മലയാളി വീണ്ടും തീ കണ്ടു പിടിക്കുന്നു; വെള്ളത്തില്‍ നിന്നും – അഗസ്റ്റിന്‍ പാംപ്ലാനി

മലയാളി വീണ്ടും തീ കണ്ടു പിടിക്കുന്നു; വെള്ളത്തില്‍ നിന്നും – അഗസ്റ്റിന്‍ പാംപ്ലാനി
ഇത്തവണ മലയാളി ഓണാഘോഷം ഉപേക്ഷിക്കുകയല്ല, ഏറ്റവും ഉദാത്തമായ രീതിയില്‍ ആഘോഷിക്കുകയായിരുന്നു. ഓണം ശരിക്കും തിരുവോണമായി. ‘തിരു’ എന്ന വിശേഷണം പലപ്പോഴും ഈശ്വരനുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നതാണ്. ദുരന്തഭൂമിയിലെ മാനവസേവയുടെ ശാദ്വലതലങ്ങള്‍ യഥാര്‍ത്ഥത്തില്‍ മാനവനെ മാധവനാക്കി മാറ്റുകയായിരുന്നു. തിരുവോണത്തിന്റെ തത്ത്വശാസ്ത്രം അല്ലെങ്കിലും അല്പം വൈരുദ്ധ്യാത്മകമാണ്. തിരുവോണത്തിന്റെ മന്നന്‍ കടന്നുവരുന്നത് പാതളത്തില്‍ നിന്നാണ്. ചവിട്ടേറ്റ് താഴോട്ടു പോകുമ്പോഴാണ് ഭൂമിയെ പിളര്‍ന്ന് കടന്നുവരാനുള്ള കരുത്ത് നേടുന്നത്. മലകളുടെയും കടലുകളുടെയും പിന്നാമ്പുറത്തെ ഇരുളില്‍ നിന്നാണല്ലോ ഓരോ ദിവസവും സൂര്യഗോളം ഉദിച്ചുയരുന്നത്. ഇരുളുകളെല്ലാം യഥാര്‍ത്ഥത്തില്‍ വെളിച്ചത്തിന്റെ തടവറകളാണ്. അവ അങ്ങനെ ഇരുണ്ടതായി കാണപ്പെടുന്നുവെന്നേയുള്ളൂ.
മാനവനെ മാധവനായും പാതാളത്തെ ആകാശമായും ഇരുളിനെ വെളിച്ചമായും പരിവര്‍ത്തനപ്പെടുത്തുന്ന അത്ഭുത പ്രവര്‍ത്തനമാണ് മലയാളികള്‍ കഴിഞ്ഞ നാളുകളില്‍ ചെയ്തുകൊണ്ടിരുന്നത്. മലയാളിയുടെ നന്മയില്‍ യഥാര്‍ത്ഥത്തില്‍ വെള്ളം വീഞ്ഞായി മാറി. അത്ഭുത സിദ്ധികളുള്ള ദിവ്യന്മാരിലൂടെയല്ല, പരക്ഷേമം കാംക്ഷിക്കുന്ന സാധാരണക്കാരിലൂടെയാണ് ഇന്ന് അത്ഭുതം സാധിക്കുന്നത്. പൊതുജനത്തിന്റെ കാണാമറയത്തെ ‘ഭിന്നശേഷി’യുടെ ആവിഷ്‌കാരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ അത്ഭുതം.
മാവേലി നാടുവാഴുന്ന കാലം പോലെ ആഗോള മലയാളികളെല്ലാം സഹോദരനുവേണ്ടി കാവലിരുന്ന ഒരുവേളയെ ദുരന്തമെന്നു വിളിക്കാമോ എന്നു തന്നെ സംശയം. കേരളക്കര മുഴുവനും മാവേലിമാരാല്‍ തിങ്ങിനിറയുമ്പോള്‍ പാതാളത്തിലെ മാവേലിയുടെ വാര്‍ഷിക സന്ദര്‍ശനം ആവശ്യമില്ലല്ലോ.
