മതം ഒരു ഭീകരസത്വമായ് മാറുന്നുണ്ട്

മതം ഒരു ഭീകരസത്വമായ് മാറുന്നുണ്ട്

? മതം ഇന്ന്‌ ഏറ്റവും വലിയ രാഷ്‌ട്രീയ ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ആത്മീയ ശക്തിയായി പ്രകാശഭരിതമാകേണ്ട മതം ലോകത്തിന്റെ ഭൗതികാധികാരത്തിന്റേയും സമ്പത്തിന്റേയും രൂപമാര്‍ജിക്കുന്നതിനെ കുറിച്ചുള്ള വിമര്‍ശനമാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അടപ്പൂരച്ചന്റെ പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട്‌ പറഞ്ഞത്‌. അതേക്കുറിച്ച്‌ പ്രതികരിച്ചുകൊണ്ട്‌ ഈ സംഭാഷണം ആരംഭിക്കാം ?

ഒരു ക്രൈസ്‌തവ വിശ്വാസിയായ എനിക്ക്‌ വൃക്തിഗതമായ ആ വിശ്വാസദര്‍ശനത്തെ ഉള്‍ക്കൊണ്ടുകൊണ്ടല്ലാതെ മതത്തെപ്പറ്റി ആശയവിനിമയം നടത്താനാവില്ല. അതേസമയം എന്റേത്‌ അന്ധമായ വിശ്വാസമാണെന്നു ആരും ധരിക്കരുത്‌. യുക്തിചിന്തയുമായി ഐക്യപ്പെട്ടുപോകുന്ന വിശ്വാസമാണത്‌. വിശ്വാസവും യുക്തിചിന്തയും പരസ്‌പര വര്‍ജ്ജകങ്ങളല്ല, പരസ്‌പര പൂരകങ്ങളത്രേ. ക്രൈസ്‌തവരല്ലാത്ത എത്രയോ ആളുകളുമായി നാം വ്യക്തിബന്ധം പുലര്‍ത്തുന്നു. എന്റെ ക്രൈസ്‌തവ വിശ്വാസം അതിനു തടസ്സമാകുന്നില്ല. മറിച്ച്‌ പ്രേരകവും സഹായകവുമാണെന്നു തന്നെ പറയാന്‍ കഴിയും. എന്റെ സുഹൃത്തുക്കളില്‍ പലരും അന്യമതസ്ഥരാണെന്നതു സത്യം. അക്കൂട്ടത്തില്‍ ഈശ്വരനിഷേധികളായ യുക്തിവാദികളും നാസ്‌തികരും ഉണ്ടെന്ന കാര്യവും ഇവിടെ എടുത്തു പറയേണ്ടതുണ്ട്‌. ഹിന്ദുവായി ജനിച്ചു വളര്‍ന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഏതാനും കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ ബുദ്ധമതം സ്വന്തമാക്കിയ സംഭവം വാര്‍ത്തയായിരുന്നുവല്ലോ. വ്യാപകമായ ഒരു പശ്ചാത്തല വിവരണത്തില്‍ ഇതൊക്കെ പ്രസക്തം തന്നെ. സര്‍വ്വോപരി കവി എന്ന നിലയിലാണ്‌ നാമൊക്കെ ചുള്ളിക്കാടിനെ അറിയുകയും ആദരിക്കുകയും ചെയ്യുന്നത്‌. മനുഷ്യ ജീവിതത്തെക്കുറിച്ച്‌, അതിനെ ചൂഴുന്ന പ്രഹേളികയെപ്പറ്റി അദ്ദേഹത്തിനുള്ള ഉള്‍ക്കാഴ്‌ച്ചകളെ മതനിരപേക്ഷങ്ങള്‍ എന്നോ മതാതീതങ്ങള്‍ എന്നോ വിശേഷിപ്പിക്കാന്‍ കഴിയും. പുസ്‌തക പ്രകാശന വേളയില്‍ അദ്ദേഹം നടത്തിയ മതവിഷയങ്ങളായ നിരീക്ഷണങ്ങളെ ഞാന്‍ ഇങ്ങനെയാണ്‌ കാണുന്നത്‌.

? സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം വഴി യേശുവിനെ പിന്തുടരാന്‍ ഇന്ന്‌ മതത്തിനു കഴിയുന്നുണ്ടോ ?

സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണത്തിലൂടെ യേശുവിനെ പിന്തുടരാന്‍ മതത്തിനു ഒരിക്കലും കഴിഞ്ഞിട്ടില്ല. എന്നെങ്കിലും കഴിയുമെന്നും തോന്നുന്നില്ല. വാസ്‌തവത്തില്‍ മനുഷ്യന്റെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്‌ ജീവിതത്തെ നയിക്കേണ്ട മൂല്യങ്ങളിലാണ്‌. യേശുതന്നെ ആ മൂല്യങ്ങളുടെ ആള്‍രൂപമാണെന്ന്‌ പറയാം. യേശുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക വഴി മനുഷ്യ ജീവിതം മൂല്യങ്ങളില്‍ കേന്ദ്രീകൃതമാകുന്നു. അങ്ങനെയുള്ള ഒരു കേന്ദ്രീകരണമാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ സാധ്യമാണുതാനും. അത്തരത്തില്‍ ഉള്ള എത്രയോ ആളുകളെ നാം ചരിത്രത്തില്‍ കണ്ടുമുട്ടുന്നു. മദര്‍ തെരേസയെ ഒരുദാഹരണമായെടുക്കാം. ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണവര്‍. അവരുടെ ജീവിതം യേശുവില്‍ കേന്ദ്രീകൃതമായിരുന്നു. അവര്‍ പാവങ്ങളെ തേടി പോവുകയും തെരുവുകളില്‍ മരണാസന്നരായി കിടന്നവരെ ശുശ്രൂഷിക്കുകയും ചെയ്‌തു. പാവപ്പെട്ടവരില്‍ താന്‍ കാണുന്നത്‌ യേശുവിനെ ആണെന്ന്‌ മദര്‍ തെരേസ പലവട്ടം പറഞ്ഞിട്ടുണ്ട്‌. ഇത്തരത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ട്‌. കരുണയോടെ ജീവിക്കുക എന്നതാണ്‌ മതത്തിന്റെ ഭാവാത്മകമായ തലം. ഇതിനൊക്കെപുറമെ മതം തന്നെ ഒരു ഭീകരസ്വത്വമായ്‌ മാറുന്നുണ്ട്‌ എന്ന വസ്‌തുത നാം അംഗീകരിക്കണം. മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്‌പരം വെറുക്കുകയും കൊലപാതകങ്ങള്‍ വരെ നടത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ മാത്രം സ്ഥിതിയല്ലയിത്‌. എല്ലാ മതങ്ങളിലും ഇത്തരത്തിലുള്ള പ്രവണതയുണ്ട്‌. ക്രിസ്‌തുമതത്തിന്റെ ചരിത്രത്തിലും ഇതൊക്കെ സംഭവിച്ചിട്ടുണ്ട്‌.

? സിറോ മലബാര്‍ സഭ ഇന്ന്‌ വലിയൊരു സാമ്പത്തികാരോപണം നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ… സുതാര്യമല്ലാത്ത, ജനാധിപത്യവിരുദ്ധമായ ചില ഭൂമി ഇടപാടുകള്‍ സഭാ നേതൃത്വത്തിന്റെ വിശ്വാസ്യതയ്‌ക്കു കളങ്കമേല്‌പിച്ചതായി കാണുന്നു. എന്താണതിന്‌ അടിസ്ഥാനം ?

