മാതൃഭാഷയും നീതിബോധവും – സുനില്‍ പി. ഇളയിടം

മാതൃഭാഷയും നീതിബോധവും  – സുനില്‍ പി. ഇളയിടം

മാതൃഭാഷ എന്ന ആശയത്തില്‍ നീതിയെക്കുറിച്ചുള്ള ഒരു ധാരണകൂടി അടങ്ങിയിട്ടുണ്ടോ? ഇതര ജന്തുജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഭാഷാജീവിതം നയിക്കുന്നവര്‍ എന്ന നിലയില്‍ മനുഷ്യര്‍ നൈതികജീവിതം കൂടി നയിക്കാന്‍ ബാദ്ധ്യസ്ഥരാകുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ മാതൃഭാഷയും നീതിബോധവും തമ്മില്‍ കൂടുതല്‍ ആഴമേറിയ ചില ബന്ധങ്ങളും വിനിമയങ്ങളും ഉണ്ടെന്ന് വരുമോ? മാതൃഭാഷയ്ക്കായുള്ള നിയമനിര്‍മാണങ്ങള്‍ കൂടി നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരമൊരു ആലോചനയ്ക്ക് കൂടുതല്‍ സാംഗത്യമുണ്ട്.


ഭാഷയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭാഷ എങ്ങനെ ഒരു നൈതികോപാധിയായിരിക്കുന്നു എന്ന കാര്യം പൊതുവെ പരിഗണിക്കപ്പെടാറില്ല. ഇതര ജീവജാലങ്ങളില്‍നിന്ന് മനുഷ്യരെ വ്യത്യസ്തരാക്കുന്ന സിദ്ധികളില്‍ ഒന്നായി മനസ്സിലാക്കപ്പെടാറുണ്ടെങ്കിലും ഭാഷ നൈതികമായ ചില ഉത്തരവാദിത്തങ്ങളിലേക്ക് മനുഷ്യവംശത്തെ കൊണ്ടുവന്നെത്തിക്കുന്നുണ്ട് എന്ന കാര്യം പൊതുവെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നല്ല. ഭാഷയെക്കുറിച്ച് ആധുനിക


ലോകത്തില്‍ പ്രാബല്യമാര്‍ജ്ജിച്ച ഉപകരണവാദസമീപനം ഈ നൈതികമാനത്തെ പിന്നെയും കുറച്ചുകൊണ്ടുവന്നു. മനുഷ്യര്‍ക്ക് തങ്ങളുടെ ആവശ്യാര്‍ത്ഥം തരാതരംപോലെ എടുത്തുപയോഗിക്കാന്‍ കഴിയുന്ന നാനാതരം ഉപകരണങ്ങളിലൊന്നായി ഭാഷ മനസ്സിലാക്കപ്പെടാന്‍ തുടങ്ങിയതോടെ ഭാഷയുടെ ജൈവികവും നൈതികവും സാമൂഹികവുമായ ഉള്ളടക്കം കൂടുതല്‍ വിസ്മൃതമായി. മാതൃഭാഷയ്ക്ക് പ്രത്യേക പ്രാധാന്യമൊന്നുമില്ലെന്നും ഏതുഭാഷയും ഒരുപോലെ മാനുഷികമായ ആവശ്യനിര്‍വ്വഹണത്തിന് ഉതകുന്നതാണെന്നും വിശദീകരണങ്ങളുണ്ടായി. ഭാഷ നിസ്സംഗവും മൂല്യരഹിതവുമായ ഒരുപകരണമായി.


ഇരുപതാംശതകത്തിലെ വലിയ ചിന്തകരിലൊരാള്‍ ഭാഷയെ വിശദീകരിച്ചത് ‘ഉണ്മയുടെ പാര്‍പ്പിടമാണ് ഭാഷ’ (language is the house of being) എന്നാണ്. ആ വിവരണം മാനുഷികമായ നിലനില്പില്‍ ഭാഷയ്ക്കുള്ള വലിയപങ്ക് എടുത്തുകാട്ടുന്നുണ്ട്. മനുഷ്യനായിരിക്കുക എന്നാല്‍ ഭാഷയിലായിരിക്കുകയാണ് എന്നുകൂടി ഇതിനര്‍ത്ഥമുണ്ട്. തന്നെയും തനിക്കുചുറ്റുമുള്ള ലോകത്തെയും തിരിച്ചറിഞ്ഞുകൊണ്ട് നിലനില്‍ക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നത് ഭാഷയാണ്.  ലോകത്തെയും അതിനുള്ളില്‍ തങ്ങളോരോരുത്തരെയും സാദ്ധ്യമാക്കുന്ന ആധാരസാമഗ്രിയായാണ് മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം ഭാഷ നിലകൊള്ളുന്നത്. ഈ ഭാഷയാകട്ടെ പ്രാഥമികമായി സാമൂഹികമാണ്. എന്റെ ഭാഷ എനിക്കുള്ളിലോ മറ്റൊരാളുടെ ഭാഷ അയാള്‍ക്കുള്ളിലോ നിലകൊള്ളുന്ന ഒന്നല്ല. ഭാഷ നമുക്കിടയിലാണ്. നമുക്കിടയിലെ ഒരു ഉടമ്പടിയാണ് ഭാഷ. മറ്റൊരാളുടെ അഭാവത്തില്‍ അസാധ്യവും അസാധുവുമാവുന്ന ഒന്നാണ് ഭാഷ എന്നര്‍ത്ഥം. ഭാഷയെ സാധ്യവും സാധുവുമാക്കുന്നത് അതില്‍ വസിക്കുന്ന മറ്റുള്ളവരാണ്. മറ്റുള്ളവര്‍ക്കുവേണ്ടി നിലകൊള്ളുന്ന അത്രയും എനിക്കുവേണ്ടിയും നിലകൊള്ളുന്നതാണ് ഭാഷ  എന്ന് മാര്‍ക്‌സ് ഭാഷയുടെ നിലനില്പിനെ വിശദീകരിച്ചതിന്റെ സാംഗത്യവും മറ്റൊന്നല്ല. (‘ശേഷം പേരില്‍നിന്ന് പഠിക്കാനും ശേഷം പേരോട് പറവാനുമില്ലെങ്കില്‍ മനുഷ്യന് ഭാഷകൊണ്ട് പ്രയോജനമില്ല’ എന്ന് ജോര്‍ജ്ജ് മാത്തന്‍). മറ്റുള്ളവര്‍ സന്നിഹിതരാവുമ്പോള്‍ മാത്രം അസ്തിത്വമാര്‍ജ്ജിക്കുന്ന ഭാഷയിലാണ് ഞാന്‍ ഞാനായി നിലനില്‍ക്കുന്നത്. ഞാന്‍ എന്നെയും ലോകത്തെയും അറിയുന്നത്. അതുകൊണ്ട് എന്നെയും എന്റെ നിലനില്പിനെയും മറ്റുള്ളവരോട് ഉത്തരവാദിത്തമുള്ളതാക്കുന്ന ഒന്നായി ഭാഷ മാറിത്തീരുന്നു.