വലിയ കുട്ടി ചെറിയ കുട്ടികളോട് പറയുന്നത് -മനോജ് മേനോന്‍

വലിയ കുട്ടി ചെറിയ കുട്ടികളോട് പറയുന്നത് -മനോജ് മേനോന്‍
കൈലാഷ് സത്യാര്‍ഥിയുടെ സ്വപ്നമെന്താണ് എന്നായിരുന്നു അഭിമുഖത്തിലെ അവസാന ചോദ്യം.” കുട്ടികള്‍ കുട്ടികളായിരിക്കുന്ന ഒരു ലോകം. എല്ലാവരും കുട്ടികളായിരിക്കുന്ന ലോകം. എല്ലാവരിലും ഓരോ കുട്ടിയുണ്ട്. കൗതുകം പേറുമ്പോള്‍,ചോദ്യം ചോദിക്കുമ്പോള്‍,ആകാംക്ഷപ്പെടുമ്പോള്‍.. അപ്പോഴൊക്കെ ഈ കുട്ടിയാണ് ഉണര്‍ന്നിരിക്കുന്നത്.”-നൊബേല്‍ സമ്മാന ജേതാവിന്റെ പരിവേഷങ്ങളില്ലാതെ കുട്ടികളെപ്പോലെ ഉറക്കെ ചിരിക്കുകയും ആകാംക്ഷയോടെ ചോദ്യങ്ങള്‍ കേള്‍ക്കുകയും വിദ്യാര്‍ഥിയെ പോലെ ഉത്തരം നല്‍കുകയും ചെയ്ത് കൈലാഷ് സത്യാര്‍ഥി ഒപ്പമിരുന്നു. ചെറിയ കുട്ടികള്‍ക്കായി ചിന്തിക്കുന്ന വലിയ ഒരു കുട്ടിയെപ്പോലെ. സാധാരണകുട്ടിയായിരുന്നു കൈലാഷ്-1954 ല്‍ മധ്യപ്രദേശിലെ വിദിശയില്‍ ജനിക്കുമ്പോഴും വളരുമ്പോഴും. പക്ഷെ,അസാധാരണമെന്നു തോന്നുന്ന പ്രവര്‍ത്തനങ്ങളിലൂടെ കൈലാഷ് സാധാരണക്കാരായ കുട്ടികളുടെ സങ്കടങ്ങളറിഞ്ഞു. അച്ഛന്‍ വായിക്കാന്‍ കൊടുത്ത പുസ്തകങ്ങളിലൂടെ മഹാത്മാഗാന്ധിയെ അറിഞ്ഞു. നാട്ടിലെ നേതാക്കള്‍ ജാതിസമ്പ്രദായത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോള്‍,അധ:കൃതരായവരോട് അടുപ്പം തോന്നി. അങ്ങനെ തൊട്ടുകൂടായ്മ കൊണ്ട് അകറ്റി നിര്‍ത്തിയവര്‍ പാകം ചെയ്യുന്ന ഭക്ഷണം ഉയര്‍ന്ന സമുദായക്കാര്‍ക്ക് വിളമ്പുന്ന അത്താഴ വിരുന്ന് സംഘടിപ്പിക്കാന്‍ കുട്ടികള്‍ക്കൊപ്പം കൈലാഷ് ഇറങ്ങി. എന്നാല്‍,ഉയര്‍ന്ന സമുദായക്കാര്‍ ആ വിളി കേട്ടുണരാതിരുന്നപ്പോള്‍ നിരാശനായി മടങ്ങി. ഒടുവില്‍ സമുദായഭ്രഷ്ട് തേടി വന്നപ്പോള്‍,കൈലാഷ് സമൂഹത്തിന്റെ കാപട്യങ്ങള്‍ തിരിച്ചറിഞ്ഞു. ഗംഗയില്‍ സ്‌നാനം ചെയ്ത് പാപം കഴുകിക്കളയണമെന്നും അല്ലെങ്കില്‍ കുടുംബത്തെ ഒന്നടങ്കം ഊരുവിലക്കുമെന്നും ഭീഷണി ഉയര്‍ന്നു. ഉയര്‍ന്ന സമുദായത്തിലെ നൂറ്റിയൊന്ന് പുരോഹിതന്‍മാരുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്ന ശാസനയും എത്തി. ഇതൊടൊപ്പം സമൂഹത്തിന്റെ ഒറ്റപ്പടുത്തല്‍ കൂടിയായപ്പോള്‍ ഇതിനെതിരെയെല്ലാം പോരാടാന്‍ തീരുമാനിച്ചു. കൈലാഷ് ശര്‍മ എന്ന പേരിലെ ജാതി സൂചിപ്പിക്കുന്ന ജാതി വാലറ്റം മുറിച്ച് കളഞ്ഞായിരുന്നു കൈലാഷിന്റെ ആദ്യ പ്രതിഷേധം. പകരം, ‘സത്യം