുന്നതും ഇതേ നിസ്സാരതയെയാണ് ദ്യോതിപ്പിക്കുന്നത്. ആദിപാപത്തിന് ഹേതുവായ സര്‍പ്പത്തെ ഭൂമിയിലെ പൊടി തിന്നാന്‍ ശപിച്ചതോടെ മണ്ണ് ശാപത്തിന്റെ പ്രതീകം കൂടിയായി. ‘തലയിലെന്താടാ കളിമണ്ണാണോ’ എന്ന് മണ്ടന്‍മാരെ ആക്ഷേപിക്കുമ്പോള്‍ മണ്ണിന്റെ ഈ വിപരീത മഹത്വീകരണം ഏതാണ്ട് പൂര്‍ണ്ണമാവുകയാണ്.

മൃതിയായ പ്ലാവിലയെ കാവും ജനിയാക്കി മാറ്റിയതുപോലെയുക്തിസംവേദനം കൊന്നുകളഞ്ഞ മണ്ണിനെ ഇന്ന് കാവ്യവും ദര്‍ശനവും ശാസ്ത്രവുമൊക്കെ ഒന്നിച്ചുനിന്ന് ഉയിര്‍ത്തെണീപ്പിക്കുകയാണ്. പൂഴിമണ്ണ് എന്ന ഒരു മണ്ണ് ഇന്നില്ല. ജൈവികമെന്നോ ജീവന്‍ എന്നോ വേണം മണ്ണിനെ വിളിക്കാന്‍. കൈയിലെടുക്കുന്ന ഒരുപിടി മണ്ണില്‍ നൂറുകോടിയിലധികം സൂക്ഷ്മജീവികള്‍ അധിവസിക്കുന്നു എന്ന് ശാസ്ത്രം പറഞ്ഞു തരുമ്പോള്‍ മണ്ണില്‍ ജീവന്‍ വസിക്കുന്നു എന്നല്ല മണ്ണ് ജീവനാകുന്നു എന്നു പറയുന്നതാകും ആലങ്കാരികമായി കൂടുതല്‍ ശരി. മണ്ണിന്റെ മൗനത്തെയും മനനത്തെയുമല്ലേ ജീവന്‍ എന്നു വിളിക്കുന്നത്. ഹൃദയത്തില്‍ ഒളിച്ചിരിക്കുന്ന വിത്തിനു വേണ്ടി മണ്ണു പാടുന്ന താരാട്ടുകളല്ലേ ജീവന്റെ മുളകളായി നാമ്പെടുക്കുന്നത്. ഈ ജൈവികബന്ധം ഒട്ടും നഷ്ടപ്പെടാത്തതുകൊണ്ടാവും മണ്ണിന് വിലപറയുമ്പോഴും ഭൂമി മുറിച്ചുവില്‍ക്കാം എന്നു പറയുമ്പോഴും ആദിവാസികള്‍ അറിയാതെ ചിരിച്ചുപോകുന്നത്. മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യരില്‍ ഇനിയും മണ്ണ് അവശേഷിക്കുന്നത് ആദിവാസികളില്‍ മാത്രമാണെന്ന് തോന്നും. സ്വര്‍ണം കൊണ്ടോ പട്ടുകൊണ്ടോ വീണ്ടും സ്വയം നിര്‍മ്മിക്കാനാണല്ലോ വികസിത മനുഷ്യന്‍ ഇന്ന് പരിശ്രമിക്കുന്നത്.

വല്മീകത്തിനുള്ളില്‍ തുറന്നിരുന്ന കണ്ണുകളാണല്ലോ ജീവരാശി മുഴുവന്റെയും ഏകതാനതയെ ദര്‍ശിച്ചതും മുറിവേറ്റു വീഴുന്ന ചോരപ്പാടുകളില്‍ ഈറനണിഞ്ഞതും. അകലങ്ങളെ ഇല്ലാതാക്കി ഹൃദയങ്ങളെ ഒന്നിപ്പിക്കാനായി സ്പന്ദിക്കുന്ന ഹൃദയങ്ങളെ ഇന്നും വാല്മീകത്തിനുള്ളില്‍ മാത്രമേ കണ്ടെത്താനാവൂ. മണ്ണില്‍ നിന്നുള്ളതൊക്കെ മണ്ണിനോട് ചേര്‍ന്നിരിക്കുമ്പോഴാണ് അതിന്റെ സമസ്ത സൗന്ദര്യവും വെളിപ്പെടുത്തുന്നത്. മണ്ണില്‍ ഇറുക്കിപ്പിടിച്ചിരിക്കുന്ന പുല്‍നാമ്പിനെ നോക്കി സോളമന്‍ പോലും തന്റെ സര്‍വമഹത്വത്തിലും അവയിലൊന്നിനെപ്പോലെ അലംകൃതനായിരുന്നില്ല എന്ന് ക്രിസ്തു പറഞ്ഞതിന്റെ സാരാംശവും ഇതുതന്നെയായിരിക്കണം.