മൊഴിയാഴം ഡിസംബര്‍ – എന്‍.ഇ. സുധീര്‍

അനുഭവമെഴുത്തും കഥയെഴുത്തും


ടി. പത്മനാഭന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മൂന്നുനാല് കവിതകളെഴുതിയിരുന്നു. അവ എം. ഗോവിന്ദന്‍ എഡിറ്റു ചെയ്തിരുന്ന ‘മദ്രാസ് പത്രികയില്‍ ‘ പ്രസിദ്ധികരിച്ചു. അവയെപ്പറ്റി പത്മനാഭന്‍ പിന്നീട് പറഞ്ഞത് അവയെ ഞാന്‍ എന്റെ ബാല്യാപരാധങ്ങളായാണ് കണ്ടിട്ടുള്ളത് എന്നാണ് (രചനയുടെ പിന്നിലെ മനസ്സ് എന്ന പേരില്‍ വന്ന അഭിമുഖത്തില്‍ നിന്ന്).   ‘ഞാനെന്തിനെഴുതുന്നു ‘  എന്നൊരു ലേഖനത്തിലും സമാനമായ  ഏറ്റുപറച്ചില്‍ അദ്ദേഹം നടത്തുന്നുണ്ട്. ‘എന്റെ ആദ്യത്തെ കഥ ഒരു നല്ല കഥയായിരുന്നില്ല… ഈ കഥ എന്റെ സമാഹാരങ്ങളിലൊന്നും തന്നെ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയുകയില്ല. ഇതും ഇതിനെത്തുടര്‍ന്ന് എഴുതിയ ഏതാനും കഥകളും ബാല്യാപരാധങ്ങളായേ എനിക്കു കാണുവാന്‍ കഴിയുന്നുള്ളു. ‘ (ടി. പത്മനാഭന്റെ  – എന്റെ കഥ എന്റെ ജീവിതം എന്ന പുസ്തകത്തില്‍ പേജ് – 21, പേജ് 58). തുടക്കത്തിലെ ബാല്യാപരാധങ്ങള്‍ക്കു ശേഷം  മനോഹരമായ നിരവധി കഥകളെഴുതി അദ്ദേഹം മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തായി. മലയാളത്തിലെ എക്കാലേത്തേക്കും വെച്ച് മികച്ച ചില കഥകള്‍ അദ്ദേഹത്തിന്റേതാണ്. വാക്കുകള്‍ കൊണ്ട് അത്ഭുതം കാണിച്ച എഴുത്തുകാരനെന്ന ഖ്യാതി നേടുകയും ചെയ്തു.  വളര്‍ന്നുവരുമ്പോള്‍ എഴുത്തുകാരന് തന്റെ ബാല്യാപരാധങ്ങള്‍ സ്വയം തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ആ സാദ്ധ്യത വാര്‍ദ്ധക്യാപരാധങ്ങളുടെ കാര്യത്തില്‍ എഴുത്തുകാര്‍ക്കെന്നല്ല, പൊതുവില്‍ മനുഷ്യര്‍ക്കാര്‍ക്കും ഉണ്ടാകാറില്ല. അതിനാല്‍, അതോര്‍മ്മിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇന്നിപ്പോള്‍  ടി.പത്മനാഭന്‍ എന്ന കഥാകൃത്ത് വാര്‍ദ്ധക്യാപരാധങ്ങള്‍ കൊണ്ട് പല വാരികകളുടെയും പേജുകള്‍ നിറയ്ക്കുന്നു എന്നതാണ് വായനക്കാരനെന്ന നിലയില്‍ എന്റെ പരാതി.