ശോകമാണ് വിശ്വത്തിന്റെ മൗലികഭാവം എന്ന ബുദ്ധന്റെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. കോമഡികള്‍ സൃഷ്ടിക്കുന്ന നൈമിഷിക ഉന്മാദസ്ഫുലിംഗങ്ങളേക്കാള്‍ ട്രാജഡികള്‍ ഘനീഭവിപ്പിക്കുന്ന സാന്ദ്രദുഃഖങ്ങളാണ് മനുഷ്യമനസ്സുകളിലെ ശാശ്വതമുദ്രകളായിമാറുന്നത്. ഇത് സാഹിത്യമോ സിനിമയോ മാത്രം ജനിപ്പിക്കുന്ന ഒരു വികാരമല്ല, ചരിത്രത്തിന്റെ വശ്യമായ ഒരു പ്രായോഗിക തത്ത്വമാണ്. വെളിച്ചത്തേക്കാള്‍ തമസല്ലോ സുഖപ്രദം എന്ന ബുദ്ധദര്‍ശനത്തിലധിഷ്ഠിതമായ അക്കിത്തത്തിന്റെ ഭാവന ഒരു ആഹ്വാനമാണ്. ലോകത്തിന്റെ ശോകത്തെയോര്‍ത്ത് ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിഞ്ഞത് അനുദിനചര്യയുടെ ഭാഗമാക്കാനുള്ള ആഹ്വാനം. ഇത്തരുണത്തില്‍ തമസ്സിന്റെ ദുഃഖത്തെ വീതം വയ്ക്കുന്ന, വേദനാജനകമെങ്കിലും ആസ്വാദ്യകരങ്ങളായ, ഒരു സുഖാനുഭൂതിയിലൂടെയാണ് മലയാളിയുടെ സംഘടന മനസ്സ് പ്രളയത്തിന്റെ നാളുകളില്‍ കടന്നുപോയത്. ബ്രെക്‌സിറ്റും ട്രംപിസവും പോപ്പുലറിസവുമൊക്കെ മേല്‍ക്കോയ്മ നേടിയ സത്യാനന്തര ലോകക്രമത്തിലെ അനിവാര്യമായ സന്തുലനാവസ്ഥയുടെ ഭാഗികമായ വീണ്ടെടുപ്പ്. അതിന് ഉദാരതയുടെയും തുറവിയുടെയും മാനവമൈത്രിയുടെയും വിലകൂടിയ മോചന ദ്രവ്യങ്ങള്‍ തന്നെ വേണ്ടിവന്നു.
ആത്യന്തിക വിശകലനത്തില്‍ ദുരന്തങ്ങളൊക്കെ നന്മയുടെ ഒരുതരം ആവിഷ്‌കാരമാണ് എന്നത് ദാര്‍ശനികവും മതാത്മകവുമായ ഒരു ഉള്‍ക്കാഴ്ചയാണ്. ഭാരതീയ ചിന്തയുടെ പുഷ്പം എന്നു വിശേഷിപ്പിക്കുന്ന കാവ്യമാണ് ഋഗ്‌വേദം 10:129. ഉണ്മയും ഇല്ലായ്മയും നന്മയും തിന്മയും ജനനവും മരണവും ഒരേ ആദിസ്വരൂപത്തിന്റെ നിശ്വാസത്തില്‍ നിന്നും ഉണ്ടായി എന്നാണ് ഇവിടെ വിവക്ഷ. വൈരുദ്ധ്യങ്ങളും വിപരീതങ്ങളുമെല്ലാം അന്തിമവിശകലനത്തില്‍ വിരുദ്ധങ്ങളല്ല, പൂരകങ്ങളാണ് എന്ന സാകല്യമായ ദര്‍ശനം ധര്‍മ്മത്തെ അധര്‍മ്മം കീഴടക്കുമ്പോഴെല്ലാം ധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി സംഭവിക്കുന്ന ഭഗവാന്റെ അവതാരത്തെക്കുറിച്ച് ഗീത പറയുന്നു. ദുരന്തവും അധര്‍മ്മത്തിന്റെ ദൃഷ്ടാന്തമായി കാണാമല്ലോ. അധര്‍മ്മം പ്രളയമായി താണ്ഡവമാടുമ്പോള്‍ മനുഷ്യരെല്ലാം ധര്‍മ്മത്തിന്റെ അവതാരങ്ങളാകുന്നു. മനുഷ്യരുടെ സഹനങ്ങളെക്കുറിച്ചുള്ള അസ്ഥിത്വചിന്തകരുടെ ഭീകരചോദ്യങ്ങളൊക്കെ ഇവിടെ നിരര്‍ത്ഥകമാകുന്നു. മൗലികമായ വിശകലനത്തില്‍ നന്മ-തിന്മകളെക്കുറിച്ചുള്ള മനുഷ്യന്റെ ദര്‍ശനപരമായ ദാരിദ്ര്യം തിരിച്ചറിഞ്ഞ് സൈദ്ധാന്തികമായ പുനര്‍വായനകള്‍ക്കുള്ള അവസ്ഥകൂടിയാണ് ഇത്തരം തീവ്രാനുഭവങ്ങളുടെ ചരിത്രവേളകള്‍.
