ലൈംഗിക പോര്‍ട്രെയ്റ്റുകളുടെ ഫ്‌ളോറയും ഫോനയും

ലൈംഗിക പോര്‍ട്രെയ്റ്റുകളുടെ ഫ്‌ളോറയും ഫോനയും

ടി. കെ. സന്തോഷ്‌കുമാര്‍

ദൃശ്യങ്ങളും ദൃശ്യമാധ്യമങ്ങളും കണ്ടുകണ്ടങ്ങിരിക്കാന്‍ കാണികളെ പ്രേരിപ്പിക്കണം. നോട്ടത്തെ തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന വശ്യത അവയ്ക്കുണ്ടാകണം. അത് ജനപ്രിയ മാധ്യമസംസ്‌കാരത്തിന്റെ അലകും പിടിയും ആണ്. അതിന്റെ മൂര്‍ത്തമായ ചിഹ്നങ്ങളാണ് ദൃശ്യങ്ങള്‍. ചാരക്കേസില്‍ കുറ്റാരോപിതയായ മറിയം റഷീദയുടെ ”യൗവനത്വം” നിറഞ്ഞ ഒരൊറ്റ പൂര്‍ണകായചിത്രം അച്ചടിച്ച ദിവസം, അതുവരെയില്ലാത്ത എണ്ണം ആവശ്യക്കാര്‍ മലയാള മനോരമ പത്രത്തിന് ഉണ്ടായി എന്ന എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബിന്റെ അഭിപ്രായം (ട്രൂ കോപ്പി തിങ്ക്, 08 ജൂലൈ 2020) അതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. കാണുക, നോക്കുക എന്ന മനുഷ്യന്റെ ജന്മവാസനാപ്രേരിതമായ പ്രക്രിയയില്‍ സ്ത്രീശരീത്തെക്കുറിച്ച് സ്വരൂപിച്ചിട്ടുള്ള നാടോടിത്തഭാവനകള്‍ ആ പൂര്‍ണകായചിത്രം സാക്ഷാത്കരിച്ചിട്ടുണ്ടാകാം. ആണ്‍നോട്ടത്തെ ആനന്ദിപ്പിക്കുന്ന ലൈംഗിക പോര്‍ട്രെയ്റ്റ് ആയിരുന്നു, ആ ദൃശ്യം. ലൈംഗിക പോര്‍ട്രെയ്റ്റ് എന്നതിന്റെ ഫ്‌ളോറയും ഫോനയും കാണികള്‍ക്ക് വികസിപ്പിച്ചെടുക്കാന്‍ പാകത്തിലായിരുന്നു ആ പൂര്‍ണകായ ചിത്രത്തിന്റെ വിന്യാസം. സ്ത്രീശരീത്തെ ലൈംഗികമായി കണ്ടാനന്ദിക്കുന്ന പുരുഷനോട്ടത്തിന്റെ നാടോടിത്തിണകള്‍ അല്ലെങ്കില്‍ ലാന്‍ഡ്‌സ്‌കേപ്പുകള്‍ ആ ദൃശ്യം മറച്ചുവച്ചില്ല. ദൃശ്യവിന്യാസത്തിലെ കാഴ്ചയുടെ രാഷ്ട്രീയത്തെയാണ് ഇത് പ്രത്യക്ഷമാക്കുന്നത്. ശരീരകേന്ദ്രീകൃതമായ ഈ വിന്യാസരീതി എല്ലാ ദൃശ്യമാധ്യമങ്ങളിലും പ്രകടമാണ്. പാട്ടിനും കൊട്ടിനും അനുസ്യതമായി കൂത്ത് നടത്തുന്ന എല്ലാ ഫോക് ആട്ടങ്ങളിലും, സ്ത്രീശരീരത്തിന്റെ നഗ്നതയുമായും ലൈംഗികതയുമായും ബന്ധപ്പെട്ട പ്രദര്‍ശനപരതയുണ്ട്. ഉടലിനെ സംബന്ധിച്ച – നോട്ടത്തെ മുന്‍നിറുത്തിയുള്ള – പിതൃകേന്ദ്രിത മൂല്യക്രമത്തില്‍ നിന്നാണ് അത് രൂപംകൊണ്ടിട്ടുള്ളത്. ‘വോയറിസം’ എന്ന പുരുഷ നാടോടിത്തശീലം ആ നോട്ടത്തിന്റെ പിന്നിലുണ്ട്. ജനപ്രിയദൃശ്യമാധ്യമങ്ങളിലെല്ലാം പൊതുവേ ഈ നാടോടിത്തശീലം പ്രത്യക്ഷമാണ്.