ഇത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. എന്താണ്‌ ഈ ആരോപണത്തിന്‌ പിന്നിലെന്നതിനെ സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വന്ന അറിവ്‌ മാത്രമേ എനിക്കുള്ളൂ. വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ വേണ്ടപോലുള്ള ആലോചനയോ ചര്‍ച്ചകളോ കൂടാതെ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങളുടെ പരിണിതഫലമായാണ്‌ അതിരൂപതയ്‌ക്ക്‌ വലിയൊരു കടബാധ്യത ഉണ്ടായതെന്ന്‌ സൂക്ഷ്‌മപരിശോധനയില്‍ വ്യക്തമാകുന്നു. ഒരു മെഡിക്കല്‍ കോളേജ്‌ തുടങ്ങണമെന്ന ഉദ്ദേശത്തോടെ അങ്കമാലിക്കടുത്ത്‌ 25 ഏക്കറോളം സ്ഥലം വാങ്ങി. ആ സ്ഥലം വാങ്ങാന്‍ എടുത്ത കടം വീട്ടാന്‍ കഴിയാതെ വന്നിരിക്കുന്നു. സത്യത്തില്‍ ഇത്തരമൊരു മെഡിക്കല്‍ കോളേജിന്റെ ആവശ്യമുണ്ടായിരുന്നോ? കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ ഭരണകാലത്ത്‌ അതിരൂപത ഉപേക്ഷിച്ച പദ്ധതിയാണിത്‌. കര്‍ദ്ദിനാള്‍ ആലഞ്ചേരി ആ തീരുമാനത്തില്‍ മാറ്റം വരുത്തിയത്രേ. ആ റിപ്പോര്‍ട്ട്‌ ശരിയാണെങ്കില്‍ പ്രസ്‌തുത നടപടിയെ ന്യായീകരിക്കുക സാദ്ധ്യമല്ല. അതിന്റെ പരിണിത ഫലമാണ്‌ ഇപ്പോള്‍ കേള്‍ക്കുന്ന അപവാദവും മറ്റാരോപണങ്ങളുമെന്നു പറയാതെ വയ്യ. പൊതുവെ ക്രൈസ്‌തവ സഭയില്‍, പ്രത്യേകിച്ച്‌ കത്തോലിക്കാ സഭയില്‍, നല്ല നിലവാരം പുലര്‍ത്തുന്ന തീരുമാനങ്ങളാണ്‌ കൈക്കൊള്ളാറ്‌. സഭയുടെ തലപ്പത്തിരിക്കുന്ന ആളുടെ ഭാഗത്തു നിന്ന്‌ ഇത്തരത്തില്‍ ഒരു ആരോപണം ഉണ്ടായത്‌ തികച്ചും അസാധാരണം തന്നെ. മനുഷ്യര്‍ ബലഹീനരാണ്‌. അവര്‍ക്ക്‌ തെറ്റ്‌ സംഭവിക്കാം. മാര്‍ ആലഞ്ചേരിക്ക്‌ അത്തരമൊരു തെറ്റ്‌ സംഭവിച്ചെങ്കില്‍ അത്‌ ഏറ്റുപറഞ്ഞ്‌ പരിഹാരം കണ്ടെത്തുകയാണു വേണ്ടത്‌. ഇതിനായി സഭയ്‌ക്കുള്ളില്‍ തന്നെ ചില ധ്രുവീകരണങ്ങള്‍ നടന്നിട്ടുണ്ട്‌. ഒരുവിഭാഗം ആലഞ്ചേരിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. അതിലധികവും സിനഡംഗങ്ങളായ മെത്രാന്‍മാരാണ്‌. കുറേപ്പേറെ ഈ പ്രശ്‌നം പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുമുണ്ട്‌. അവരുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പരസ്യമായിട്ടില്ല. ഏകപക്ഷീയമായി ആ റിപ്പോര്‍ട്ട്‌ ഒതുക്കി തീര്‍ക്കുമെന്ന ധാരണയില്‍ ചിലര്‍ രംഗത്തു വന്നിട്ടുണ്ട്‌. അവരെല്ലാം ദുരുദ്ദേശത്തോടെ വരുന്നവരാകണമെന്നില്ല. രംഗത്ത്‌ വരുന്ന വൈദികരും അല്‍മേയരും സദുദ്ദേശ്യപ്രേരിതരാണെന്നു തോന്നുന്നു. കര്‍ദ്ദിനാളിനോട്‌ എതിര്‍പ്പുള്ളവരും രംഗത്തുവന്നുകൂടന്നില്ല. ഇന്നത്തെ തുറന്ന സമൂഹത്തില്‍ എല്ലാം മാധ്യമങ്ങളുടെ കൈകളില്‍ എത്തുമ്പോള്‍ കണ്ണടച്ച്‌ ഇരുട്ടുണ്ടാക്കിയിട്ട്‌ കാര്യമില്ല. ഓരോ കാര്യവും സശ്രദ്ധം പരിശോധിച്ച്‌ മാത്രമേ വിലയിരുത്താവൂ. അല്ലാതെ അരമനയുടെ ഉള്ളിലിരുന്ന്‌ രഹസ്യമായി തീരുമാനിക്കാവുന്ന കാര്യങ്ങളല്ല ഇപ്പോള്‍ നടന്നിരിക്കുന്നത്‌. അത്‌ പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കും. ഏവരുടേയും ചര്‍ച്ചാ വിഷയവുമാകും. കൂടാതെ ഈ വസ്‌തുവാങ്ങലും വില്‍ക്കലും അച്ചന്‍മാരുടെയും മെത്രാന്‍മാരുടെയും മാത്രം പരിപാടിയാകരുത്‌. സാധാരണയായി അല്‍മേയരുടെ പ്രവര്‍ത്തനമേഖലയാണിത്‌. അവരാണ്‌ വസ്‌തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്‌. അവരുമായി കൂടി ആലോചിച്ചാണ്‌ ഇത്തരത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നത്‌.

