മൊഴിയാഴം – എന്‍.ഇ. സുധീര്‍

കാശ്മീരിന്റെ ദുഃഖം – ‘അന്ധര്‍ ബധിരര്‍ മൂകര്‍’


പട്ടാളക്കാര്‍ നിലോഫര്‍ ഭട്ടിന്റെ വീട്ടിലേക്ക് ഇരച്ചുകയറി. ജഗന്‍ മോഹന്‍ കാശ്മീര്‍ ഗവര്‍ണറായി ചാര്‍ജെടുത്ത ദിവസമായിരുന്നു അത്. നിലോഫര്‍ ഭട്ട് കോതിബാഗ് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. ജോലി കിട്ടിയതുകൊണ്ടാണ് അവര്‍ കുപ്വാരയില്‍ നിന്ന് ശ്രീനഗറിലേക്ക് വന്നതാണ്. ഖഗഘഎ നേതാവായിരുന്ന മഖ്ബൂല്‍ ഭട്ടിന്റെ അകന്ന ബന്ധുവായിരുന്നു നിലോഫര്‍. എന്നാലും അവര്‍ക്ക് കാശ്മീര്‍ വിമോചനപ്പോരാളികളുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഛോട്ടാബസാറിനടത്തു താമസസൗകര്യം ഏര്‍പ്പാടാക്കി കൊടുത്തത് വിമോചനപ്പോരാളികളിലാരോ ആയിരുന്നു. ഹസ്രത്ത് ബാല്‍ പള്ളിയില്‍ ചെറിയൊരു ജോലിയുണ്ടായിരുന്ന ഇബ്രാഹിം സുലൈമാന്റെ കുടുംബത്തോടൊപ്പമാണ് അവരവിടെ താമസിച്ചത്. ആ വീട്ടിലേക്കാണ് പട്ടാളം അന്ന് കയറി വന്നത്. അവിടെവെച്ചാണ് അന്നത് സംഭവിച്ചത്. ഇബ്രാഹിം സുലൈമാനേയും ഭാര്യയേയും അവര്‍ ഒരു മുറിയിലിട്ടു പൂട്ടി. തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഇരുപത്തിയൊന്നു വയസ്സുള്ള സുന്ദരിയായ നിലോഫറിനെ മൂന്നു പട്ടാളക്കാര്‍ ക്രൂരമായി ബലാല്‍സംഗത്തിന് വിധേയയാക്കി. മഖ്ബൂല്‍ ഭട്ടിന്റെ ബന്ധുവിനെ അങ്ങനെ ചെയ്യുന്നതില്‍ അവര്‍ അഭിമാനം കൊണ്ടു. ആദ്യം സിഖുകാരനായ ഒരു പട്ടാളക്കാരന്‍. തുടര്‍ന്ന് ഒരു കപൂര്‍. അവസാന ഊഴം ഒരു നായരുടേതും. അവനാണ് ഏറ്റവും ക്രൂരന്‍ എന്നും അവരോര്‍ക്കുന്നു. മൂന്നു പേരുടെയും ആര്‍ത്തി തീര്‍ന്നതിനു ശേഷം അവര്‍ നിലോഫറിനെ സുലൈമാന്റെയും ഭാര്യയുടെയും അടുത്ത് കൊണ്ടുവന്നുനിര്‍ത്തി. എന്നിട്ട് സിഖുകാരന്‍ വിജയീഭാവത്തില്‍ പറഞ്ഞു: ‘ബ്ലഡി ഹറാമി, ഞങ്ങള്‍ക്ക് നിങ്ങളുടെ മണ്ണ് വാങ്ങാന്‍ പറ്റില്ലായിരിക്കും, പക്ഷേ, മണ്ണില് വിത്ത് വിതയ്ക്കാന്‍ പറ്റും, മനസ്സിലായോ? ഇവള്‍ക്കൊരു കുഞ്ഞ് ജനിക്കുകയാണെങ്കില്‍ അവന്റെ തന്ത ഞങ്ങളിലൊരാളായിരിക്കും. സിങ്ങോ കപൂറോ നായരോ. ഒരു സംശയവും വേണ്ട അവനൊരു ഇന്ത്യക്കാരനായിരിക്കും, അല്ലാതെ നിങ്ങളെപ്പോലെ രാജ്യദ്രോഹികളായിരിക്കില്ല.’


