മാനുഷികമൂല്യങ്ങള്‍ മനുഷ്യവല്‍ക്കരിക്കണം – എം.കെ.സാനു

മാനുഷികമൂല്യങ്ങള്‍ മനുഷ്യവല്‍ക്കരിക്കണം – എം.കെ.സാനു

ഫാദര്‍ കാപ്പന്റെ ഓരോ വാക്കും ഓരോ വാക്യവും വളരെ ഉള്‍പ്രേരകമായിരുന്നു. ആലോചനാബുദ്ധി ഉദിക്കാന്‍ പ്രേരിപ്പിക്കുന്ന ആശയങ്ങളാണ് അദ്ദേഹം എപ്പോഴും അവതരിപ്പിച്ചുകൊണ്ടിരുന്നത്. വളരെ വ്യത്യസ്തമായ ആശയങ്ങളുമായിരുന്നു അവ. ആ അര്‍ത്ഥത്തിലാണ് നിലവിലിരിക്കുന്ന സംസ്‌കാരത്തിനു പകരം മറ്റൊരു സംസ്‌കാരം സമാന്തരമായി (counter എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല.) നാം സൃഷ്ടിച്ചേ പറ്റൂ എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചത്, ഏത് രംഗത്തായാലും.


വിദ്യാഭ്യാസത്തെ സംബന്ധിച്ച് ധാരാളം ചിന്തകള്‍ ഇന്ന് നാട്ടില്‍ നടക്കുന്നുണ്ട്. അത് സെല്‍ഫ് ഫിനാന്‍സിംഗ് വേണോ? എയ്ഡഡ് വേണോ? എന്നൊക്കെ. ഒരു ചട്ടക്കൂടിനെക്കുറിച്ച് മാത്രം ഒതുങ്ങിനില്‍ക്കുന്ന ചിന്തയാണത്. ഫാ.കാപ്പനോട് ചോദിച്ചാല്‍ അദ്ദേഹം പറയും, ആദ്യമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ത് എന്ന് നമ്മള്‍ തീര്‍ച്ചപ്പെടുത്തണമെന്ന്. ഉദ്യോഗം നേടുകയെന്നതാണ് ഇന്നത്തെ വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത്. അതുമാത്രമാണോ? അതിനപ്പുറം ഒരു ലക്ഷ്യം വിദ്യാഭ്യാസത്തിന് തീര്‍ച്ചയായിട്ടുമുണ്ട്. അതിനു അദ്ദേഹം കൊടുത്ത ശൈലി Progressive Humanisation of Man എന്നാണ്. ജൂലിയന്‍ ഹക്സ്ലി അദ്ദേഹത്തിന്റെ പരിണാമവാദത്തെ സംബന്ധിക്കുന്ന പുസ്തകത്തില്‍ ഈ ആശയം പരാമര്‍ശിക്കുന്നുണ്ട്. അതിനൊരു വ്യക്തതയും വിശദീകരണവും നല്‍കിയത് ഫാ.കാപ്പനാണ്. Humanisation എന്ന് പറയുമ്പോള്‍ അതൊരുപക്ഷേ, മതവിശ്വാസങ്ങളെപ്പോലും അതിലംഘിക്കുന്ന ഒരു ആശയമാണ്. എല്ലാ ജീവജാലങ്ങളിലുംവച്ച് മനുഷ്യന്‍ അദ്വിതീയനാണെന്നാണ് നമ്മുടെ സങ്കല്‍പ്പം. തീര്‍ച്ചയായും അവന് ധാരാളം പാപവാസനകളുണ്ട്. മഹാഭാരതയുദ്ധം ധര്‍മയുദ്ധമാണ്. ആ ധര്‍മയുദ്ധം അവസാനിക്കുന്നത് അശ്വത്ഥാമാവ് പാളയത്തില്‍ കടന്നുവന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിരപരാധികളെയും കൂട്ടക്കൊല ചെയ്യുന്നതോടുകൂടിയാണ്. അശ്വത്ഥാമാവ് ചിരഞ്ജീവിയാണ്. ആ അശ്വത്ഥാമാവ് എന്നിലുണ്ട്, നിങ്ങളിലുണ്ട്, എല്ലാരിലുമുണ്ട,് തര്‍ക്കമില്ല. ഈ അശ്വത്ഥാമാവിനെ എങ്ങനെ നമുക്ക് പിടിച്ചടക്കാം എന്നാണ് ആലോചിക്കേണ്ടത്. അതിന്നും ഒരു പരിണാമവാദ സമസ്യയായി തുടരുന്നു എന്നുള്ളതാണ് സങ്കടം.