പ്രഭാതരശ്മി മാസികയുടെ സെപ്റ്റംബര്‍ ലക്കത്തില്‍ പത്മനാഭന്റെ ഒരു കഥയുണ്ട്. ‘വായന’ എന്നാണ് കഥയുടെ പേര്. പ്രഭാതരശ്മിയുടെ പതിനാലു തൊട്ട് പതിനെട്ടു വരെയുള്ള ആ പേജുകള്‍  പലകുറി വായിച്ചിട്ടും അതൊരു കഥയാണെന്ന് എന്നിലെ വായനക്കാരന് ബോദ്ധ്യപ്പെടുന്നില്ല. കഥാകൃത്തും സഹായിയും കൂടി ഒരു കല്യാണത്തിനു പോയ അനുഭവത്തെ അദ്ദേഹം രസകരമായി വിവരിക്കുകയാണ്. പൊതുവില്‍ നമ്മുടെ കല്യാണങ്ങളില്‍ കണ്ടുവരുന്ന ദുരനുഭവങ്ങളാണ് എഴുതിയിട്ടുള്ളത്. വേണ്ടായിരുന്നു എന്ന തോന്നലോടെ ഊണിന് ഊഴം കാത്തുനില്‍ക്കുമ്പോള്‍ ഭക്ഷണശാലയിലെ നടത്തിപ്പുകാരനായ ചെറുപ്പക്കാരന്‍ കഥാകൃത്തിനെ തിരിച്ചറിയുന്നു. സ്‌നേഹാദരങ്ങളോടെ അയാള്‍ പപ്പേട്ടന്റെ സഹായത്തിനെത്തുന്നു. അത് തന്റെ ഒരു വായനക്കാരനാവും എന്ന ആശ്വാസത്തോടെ കഥാകൃത്ത് അയാളുമായി ഇടപഴകുന്നു. അതോടെ തിരക്കിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് കഥാകൃത്തും സഹായിയും മോചിതരാവുന്നു. ഒടുക്കം യാത്ര പറയാറാവുമ്പോള്‍ ആ ചെറുപ്പക്കാരന്‍  തന്റെ പ്രിയപ്പെട്ട പപ്പേട്ടന്റെ മുന്നില്‍ ഒരു കുമ്പസാരം നടത്തുന്നു.  ‘സമയക്കുറവുകൊണ്ട് സാറിന്റെ ഒരു കഥയും തനിക്കിതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല’  എന്നായിരുന്നു അയാളുടെ വെളിപ്പെടുത്തല്‍. സാറിന്റെയെന്നല്ല; മറ്റൊരു എഴുത്തുകാരന്റെയും എന്നയാള്‍ കൂട്ടിച്ചേര്‍ത്തു. അയാള്‍ പാര്‍ട്ടിക്കാരനാണെന്നും പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ഒരു ‘സാഹിത്യക്കൂട്ടായ്മ ‘ മാസത്തില്‍ നടത്തുന്നുണ്ട് എന്നും അറിയിക്കുന്നു. അയാള്‍ പിന്നെയും ചിലത് പറഞ്ഞുകൊണ്ടിരുന്നു. ഇതൊക്കെ കേട്ട എഴുത്തുകാരന്  തല ചുറ്റുന്നതു പോലെ തോന്നുന്നതോടെ കഥ അവസാനിക്കുന്നു.


യഥാര്‍ത്ഥത്തില്‍ ഇതൊരു അനുഭവക്കുറിപ്പാണ്. സൂക്ഷ്മനിരീക്ഷകനായ ഒരെഴുത്തക്കാരന്റെ നിരീക്ഷണക്കുറിപ്പ്. ആ രീതിയില്‍ അത് മലയാളി കല്യാണങ്ങളുടെ ഭോഷ്‌ക്കത്തരത്തെ തുറന്നുകാട്ടുന്നു.  അതിനിടയില്‍ കടന്നുവരുന്ന ചില വ്യക്തിഗത സൂചനകള്‍  അതിരുവിടുന്നുമുണ്ട്. എന്നാല്‍ ഒരു അനുഭവക്കുറിപ്പിനപ്പുറത്തേക്ക് കടക്കാന്‍ പത്മനാഭന്‍ ശ്രമിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെ ഇത് കഥയാവുന്നില്ല. കഥയുടെ ആന്തരിക ഊര്‍ജ്ജം ഇതിലെവിടെയും കാണാനില്ല. ഭാഷയിലൂടെ കിട്ടുന്ന വായനാസുഖമല്ലാതെ സര്‍ഗ്ഗാത്മക ഊര്‍ജ്ജം വായനക്കാരന് അനുഭവഭേദ്യമാവുന്നില്ല. പപ്പേട്ടന് അനുഭവങ്ങളെ ഒപ്പിയെടുക്കാനറിയാം. അവ നിരന്തരം എഴുതുകയും അതുവഴി സമൂഹത്തില്‍ നിലകൊള്ളുന്ന തെറ്റായ പ്രവണതകളെ തുറന്നുകാട്ടുകയും ചെയ്യേണ്ടതുണ്ട്. അതിന് വലിയൊരു കൂട്ടം വായനക്കാരുണ്ടാവും. എന്നാല്‍ അതൊരിക്കലും കഥയെന്ന പേരില്‍ അച്ചടിമഷി പുരണ്ടു വാരികകളില്‍ സ്ഥാനം നേടരുത്. അവ അനുഭവമെഴുത്തുകളായി വായനക്കാരനെ ആശ്ലേഷിക്കട്ടെ. അവ വായിച്ച് മലയാളി വായനക്കാരന്റെ മനസ്സ് വികാസം കൊള്ളട്ടെ.