? ദേവാലയ നിര്‍മ്മിതി മുതല്‍ പെരുന്നാള്‍ ആഘോഷങ്ങള്‍വരെ പൗരോഹിത്യത്തിന്റെ ആര്‍ഭാടവാസങ്ങളും വരെ പൊതുസമൂഹത്തില്‍ വിമര്‍ശനങ്ങളുണ്ടാക്കുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ സഭയെ ലാളിത്യത്തില്‍ പുനര്‍ഭാവന ചെയ്യാന്‍ തടസ്സമായി നില്‍ക്കുന്നത്‌ എന്താണ്‌?

നിരന്തരമായി മനുഷ്യനെ അലട്ടുന്ന പ്രശ്‌നമാണിത്‌. ഉന്നത സ്ഥാനവും പണവും പ്രതാപവും തേടാത്തവര്‍ ചുരുക്കം. ഇത്‌ മനുഷ്യന്റെ സ്ഥിരം ദൗര്‍ബല്യമാണ്‌. ഇതില്‍ നിന്ന്‌ ക്രൈസ്‌തവര്‍ ഒഴിവാക്കപ്പെട്ടിട്ടില്ല. ക്രിസ്‌തു നേരിട്ട പ്രലോഭനത്തില്‍ ഒന്നാണിത്‌. എന്നെ കുമ്പിട്ട്‌ ആരാധിക്കുകയാണെങ്കില്‍ എല്ലാം നിനക്ക്‌ തരാം. തിന്മയ്ക്ക് , അസത്യത്തിന്‌, അനീതിക്ക്‌ വഴങ്ങുകയാണെങ്കില്‍ ഈ ലോകം മുഴുവനും താങ്കള്‍ക്ക്‌ തരാമെന്ന പ്രലോഭനത്തിന്‌ ക്രിസ്‌തു വിധേയനായി എന്ന്‌ സുവിശേഷത്തില്‍ പറയുന്നുണ്ട്‌. സഭയെ ലാളിത്യത്തിലേക്ക്‌ എങ്ങനെ കൊണ്ടുവരാന്‍ കഴിയുമെന്നത്‌ നിത്യനൂതനമായ വെല്ലുവിളിയാണ്‌. അതിനെ നേരിടാന്‍ വേണ്ട ശക്തിയും മാതൃകയും നാം തേടേണ്ടത്‌ ക്രിസ്‌തുവില്‍ നിന്നുതന്നെയത്രേ. ക്രിസ്‌തുവിന്റെ ജീവിതം, പാവപ്പെട്ടവനോട്‌ ക്രിസ്‌തു കാണിച്ച പരിഗണന ഇതൊക്കെ നമുക്ക്‌ ക്രിസ്‌തുവിന്റെ കൃപയിലൂടെ ലഭിക്കുന്നു. അതിനുവേണ്ടി നാം പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം.

