മലയാളിക്കു വേണ്ടാത്ത മലയാളം – കെ. ജയകുമാര്‍

മലയാളിക്കു വേണ്ടാത്ത മലയാളം  – കെ. ജയകുമാര്‍

മാതൃഭാഷയ്ക്കു നേര്‍ക്കുള്ള ഔദ്യോഗിക സ്ഥാപനങ്ങളുടെ ഉദാസീന മനോഭാവത്തിനെതിരെ സ്വന്തം സംസ്ഥാനത്തിനുള്ളില്‍ സമരം ചെയ്യേണ്ടി  വരികയെന്നത് അസാധാരണമാണ്.  ഭാഷാ ന്യൂനപക്ഷങ്ങള്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ സ്വന്തം ഭാഷയ്ക്കു  വേണ്ടി സ്വന്തം സംസ്ഥാനത്തു പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഓഫീസിനു മുന്‍പില്‍ തിരുവോണ ദിവസം ഭാഷാപ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും നിരാഹാരമിരിക്കേണ്ടി വന്നത് 2019 ലായിരുന്നു. ആ സമരത്തിന് ഒരു വര്‍ഷം  കഴിയുമ്പോഴും മനോഭാവങ്ങളിലും തീരുമാനങ്ങളിലും വലിയ മാറ്റമൊന്നുമില്ല. ഇപ്പോള്‍ കോറോണക്കാലമായതുകൊണ്ടു ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യമോ ദൃശ്യപരതയോ ഇല്ലെന്നു മാത്രം.


എന്താണ് ആ നിരാഹാര സമരത്തിലേയ്ക്ക് നയിച്ചത്? തിരുവോണത്തിന് ഭക്ഷണം കഴിക്കാതെ റോഡുവക്കില്‍ പന്തല്‍ കെട്ടിയിരിക്കാമെന്നു വിചാരിക്കണമെങ്കില്‍ അത്രയും തീക്ഷ്ണമായ അവഗണന അനുഭവപ്പെട്ടതുകൊണ്ടായിരിക്കുമല്ലോ. പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകളിലെ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമെന്ന രീതിയില്‍ ഭേദഗതി വരുത്തി മലയാളത്തില്‍ കൂടി ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തണം. മലയാളം മാധ്യമത്തില്‍ പഠിച്ച അപേക്ഷകര്‍ക്ക് പലപ്പോഴും ഉത്തരമറിയാമെങ്കിലും ഇംഗ്‌ളീഷിലുള്ള ചോദ്യം വായിച്ചു മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വരുന്നു.. നിശ്ചിത സമയത്തിനുള്ളില്‍ പരമാവധി ചോദ്യങ്ങള്‍ക്കു ഉത്തരം രേഖപ്പെടുത്തുന്നവര്‍ക്കേ വിജയസാധ്യതയുള്ളൂ എന്നിരിക്കേ ഈ പരാധീനത അനാവശ്യമായ വിവേചനം സൃഷ്ടിക്കുന്നു. ഇംഗ്ലീഷില്‍ ചോദ്യം പാടില്ല എന്ന തീവ്രനിലപാടുകള്‍ ആരും സ്വീകരിച്ചില്ല. എന്നാല്‍ പല വിഷയങ്ങളിലുള്ള  ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ മലയാളത്തില്‍ എങ്ങനെ സാധിക്കും എന്നാണ് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആശങ്ക! ഈ ദുസ്സാധ്യ ദൗത്യം എങ്ങനെ നിറവേറ്റുമെന്നറിയാനായി വൈസ് ചാന്‍സലര്‍മാരുടെ സമിതി രൂപീകരിക്കുന്നു, പഠിക്കുന്നു, റിപ്പോര്‍ട്ട് കൊടുക്കുന്നു, വഞ്ചി തിരുനക്കരെത്തന്നെ കിടക്കുന്നു. (നിര്‍ബന്ധമാണെങ്കില്‍ ആയിക്കോ എന്നൊരു തീരുമാനം വരുന്നു എന്ന് പറഞ്ഞുകേള്‍ക്കുന്നു.)


മലയാളത്തിനു മാത്രമായി തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ ഒരു സര്‍വകലാശാല നമുക്കുണ്ടെന്ന കാര്യം ഓര്‍ക്കേണ്ടതല്ലേ?   ഏതു വിഷയത്തിലുമുള്ള ഇംഗ്ലീഷ് ചോദ്യങ്ങള്‍ മലയാളത്തിലാക്കാന്‍ കെല്‍പ്പുള്ള ഒരു  ലക്ഷം പേരെങ്കിലും കേരളത്തിലുണ്ടാകും. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പരിഭാഷകളും ശാസ്ത്ര രചനകളും  പരിചയമില്ലാത്തതു  കൊണ്ടായിരിക്കണം  ഈ സ്ഥല ജലവിഭ്രമം.