കാള്‍ നൊസ്ഗാര്‍ഡിന്റെ കുറിപ്പുകള്‍


അനുഭവമെഴുത്തിന്റെ ലോകത്ത് എനിക്കേറെ പ്രിയപ്പെട്ട എഴുത്ത് നോര്‍വീജിയന്‍ നോവലിസ്റ്റ് കാള്‍  ഓവ് നൊസ്ഗാര്‍ഡിന്റെതാണ്. ങ്യ ടൃtuഴഴഹല എന്ന പേരില്‍ അറിയപ്പെട്ട ആറു നോവലുകളിലൂടെ  അടുത്ത കാലത്തായി ലോകശ്രദ്ധയിലെത്തിയ എഴുത്തുകാരനാണ് നൊസ്ഗാര്‍ഡ്. അദ്ദേഹം രചിച്ച ആത്മകഥാസ്പര്‍ശിയായ അനുഭവക്കുറിപ്പുകള്‍ അൗൗോി, ണശിലേൃ, ടുൃശിഴ, ടൗാാലൃ എന്നീ നാലു പുസ്തകങ്ങളിലായി വെളിച്ചം കണ്ടിരുന്നു. ജീവിതത്തോട് ആഴത്തില്‍ ചേര്‍ത്തുനിര്‍ത്താനും ജീവിതാത്ഭുതങ്ങള്‍ കണ്ട് വിസ്മയം കൊള്ളാനും അവ വായനക്കാരെ  പ്രാപ്തരാക്കുന്നു. ഇവയില്‍ അൗൗോി എന്ന പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ജനിക്കാന്‍ പോകുന്ന തന്റെ നാലാമത്തെ കുട്ടിക്കായി അദ്ദേഹം എഴുതിയ അറുപതു കുറിപ്പുകളുടെ സമാഹാരമാണിത്. ആദ്യ കുറിപ്പില്‍ അദ്ദേഹം എഴുതി: ‘ആഗസ്റ്റ് 28ന് ഞാനിതു കുറിക്കുമ്പോള്‍, നീ ജനിച്ചുവീഴാന്‍ പോകുന്ന ലോകത്തെപ്പറ്റിയോ, നിന്നെ കാത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചോ നിനക്ക് ഒന്നും അറിയില്ല. അതുപോലെ നിന്നെക്കുറിച്ചും എനിക്കൊന്നുമറിയില്ല. നിന്റെ ഒരു അള്‍ട്രാസൗണ്ട് ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. നീ സുരക്ഷിതമായി കഴിയുന്ന ഉദരത്തില്‍ ഞാന്‍ തൊട്ടുനോക്കിയിട്ടുണ്ട്. അത്ര തന്നെ. നീ ജനിക്കാന്‍ ഇനിയും ആറു മാസം കൂടി കഴിയണം. അതിനിടയില്‍ എന്തും സംഭവിക്കാം. എന്നാലും സുരക്ഷിതമാണ് നിന്റെ ജീവന്‍ എന്നുതന്നെ ഞാന്‍ കരുതുന്നു.’


ആ കുഞ്ഞ് ജനിക്കുന്നത് മുതല്‍ കാണാന്‍ പോകുന്ന ലോകത്തെ അതിനു പരിചയപ്പെടുത്തി കൊടുക്കുകയാണ് ഈ അച്ഛന്‍. ആദ്യത്തെ കുറിപ്പ് അദ്ദേഹം ഇങ്ങനെ അവസാനിപ്പിക്കുന്നു: ‘നമ്മുടെ ഇന്നത്തെ ലോകത്തെ അതേപടി നിനക്ക് കാണിച്ചു തരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വാതിലുകള്‍, തറ, ഓവുചാല്‍, പൂന്തോട്ടത്തിലെ കസേര, സൂര്യന്‍, വെള്ളം, മരങ്ങള്‍ ഇവയൊക്കെ നീ നിന്റേതായ രീതിയില്‍ കാണുമെന്നും അനുഭവിച്ചറിഞ്ഞുകൊണ്ട് നിന്റെ ജീവിതം നയിക്കുമെന്നും എനിക്കറിയാം. എന്നിട്ടും ഞാനിതൊക്കെ കുറിക്കുന്നത് തീര്‍ച്ചയായും എനിക്കുവേണ്ടി കൂടിയാണ്. ഈ ചെറിയ ലോകത്തെ നിനക്കായി കാണിച്ചു തരുമ്പോള്‍ എന്റെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്താകുന്നു.’


