മഹാമാരിക്കാലത്തെ നിശ്ശബ്ദനിലവിളികൾ

ലിന്‍ഡാ ലൂയിസ്

തകഴിയുടെ രണ്ടിടങ്ങഴിയിൽ ചിരുതയെ ഭാര്യയായി നേടാനാഗ്രഹിക്കുന്ന കോരൻ അവളുടെ അച്ഛൻ ആവശ്യപ്പെടുന്ന ‘നെല്ലും ചക്രോം’ പെൺപണമായി നൽകുന്നത് നാം വായിക്കുന്നു. നരവംശശാസ്ത്രജ്ഞനും കേരളാ സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. എ. അയ്യപ്പൻ 1955-ൽ പ്രസിദ്ധീകരിച്ച ‘വിവാഹച്ചടങ്ങുകൾ’ എന്ന ലേഖനത്തിൽ ഇന്ത്യയിലെ പല ജാതികൾക്കിടയിലും ഗോത്രങ്ങൾക്കിടയിലും നിലനിന്നിരുന്ന വ്യത്യസ്ത വിവാഹ സമ്പ്രദായങ്ങളെ വർണിക്കുന്നുണ്ട്. പ്രണയിനിയുടെ മാതാപിതാക്കൾ വിവാഹത്തിനു സമ്മതിക്കുന്നതിനായി അവർക്കു സാമാനങ്ങൾ നൽകുകയും അവർക്കായി ദാസ്യവൃത്തി ചെയ്യുകയും ചെയ്യുന്ന വയനാട്ടിലെ പണിയരെക്കുറിച്ചും, വരശുൽക്കം നൽകിവരുന്ന ബ്രാഹ്മണരിൽ പലരും അഞ്ഞൂറ് വർഷം മുൻപ് കന്യാശുൽക്കം കൊടുത്തിരുന്നതും അദ്ദേഹം ഇതിൽ രേഖപ്പെടുത്തുന്നു. ഇന്നു കേരളത്തിൽ കാണപ്പെടുന്ന സ്ത്രീധനസമ്പ്രദായം എല്ലാ കാലത്തും എല്ലാ സമൂഹവിഭാഗങ്ങളുടെയുമിടയിൽ നിലനിന്നിരുന്നില്ല എന്നു ചുരുക്കം.

ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ വിവാഹത്തോടനുബന്ധിച്ചു വസ്തു കൈമാറ്റങ്ങൾ നടക്കുന്നു എന്നതാണ് നരവംശശാസ്ത്രജ്ഞരുടെ നിരീക്ഷണം. വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് നൽകുന്ന groomprice, വധുവിന്റെ കുടുംബം വധുവിനു നൽകുന്ന സമ്മാനങ്ങളായ dowry, വരന്റെ കുടുംബം വധുവിനു സമ്മാനമായി നൽകുന്ന dower, വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിനു കൈമാറുന്ന brideprice എന്നിങ്ങനെ പോകുന്നു ഈ വസ്തുകൈമാറ്റങ്ങളുടെ പട്ടിക.

കേരളത്തിലെ സ്ത്രീ: ഒരുജെൻഡർ പാരഡോക്സ്

ഇന്ത്യയിൽ ജാതിവ്യവസ്ഥയുമായി കൂട്ടിമുട്ടുമ്പോൾ സ്ത്രീകളുടെ പദവി ലോപിക്കുന്നതായി നിരീക്ഷണങ്ങളുണ്ട്. ജാതിവ്യവസ്ഥയുടെ ഘടനയിൽ ഇഴചേർന്നിരിക്കുന്ന ഈ പുരുഷമേധാവിത്വത്തെ Brahmanical patriarchy എന്നാണു ചരിത്രകാരിയായ ഉമാ ചക്രവർത്തി വിശേഷിപ്പിച്ചിരിക്കുന്നത്. ജാതിവ്യവസ്ഥയിൽ ഉന്നമനം സംഭവിക്കുന്നതോടു കൂടെ സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങൾ കുറയുന്നതായി സമൂഹശാസ്ത്രജ്ഞനായ എം.എൻ.ശ്രീനിവാസ് രേഖപ്പെടുത്തുന്നു. ഉന്നതശ്രേണിയിലെ സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസം ലഭിക്കുമെങ്കിലും പലപ്പോഴും അതൊരു അലങ്കാരം മാത്രമായി ഒതുങ്ങിപ്പോകുന്നുവെന്നും വിവാഹത്തിനുള്ള ഒരു ‘ക്വാളിഫിക്കേഷൻ’ മാത്രമായി ബിരുദങ്ങൾ പരിണമിക്കുന്നുവെന്നും 1970കളിൽ തന്നെ അദ്ദേഹം എഴുതുകയുണ്ടായി.

