മാറ്റത്തിനുള്ള സാധ്യത നമ്മൾതന്നെയാണ്

മാറ്റത്തിനുള്ള സാധ്യത നമ്മൾതന്നെയാണ്

Sunil P Eladom എങ്ങനെയാണ് ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക  തലങ്ങളെ പുതിയ ഊര്‍ജ്ജത്തിലേയ്ക്കുo പുതിയ പ്രതീക്ഷയിലേയ്ക്കും നയിക്കുക? അതിനുള്ള സാധ്യത എത്രമാത്രം?

ഏതു സമൂഹവും ഒരു പരിവര്‍ത്തന സാധ്യതയെ അതിനകമെ  നിലനിര്‍ത്തുന്നുണ്ട്.ആ  പരിവര്‍ത്തനോര്‍ജ്ജത്തെ രൂപപ്പെടുത്താനോ ആ പരിവര്‍ത്തനോര്‍ജ്ജത്തില്‍ നിന്ന് ആ മാറ്റത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ആ സമൂഹത്തിലെ ഇതര ഘടകങ്ങള്‍ക്ക്   കഴിയുമെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. അതുകൊണ്ട് മാറ്റത്തിനുള്ള സാധ്യതയില്ല ഇനി സ്തബ്ധമാണ്  കാലമെന്ന് ഒരുനിലയ്ക്കും കരുതിക്കൂടാ. കാലവും സമൂഹവും. അങ്ങനെയല്ല, മറിച്ച് ഒരു സമൂഹത്തിനകത്തുള്ള ആന്തരികമായ ചലനാത്മകതയെ  ഏതൊക്കെ നിലകളില്‍ നമുക്ക് വികസിപ്പിക്കാന്‍ കഴിയും,ആ വികാസ  സാധ്യതകള്‍ പലതാണ്.ആ വികാസത്തിന്റെ വഴികള്‍ പലതാണ്.ഏത് ദിശയിലേക്കാണത് വഴിമാറിയെത്തുകയെന്ന് മുന്‍കൂറായി പറയാനും കഴിയില്ല.പക്ഷേ,  അത്തരത്തിലുള്ള ഒരു വഴി മാറ്റത്തിനുള്ള സാധ്യത നിശ്ചയമായിട്ടുമുണ്ട്.  ഇന്ത്യയെ  സംബന്ധിച്ചാണെങ്കില്‍ ഇന്ന് ഇന്ത്യയിലെ പ്രബലമായ വ്യവഹാരം നമുക്കൊക്കെ   അറിയാവുന്നതുപോലെ അത് ഹിന്ദുത്വ  ആധിപത്യത്തിന്റെ,  ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മതരാഷ്ട്ര വാദത്തിന്റെ  യുക്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ആ മതരാഷ്ട്ര വാദത്തിന്റെ  യുക്തിയെ ചെറുക്കുന്ന ശക്തികളായി ഇന്ത്യയിലെ പല  സാമൂഹ്യ ചലനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ദളിത് ജനതയുടെ വലിയ പ്രതിഷേധങ്ങള്‍ ഒരു ഭാഗത്തുണ്ട്. കര്‍ഷക  സമൂഹത്തിന്റെ വമ്പിച്ച ചെറുത്ത്‌നില്പ്പ് നടക്കുന്നുണ്ട്. തൊഴിലാളികള്‍ക്കിടയിലും  ഏറ്റവും ദരിദ്രരായ മനുഷ്യരുടെ ഇടയിലും നാനാതരം  അസ്വാസ്ഥ്യങ്ങളുണ്ട്.  