? പോപ്പ്‌ ഫ്രാന്‍സീസിന്റെ ജീവിതശൈലിയും നിലപാടുകളും ആഗോളതലത്തില്‍ തന്നെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌. സഭാ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്തുകൊണ്ടാണ്‌ സഭയ്‌ക്കകത്ത്‌ വേണ്ടത്ര സ്വീകരിക്കപ്പെടാതെ പോകുന്നത്‌! പോപ്പിനെ പരാജയപ്പെടുത്തുന്നത്‌ സഭയ്‌ക്കുള്ളില്‍ തന്നെയുള്ള യാഥാസ്ഥിതികത്വം ആണെന്ന ആശങ്ക താങ്കള്‍ പങ്കുവെയ്‌ക്കുന്നുണ്ടോ ?

പോപ്പ്‌ ഫ്രാന്‍സീസിന്റെ ജീവിതശൈലി സഭയെ ആഴത്തില്‍ സ്‌പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്‌. ഇത്‌ പ്രാവര്‍ത്തികമാക്കേണ്ട തലത്തിലേക്ക്‌ വരുമ്പോള്‍ അവനവന്റെ ജീവിതത്തെ കൂടി സ്‌പര്‍ശിക്കുന്ന കാര്യമായതിനാല്‍ പലര്‍ക്കും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. അതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല. പല ദേവാലയങ്ങളും ചെലവേറിയ മാതൃകയിലാണ്‌ നിര്‍മ്മിക്കുന്നത്‌. ഇക്കാര്യത്തില്‍ രൂപതകളും ഇടവകകളും പരസ്‌പരം മത്സരിക്കുന്നതായി തോന്നുന്നു. ഈ പ്രവണതയെ ഒരു ദുരന്തമായ്‌ തന്നെ കാണണം. പരമദരിദ്രരായ എത്രയോ ആളുകള്‍ പട്ടിണി കിടന്നും രോഗത്താലും കഷ്ടതയനുഭവിക്കുമ്പോഴുമാണ്‌ ഇമ്മാതിരി ആര്‍ഭാടദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത്‌. ഈ പ്രലോഭനം വ്യക്തികളെയും സഭാ നേതൃത്വത്തേയുമൊക്കെ ബാധിക്കുന്ന ഒന്നാണ്‌. പോപ്പ്‌ ഫ്രാന്‍സീസിന്റെ നവീകരണ ശ്രമങ്ങളോട്‌ പൂര്‍ണ്ണമായും യോജിക്കാത്തവര്‍ ഉണ്ടായെന്നു വരാം. പക്ഷേ അവയെ പ്രയോഗത്തില്‍ കൊണ്ടുവരുന്ന കാര്യത്തിലാണ്‌ കൂടുതല്‍ സംഘര്‍ഷം പ്രകടമാകുന്നത്‌. അത്‌ മാറിക്കിട്ടാന്‍ ആന്തരികമായ മാനസാന്തരം ആവശ്യമാണ്‌. പോപ്പ്‌ ഫ്രാന്‍സീസിന്റെ ജീവിതത്തില്‍ ലാളിത്യവും പാവപ്പെട്ടവരോടുള്ള പരിഗണനയും വളരെ പ്രകടമാണ്‌. വത്തിക്കാനിലെ രാജകീയ പ്രൗഢിയാര്‍ന്ന അപ്പസ്‌റ്റോലിക്‌ കൊട്ടാരം വിട്ട്‌ സാന്താ മാര്‍ത്ത എന്ന സാധാരണ പാര്‍പ്പിടത്തില്‍ ലളിത ജീവിതം നയിക്കുന്ന അദ്ദേഹം വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ലളിത ജീവിതത്തിന്റെ മാതൃക ലോക ജനതയ്‌ക്കു നല്‍കുന്നു.

? മതേതര മലയാളി സമൂഹത്തോട്‌ ദീര്‍ഘകാലം സജീവമായി സംവദിക്കാന്‍ അടപ്പൂരച്ചന്‌ സാധിച്ചിട്ടുണ്ട്‌. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും വേദികളിലും അവ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്‌. മതേതര സംവാദ മണ്ഡലങ്ങളില്‍ കത്തോലിക്കാ സഭയുടെ സാന്നിധ്യം ശക്തമാണെന്നുള്ള അഭിപ്രായമുണ്ടോ ?