ആ ബലാല്‍സംഗത്തില്‍ ഗര്‍ഭിണിയായ നിലോഫര്‍ പ്രസവിച്ച പെണ്‍കുട്ടിയാണ് ഫാത്തിമ. ഫാത്തിമ നിലോഫര്‍. ഇന്ത്യക്കാരിയാണോ എന്നുറപ്പില്ലാത്ത, എന്നാല്‍ കാശ്മീരിയാണ് എന്നതില്‍ സംശയമില്ലാത്ത ഫാത്തിമ. കാശ്മീരിയായ ഈ ഫാത്തിമയുടെ കഥയാണ് ടി.ഡി. രാമകൃഷ്ണന്‍ എഴുതിയ പുതിയ നോവലായ ‘അന്ധര്‍ ബധിരര്‍ മൂകര്‍’. നോവല്‍ തുടങ്ങുന്നത് 2019 ആഗസ്റ്റ് നാലിനാണ്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രഗവണ്‍മെന്റ് എടുത്തുകളഞ്ഞിരിക്കുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം 35 എ ? യുമനുസരിച്ച് ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രസിഡന്റ് ഒപ്പുവെച്ചു.  അതൊരു ഹിന്ദുത്വ അജണ്ടയായിരുന്നു. കാശ്മീരി ജനതയെ അപ്പാടെ നിശ്ശബ്ദരാക്കി ഭരിക്കാനുള്ള അജണ്ട. എട്ടു ലക്ഷം പട്ടാളക്കാര്‍ കാശ്മീരിനെ അപ്പാടെ ബന്ദിയാക്കി.


ഫാത്തിമ നിലോഫര്‍ ഝലം ടൈംസ് പത്രത്തിലാണ് ജോലി ചെയ്തിരുന്നത്. ജി.ആര്‍. എന്ന പ്രശസ്തനായ പത്രാധിപര്‍ നടത്തുന്ന ഒരു ചെറിയ പത്രം. അന്ന് രാവിലെ ജി.ആര്‍. അറസ്റ്റു ചെയ്യപ്പെട്ടു. പത്രമാഫീസ് പൂട്ടി സീല്‍ ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലെ സംഭവങ്ങളാണ് നോവലില്‍ കടന്നു വരുന്നത്. ഫാത്തിമയ്ക്കും കുടുംബത്തിനും  രഹസ്യമായി അവിടം വിടേണ്ടി വരുന്നു. രണ്ടു  ചെറിയ കുട്ടികളെയും  ഉമ്മയെയും കൂട്ടിയുള്ള ആ യാത്രയാണ് നോവലിന്റെ പ്രമേയം. അതൊരു വല്ലാത്ത യാത്രയാണ്. ഒരു ജനതയുടെ ദുരന്തം മുഴുവന്‍ കാണിച്ചുതരുന്ന യാത്ര.


വര്‍ത്തമാനകാല കാശ്മീരിന്റെ ദുരവസ്ഥയെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ്  അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവല്‍. കാശ്മീരിലെ നിസ്സഹായരായ ജനങ്ങള്‍ക്കു വേണ്ടി നടത്തുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തനമായും ഞാനീ കൃതിയെ കാണുന്നു.  കാശ്മീരിനെപ്പറ്റി പലപ്പോഴായി വായിച്ചു കൂട്ടിയ പുസ്തകങ്ങളൊന്നും പകര്‍ന്നു തന്നിട്ടില്ലാത്ത ഒരു വൈകാരിക അടുപ്പം ഇതെനിക്കു പകര്‍ന്നു തരുന്നു. കാശ്മീരിലെ ദുരവസ്ഥയുടെ വ്യക്തമായ ചിത്രവും ഇതിലൂടെ അനുഭവഭേദ്യമാകുന്നു. നിലോഫറിന്റെ കഥയോടൊപ്പം കാശ്മീരിന്റെ സങ്കീര്‍ണമായ രാഷ്ട്രീയചിത്രവും അനാവരണം ചെയ്യപ്പെടുന്നുണ്ട്.  വേദനയും വെറുപ്പും നിറഞ്ഞ ഒരന്തരീക്ഷം നോവലിലുടനീളം നിലനിര്‍ത്താന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. അധികാരത്തിന്റെ പിടിയില്‍ നമ്മള്‍ മനുഷ്യരെത്ര നിസ്സഹായരാണ് എന്ന് ഈ കൃതി കാണിച്ചുതരുന്നു. ഒരു രാജ്യത്തിലെ പൗരര്‍ എന്ന നിലയില്‍  നമ്മുടെ ദുരന്തവിധി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് ഇത് ബോധ്യപ്പെടുത്തിത്തരുന്നു. ഒരു സര്‍ഗാത്മക രചന എന്ന നിലയില്‍ ഇതിന്റെ പരിമിതികളെപ്പറ്റി ചിന്തിക്കുവാന്‍ ഇതിന്റെ വായന എന്നെ അനുവദിച്ചില്ല. അത്രമാത്രം അനുഭവസ്പര്‍ശിയായിരുന്നു ഇതിന്റെ കഥ. അതും മികവിന്റെ ഒരളവുകോലാണല്ലോ.


ഇന്ത്യയില്‍  അടുത്തകാലത്തായി എഴുതപ്പെട്ട ഒരു സുപ്രധാന രാഷ്ടീയനോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ഈ രചന എന്ന് ഞാന്‍ വിചാരിക്കുന്നു. ഓരോ ഇന്ത്യക്കാരനും ഓരോ മനുഷ്യസ്‌നേഹിയും നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരു നോവല്‍. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന പുതിയ  രാഷ്ട്രീയം നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയൊക്കെ വരിഞ്ഞുമുറുക്കിയേക്കാം എന്നതിന്റെ നേര്‍ചിത്രം കൂടിയാണിത്.