ഹെന്‍ട്രി ഹക്സ്ലി വളരെ വ്യക്തമായി പറയുന്നുണ്ട്. മനുഷ്യരിലെ ഈ മൃഗീയ വാസനയെക്കുറിച്ച് (അദ്ദേഹം മൃഗങ്ങളുടെ പേരുകള്‍ പറയുന്നുണ്ട്. ഞാന്‍ മറന്നു പോയി) ഈ അര്‍ത്ഥത്തില്‍ നിങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം എന്ന ചിന്ത പുതിയൊരു കാഴ്ചപ്പാടില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.


അതുപോലെതന്നെ മതവിശ്വാസം. വിശ്വാസം ശാസ്ത്രീയതയോടെ യുക്തിബദ്ധമായ വഴിയിലൂടെ തിരിച്ചു വിടുന്നതും നിലവിലിരിക്കുന്ന സംസ്‌കാരത്തെ നേരിടുന്ന അല്ലെങ്കില്‍ തിരുത്തുന്ന ഒരു പ്രക്രിയയാണ്. ഫാ.കാപ്പന്‍ ഒരു ഉദാഹരണം പറയുന്നുണ്ട്. ഒരു സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംശയമുണ്ടായി. ഒരു കുതിരയ്ക്ക് എത്ര പല്ലുണ്ട് എന്ന്. എത്ര ഉണ്ട് എന്ന് ഒരു വേദപുസ്തകത്തിലും പറയുന്നില്ല. വേദപുസ്തക സംബന്ധിയായ മറ്റു ഗ്രന്ഥങ്ങള്‍ പരതി നോക്കിയിട്ട് അതിലും ഒന്നും പറയുന്നില്ല. അപ്പോള്‍ ഒരു യുവ വൈദിക വിദ്യാര്‍ത്ഥി ചോദിച്ചു നമ്മുടെ ലായത്തില്‍ കുതിര നില്‍പ്പുണ്ടല്ലോ അതിന്റെ വാപൊളിച്ച് എണ്ണി നോക്കിയാല്‍പ്പോരേ? അയാളെ എല്ലാവരും കൂടെ പരിഹസിക്കുകയായി; പിന്നെ തര്‍ക്കമായി. അപ്പോള്‍, ഉടനെ ഒരു പ്രമേയം അവതരിപ്പിക്കുകയായി. കുതിരയ്ക്ക് എത്ര പല്ലുണ്ട് എന്ന് വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇത് മനുഷ്യനിന്നും ദുര്‍ഗ്രാഹ്യമായ ഒരു വലിയ രഹസ്യമായി അവശേഷിക്കുന്നു. പ്രമേയം പാസ്സാക്കി. ഇതില്‍ ഫലിതമുണ്ട് പക്ഷേ, ആ ഫലിതം സൂചിപ്പിക്കുന്നത് മതവിശ്വാസം തിരുത്തുന്നതിനും മതവിശ്വാസത്തെ മനുഷ്യോപയോഗ്യമാക്കുന്നതിനും ശാസ്ത്രീയ വീക്ഷണവും യുക്തിബോധവും ഒരുമിച്ച് ചേര്‍ക്കണം എന്നതാണ്. ഈ രീതിയില്‍ ഫാ.കാപ്പന്‍ പല ആശയങ്ങളും അക്കാലത്ത് പറഞ്ഞത് എനിക്കോര്‍മയുണ്ട്. ഇന്നും അതൊക്ക പ്രസക്തമാണ്.