സ്ത്രീശരീരത്തെ ദൃശ്യമാധ്യമങ്ങളില്‍ സന്നിഹിതമാക്കുക എന്നതിനര്‍ത്ഥം പുരുഷദൃഷ്ടിയുടെ കേന്ദ്രമായി ആഖ്യാനം ചെയ്യുക എന്നാണ്. ലാറ മുല്‍വെ വിശ്വസിച്ചത്, ‘In film, audience have to ‘view’ charactors from the perspective of a hetro sexual male’ എന്നാണ്. (Laura Mulvey, Visual Pleasure and Narrative Cinema, Afterall Books, 2016). സ്ത്രീലൈംഗികത ഇഷ്ടമുള്ള പുരുഷന്റെ കാഴ്ചപ്പാടില്‍ കഥാപാത്രങ്ങളെ നോക്കുന്ന കാണികള്‍തന്നെയാണ് എക്കാലത്തും ചലച്ചിത്രങ്ങള്‍ അടക്കമുള്ള ദൃശ്യമാധ്യമങ്ങളുടെ ഉള്ളടക്കവും അവതരണരീതിയും നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീശരീരത്തിന്റെ വടിവുകള്‍ ഓരോന്നായി ഒപ്പിയെടുക്കുന്ന കാമറക്കണ്ണുകള്‍ പുരുഷനോട്ടത്തി (male gaze)ന്റെ തുറുക്കണ്ണുകളാണ്. ആ കണ്ണുകളുടെ നാടോടിത്തങ്ങളായി, ദൃശ്യോത്സവങ്ങളായി – കാര്‍ണിവലുകളായി – ദൃശ്യമാധ്യമം മാറുന്നു. കാമറയില്‍ പകര്‍ത്തിയതായതുകൊണ്ട് എല്ലാം സത്യമാണെന്ന് കാണികള്‍ കരുതുന്നു. പക്ഷേ ആധുനികവും ആധുനികോത്തരവും ആയ കാമറകള്‍ സ്ത്രീയുടലില്‍ സ്വതവേ ഇല്ലാത്ത പല വിസ്മയവര്‍ണ്ണങ്ങളും വിതറുന്നുണ്ട്. ഇവിടെ കാമറ പുരുഷലൈംഗികതയുടെ മാധ്യമ ഫോക്‌വര്‍ണങ്ങളാണ് സൃഷ്ടിക്കുന്നത്.

