മാധ്യമങ്ങളെ, തോക്കുകള്‍ അതിര്‍ത്തികളില്‍ സമാധാനം കൊണ്ടുവരില്ലയെന്ന് വിളിച്ചു പറയുമോ? – ശിവ വിശ്വനാഥന്‍/ബിജു ജോര്‍ജ്

മാധ്യമങ്ങളെ, തോക്കുകള്‍ അതിര്‍ത്തികളില്‍ സമാധാനം കൊണ്ടുവരില്ലയെന്ന് വിളിച്ചു പറയുമോ?  – ശിവ വിശ്വനാഥന്‍/ബിജു ജോര്‍ജ്

ഭരണകൂടങ്ങളെയും നമ്മുടെ ജനാധിപത്യചിന്തകളെയും ആത്യന്തികമായി കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന ഇക്കാലത്ത് ശിവ വിശ്വനാഥന്റെ വാക്കുകള്‍ക്ക് പ്രസക്തി ഉണ്ട്. അക്കാദമിക് ചിന്തകന്‍ എന്നതു മാത്രമല്ല. അധികാര കേന്ദ്രങ്ങളുടെ വിമര്‍ശകന്‍ എന്ന നിലയില്‍ കൂടി അദ്ദേഹം ശ്രദ്ധേയനാണ്. രാജ്യത്തിന്റെ ജനാധിപത്യ സമാധാന സങ്കല്പങ്ങളിലും നയരൂപീകരണത്തിലും കോര്‍പ്പറേറ്റ് ശക്തികള്‍ അദൃശ്യമായി ഇടപെടുമ്പോള്‍, അദ്ദേഹം തന്റെ നിലപാടുകളും വിമര്‍ശനങ്ങളും വ്യക്തമാക്കുകയാണിവിടെ.


”രാജ്യമോ? ഏതാണെന്റെ രാജ്യം? ദേശരാഷ്ട്ര സങ്കല്പത്തിനുള്ളില്‍ വികസനരാഷ്ട്രീയത്തിന്റെ ഇരകളായ ഗോത്രജനതയുടെ പലായനത്തിന്റെയും പ്രതിഷേധത്തിന്റെയും ഭൂതവര്‍ത്തമാനങ്ങള്‍ ആവിഷ്‌കരിക്കുന്ന സാറാ ജോസഫിന്റെ ‘ബുധിനി’ എന്ന നോവല്‍ അവസാനിക്കുന്നത് ഈ ചോദ്യം ഉന്നയിച്ചുകൊണ്ടാണ്.


ആരുടേതാണീ രാജ്യം? സമകാലിക ഇന്ത്യയില്‍ ഏറ്റവും അസ്വസ്ഥതപ്പെടുത്തുന്ന ഒരു ചോദ്യം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനാധിപത്യധ്വംസനവും മത-രാഷ്ട്രീയ സ്‌പോണ്‍സേഡ് ഹിംസയും മുഖ്യധാര മാധ്യമങ്ങള്‍ സൗകര്യപൂര്‍വം തമസ്‌കരിക്കുമ്പോള്‍ ജീവനുള്ള ഈ ചോദ്യം ആവര്‍ത്തിക്കുന്ന ഒരു അക്കാദമിക് ചിന്തകനുണ്ട്. ഹരിയാന ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി പ്രഫസറും കോളമിസ്റ്റുമായ ശിവ വിശ്വനാഥന്‍. മാധ്യമങ്ങള്‍ അസംബന്ധത്തെ ആഘോഷിക്കുന്ന കാലത്ത് ഒരു ബദല്‍ ആഖ്യാനത്തിന്റെ കഥപറച്ചിലുകാരന്‍. കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഭരണകൂടവും ചേര്‍ന്ന സമാധാന പ്രവര്‍ത്തനങ്ങളെപ്പോലും ഹൈജാക്ക് ചെയ്യുന്ന കാലത്ത് ശിവ വിശ്വനാഥന് നിശബ്ദനായിരിക്കാന്‍ വയ്യ. സാധാരണഗതിയില്‍ ബുദ്ധിജീവികളും സാംസ്‌കാരിക നായകരും അധികാരമാറ്റങ്ങള്‍ക്ക് അനുസരിച്ച് നിലപാടുകളില്‍ അയവു വരുത്താറുണ്ട്. ശിവ ഇവരുടെ ഇടയില്‍ ഒറ്റപ്പെട്ടവനാണ്. എറണാകുളത്ത് എഴുത്ത് മാസിക സംഘടിപ്പിച്ച സെബാസ്റ്റിയന്‍ കാപ്പന്‍ ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം ‘എഴുത്ത്’ വായനക്കാരോട് സംസാരിക്കുന്നു. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനസിന്റെ വെമ്പല്‍. അക്രമരാഹിത്യം പ്രധാന നയമായി സ്വീകരിക്കുന്ന വാക്കുകള്‍. മാധ്യമങ്ങളോടു മാത്രമല്ല നമ്മളോട് ചോദിക്കുന്നു. നിങ്ങള്‍ ഏത് മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ജനാധിപത്യ രാജ്യത്തെ പുതിയ മാതൃകയില്‍ രൂപകല്‍പന ചെയ്യുന്നത്.