ഈ അസ്വാസ്ഥ്യങ്ങളെ ഏകോപിപ്പിച്ച് ജനാധിപത്യപരമായ ഒരു സമൂഹത്തിലേക്കുള്ള വഴിത്തിരിവിന് രൂപംനല്‍കാനായിട്ടുള്ള സാധ്യത ഇന്ത്യന്‍ സമൂഹത്തിലുണ്ട്. അതേസമയംതന്നെ  മറുഭാഗത്ത് കോര്‍പ്പറേറ്റ് മൂലധനവും അതുപോലെ മത വര്‍ഗീയ ശക്തികളും കൈകോര്‍ത്തു നിന്ന് ഇന്ത്യന്‍ സമൂഹത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള വമ്പിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഭരണകൂട പിന്തുണ അതിന് പൂര്‍ണ്ണാര്‍ത്ഥത്തിലുണ്ടുതാനും. ഈ രണ്ടു   ശക്തികള്‍ക്കിടയിലെ ബലാബലമാണ് ഇന്ത്യയുടെ ഭാവി പരിണാമത്തെ നിര്‍ണയിക്കാന്‍ പോകുന്നത്.  അതുകൊണ്ട് മാറ്റത്തിനുള്ള സാധ്യത എന്നു പറയുന്നത് വാസ്തവത്തില്‍ മാറ്റം പുറമേ നിന്ന് എവിടെനിന്നെങ്കിലും വന്ന് ഈ സമൂഹത്തെ മാറ്റും എന്ന് കരുതുകയല്ല  വേണ്ടത്. മാറ്റത്തിനുള്ള സാധ്യതയും ആ സാധ്യത നിലനില്‍ക്കുന്നത് മാറ്റത്തിനായി നിലകൊള്ളാനുമുള്ള നമ്മുടെ സന്നദ്ധതയിലാണ്. നമ്മുടെ സമൂഹത്തിന്റെ  അടിസ്ഥാനപരമായ തകരാര്‍ ജനാധിപത്യപരമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം മറ്റാര്‍ക്കോ ആണ് എന്നു കരുതുകയും ഏറ്റവും നിര്‍ണായകമായ നിമിഷങ്ങളില്‍ മൗനംപാലിക്കുകയും തങ്ങളുടെ സ്വസ്ഥജീവിതം തുടരുകയും ചെയ്തതിനു ശേഷം ജനാധിപത്യത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരു വ്യാജ  പുരോഗമന ബോധം നമ്മുടെ സമൂഹത്തിന് പലപ്പോഴുമുണ്ട്. നമ്മള്‍  ഫാസിസത്തിന് എതിരാണെന്ന് പറയും. നമ്മള്‍ ജനാധിപത്യവാദികളാണെന്ന് പറയും. പക്ഷേ, ഫാസിസത്തിനെതിരായിട്ടും ജനാധിപത്യത്തിനു വേണ്ടിയും  നിലകൊള്ളുന്ന മനുഷ്യര്‍ നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍  അതിനുവേണ്ടി ശക്തമായി ശബ്ദമുയര്‍ത്തുക  കൂടി വേണം. അതല്ലാതെ  ഫാസിസത്തിനെതിരെ നില്‍ക്കുമെന്നുള്ളത് നമ്മുടെ ഒരാത്മബോധമായാല്‍പ്പോരാ അതിന് സാമൂഹികമായ അതിശക്തിയായി രൂപാന്തരപ്പെടുത്താനും  കഴിയണം.അങ്ങനെ രൂപാന്തരപ്പെടുന്ന ആ ഒരു ശക്തിയാണ് വാസ്തവത്തില്‍ ഈ മാറ്റത്തിന്റെ അടിസ്ഥാനമാകുന്നത്.  അതുകൊണ്ട് മാറ്റത്തിനുള്ള സാധ്യത പുറമേനിന്ന് ഏതോ ഒരു അതീത  ശക്തി വന്നു ലോകത്തെ  മാറ്റാനിരിക്കുന്നു എന്നല്ല, മാറ്റത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നത് നമ്മില്‍ത്തന്നെയാണ്. മാറാനും ആ മാറ്റത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാനുമുള്ള നമ്മുടെ സന്നദ്ധതയിലാണ് മാറ്റം നിലനില്‍ക്കുന്നത്.