തേടുന്നവന്‍’ എന്ന അര്‍ഥമുള്ള സത്യാര്‍ഥി എന്ന പേര് വാലറ്റത്ത് ചേര്‍ത്തു. അങ്ങനെ കൈലാഷ് ശര്‍മ്മ കൈലാഷ് സത്യാര്‍ഥിയായി. കുട്ടികളുടെ കൊടുംസങ്കടങ്ങള്‍ സത്യാര്‍ഥിയുടെ മനസ്സില്‍ ഇടം തേടിയതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സ്‌കൂളിന് മുന്നില്‍ നിത്യം കണ്ടിരുന്ന ചെരിപ്പ്കുത്തിയും അയാളുടെ മകനുമായിരുന്നു ആ കാരണം. താന്‍ സ്‌കൂളില്‍ പോകുമ്പോള്‍ തന്റെ പ്രായക്കാരനായ കുട്ടി സ്‌കൂളില്‍ പോകാതെ അച്ഛനൊപ്പം പണിയിലേര്‍പ്പെട്ടിരിക്കുന്നതെന്തെന്നായി സംശയം. സ്‌കൂള്‍ അധ്യാപകനോടും സ്വന്തം അച്ഛനോടും കൈലാഷ് ഈ സംശയം ചോദിച്ചു. അവര്‍ പണിയെടുക്കേണ്ടവരാണ്.നീ നി്ന്റെ കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു അധ്യാപകന്റെ മറുപടി.ഈ ചോദ്യം ചെരിപ്പുകുത്തിയോട് ആവര്‍ത്തിച്ചപ്പോള്‍,പണിയെടുക്കാനായി ജനിച്ചവരാണ് തങ്ങളെന്നായിരുന്നു ഉത്തരം. ചിലര്‍ പണിയെടുക്കാനും ചിലര്‍ പഠിക്കാനും ജനിക്കുന്നതെന്തെന്നായി അടുത്ത സംശയം. സംശയങ്ങള്‍ സ്വയം പൊതിഞ്ഞ മനസ്സുമായി കൈലാഷ് യാത്ര തുടര്‍ന്നു. ആ യാത്രയാണ് എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച്, ബാലവേലയില്‍ കുടുങ്ങിയ കുട്ടികളുടെ രക്ഷകനായി കൈലാഷിനെ മാറ്റിയെടുത്തത്. വിദിഷ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കുളിലായിരുന്നു കൈലാഷിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. വിദിഷയിലെ സാമ്രാട്ട് അശോക ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ബിരുദനന്തര ബിരുദവും നേടി.തുടര്‍ന്ന് ഭോപ്പാലിലെ ഒരു കോളേജില്‍ അധ്യാപകനായി. കുറച്ചു വര്‍ഷം. അപ്പോഴേക്ക് തന്റെ മേഖല ഇതല്ലെന്ന് കൈലാഷിനോട് മനസ്സ് പറഞ്ഞു കൊ്ണ്ടിരുന്നു.കുട്ടികളുടെ പിന്‍വിളികള്‍ ചെവിയില്‍ അലയ്ക്കാന്‍ തുടങ്ങി.എഞ്ചിനീയറിംഗ് ജോലി വിടാന്‍ തീരുമാനിച്ചു.ജോലി വിടുക അത്ര എളുപ്പമായിരുന്നില്ല.എഞ്ചിനീയറിംഗ് അന്നത്തെ കാലത്ത് ഏറെ ആകര്‍ഷകമായ പ്രൊഫഷനായിരുന്നു. ഇന്ത്യയിലും വിദേശത്തും.അച്ഛനമ്മമാരെ പറഞ്ഞ് മനസ്സിലാക്കുക പ്രയാസകരം. എന്നിട്ടും സത്യാര്‍ഥി മനസ്സിന്റെ വിളി കേട്ട് പടിയിറങ്ങി. ”ഞാന്‍ വിദിഷ വിട്ട് ഡല്‍ഹിയിലെത്തി. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എഴുതാന്‍ ഇഷ്ടമായിരുന്നു. കുട്ടികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ ഹിന്ദി പത്രങ്ങളില്‍ എഴുതാന്‍ തുടങ്ങി. എന്നാല്‍ എല്ലാ ദിവസവും ഒരേ വിഷയങ്ങളുമായി ചെന്നാല്‍ ആരെങ്കിലും പ്രസിദ്ധീകരിക്കുമോ? അങ്ങനെയാണ് സ്വന്തമായി ഒരു മാസിക എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നത്. ഒരു വീടിന്റെ ബാല്‍കണി ഒരാള്‍ എനിക്ക് തന്നു. അത് പ്രവര്‍ത്തന കേന്ദ്രമാക്കി മാസിക തയ്യാറാക്കി. എഡിറ്ററും റിപ്പോര്‍ട്ടറും പ്രിന്ററും പബ്ലിഷറും എല്ലാം ഞാന്‍ തന്നെ. സംഘര്‍ഷ് ജാരി രഹേഗ എന്ന പേരില്‍ മാസിക പുറത്തിറങ്ങി.”. – പൈസയും സ്വന്തം പോക്കറ്റില്‍ നിന്നായിരുന്നോ ? എന്റെ കയ്യില്‍ ഒരു പൈസ പോലും ഉണ്ടായിരുന്നില്ല. എനിക്ക് കുറെ സുഹൃത്തുക്കളുണ്ടായിരുന്നു. എഞ്ചിനീയറിംഗിന് എന്റെ ഒപ്പം പഠിച്ചവര്‍. അവര്‍ പലരും വലിയ സ്ഥാപനങ്ങളില്‍ ജോലി നോക്കുകയായിരുന്നു. പഠിച്ചിരുന്ന കാലത്തു തന്നെ എന്നെ അവര്‍ക്ക് ഇഷ്ടമായിരുന്നു. അവര്‍ സഹായിച്ചു. മാസികയില്‍ നിന്നാണ് മാനുഷികപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത്. പണിശാലകളിലും ഫാക്ടറികളിലും ഖനികളിലും കുടുങ്ങിയ കുട്ടികളെയും ബന്ധുക്കളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പലരും സത്യാര്‍ഥിയെ തേടിയെത്താന്‍ തുടങ്ങിയതോടെ ഇറങ്ങിത്തിരിച്ചു. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പലവട്ടം ജീവന് നേരെ ഭീഷണി ഉയര്‍ന്നു. ഏഴ് തവണ കൊല്ലാന്‍ ശ്രമിച്ചു. ഒരു കാല്‍ തല്ലിയൊടിച്ചു.തോളെല്ലുകള്‍ അടിച്ചൊടിച്ചു രണ്ട് സഹപ്രവര്‍ത്തകരെ കൊന്നു. വീടും ഓഫീസും തകര്‍ത്തു. എങ്കിലും നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് പിന്‍വാങ്ങിയില്ല. ”ഞങ്ങളെ മുഴുവന്‍ ഇല്ലാതാക്കാനായിരുന്നു ശ്രമം. കാരണം കോടികളുടെ ഇടപാടാണ് ഞങ്ങള്‍ മൂലം ഇല്ലാതാകുന്നത്. എന്നാല്‍ പതുക്കെ സ്വീകാര്യത കിട്ടിത്തുടങ്ങി. അന്തിമമായി ഞാനാണ് ജയിക്കാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ”-സത്യാര്‍ഥി പറയുന്നു. ബാലവേലയില്‍ നിന്ന് മോചിക്കപ്പെട്ട കുട്ടികള്‍ക്കായി ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സംഘടന തുടങ്ങിയതോടെയാണ് സത്യാര്‍ഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയത്. നൊബേല്‍ സമ്മാനം എത്തിയതോടെ ലോകത്തിന്റെ അംഗീകാരവുമായി.