? താങ്കള്‍ രാഷ്ട്രീയ ജീവിതവഴിയില്‍, സാധാരണ മനുഷ്യരെക്കൂടി ഉള്‍ക്കൊള്ളുന്ന ശിവ വിശ്വനാഥന്‍ എന്ന അക്കാദമിക ചിന്തകനെ രൂപപ്പെടുത്തിയ സാഹചര്യങ്ങള്‍ എന്താണ് ?


ശാസ്ത്രവീക്ഷണത്തിനും യുക്തിചിന്തയ്ക്കും സാഹിത്യബോധത്തിനും പ്രാധാന്യം നല്‍കിയിരുന്ന കുടുംബപശ്ചാത്തലത്തിലായിരുന്നു ഞാന്‍ ബാല്യകാലം ചെലവഴിച്ചത്. സംസ്‌കൃതം, ജര്‍മന്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവര്‍ ബന്ധുക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഷേക്‌സ്പിയര്‍ മുതല്‍ ഐന്‍സ്റ്റീന്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട കുടുംബസാഹചര്യം. മനോഹരമായിരുന്നു എന്റെ ബാല്യം. ജംഷഡ്പൂരില്‍ താമസിച്ചിരുന്നപ്പോള്‍ വീട്ടില്‍ ജോലിക്ക് വരുന്ന ആദിവാസികള്‍ അച്ഛനോടൊത്ത് ആഹാരം കഴിച്ചിരുന്നു. ഒരിക്കലും മേലാള-കീഴാള വിവേചനം ഉണ്ടായിരുന്നില്ല. തോട്ടത്തില്‍നിന്ന് അവര്‍ക്ക് ആവശ്യമുള്ളത് എടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഒന്നും അവര്‍ എടുത്തിരുന്നില്ല എന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ലൊയോള സ്‌കൂള്‍ ജംഷഡ്പൂര്‍, സെന്റ് ജോസഫ് ഡാര്‍ജിലിംഗ്, ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഗാന്ധിനഗര്‍ ഡിഎ-ഐഐസിടി, ഡല്‍ഹി സിഎസ്ഡിഎസ്, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരവും ലഭിച്ചു. കഴിഞ്ഞ 30 വര്‍ഷമായി വിവിധ രാജ്യങ്ങളില്‍ വിസിറ്റിംഗ് പ്രഫസര്‍ ആണ്. എങ്കിലും ഇന്ത്യ ആയിരുന്നു എന്റെ അടിത്തറ. ഇനിയും അങ്ങനെതന്നെ.


? പ്രമുഖ പത്രമാസികകളില്‍ കോളമിസ്റ്റ് ആണല്ലോ. അക്കാദമിക ലോകത്തുനിന്ന് മാധ്യമലോകത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു ?


അടിസ്ഥാനപരമായി ഞാനൊരു അധ്യാപകനും നരവംശശാസ്ത്രജ്ഞനും സയന്‍സ് ഫിലോസഫറുമാണ്. ആണവവിരുദ്ധ പ്രസ്ഥാനങ്ങള്‍, ഭോപ്പാല്‍ ദുരന്തം തുടങ്ങിയ വ്യത്യസ്ത സാമൂഹിക മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ഇടപെടാന്‍ അവസരം ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ എന്റെ കണ്ടെത്തലുകളും അഭിപ്രായങ്ങളും വിവിധ പത്രമാസികകളിലേക്ക് എഴുതിത്തുടങ്ങി. ഒരു മാധ്യമസ്ഥാപനവുമായി കരാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതുവാന്‍ ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ അവസരം നല്‍കി.