തികച്ചും നൂതനമായ ഒരു രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒരേ സമയം കൗതുകം ജനിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ഇതിലെ കുറിപ്പുകളൊക്കെ. നമ്മള്‍ നിസ്സാരങ്ങളെന്നു കരുതി ശ്രദ്ധിക്കാതെ വിട്ടുകളയുന്ന എത്രയെത്ര കൊച്ചുകാര്യങ്ങളാണ് നൊസ്ഗാര്‍ഡ് രസകരമായി നമ്മുടെ ചിന്താമണ്ഡലത്തിലേക്ക് ഭാഷയിലൂടെ എത്തിക്കുന്നത്. ഒരിടത്ത് അയാള്‍ എഴുതി: ‘ഏറ്റവും ഒടുവിലത്തെ കണക്കെടുത്തപ്പോള്‍ 75000 തവണ ഞാന്‍ മൂത്രമൊഴിച്ചു കാണും. ആദ്യത്തെ പിസ്സ് ഓര്‍ത്തെടുക്കാന്‍ എനിക്കു പറ്റുന്നില്ല. ഒരു  മഞ്ഞനിറത്തിലുള്ള ആ ദ്രാവകം ശരീരത്തില്‍ നിന്ന് പോവുമ്പോള്‍ വല്ലാത്തൊരു സുഖമാണ്.’ മറ്റൊന്നുകൂടി നോക്കാം – ‘പല്ലുകള്‍ ഇല്ലാതെയാണ് നീ ജനിക്കാന്‍ പോകുന്നത്. ഒരു വര്‍ഷം കഴിക്കുമ്പോഴേക്കും അവ വന്നുതുടങ്ങും. പിന്നെയവ മരണം വരെ കൂടെയുണ്ടാകും. (മറ്റെന്തെങ്കിലും കാരണം കൊണ്ട് അവ കൊഴിഞ്ഞു പോയില്ലെങ്കില്‍!). ഇങ്ങനെ ഒരുപാട്  കാര്യങ്ങളെപ്പറ്റി ഗ്രന്ഥകാരന്‍ ലളിതമായി ഈ കുറിപ്പുകളില്‍ പ്രതിപാദിക്കുന്നു. ചില ഭാഗത്ത് അവ വലിയ ദാര്‍ശനികമാനങ്ങളിലേക്ക് ഉയരുന്നു. ഈ വായന ജീവിതത്തെപ്പറ്റിയുള്ള  പുതിയൊരു കാഴ്ചയ്ക്ക് വഴിയൊരുക്കുന്നു. മുമ്പ് വായിച്ച ഇവയുടെ ഓര്‍മ്മയെ പുറത്തെടുത്തത് പത്മനാഭന്റെ കഥയാണ്. അത് കഥയാവുന്നില്ലല്ലോ എന്ന ചിന്തയാണ്.


കലയും ജീവിതവും


എതിരന്‍ കതിരവന്‍ : കഥാകൃത്ത് ഉദ്ദേശിച്ചതിലും കൂടുതല്‍ രചനയില്‍ നിന്ന് വായനക്കാരന് വായിച്ചെടുക്കാന്‍ പറ്റുന്നുണ്ടല്ലോ…


സക്കറിയ : അതാണ് സാഹിത്യത്തിന്റെ, പൊതുവേ കലയുടെയും വിശേഷവും ഗുണവും. കഥയായാലും കവിതയായാലും ചിത്രമായാലും സംഗീതമായാലും കലാകാരന്‍ സൃഷ്ടിയ്ക്കുന്നതിനപ്പുറം അനുവാചകനു ലഭിയ്ക്കുക എന്നത് കലയുടെ ഉദ്ദേശവുമാണ്. അതുകൊണ്ടാണ് ‘അൃ േശ െഹമൃഴലൃ വേമി ഹശളല’ എന്നു പറയുന്നത്. ‘ഋമരവ ുലൃീെി ൃലമറ െവശ ൊലമിശിഴ’. അങ്ങനെ കിട്ടുന്നെങ്കില്‍ എഴുത്തുകാര്‍ ഒരുപരിധി വരെ വിജയിച്ചു എന്നുവേണം കരുതാന്‍.