ഇക്കണോമിസ്റ്റുകളായ ലൂർഡ്‌സ് ബെനേരിയയും ഗീതാ സെന്നും പറയുന്നത് പ്രസക്തമാണ്: വിദ്യാഭ്യാസം പ്രത്യേക വ്യക്തികളുടെ ഉന്നമനത്തിനുതകുമെങ്കിലും അവർ വിഹരിക്കുന്ന സാമൂഹ്യഘടനയെ മാറ്റിയെടുക്കുന്നില്ല, അഥവാ ‘സിസ്റ്റത്തിൽ’ മാറ്റങ്ങൾ കൊണ്ടുവരുന്നില്ല. അതുകൊണ്ടാണ് ഭാര്യാഭർത്താക്കന്മാരിരുവരും സിനിമാതാരങ്ങളോ ഡോക്ടർമാരോ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരോ ആയാലും അടുക്കളപ്പണി/കുട്ടികളുടെ പരിപാലനം അഥവാ മേൽനോട്ടം പ്രഥമദൃഷ്ട്യാ ‘അമ്മ’യുടെ ചുമതലയായി കാണപ്പെടുന്നത്. കലാ-സാംസ്കാരിക പ്രതിഭയോ ജഡ്ജിയോ കോളേജ് പ്രിൻസിപ്പലോ ബാങ്ക് മാനേജരോ ആണെങ്കിൽ കൂടി സ്ത്രീയ്ക്കു വീട്ടിൽ ‘ഭാര്യയുടെ ഉത്തരവാദിത്വങ്ങൾ’ ഒഴിഞ്ഞു പോകുന്നില്ലല്ലോ. അതിനാൽതന്നെ ഉന്നതവിദ്യാഭ്യാസമുള്ളതുകൊണ്ടു മാത്രം സ്ത്രീകൾക്കു സമൂഹത്തിലുള്ള സ്ഥാനം ഉയരണമെന്നു നിർബന്ധമില്ല.

സമൂഹശാസ്ത്രജ്ഞയും യുവ എഴുത്തുകാരിയുമായ സൂര്യാ ഗോപി കേരളത്തിലെ സ്ത്രീകളുടെ വായനയും ശാക്തീകരണവും തമ്മിലുള്ള ബന്ധത്തെ തന്റെ ഡോക്ടറൽ പഠനത്തിൽ പ്രതിപാദിക്കുന്നുണ്ട്. വായന അവബോധം വളർത്തുമെങ്കിലും അതെപ്പോഴും പ്രവർത്തിയിലേക്കും പൂർണമായ ശാക്തീകരണത്തിലേക്കും കേരളത്തിലെ സ്ത്രീകളെ നയിക്കുന്നില്ല എന്നാണ് അവരുടെ കണ്ടെത്തൽ.

വിദ്യാഭ്യാസവും ആരോഗ്യസ്ഥിതിയും ഉയർന്നു നിൽക്കുമ്പോഴും കേരളത്തിൽ 15 മുതൽ 30 വയസ്സ് വരെയുള്ള ഗ്രാമീണസ്ത്രീകളിൽ അറുപതു ശതമാനത്തോളവും തൊഴിലില്ലാത്തവരാണെന്നു സാമ്പത്തിക ശാസ്ത്രജ്ഞനായ എം.എ.ഉമ്മൻ ചൂണ്ടിക്കാണിക്കുന്നു. വീട്ടുജോലിയും കുടുംബാംഗങ്ങളെ പരിചരിക്കുന്നതും സ്ത്രീകളിൽ മാത്രം നിക്ഷിപ്‌തമാകുമ്പോൾ അവിടെ നഷ്ടമാകുന്നത് അദ്ധ്വാനിച്ചു സമ്പാദിക്കാനുള്ള അവകാശമാണ്. ഈയടുത്തിറങ്ങിയ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ച’നിൽ കാണുന്നതും ഇതാണല്ലോ. കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ സ്ഥിതിവിശേഷം ഒരു ‘gender paradox’ ആയി കാണപ്പെടുന്നു. സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്ന ഈ ഘടനയുടെ മറ്റൊരു വശം മാത്രമാണ് സ്ത്രീധന സമ്പ്രദായവും ഗാർഹികപീഡനവും.

സ്ത്രീയുടെ സ്ഥാനവും ഗാർഹിക പീഡനവും

Tricontinental Institute for Research ഗാർഹിക പീഡനത്തെ വിശേഷിപ്പിക്കുന്നത് ‘patriarchal violence’ എന്നാണ്. പ്രത്യേക വ്യക്തികളുടെ സ്വഭാവസവിശേഷതകളിൽ ഒതുക്കി നിർത്താതെ പുരുഷാധിപത്യ വ്യവസ്ഥയെത്തന്നെ ഇതിന്റെ ശ്രോതസ്സായി മനസ്സിലാക്കാൻ ഒരുപക്ഷേ, നമ്മളുപയോഗിക്കുന്ന പദങ്ങൾതന്നെ ഇവ്വിധം മാറ്റേണ്ടി വരും. പുരുഷമേധാവിത്തം സാമൂഹ്യഘടനയിൽ ഉൾച്ചേർന്നിരിക്കേ സ്ത്രീധനംമൂലമുണ്ടാകുന്ന ഗാർഹികപീഡനത്തെ വ്യക്തിബന്ധങ്ങളിലെ തകരാറായി മാത്രം കാണുന്നത് പരിമിതമായ ഒരു കാഴ്ചപ്പാടാണ്. സമൂഹത്തിന്റെ ഘടനയിൽത്തന്നെ അതിന്റെ വേരുകൾ പതിയിരിക്കുന്നു.