ചരിത്ര വിജ്ഞാന മേഖലകളില്‍ അറിവിന്റെ  ഉത്പാദനത്തിലും വിതരണത്തിലും ശക്തമായ സങ്കുചിത മത രാഷ്ട്രീയ അധീശത്വ ശക്തികള്‍ പിടിമുറുക്കുകയും തങ്ങളുടെ താല്‍പര്യങ്ങളുടെ മാത്രം ചട്ടുകമായി അവയെ മാറ്റുകയും ചെയ്യുന്നുണ്ട്.വ്യത്യസ്ത അഭിപ്രായങ്ങളെയും ചിന്തകളെയും ഇല്ലാതാക്കുകായും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ എന്തു പ്രതീക്ഷയാണ് നമുക്കു മുന്നിലുള്ളത്?

ഇന്ത്യാ  ചരിത്രത്തെയും സംസ്‌കാരത്തെയും മതപരമായ യുക്തിയില്‍ കൊണ്ടുചെന്നു കെട്ടാനുള്ള ദീര്‍ഘമായ ശ്രമം ഹിന്ദുത്വത്തിന്റേതായിട്ടുണ്ട്. വാസ്തവത്തില്‍ ഹിന്ദുത്വത്തിന്റെ  രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്നുപറയുന്നത്   ചരിത്രത്തിന്റെയും  സംസ്‌കാരത്തിന്റെയും   മതവത്ക്കരണമാണ്. അവരത്  ഇപ്പോള്‍ തുടങ്ങിയതല്ല. ഒരു നൂറ്റാണ്ടിന്റെയെങ്കിലും ദീര്‍ഘ ചരിത്രം ആ പരിശ്രമങ്ങള്‍ക്കു പുറകിലുണ്ട്. അതുകൊണ്ടുതന്നെ അതിനെ ചെറുക്കുകയെന്നു  പറയുന്നത് ഗ്രാസ് റൂട്ട് ലെവലിലുള്ള  ഇടപെടലിലൂടെ മാത്രമേ പറ്റൂ. നമ്മുടെ വലിയ പരിമിതി എന്താണെന്ന് വച്ചാല്‍, ആധുനിക ഇന്ത്യയുടെ ഭൂതകാല ബോധം അല്ലെങ്കില്‍ സംസ്‌കാര ബോധം അടിമുടി മതവത്ക്കരിക്കപ്പെട്ടതും  വര്‍ഗീയവത്ക്കരിക്കപ്പെട്ടതുമാണ്. പക്ഷേ, വര്‍ഗീയവത്ക്കരിക്കപ്പെട്ട ബോധം വര്‍ഗീയ രാഷ്ട്രീയത്തിന്റെ  പ്രത്യക്ഷരൂപം ആര്‍ജിക്കുമ്പോഴേ    പൊതുവെ  ഇന്ത്യയിലെ മതേതരശക്തികള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ഉത്കണ്ഠപ്പെടാറുള്ളൂ.  അതല്ലാതെ ഇന്ത്യയുടെ ബഹുഭാവ  സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കാനോ വ്യത്യസ്ത  മതങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും ഭൗതികമായ ജീവിത പ്രയോഗങ്ങളും ഒക്കെ ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ സംഭാവനകളെ പരിഗണിക്കാനോ  ഒന്നും നമ്മള്‍ പൊതുവെ  തയ്യാറല്ല. തദ്ദേശീയ സമൂഹങ്ങള്‍ രൂപപ്പെടുത്തിയ വൈജ്ഞാനിക പാരമ്പര്യങ്ങളെ, കലാ പാരമ്പര്യങ്ങളെയൊക്കെ നമ്മള്‍ പ്രാദേശികം  എന്ന് മുദ്രകുത്തി പുറത്താക്കും. അതേസമയം സവര്‍ണ്ണ പാരമ്പര്യത്തെ ദേശീയ പാരമ്പര്യമായിട്ട് കണക്കാക്കുകയും ചെയ്യും. ഭൗതിക വിജ്ഞാനത്തെ  ഇന്ത്യന്‍ വിജ്ഞാനമായിട്ട്   കാണില്ല. അതേസമയം ആത്മീയവിജ്ഞാനം ഇന്ത്യന്‍ വിജ്ഞാനമാണ് എന്ന മട്ടില്‍ മാറുകയും ഫലത്തിലത് ബ്രാഹ്മണ്യത്തിന്റെ   വിജ്ഞാനമേഖലയായിട്ട് പരിണമിക്കുകയും ചെയ്യും. അങ്ങനെ ഈ ഭൗതിക വിജ്ഞാനത്തെ, തദ്ദേശീയ പാരമ്പര്യങ്ങളെ, ഇതരമത പാരമ്പര്യങ്ങളെയൊക്കെ പുറത്താക്കിക്കൊണ്ടുള്ള ഒരു സംസ്‌കാര ചരിത്ര ഭാവന ആധുനിക ഇന്ത്യയില്‍ എല്ലാകാലത്തും ശക്തമായിട്ടുണ്ടായിരുന്നു. ആ അടിത്തറയിലാണ് വര്‍ഗീയ രാഷ്ട്രീയം തന്നെ ഇവിടെ നിലനില്ക്കുന്നത്.  അങ്ങനെ ആലോചിച്ചാല്‍ ഈ അടിസ്ഥാനത്തെ  തിരുത്താതെ  നമുക്ക് വര്‍ഗീയതയ്‌ക്കെതിരായ സമരത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. പക്ഷേ, അങ്ങനെയൊരു ഗൗരവപൂര്‍ണമായ ഇടപെടല്‍  നമ്മുടെ ചരിത്രബോധത്തിന്റെയോ   സംസ്‌കാരത്തിന്റെ മണ്ഡലത്തിലോ  നടത്താനോ  അതിനെ  ഒരു നിര്‍ണായക രാഷ്ട്രീയ പ്രശ്‌നമായി കാണാനോ പൊതുവെ നമുക്ക് കഴിഞ്ഞിട്ടില്ല. അത് കഴിയാത്തിടത്തോളം  കാലം വാസ്തവത്തില്‍ ഈ വര്‍ഗീയതയുടെ കടന്നാക്രമണത്തിനെതിരായ സമരങ്ങളെ വിജയിപ്പിക്കാനായിട്ട് കഴിയില്ല. അത് വളരെ പെട്ടെന്ന് കഴിയുന്ന കാര്യവുമല്ല.ദീര്‍ഘകാല  ശ്രമങ്ങള്‍ ഇതിനു വേണ്ടി വരും. അത്തരം ശ്രമങ്ങള്‍ നടത്തിയെ  തീരൂ.  അതിലൂടെ മാത്രമേ നമുക്ക് ഒരു ജനാധിപത്യ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ വികസിപ്പിക്കാനായിട്ടോ ഉറപ്പിച്ചെടുക്കാനായിട്ടോ  കഴിയുള്ളൂ.