ശക്തമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. പുതിയശൈലി വളര്‍ത്തിയെടുക്കേണ്ടത്‌ അനിവാര്യമാണ്‌. സഭയുടെ കാര്യങ്ങള്‍ മെത്രാന്‍മാരാണല്ലോ സാധാരണ പറയുന്നത്‌. പാപ്പാമാരില്‍ ഭിന്നമായ ശൈലി പ്രകടമായ്‌ തുടങ്ങിയിട്ടുണ്ട്‌. സഭയുടെ ആരംഭത്തില്‍ മതേതര പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. മധ്യയുഗത്തിനു ശേഷമാണ്‌ രാജാക്കന്മാർക്കും മെത്രാന്‍മാര്‍ക്കും സഭയിലുണ്ടായിരുന്ന സ്വാധീനം കുറഞ്ഞത്‌. മാത്രമല്ല, ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടേയോ പ്രാദേശിക നേതാവിന്‍േയോ ഇഷ്ടത്തിനനുസൃതമായി സഭയുടെ ശൈലിയില്‍ മാറ്റം വന്നു. ഇതേത്തുടര്‍ന്ന്‌ മെത്രാന്‍മാര്‍ സ്വന്തം ഇടവകക്കാരോടും ജനങ്ങളോടും സംസാരിക്കുകയും ഇടയലേഖനങ്ങള്‍ ഇറക്കുകയും ചെയ്‌തുപോന്നു. അതുപോലെ മാര്‍പാപ്പമാരും വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചിരുന്നു. ലീയോ പതിമൂന്നാമന്റെ കാലം മുതലാണ്‌ ഇതിനൊക്കെ മാറ്റം വന്നത്‌. അദ്ദേഹം 1891 ല്‍ പുറപ്പെടുവിച്ച `റേരും നൊവാരും’ എന്ന ചാക്രിക ലേഖനം ബാഹ്യനീതിയുമായി ബന്ധപ്പെട്ട എല്ലാ സംഘര്‍ഷമേഖലകളിലേക്കും കത്തോലിക്കാ സഭയുടെ സത്വരശ്രദ്ധ തിരിച്ചുവിട്ടു. എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ മതനിരപേക്ഷതയ്‌ക്കായി ആശയവിനിമയം നടത്തിയിട്ടുണ്ട്‌. മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പുമായുള്ള ബന്ധമാണ്‌ അതിനു സഹായകരമായത്‌. അല്ലാതെ എന്റെ സാമര്‍ത്ഥ്യമോ കഴിവുകളോകൊണ്ടല്ല. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞത്‌ വലിയൊരു ഭാഗ്യമായി ഇന്ന്‌ തോന്നുന്നു. അതിനു ദൈവത്തോട്‌ നന്ദിയുണ്ട്‌. മൂല്യബോധം, പാവപ്പെട്ടവരോടുള്ള പരിഗണന ഇവയൊക്കെ ഏതെങ്കിലും ഒരു മതവിഭാഗത്തോട്‌ മാത്രം തോന്നേണ്ടതല്ല. എല്ലാ മനുഷ്യരോടും ഉണ്ടാകേണ്ടതാണ്‌. സ്‌ത്രീ/പുരുഷ, ജാതി/മത വ്യത്യാസമില്ലാതെ ഏവരെയും സ്‌പര്‍ശിക്കേണ്ട കാര്യമാണിത്‌. മതനിരപേക്ഷ പ്രസിദ്ധീകരണങ്ങളാണ്‌ മതേതര ആശയങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌. അവരാരും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം അഭിസംബോധന ചെയ്യുകയോ അവര്‍ക്ക്‌ മാത്രം ആശയവിനിമയത്തിന്‌ അവസരം നല്‍കുകയോ ചെയ്യുന്നില്ല.

? അര്‍ണോസ്‌ പാതിരിയെക്കുറിച്ച്‌ ഇംഗ്ലീഷില്‍ തയ്യാറാക്കിയ ജീവചരിത്ര ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. സര്‍ഗാത്മക രംഗത്ത്‌ ഇനിയുമേറെ പരാമര്‍ശിക്കപ്പെടേണ്ട അര്‍ണോസിന്റെ സാഹിത്യ വ്യക്തിത്വത്തെ കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌ ?

