രോഗഭാവനയുടെ ഐക്കണോഗ്രാഫികള്‍ – സുധീഷ് കോട്ടേമ്പ്രം
കോവിഡ്-19 സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെയും ഭീതിയുടെയും വര്‍ത്തമാനകാലത്ത്, മനുഷ്യര്‍ സമ്പര്ക്കവിലക്കിനാല് കണ്ണിമുറിയപ്പെട്ട കാലത്ത്, കല എന്തുചെയ്യുന്നു എന്ന ആലോചന പല കോണുകളില്‍നിന്നും വരുന്നുണ്ട്. കലയുടെ സാമ്പ്രദായിക സമ്പര്ക്കമണ്ഡലം അടഞ്ഞുപോയെങ്കിലും സര്‍ഗവൃത്തി തുടരുകതന്നെ ചെയ്യുന്നു. അടഞ്ഞുപോയ ലോകത്തില്‍ അവരവരിലേക്കും സ്വന്തമിടങ്ങളിലേക്കും തിരിഞ്ഞുനോക്കുന്ന ആവിഷ്കാരങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കു
യൂറോപ്യന്‍ ജനതയുടെ അറുപതുശതമാനത്തോളം ബലികൊടുക്കേണ്ടിവന്ന ഗ്രെയിറ്റ് പ്ലേഗും, അതോടൊപ്പം രൂപപ്പെട്ട ‘മരണനൃത്തം’ (ഡാന്‍സ് മക്ബറെ) എന്ന ഭാവനയും കലാചരിത്രത്തില്‍ നിന്ന് ഇപ്പോള്‍ നമുക്കിടയിലേക്ക് ഇറങ്ങിവരുന്നു. മരിച്ച മനുഷ്യര്‍ ജീവിച്ചിരിക്കുന്നവര്‍ക്കൊപ്പം നൃത്തംചെയ്തുകൊണ്ട് സെമിത്തേരിയിലേക്കുനീങ്ങുന്ന ഘോഷയാത്ര കണക്കെയാണ് പലപ്പോഴും മരണനൃത്തരൂപകം കടന്നുവരുന്നത്. ദേശ-ഭാഷാതിര്ത്തികളില്ലാത്ത മരണത്തിന്റെ സാര്‍വദേശീയതയെ മരണനൃത്തം എന്ന രൂപകം ഉള്‍ക്കൊള്ളുന്നു. മധ്യകാല യൂറോപ്പില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ രൂപംപ്രാപിച്ച ആശയരൂപമാണത്. ചിത്രകലയിലും സാഹിത്യത്തിലും നാടകത്തിലും അതിന്റെ പുനരാവിഷ്കാരങ്ങള്‍ കാണാം. പാരീസിലെ ഇന്നൊസെന്റ്സ് സെമിത്തേരിയിലെ ചുവര്‍ചിത്രങ്ങള്‍ (1425) മുതല്‍ സമീപകാല സിനിമകളില്‍ വരെ പിന്തുടരുന്ന ഒരു ബൃഹദ്ചരിത്രം മരണനൃത്തഭാവനയ്ക്കുണ്ട്. ജര്‍മന്‍ ചിത്രകാരനായ ഹാന്‍സ് ഹൊള്ബൈന് (1525) ചിത്രങ്ങള്‍ ആ നിലയില്‍ ശ്രദ്ധിക്കപ്പെട്ടതുമാണ്. ദുരന്തങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും ചിരിച്ചുകൊണ്ടുനേരിടുന്ന മനുഷ്യന്റെ ഇച്ഛാശക്തിയുടെയും ഉത്കണ്ഠകളുടെയും നിസ്സഹായതകള്‍ അസ്ഥിനൃത്തത്തിന്റെ ഹാസ്യാത്മകതയില് ഒളിഞ്ഞിരിക്കുന്നു. അത് തന്റെ പിടിയിലല്ലാത്ത ജീവന്റെ നിലനില്പിനെക്കുറിച്ച് ആധികൊണ്ടുതന്നെ ചിതയിലേക്ക് നടക്കുന്നു. മിക്ക ചരിത്രകാരരും മരണനൃത്തമെന്ന ഭാവനയെ പകര്‍ച്ചവ്യാധിയുടെ തുടര്‍ച്ചയായി വ്യാഖ്യാനിക്കുന്നു. ഒരേസമയം അത് അനിയന്ത്രിതമായ മരണം എന്ന സത്യത്തെ ഉള്‍ക്കൊള്ളുമ്പോഴും ജീവിതത്തോടുള്ള അഭിനിവേശവും നഷ്ടബോധവും പ്രതിഫലിപ്പിക്കുന്ന ഐക്കണോഗ്രാഫിയായി മാറുന്നു.