കര്‍ഷകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ തുടങ്ങിയവരെ നിശ്ശബ്ദരാക്കുകയും തുറങ്കില്‍ അടയ്ക്കുകയും ചെയ്യുന്ന, ജനാധിപത്യമെന്നു തോന്നിക്കുന്ന ഏകാധിപത്യ  ഭരണ ശൈലികള്‍ ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നതിനെക്കുറിച്ച് ?

ജനാധിപത്യം എന്നു പറയുന്നത് ഒരു സങ്കല്‍പ്പനം  എന്ന നിലയില്‍ വളരെ സങ്കീര്‍ണ്ണ സ്വഭാവമുള്ള ഒന്നാണ്.  ജനാധിപത്യത്തെക്കുറിച്ചുള്ള സമീപകാല ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഒരു  കാര്യം, എപ്പോഴും ജനാധിപത്യത്തിലെ    മൂന്ന് ഘടകങ്ങളെ കുറിച്ചാണല്ലോ പറയാറുള്ളത്.  എബ്രഹാംലിങ്കന്റെ  വളരെ പ്രസിദ്ധമായ പ്രസംഗത്തില്‍ അദ്ദേഹം പറയുന്നുണ്ടല്ലോ  ‘ഫോര്‍ ദ പീപ്പിള്‍, ഓഫ് ദി പീപ്പിള്‍, ബൈ ദ പീപ്പിള്‍’ എന്ന്.