മൂല്യങ്ങളുടെ സ്വരലയം – ഗായത്രി

നീലഗിരി മലനിരകളിലെ ഒരു മെയ് മാസം. പ്രകൃതി അതിന്റെ എല്ലാ പ്രഭാവത്തോടും പ്രകാശിച്ചു നില്ക്കുന്ന സമയം. വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍, സുഖമുള്ള തണുപ്പ്, പക്ഷിനിരീക്ഷകരുടെ ആനന്ദകാലം. മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി വരുന്ന ട്രെയിന്‍, വെള്ളച്ചാട്ടങ്ങളും അരുവികളും എല്ലാംകൊണ്ട് പ്രസന്നവദനയായി നില്‍ക്കുന്ന ആ സമയത്താണ് വിനോദസഞ്ചാരികളെല്ലാം നീലഗിരിയിലേക്ക് പറന്നെത്തുക. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിന്റെ ഇരുവശവും പച്ചപ്പുകൊണ്ട് പ്രസരിച്ചുകിടക്കും. അങ്ങനെ അടുത്തും അകലെയുമുള്ള എല്ലാ വൈവിദ്ധ്യങ്ങളെയും നീലഗിരിയുടെ വസന്തത്തിലേക്ക് സ്വരലയപ്പെടുത്തുന്ന കാലമാണത്.


ആ സമയത്താണ് ഗുരുനിത്യ ചൈതന്യയതിയുടെ സാന്നിദ്ധ്യംകൊണ്ട് അനുഗൃഹീതമായ ഫേഹില്‍ നാരായണഗുരുകുലത്തിന്റെ മൂല്യങ്ങളുടെ സ്വരലയം (Symphony of values) മെ ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ കൂട്ടായ്മ നടക്കുക. അറിവും സൗഹൃദവും പങ്കുവയ്ക്കലും അതിനേക്കാളെല്ലാമുപരി ഗുരുസാന്നിധ്യത്തെ നേരിട്ടനുഭവിക്കലും എല്ലാംകൊണ്ട് ഗുരുകുലം തുറന്നുകിടക്കുന്ന ദിനങ്ങളാണത്. മൗനാത്മകമായ ഗുരുകുലാന്തരീക്ഷം പൊട്ടിച്ചിരികളാലും സംഗീതത്താലും നാടന്‍പാട്ടും നൃത്തവും നാടകവും കവിതയും തുടങ്ങിയുള്ള പരിപാടികളാലും ശബ്ദമുഖരിതമാകും. ഇന്ത്യയിലെ പല ഭാഗത്തുനിന്നും വെളിയില്‍നിന്നുമെല്ലാം ആളുകളുണ്ടാകും. അനശ്വരമായമൂല്യങ്ങളെല്ലാം അവിടെ സംഗമിക്കും.


സുഹൃത്തുമൊത്ത് റെയില്‍വേ ട്രാക്കിലൂടെ ഊട്ടിനഗരത്തിലേക്ക് നടക്കാന്‍പോയി. റെയില്‍വേ ട്രാക്കിലൂടെയായിരുന്നു യാത്ര. ഇരുട്ടുനിറഞ്ഞ ടണലിലൂടെയും കയറിയിറങ്ങിയുള്ള ആ നടത്തം രസകരമായിരുന്നു. അലസമായി നടക്കുന്നതിനിടയില്‍ ഒരു കടയിലിരിക്കുന്ന ആ ചെറിയ കളിപ്പാട്ടത്തില്‍ എന്റെ കണ്ണുടക്കി. ചാവികൊടുത്താല്‍ നടക്കുന്ന രണ്ടു കുഞ്ഞുകാല്‍പാദങ്ങള്‍. നിറഞ്ഞതാല്‍പര്യത്തോടെ ഞാനതെടുത്ത് എന്റെ കൈവെള്ളയില്‍ വച്ചു. ഗുരുവിന് അത് കൊടുക്കണമെന്ന് എന്റെ ഉള്ളു മന്ത്രിച്ചു. ചാവി കൊടുത്താല്‍ കാല്‍ നടക്കാന്‍ തുടങ്ങും. ഒന്നിനുപിറകെ മറ്റെകാല്‍. പിന്നെ നില്ക്കും. വീണ്ടും നടക്കും. നല്ല രസം.


ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്കുള്ള സമയമായിരുന്നു. ഞാന്‍നേരെ ഗുരുവിന്റെ മുറിയിലേക്കു നടന്നു. മുറി നിറയെ സന്ദര്‍ശകരായിരുന്നു. ഞാന്‍ ആ രണ്ടു കാലുകള്‍ മാത്രമായ കളിപ്പാവയെ ഗുരുവിന്റെ കൈയില്‍ വച്ചു കൊടുത്തു. കണ്ടു നിന്നവരെല്ലാം അതുകണ്ട് പൊട്ടിച്ചിരിച്ചു. ഗുരു ചിരിച്ചില്ല. വളരെ ശ്രദ്ധയോടെയും ഗൗരവത്തോടെയും ചാവികൊടുത്ത് അതിനെ മേശപ്പുറത്തുവച്ചു. ഒന്നൊന്നായടിവച്ച് അത് ഗുരുവിനടുത്തേക്ക് നടക്കാന്‍ തുടങ്ങി. ഗുരു അത് പലതവണ ആവര്‍ത്തിച്ചു. ചുറ്റും നിന്നവരെല്ലാം ശ്രദ്ധയോടെ അതു നോക്കിനിന്നു. മുറിയില്‍ നിശ്ശബ്ദത നിറഞ്ഞുനിന്നു. ഗുരു എഴുന്നേറ്റു. ശ്രദ്ധയോടെ ആ കളിപ്പാവയെ എടുത്ത്‌കൈവെള്ളയില്‍ വച്ച് പ്രാര്‍ത്ഥനാമുറിയിലേക്കു നടന്നു. അവിടെ അള്‍ത്താരയിലിരിക്കുന്ന കാരുണൃത്തിന്റെയും വൈദ്യത്തിന്റെയും ജാപ്പനീസ് ദേവിയായ ക്വാന്‍യിന്‍ ശില്‍പത്തിനടുത്ത് അതു വച്ചു.


ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞ് ഗുരുവിന്റെ സമാധിക്കുശേഷം പലയിടങ്ങളിലുള്ള അലഞ്ഞുതിരിയലുകള്‍ക്കൊടുവില്‍ സാന്‍ഫ്രാന്‍സിസ്‌കോ സെന്‍ സെന്ററില്‍ ഞാന്‍ ചെന്നെത്തി. വെന്റാനവില്‍ഡര്‍നസ്സിലെ മലമുകളിലുള്ള മൊണസ്ട്രിയില്‍ സാധകരും സന്യാസിമാരും ഒന്നിച്ച് ഒരു സെന്‍ ക്ലാസ്സില്‍ കൃതി ആലപിക്കുന്നതു കേട്ടപ്പോള്‍ മറന്നുപോയ ഈ കഥയാണ് ഓര്‍മ്മയില്‍ തെളിഞ്ഞത്.