? താങ്കളുടെ പുസ്തകങ്ങളും ലേഖനങ്ങളും വെളിപ്പെടുത്തുന്നത്, ശിവ ഒരു അധ്യാപകനും കോളമിസ്റ്റും മാത്രമല്ല രാജ്യത്തെയും മാനവരാശിയെയും ബാധിക്കുന്ന ഗൗരവമുള്ള പ്രശ്‌നങ്ങളില്‍ ഉറച്ച നിലപാടുകള്‍ എടുക്കുന്ന വ്യക്തികൂടിയാണ് എന്നാണ്?


ഞാന്‍ സി.എസ്.ഡി.എസില്‍ (Centre for the Study of Developing Socities) ആയിരിക്കുമ്പോള്‍ അതിന്റെ സ്ഥാപകനായ രജനി കോത്താരി എന്നെ വിളിച്ചുപറഞ്ഞു. ശിവ ഹിരോഷിമയിലേക്ക് പോകുവാന്‍ എത്രയും വേഗം തയ്യാറെടുക്കുക. ആണവവിരുദ്ധ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് അവിടേക്ക് ഒരു യാത്ര നല്ലതാണ്. ഈ യാത്ര താങ്കളുടെ അര്‍പ്പണബോധത്തിന്റെ പ്രകടനമായിരിക്കണം.  ആ നാട്ടിലെ ജനങ്ങളോട് നിങ്ങള്‍ എന്നും കടപ്പെട്ടിരിക്കും. അതോടൊപ്പം ഒരു നൈതിക നിലപാട് സ്വീകരിക്കുവാന്‍ നിങ്ങളെ സഹായിക്കും. ഭാവിയില്‍ നിങ്ങളുടെ ഉത്തരവാദിത്വം നൈതികതയെ രാഷ്ട്രീയവുമായും ഗവേഷണവുമായും ബന്ധിപ്പിക്കുകയായിരിക്കും. ഈ യാത്ര പില്‍ക്കാലത്ത് എന്റെ ആണവ നിലപാടുകളെ ഏറെ പിന്തുണച്ചുവെന്നത് സത്യമാണ്.


സി.എസ്.ഡി.എസ്-ന് എല്ലായ്‌പ്പോഴും എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. നിങ്ങള്‍ എത്രത്തോളം കാര്യക്ഷമമായും ഗുണപരമായും പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചകങ്ങള്‍ കൂടിയാണ് എതിര്‍പ്പുകള്‍. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്ത ഏജന്‍സി എന്ന നിലയില്‍ ഇന്ദിരാഗാന്ധിക്ക് അത് അടച്ചുപൂട്ടാന്‍ താല്പര്യവും ഉണ്ടായിരുന്നു. ജനാധിപത്യപരമായ ശൈലിയിലാണ് ഇവിടെ ചര്‍ച്ചകള്‍ നടന്നിരുന്നത്. എനിക്ക് വളരെ വ്യത്യസ്തവും നൂതനവുമായ കാഴ്ചപ്പാടുകളും പരിശീലനവും നല്‍കിയ സ്ഥാപനമാണ് അത്.


രണ്ട് കാര്യങ്ങളില്‍ ഞാന്‍ ഭാഗ്യവാനാണ്. ഒന്ന് സുന്ദരമായ ബാല്യം. രണ്ട്, മികച്ച അധ്യാപകര്‍, പ്രത്യേകിച്ച് എന്നെ ചെറുപ്പത്തില്‍ പരിശീലിപ്പിച്ച ജെസ്യൂട്ട് അധ്യാപകര്‍, അവര്‍ക്ക് അറിയാമായിരുന്നു ഞാന്‍ ഒരു സ്വപ്നദര്‍ശി ആണെന്ന്. അതുകൊണ്ട് സ്വപ്നം കാണുവാനുള്ള സ്വാതന്ത്ര്യം അവര്‍ എനിക്ക് നല്‍കി. ഉന്നത വിദ്യാഭ്യാസകാലത്ത് നല്ല അധ്യാപകര്‍ക്കൊപ്പവും പ്രഗത്ഭരായ വ്യക്തികള്‍ക്കൊപ്പം ആയിരിക്കാന്‍ കഴിഞ്ഞു. ഒരു അക്കാദമിക് സ്വപ്നദര്‍ശി എന്ന നിലയില്‍ വ്യത്യസ്ത രീതികളില്‍ ചിന്തിക്കാനും ആശയവിനിമയം നടത്തുവാനും പ്രവര്‍ത്തിക്കാനും ലഭിച്ച സ്വാതന്ത്ര്യം ഞാന്‍ ഒത്തിരി ആസ്വദിക്കുന്നുണ്ട്.