പുരുഷനോട്ടത്തി(Male gaze) ന്റെ ഫോക്‌ലോറുകള്‍! ഏതോ രതിനൃത്തനടനത്തിന്റെ രഹസ്യമുദ്രകള്‍ തിരയും പോലെയാണ് ടെലിവിഷന്‍ കാമറ സ്ത്രീയുടെ ശരീരം പകര്‍ത്തുന്നതും സംപ്രേഷണം ചെയ്യുന്നതും. ഉടുത്തുകെട്ടുകളും മുഖത്തെഴുത്തുകളും വെളിച്ചവിതാനവും കൊണ്ട് മിനുസപ്പെടുത്തിയ അവതാരകമാര്‍ മുതല്‍ വാര്‍ത്താശരീരങ്ങള്‍ വരെ male gaze ന്റെ വിവിധങ്ങളായ കാമറഷോട്ടുകളിലൂടെയും ആംഗിളുകളിലൂടെയും ആണ് ചിത്രീകരിക്കപ്പെടുന്നത്. സീരിയലുകളിലെ സ്ത്രീശരീരം ടെലിവിഷനെ പൂര്‍ണമായും പുരുഷനോട്ടമാക്കി മാറ്റുന്നു. മാര്‍ഷല്‍ മക്‌ലൂഹന്‍ പറഞ്ഞപോലെ Medium is the message. ഇവിടെ ടെലിവിഷന്‍ കാണികളെ മസാജ് ചെയ്യുകയാണ്. മിക്ക സീരിയലും സ്ത്രീശരീരത്തിന്റെ, ലൈംഗികതയുടെ, വോയറിസപ്രകടനമാണ്. കോമഡി ഷോകള്‍ മുതല്‍ ഗെയിംഷോകളില്‍ വരെ, സ്ത്രീശരീരത്തിന്റെ ലൈംഗികവസ്തുവത്ക്കരണം – sexual objectification – നടക്കുന്നു. മാധ്യമനഗരകാന്താരത്തിലെ കാട്ടുനൃത്തം (Devil dance) കണക്കെ അതിനിടയില്‍ സ്ത്രീശരീരങ്ങള്‍ പുളയുന്നു. പാളയ്ക്കും കുരുത്തോലയ്ക്കും പകരം കീറിയ ജീന്‍സും ടോപ്പും, അല്ലെങ്കില്‍ ഉടലിടകള്‍ പ്രകാശിപ്പിക്കും മട്ടിലുള്ള ഉടുത്തുകെട്ടുകള്‍. കോലം തുള്ളലുകള്‍. ടെലിവിഷന്‍കുലവന്റെ സ്‌ക്രീനില്‍ ഇത്തരം അനേകം ഉടല്‍ക്കൊണ്ടാട്ടങ്ങള്‍ കാണാം. കാണികള്‍ക്ക് സ്ത്രീശരീരവേട്ട നടത്താനുതകും വിധമുള്ള കോമഡിഷോകളുടെ കൊമ്പുകുത്തിക്കളികള്‍. പുരുഷന്മാര്‍തന്നെ സ്ത്രീവേഷം കെട്ടിവന്ന് സ്ത്രീസ്വത്വത്തെ വള്‍ഗാരിറ്റിയുടെ ചാന്തും സിന്ദൂരവുമിട്ട് കോമാളിപ്പെടുത്തുന്നു. മാര്‍ഷല്‍ മക്‌ലൂഹന്‍ പറഞ്ഞപ്രകാരം വിവര-വിനോദതലങ്ങളില്‍ ആദിമഗോത്രസംസ്‌കൃതിയിലേക്ക് ജനസമൂഹത്തെ ടെലിവിഷന്‍ പരിവര്‍ത്തിപ്പിച്ചപ്പോള്‍ Male gaze ന്റെ നാടോടി ശരീരഭാഷ സ്‌ക്രീനില്‍ പുതിയ കാക്കാരിശ്ശികള്‍ സൃഷ്ടിക്കുകയായിരുന്നു. ഉടല്‍കേന്ദ്രിതമായ നാഗരിക ഫോക് ദൃശ്യങ്ങള്‍ കാഴ്ചയുടെ മായികവും മാന്ത്രികവുമായ ജാലകമാക്കി ടെലിവിഷനെ പരിവര്‍ത്തിപ്പിച്ചു. മാധ്യമപഠിതാവായ സെവന്തി നൈനാന്‍, ടെലിവിഷനെ മാന്ത്രിക ജനല്‍ (magic window) എന്ന് വിശേഷിപ്പിച്ചത് ഓര്‍ക്കുക. (Seventhi Ninan, Through the Magic Window; Television and Change in India, Penguin Books India, 1995). സ്റ്റുഡിയോ ഫ്‌ളോറിനുള്ളിലെ ക്രമീകൃതമായ ഹൈവോള്‍ട്ടേജ് വിളക്കുകളുടെ – പന്തങ്ങളുടെ – വെളിച്ചത്തില്‍ ദൃശ്യമാകുന്ന നടിപ്പുടലുകളില്‍ ഭിന്നങ്ങളായ ആഴകളവുകള്‍ പ്രത്യക്ഷമാണ്. അതാകട്ടെ, ആണ്‍ ലൈംഗിക നോട്ടത്തിന്റെ വ്യത്യസ്താഭിരുചികളെ തൃപ്തിപ്പെടുത്താനുതകുന്നു. ഗ്ലോബല്‍ വില്ലേജിലെ ഇത്തരം രംഗാവതരണങ്ങള്‍ക്ക് സ്ത്രീസ്വത്വത്തെ ചീന്തിക്കളയും വിധമുള്ള ആട്ടപ്രകാരമാണുള്ളത്. അതാകട്ടെ ലിംഗ-വര്‍ണഭേദങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ‘കുല’, ‘കുലട’ സ്ത്രീവിഭജനം പ്രത്യക്ഷമാക്കുന്നു. ആര്‍ത്തവകാല പരിരക്ഷയെപ്പറ്റിയുള്ള തുറന്നുപറച്ചിലിനും, അടിവസ്ത്രധാരികള്‍ പെര്‍ഫോം ചെയ്യുന്ന നാപ്കിന്‍ പരസ്യങ്ങള്‍ക്കും ടെലിവിഷനില്‍ ഇടം ഉണ്ട്. എന്നാല്‍ അവിടെത്തന്നെ തീണ്ടാരി പാപമാണെന്ന ധാരണ പടര്‍ത്തുന്നു.