ഈ തരത്തില്‍ വിശ്വസിക്കാന്‍ മാത്രം പഠിക്കുന്ന ഒരു ജനതയാണ് ഇന്ന് അടിമത്വത്തിന് അനുകൂലമായി നില്‍ക്കുന്നത്. വളരെ എളുപ്പം പറയാവുന്ന ഒരുദാഹരണം ശബരിമലയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി വന്നു. വിധി വന്നതിനു ശേഷം ആ വിധിക്കെതിരെ പ്രതിഷേധിച്ച് തെരുവിലൂടെ നടന്നത് വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളല്ല. നമ്മളൊക്കെ കണ്ടതാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെയുള്ള അഭ്യസ്തവിദ്യരായ കുലീനകളായ സ്ത്രീകള്‍ പുറത്തിറങ്ങുകയാണ് ചെയ്തത്. വിശ്വാസം, ആചാരം സംരക്ഷിക്കാന്‍ വേണ്ടി. ആചാരം സംരക്ഷിക്കണം എന്ന് പറഞ്ഞ് അതിന് അവരെ പ്രേരിപ്പിക്കുന്നത് വിശ്വാസം, ആചാരം എന്നിവ തന്നെയാണ്. അതിലാണുറച്ചുനില്‍ക്കുന്നത്. അതിന്റെ അടിമകളാക്കുകയാണ്. ‘ഞങ്ങള്‍ അടിമകളാണ് എന്ന്’. അടിമയല്ല സ്ത്രീ, അവള്‍ നീചയല്ല, അവള്‍ പുണ്യശാലിനിയാണെന്ന് കുമാരനാശാന്റെ കവിതയിലുണ്ട്. കുമാരനാശാന്റെ കവിതയിലെ ചണ്ഡാലിയോട് ബുദ്ധഭിക്ഷു വന്നു വെള്ളം ചോദിച്ചുവല്ലോ. അപ്പോളവള്‍ പറയുന്നു: അയ്യോ! ഇത് മഹാപാപമല്ലേ? ഞാന്‍ ചണ്ഡാലിയാണ്. എന്നെ തീണ്ടാമോ? അപ്പോള്‍ ഭിക്ഷു പറഞ്ഞു ഞാന്‍ നിന്റെ ജാതി ചോദിച്ചില്ല. ഇത്തിരി വെള്ളം തരൂ, ഇല്ലെങ്കില്‍ ദാഹിച്ചു വലയും ഞാന്‍. അവള്‍ക്കത് നിരസിക്കാന്‍ പറ്റുന്നില്ല.


കാരണം അവളില്‍ മനുഷ്യത്വമുണ്ട്. അപ്പോളവളാ വെള്ളം കൈയില്‍ ഒഴിച്ചുകൊടുത്തു. അവിടെ കവിയെഴുതുന്നു: ‘പുണ്യശാലിനീ നീ പകര്‍ന്നീടുമീത്തണ്ണീര്‍ തന്നുടെ ഓരോരോ തുള്ളിയും അന്തമറ്റസുകൃതഹാരങ്ങള്‍ നിന്നന്തരാത്മാവില്‍ അര്‍പ്പിക്കുണ്ടാവാം.’ ഇത് മലയാളത്തില്‍ ഏതാണ്ട് സ്ഥിതീകൃതമായിരുന്ന ഒരു ആശയമാണ്. അതിനെ തകര്‍ക്കാന്‍ സാധിച്ചത് വിശ്വാസമാണ്, ആചാരമാണ്. അപ്പോള്‍ വിശ്വാസം, ആചാരം മനുഷ്യന്റെ യുക്തിബോധത്തിനും ശാസ്ത്രീയ വീക്ഷണത്തിനും വിധേയമായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് ഫാ. കാപ്പനെപ്പോലെയുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഞങ്ങളൊക്കെ അതില്‍ വിശ്വസിക്കുന്നവരാണ്. കാരണം എല്ലാം ആധാരമാക്കേണ്ടത് മനുഷ്യനെയാണ്. നമ്മളീ ഭൂമിയില്‍ ജനിച്ചു കുറേക്കാലം ജീവിച്ചു. ഞാന്‍ വളരെ വൃദ്ധനാണ്. ഇത്രയും കാലം കൂടിയേയുള്ളൂ എന്നറിയാം പക്ഷേ, എന്റെ ലക്ഷ്യം, ഞാന്‍ ജീവിച്ച് എനിക്ക് കഞ്ഞികുടിക്കാന്‍ വക ഉണ്ടാക്കുകയെന്നു മാത്രമല്ല. ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ പിണങ്ങരുത് എന്നുള്ളതാണ്.