ആ പ്രശ്‌നം തീരുന്നതിനു മുന്‍പാണ് പ്രൈമറി സ്‌കൂള്‍ അധ്യാപക തെരഞ്ഞെടുപ്പില്‍ മലയാളത്തിലുള പ്രാവീണ്യം പ്രത്യേകമായി വിലയിരുത്തപ്പെടേണ്ടതില്ല എന്ന തീരുമാനമുണ്ടാവുന്നത്. പ്രൈമറി  ക്‌ളാസ്സുകളില്‍ മലയാളം പഠിപ്പിക്കാന്‍ പ്രത്യേകിച്ചൊരു യോഗ്യതയും ആവശ്യമില്ലെന്നാണല്ലോ ഈ  തീരുമാനത്തിന്റെ പൊരുള്‍!     ഇംഗ്ലീഷ് മീഡിയത്തിനു വേണ്ടി ഓരോ സ്‌കൂളും മുറവിളി കൂട്ടുമ്പോള്‍ മലയാളം പഠിപ്പിക്കാനുമുള്ള കഴിവ് വിലയിരുത്തേണ്ടതില്ല എന്ന പ്രായോഗിക ബുദ്ധിയുമുണ്ട് ഇതിനു പിന്നില്‍.


 പിഎസ്സി യുടെ ഇത്തരം  തീരുമാനങ്ങള്‍ രോഗമല്ല; രോഗലക്ഷണങ്ങളാണ്. എവിടെയാണ് രോഗവ്യാപനം? എന്താണ് രോഗം? സങ്കീര്‍ണമായ കണ്ടെത്തലുകളിലേക്കാണ് ഈ അന്വേഷണം നമ്മെ കൊണ്ട് ചെന്നെത്തിക്കുക.   മലയാളം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചെങ്കിലും, വ്യക്തമായ ഭാഷാ നയമുണ്ടെങ്കിലും, ഭാഷാ നിയമമുണ്ടെങ്കിലും മലയാളത്തിനു ഭരണത്തിലും വിദ്യാഭ്യാസത്തിലും അര്‍ഹമായ അഗീകാരം ഇപ്പോഴും കൈവരാത്തത്തിന്റെ  കാരണം തിരയേണ്ടത് സമൂഹത്തിന്റെ  മനോഭാവങ്ങളിലും ധാരണകളിലുമാണ്.


പ്രായോഗികവാദിയായ മലയാളി


 പുരോഗമനാശയങ്ങളും ആദര്‍ശധീരതയും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തെ പുതുദിശകളിലേക്ക് നയിക്കുകയും  ഉന്നതമൂല്യങ്ങളിലേക്ക് ഉണര്‍ത്തുകയും ചെയ്തുവെന്നത് നേര്. എന്നാല്‍ 1970 ന് ശേഷമുള്ള കാലയളവില്‍ ഗള്‍ഫ്  നാടുകളിലേയ്ക്കുള്ള കുടിയേറ്റം ആരംഭിക്കുകയും ഒരു പുതിയ സമ്പന്നതയും  നാഗരികതയും മലയാളികളുടെ ജീവിത സങ്കല്‍പ്പങ്ങളെ നിര്‍വചിക്കാന്‍ തുടങ്ങുകയും ചെയ്തു. വൈദേശികമായതിനോടുള്ള ആകര്‍ഷണം പെരുകി. ജീവിത വിജയത്തിനും സമ്പന്നതയ്ക്കും ഇംഗ്ലീഷ് പ്രാവീണ്യം അനിവാര്യമാണെന്ന വിശ്വാസം ദൃഢമായി. ഈ വിശ്വാസത്തില്‍ നിന്ന് സ്‌കൂളുകളില്‍ ഇംഗ്ലീഷ് മീഡിയത്തിനോടുള്ള പ്രിയം വര്‍ധിച്ചു.


ഇതിനു സമാന്തരമായി കേരളത്തില്‍ സിബിഎസ്സി (ഇആടഋ), ഐസിഎസ്സി (കഇടഋ) എന്ന കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡുകളുടെ അംഗീകാരമുള്ള സ്‌കൂളുകള്‍ വ്യാപകമാകാന്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നിരാക്ഷേപ സര്‍ട്ടിക്കറ്റ് (ിീീയഷലരശേീി രലൃശേളശരമലേ) മാത്രം മതി. കൂടുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കാന്‍ സംസ്ഥാനത്തിന് സാമ്പത്തികമായി കഴിയാതെ വന്ന ഒരു സാഹചര്യത്തിലാണ് ഈ മാറ്റം അനിവാര്യമായത്. എന്നാല്‍ ഇതിനു പകരമായി സ്റ്റേറ്റ് ബോര്‍ഡിന്റെ കീഴില്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ അണ്‍എയ്ഡഡ്  സ്‌കൂളുകള്‍  അനുവദിക്കുമായിരുന്നു.