‘മരണനൃത്തം’ പാശ്ചാത്യകലയിലെ രൂപകമായിരുന്നെങ്കില് ഇന്ത്യന്‍ പൗരാണിക ഭാവനകളില്‍ രോഗം ദേവതാരൂപങ്ങളില്‍ കുടിയിരിക്കപ്പെട്ടിരിക്കുന്നു. ജീവനും സ്വത്തിനും നാശമുണ്ടാകാതെ കാക്കാന്‍ കാര്‍ഷികസമൂഹത്തില്‍ അനുഷ്ഠാനമാണ് അഭയം. സൃഷ്ടിക്കും സംഹാരത്തിനുമെന്നപോലെ ആധികള്‍ക്കും വ്യാധികള്‍ക്കും പ്രത്യേക പരിഗണന വിഭാവനം ചെയ്യുന്ന മൂര്‍ത്തികള്‍ അനുഷ്ഠാനകലയില്‍ കാണാം. മാര്‍ക്കണ്ഡേയപുരാണത്തില്‍ പരാമര്‍ശിക്കുന്ന ശിവഭൂതഗണങ്ങളിലൊന്നായ വസൂരിമാല രോഗദേവതാരൂപമായി കണക്കാക്ക പ്പെടുന്നു. കൊടുങ്ങല്ലൂരിലെ കാളി, ഘണ്ടകര്‍ണന്‍, വസൂരിമാലാ സങ്കല്പങ്ങളും ചര്മരോഗങ്ങളില്നിന്നും പകര്‍ച്ചവ്യാധികളില്‍നിന്നും രക്ഷനേടുന്നതിനായി ആരാധിക്കപ്പെടുന്ന മൂര്‍ത്തികളാണ്. കൂര്മ്പക്കാവുകളിലും മറ്റും കെട്ടിയാടുന്ന വസൂരിമാല തെയ്യവും ഇതേ സങ്കല്പത്തിന്റെ മറ്റൊരാവിഷ്കാരമാണ്. പടയണിയിലെയും കളമെഴുത്തിലെയും ബാധയൊഴിക്കല്‍ ചടങ്ങുകളും രോഗവ്യാധികളോട് പ്രതികരിക്കുന്നതിന്റെ നാട്ടുമാതൃകകളായി കാണാം. ദോഷപരിഹാരം തേടലാണ് പലപ്പോഴും അനുഷ്ഠാനങ്ങളിലെ ജീവിതസാരം എന്നതും മറന്നുകൂട. വ്യാധികള്‍ക്കെതിരെ നില്ക്കാന് വൈദ്യംമാത്രം മതിയാവില്ലെന്നും അത് ജീവിതേച്ഛയുടെ മറ്റു പ്രകരണങ്ങളെ തേടിക്കൊണ്ടിരിക്കുന്നുവെന്നും അനുഷ്ഠാനകലയിലെ രോഗപ്രതിനിധാനങ്ങളും ആരാധനാസമ്പ്രദായങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ആകാശത്തുപറക്കുന്ന പക്ഷിയുടെ നിഴലെന്നപോലെ ആരോഗ്യവാനായ ഒരു മനുഷ്യന്റെ കൂടെ രോഗവുമുണ്ട് എന്ന് ഒരു തിബറ്റന്‍ പഴഞ്ചൊല്ലില്‍ പറയുന്നു. ആധുനികവൈദ്യത്തിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യശരീരത്തിന്റെ ആന്തരികഘടനകളെയും രോഗശമനത്തിന്റെ വഴികളെയും ദൃശ്യവത്കരിക്കുന്ന അനേകം ആവിഷ്കാരങ്ങള്‍ തിബറ്റന്‍ ബൗദ്ധകലയില് കാണാം. പ്രധാനമായും നാല് വൈദ്യതന്ത്രയെ കേന്ദ്രീകരിച്ച് വരയ്ക്കപ്പെട്ട തിബറ്റന്‍ മെഡിസിന് ചിത്രീകരണങ്ങള്‍ മനുഷ്യശരീരത്തെ സങ്കല്പനം ചെയ്തെടുത്തത് വിസ്മയകരമായ കാഴ്ചയാണ്. തിബറ്റന്‍ മെഡിക്കല്‍ പരിജ്ഞാനത്തിന്റെ ദൃശ്യാഖ്യാനങ്ങളാണവ. മനുഷ്യശരീരഘടന, രോഗകാരണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ തുടങ്ങിയ കാര്യങ്ങളെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയായിരുന്നു ആ ചിത്രങ്ങള്‍. അവ രോഗത്തെക്കുറിച്ചുള്ള ഭയത്തില്‍ നിന്നല്ല ഉരുവം കൊണ്ടിരിക്കുന്നത്, മറിച്ച്, രോഗത്തെയും ശരീരത്തെയും സൂക്ഷ്മതയോടെ പഠിക്കുന്ന വൈദ്യനോട്ടം അതിലുണ്ട്, അതേസമയംതന്നെ, അത് ശരീരശാസ്ത്രത്തെ മറ്റൊരു വിധത്തില്‍ ഭാവനചെയ്യുകയും ചെയ്യുന്നു. ആധുനികപൂര്‍വ വൈദ്യശാസ്ത്രത്തിന്റെയും കലാസങ്കല്പങ്ങളുടെയും സമ്മിശ്രരൂപം ഇവയില്‍ ദര്‍ശിക്കാം.മരുന്നില്ലാത്ത രോഗത്തിന് മനുഷ്യാതീതമായ ആശ്രയങ്ങള്‍ തേടിക്കൊണ്ടിരുന്നു മനുഷ്യന്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സിസിലിയിലെ മോണ്രിയേല് കത്തീഡ്രലില്‍ വരയ്ക്കപ്പെട്ട ചുവര്‍ച്ചിത്രത്തില്‍ ക്രിസ്തു കുഷ്ഠരോഗിയെ ആശിര്വദിക്കുന്നതുകാണാം. ദൈവസ്പര്‍ശത്താല്‍ രോഗമുക്തി കൈവരുന്നുവെന്ന് ഈചിത്രം സങ്കല്പനം ചെയ്യുന്നു. മധ്യകാല യൂറോപ്യന്‍ ചിത്രങ്ങളില്‍ മരണം അസ്ഥിതാണ്ഡവമായും ചെകുത്താന്റെ പ്രതിരൂപമായും സങ്കല്പിക്കപ്പെട്ടപ്പോള് രോഗശാന്തിയും ജീവിതവും ദൈവസത്തയായി പരിഗണിക്കപ്പെട്ടു. മരണം ചെകുത്താന്റെ രൂപത്തില്‍ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വരുന്ന വൈദ്യനാണ് ദൈവം. പതിനേഴാം നൂറ്റാണ്ടില്‍ റോമില്‍ പ്രചരിച്ച പ്ലേഗ്ഡോക്ടറുടെ ചിത്രം രോഗത്തെ നാടുകടത്താന്‍ നിയോഗിക്കപ്പെട്ട അവതാരപുരുഷനായി ചിത്രീകരിക്കുന്നു. കയ്യുറകളും കാലുറകളുമണിഞ്ഞ്, കണങ്കാലു നീളമുള്ള ഓവര്‍കോട്ട്, സുഗന്ധദ്രവ്യങ്ങള്‍ അടക്കംചെയ്ത പക്ഷിക്കൊക്കുപോലുള്ള മാസ്ക്, ലെതര്‍ തൊപ്പി, രോഗികളെ തൊടാതെ പരിശോധിക്കാനുള്ള ചൂരല്‍വടി എന്നിവ ചേര്‍ന്ന കവചിതരൂപമാണ് ഡോക്ടറുടേത്. മിത്തായി മാറിയ രോഗത്തെ പ്രതിരോധിക്കാന്‍ വിചിത്രരക്ഷകന്റെ രൂപമെടുക്കുകയാണ് ഇവിടെ ഡോക്ടര്‍.
പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പ്ലേഗ് യൂറോപ്യന്‍ സംസ്കാരത്തെയും മതത്തെയും സാരമായി ബാധിച്ചു. പ്ലേഗുമൂലം മരിക്കുന്നത് ദൈവത്തെ അപലപിച്ചതിന്റെ ഫലമാണെന്ന വിശ്വാസവും രോഗം പാപമാണെന്നും ഒരു വിഭാഗം കരുതി. എന്നാല്‍ മരണത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങള് മാറിവന്നു. കലയും സാഹിത്യവും രോഗത്തിന്റെ സ്വാധീനവലയത്തില്‍ വികസിച്ചു. ഇറ്റാലിയന്സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികള്ക്കുപിന്നില് പ്ലേഗ് എന്ന മഹാമാരിയുടെ സ്പര്‍ശമുണ്ട്. ബൊക്കാചിയോയുടെ ‘ഡേക്കാമറൂണൂം’, പത്തൊന്‍പതാംനൂറ്റാണ്ടിലെ മന്സോണിയുടെ ‘ദി ബെട്രോത്ഡും’ ലോകസാഹിത്യത്തിലെതന്നെ മികച്ചകൃതികളുടെ ലിസ്റ്റിലുണ്ട്. ദേശരാഷ്ട്രങ്ങളുടെ വളര്ച്ചയിലെന്നപോലെ ലോകത്തോടുള്ള മനോഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നതില്‍ പ്ലേഗ് പ്രവര്‍ത്തിച്ചു. ബ്ലാക് ഡെത്ത് കലയില്‍ റിയലിസത്തെ ശക്തമാക്കി എന്നതാണ് വസ്തുത. അതുവരെ സാങ്കല്‍പികമായിരുന്ന നരകഭയം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. സ്വര്‍ഗത്തിന്റെ വാഗ്ദാനം വിദൂരമായി തോന്നി. ദരിദ്രരും ധനികരും എന്ന സാമ്പത്തികനില കൂടുതല്‍ വേര്‍തിരിവുണ്ടാക്കി. നല്ല മരണം ഏവരും ആഗ്രഹിച്ചു. ശവകുടീരങ്ങള്‍ അനശ്വരത ആഗ്രഹിക്കുന്ന സ്മാരകങ്ങളായി.
പതിനഞ്ചാം നൂറ്റാണ്ടില്‍ സ്ലോവാക്യയിലെ സെയിന്റ് എലിസബത്ത് കത്തീഡ്രലില്‍ വരയ്ക്കപ്പെട്ട സെയിന്റ് എലിസബത്ത് കുഷ്ഠരോഗിയെ കുളിപ്പിക്കുന്ന ചിത്രത്തില്‍ കരുണയുടെ തിരയിളക്കങ്ങള്‍ കാണാം. രോഗം പാപമായി കരുതപ്പെട്ട ഒരു കാലഘട്ടത്തില്‍നിന്ന് രോഗശുശ്രൂഷയുടെ മനുഷ്യപക്ഷം ഈ ചിത്രത്തില്‍ തെളിഞ്ഞുവരുന്നു. ‘കറുത്തമരണം’ ചെകുത്താന്റെ രൂപത്തിലാണ് കലയില്‍ ആവിഷ്കൃതമായതെങ്കില് ശരീരത്തെ, അസൗന്ദര്യപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്ന കുഷ്ഠരോഗം ദൈന്യതയുടെ അടയാളങ്ങളായി.