കവിതയില്ലാത്ത പദ്യങ്ങള്‍


മറ്റ് ഭാഷകളിലെന്ന പോലെ മലയാളത്തിലും സ്വാതന്ത്ര്യത്തെക്കുറിച്ച് നിരവധി മൗലിക കവിതകള്‍ ഉണ്ടായിട്ടുണ്ട്. ആ തോന്നലോടെയാണ് മാതൃഭൂമി പത്രത്തിന്റെ സ്വാതന്ത്ര്യദിന പ്രത്യേക വാരാന്ത്യപ്പതിപ്പില്‍ കാണാനിടയായ ‘സ്വന്തം വീടാണ് സ്വാതന്ത്ര്യം’ എന്ന കവിത വായിച്ചത്.


”സ്വന്തം വീടാണ് സ്വാതന്ത്ര്യം

സ്വയം നിര്‍മ്മിച്ച ജീവിതം

സ്വന്തം സ്വപ്‌നത്തിനാകാശം

സ്വന്തമോര്‍മ്മയ്ക്കു വേരിടം.


………………… ………………….

സ്വന്തം വിടാണു സ്വാതന്ത്ര്യം

സ്വന്തം ശക്തി, സ്വഭാവന

ജന്മഭൂമിയിലല്ലാതെ

മറ്റെങ്ങുണ്ട് സ്വതന്ത്രത!”


ആദ്യത്തേയും അവസാനത്തേയും നാലു വരികളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. മൊത്തം 44 വരികളുള്ള ഈ കവിതാഭാസത്തില്‍ ഒരു വരിയില്‍പ്പോലും കവിത കാണാന്‍ എനിക്കു കഴിഞ്ഞില്ല. കവിയുടെ പേര് വി. മധുസൂദനന്‍ നായര്‍. കവിതയില്ലായ്മ ഒരു കവിയുടെ കുറ്റമല്ലല്ലോ. കവിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും എനിക്ക് ബോധ്യമുണ്ട്.


ബാലചന്ദ്രന്‍ ചുള്ളിക്കാട്


മുന്‍പറഞ്ഞ പദ്യം വായിച്ച ക്ഷീണം തീര്‍ക്കാന്‍ എന്തു ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോഴാണ് വാട്‌സാപ്പില്‍  ബാലചന്ദ്രന്‍ ചുള്ളിക്കാട് നാലുവരി കുറിച്ചയച്ചു തന്നത്. ‘പെട്ടിമുടി ‘ എന്നാണ് ബാലചന്ദ്രന്റെ  കവിതയുടെ പേര്. വെറും ആറു വരികള്‍.


‘മണ്ണു വിഴുങ്ങിക്കളഞ്ഞ ജന്മങ്ങളേ, നിങ്ങളെങ്ങാനുമാ സീതയെക്കണ്ടുവോ? എല്ലാം മടുത്തു കിരീടമഴിച്ചു തന്‍ കണ്ണീരില്‍ മുങ്ങി മരിച്ച രാജാവിനെ കണ്ടാല്‍ പറയൂ : ‘നശിക്കട്ടെ സര്‍വ്വവും രണ്ടാമതും പിളരട്ടെ ഭൂമണ്ഡലം”


കവിത തരുന്ന ആശ്വാസം മറ്റൊന്നിനും നല്‍കാനാവില്ല. വരികള്‍ വരുന്നത് കവിത്വമുള്ള മനസ്സില്‍ നിന്നാകണമെന്നു മാത്രം.


അടുക്കളക്കാരിയുടെ അഭിമാനം


1937ലോ 1938ലോ  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്ന ഒരു കഥ വര്‍ഷങ്ങള്‍ക്കിപ്പുറം 1970-കളില്‍ മാതൃഭൂമി പത്രത്തില്‍ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. കഥയുടെ മഹത്വം കൊണ്ടായിരുന്നില്ല; എഴുതിയ ആളിന്റെ മഹത്വം കൊണ്ടാണ് അതു സംഭവിച്ചത്. കഥാകാരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴാണ് കഥ വീണ്ടും വെളിച്ചം കണ്ടത്. കഥയുടെ പേര് ‘അടുക്കളക്കാരിയുടെ അഭിമാനം’ എന്നായിരുന്നു. ആദ്യകാലത്ത് കഥകളെഴുതിയിരുന്ന ആ മുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. ഇതു കൂടാതെ മറ്റ് രണ്ട് കഥകള്‍ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ പ്രസിദ്ധികരിച്ച ‘ബാലപ്രണയം’ എന്ന കഥയും മംഗളോദയം മാസികയില്‍ പ്രസിദ്ധീകരിച്ച ‘ജൂനിയര്‍ വക്കീല്‍’ എന്ന കഥയും ആണവ. അക്കാലത്തെ മിടുക്കരായ മറ്റ് കഥാകാരന്മാരാണ് അദ്ദേഹത്തെ കഥയെഴുത്തില്‍ നിന്ന് അകറ്റിയത്. അവരോടൊപ്പം ഉയരാനുള്ള കഴിവില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ് അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു. തുടര്‍ന്ന് നാടകരചനയിലും അദ്ദേഹം ഒരു കൈ നോക്കുകയുണ്ടായി.