യുഗാന്ത്യസംബന്ധിയായ ഭീകര ദുരിതങ്ങളെക്കുറിച്ചുള്ള രൂപകാത്മകവിവരണം ബൈബിളിലെ പുതിയ നിയമത്തിലുണ്ട്. എന്നിട്ട് ഗ്രന്ഥകാരന്‍ പ്രസ്താവിക്കുകയാണ്: ”ഇതെല്ലാം സംഭവിച്ചുകഴിയുമ്പോള്‍ അവന്‍ അടുത്തെത്തിയിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊള്ളുവിന്‍.” കാലികമായ രണ്ടാംവരവിനേക്കാള്‍ മനുഷ്യരുടെ ഉള്ളിലെ നന്മ പൂത്തുലഞ്ഞ് നമ്മുടെയിടയില്‍ത്തന്നെ സംജാതമാകുന്ന ദൈവരാജ്യത്തിന്റെ ദര്‍ശനമായിരിക്കാം ഈ ദുരന്ത വിവരണത്തിന്റെ ചേര്‍ച്ചയായ വ്യാഖ്യാനം. തിന്മ വര്‍ദ്ധിച്ചിടത്ത് നന്മ അതിലേറെ വര്‍ദ്ധിച്ചു എന്നതാണ് ദൈവശാസ്ത്ര വീക്ഷണം. ഉല്‍പ്പത്തിപ്പുസ്തകത്തിലെ മഹാപ്രളയത്തിന്റെ ഐതിഹാസിക ഭാവനയ്ക്കുശേഷം ഇനിമേല്‍ പ്രളയത്തിലൂടെ ഭൂമിയെ നശിപ്പിക്കില്ല എന്ന്‌ദൈവം നടത്തുന്ന ഒരു പ്രതിജ്ഞകൂടിയുണ്ട്. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് ഭൂമിക്ക് മതിലാവുമ്പോള്‍ ദൈവത്തിനു പോലും ഭൂമിയെ തൊടാനാവില്ല എന്നുവേണം ഈ ഭാവനയെ വ്യാഖ്യാനിക്കാന്‍. ഈശ്വരന്‍ തന്നെ ‘നിരാശ’നാകുന്ന വേളകള്‍ മാനവരാശിക്ക് സ്വയം തെളിയിക്കാനുള്ള അവസരമാണ്.
അന്ധകാര യുഗത്തിന്റെ നിശാവേളകളിലാണ് വസന്തത്തിന്റെ മിത്തുകള്‍ പാകപ്പെടുത്തുന്നത് എന്ന് പറയാറുണ്ടല്ലോ. താളഭംഗങ്ങളിലൂടെ പ്രകൃതിക്ക് താളം നഷ്ടപ്പെടുകയല്ല, ഒരു പരിധിവരെ താളം വീണുകിട്ടുകയാണ്. അത്യാഡംബരങ്ങളുടെയും അലങ്കാരങ്ങളുടെയും വച്ചുകെട്ടലുകളില്ലാത്ത മനുഷ്യാവസ്ഥയുടെ കന്യാത്വ സൗന്ദര്യമായിരുന്നു നമ്മുടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിളങ്ങിനിന്നിരുന്നത്. പാമ്പുകള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളും ഉണ്ടെങ്കില്‍ മനുഷ്യപുത്രന് തലചായ്ക്കാന്‍ ഭൂമിയില്‍ ഇഷ്ടം പോലെ ഇടങ്ങളുണ്ട് എന്ന തിരിച്ചറിവ്. മതിലും ഭിത്തിയുംഗേറ്റുംസെക്യൂരിറ്റിയുംഎല്ലാംഭേദിച്ചുകയറിയ പ്രളയജലം നിര്‍ബന്ധിച്ച് കുടിയിറക്കിയ സമ്പന്നനും ദരിദ്രനുമെല്ലാം ജാതിമത ഭേദമന്യേ സമ്പൂര്‍ണ്ണമായും പരാശ്രിതരായി കഴിയുന്ന വസുധൈവ കുടുംബത്തിന്റെ ആകസ്മിക ഇടങ്ങള്‍ പ്രാപഞ്ചികവും സാമൂഹികവുമായ ഒരു നീതിവിപ്ലവത്തിന്റെ സ്വാഭാവിക വിദയം കൂടിയാവുന്നു. നീതിയെന്നത് ഭൂമിക്ക് ഏറ്റവും മൂല്യവത്താകയാല്‍ അതിനെ മടിത്തട്ടില്‍ത്തന്നെ സൂക്ഷിക്കണം. നീതിഭംഗം അതിരുകടക്കുമ്പോള്‍ അതിന് നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടേക്കാം.