ഇടയ്ക്ക് ചില സ്ഥാപനങ്ങളില്‍ നിന്ന് എന്നെ പുറത്താക്കിയിട്ടുണ്ട്. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. നിലപാടുകള്‍ കാരണം മാത്രമല്ല അങ്ങനെ സംഭവിച്ചത്. നമുക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അവയെ നാം പിന്തുടരുകയും വേണം. വിയോജിപ്പുകള്‍ ഉണ്ടാകുന്നത് എന്തെങ്കിലും രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് ആകണമെന്നില്ല. ചിലപ്പോള്‍ തലമുറകള്‍ തമ്മിലുള്ള വ്യത്യാസം മൂലമാകാം. പഴയ തലമുറക്ക് അവരുടേതായ ആശയങ്ങള്‍ ഉണ്ടായിരുന്നു. നമുക്ക് നമ്മുടേതായ ആശയങ്ങള്‍ ഉണ്ട്. എല്ലാവര്‍ക്കും അവരവരുടേതായ സ്വപ്നങ്ങള്‍ കാണണമെന്നുണ്ട്.


? അന്തര്‍ദര്‍ശന നീതി (Congnitive Justice) എന്നൊരു സംജ്ഞ താങ്കള്‍ പങ്കുവയ്ക്കാറുണ്ടല്ലോ. ഇത്തരമൊരു ആശയരൂപീകരണത്തിന്റെ പശ്ചാത്തലമെന്താണ്? അതില്‍ എത്രത്തോളം മുന്നേറിയിട്ടുണ്ട് ?


ഈ ആശയത്തിന്റെ പ്രശസ്തി എനിക്കല്ല നല്‍കേണ്ടത്. ഞാന്‍ ഈ വാക്കുകള്‍ കൂട്ടിയോജിപ്പിച്ചു എന്നു മാത്രം. ഒരിക്കല്‍ ഗുജറാത്തില്‍നിന്ന് ഒരുകൂട്ടം ആദിവാസികള്‍ എന്റെ അടുക്കല്‍വന്ന് ചോദിച്ചു. ഞങ്ങള്‍ വിചിത്രമായ ഒരു കാര്യം ചോദിക്കട്ടെ. ഞങ്ങള്‍ക്കുവേണ്ടി ഒരു സെമിനാര്‍ സംഘടിപ്പിക്കാമോ? ഞാന്‍ ചോദിച്ചു, അതിലെന്താണ് ഇത്ര വിചിത്രമായിട്ടുള്ളത്. അവര്‍ മറുപടി നല്‍കി, ഞങ്ങളുടെ ഗോത്രവൈദ്യന്മാരും മന്ത്രവാദികളും നിങ്ങളുടെ പാശ്ചാത്യ ഡോക്ടര്‍മാരും മനഃശാസ്ത്രജ്ഞന്മാരും ഒരുമിച്ചുള്ള സെമിനാര്‍. പക്ഷേ, അത് വിജ്ഞാനശാസ്ത്രത്തിന്റെ തലത്തില്‍ വേണം. അല്ലാതെ ഞങ്ങളുടെ വെറും പങ്കാളിത്തം മാത്രമാകരുത്. ഞങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് വിജ്ഞാനതലത്തിലുള്ള സമത്വമാണ്. അത് താങ്കള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുമോ? അതിന് ബലമേകുന്ന ഒരു ആശയവും വാക്കും നല്‍കുമോ? അങ്ങനെയാണ് Cognitive Justice എന്ന വാക്ക് സൃഷ്ടിച്ചത്. ഏറ്റവും നൂതനവും മനോഹരവുമായ ഒരു കാര്യമായിട്ടാണ് അവരുടെ ഈ പരിശ്രമത്തെ ഞാന്‍ നോക്കിക്കാണുന്നത്. അറിവിനെ അറിവാക്കുന്ന, അതിന്റെ ന്യായവിചാരണാധികാരതലത്തില്‍ സമത്വം ഉണ്ടാക്കാതെ പൗരത്വത്തിന്റെ തലത്തില്‍ ഒരിക്കലും സമത്വം സംഭവിക്കില്ല എന്ന് അനുഭവിച്ചറിഞ്ഞവരാണ് അവര്‍.