അര്‍ണോസ്‌ പാതിരിയെ കുറിച്ച്‌ ഞാന്‍ ദീര്‍ഘകാലമായി പഠിക്കുകയും ലേഖനങ്ങള്‍ എഴുതുകയുമൊക്കെ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ അതൊരു പുസ്‌തകരൂപത്തിലാക്കാന്‍ കാലമേറെ എ ടുത്തു. അര്‍ണോസ്‌ പാതിരി 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജര്‍മ്മനിയില്‍ നിന്നും കേരളത്തില്‍ എത്തിയ ജസ്വീട്ട്‌ മിഷണറിയാണ്‌. അന്നു അദ്ദേഹത്തിന്‌ 20 വയസില്‍ താഴെ പ്രായമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ വന്നതിനു ശേഷം ഇവിടുത്തുകാരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ വേണ്ടി അദ്ദേഹം മലയാളം പഠിച്ചു. അക്കാലത്ത്‌ ഇവിടുത്തെ പണ്ഡിത ലോകത്തിന്റെ ഭാഷ സംസ്‌കൃതമായതിനാല്‍ ആ ഭാഷയും പഠിച്ചു. മാത്രമല്ല, മലയാളത്തിലും സംസ്‌കൃതത്തിലും അദ്ദേഹം നിഘണ്ടുക്കളും വ്യാകരണ ഗ്രന്ഥങ്ങളും രചിച്ചു. അവയെല്ലാം വലിയ നേട്ടങ്ങളാണ്‌. ഇതിനുപുറമെ അദ്ദേഹം സംസ്‌കൃതത്തിലും മലയാളത്തിലും കവിതകള്‍ രചിച്ചു. അദ്ദേഹത്തിന്റെ കവിതകളുടെ നീണ്ട ഒരു നിരതന്നെയുണ്ട്‌ മലയാളത്തില്‍. അദ്ദേഹത്തെ കുറിച്ച്‌ ഇംഗ്ലീഷില്‍ ഞാന്‍ രചിച്ച പുസ്‌തകത്തിനു മലയാള പരിഭാഷ വേണമെന്ന നിരവധി പേരുടെ നിദ്ദേശം കണക്കിലെടുത്ത്‌ ഡോ. കെ.എം മാത്യു നിര്‍വ്വഹിച്ച മലയാള വിവര്‍ത്തനം പൂര്‍ത്തിയായി. അതിനുപറ്റിയ ഒരു പ്രസാധകനെ കണ്ടെത്താനായുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്‌. വളരെ ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമയായിരുന്നു അര്‍ണോസ്‌ പാതിരി. വലിയവലിയ പദ്ധതികള്‍ ഏറ്റെടുത്ത്‌ നിര്‍വ്വഹിക്കാനുള്ള കരുത്ത്‌ അദ്ദേഹത്തിനുണ്ടായിരുന്നു. വൈദ്യുതി ഇല്ലാതിരുന്ന കാലം. അച്ചടി പോലും വ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഒരു പുസ്‌തകം സ്വന്തമാക്കണമെങ്കില്‍ താളിയോലമൂലത്തില്‍ നിന്ന്‌ പകര്‍ത്തി എഴുതണമായിരുന്നു. അങ്ങനെ വിലപ്പെട്ട ചില പുസ്‌തകങ്ങള്‍ അദ്ദേഹം തന്നെ പകര്‍ത്തി സ്വന്തമാക്കിവെച്ചിരുന്നു. അത്തരം ഒരു കാലത്താണ്‌ അദ്ദേഹം ഗ്രന്ഥരചന നടത്തിയതെന്നോര്‍ക്കുമ്പോള്‍ നമ്മള്‍ വിസ്‌മയസ്‌തബ്ധരാകുന്നു. 55 -ാം വയസില്‍ പാമ്പ്‌ കടിയേറ്റാണ്‌ അദ്ദേഹം മരിച്ചതെന്ന്‌ പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മരണം സാഹിത്യ ലോകത്തിനും പണ്ഡിത ലോകത്തിനും കനത്ത നഷ്ടമാണ്‌.

? മദര്‍ തെരേസയെ ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി പരിചയപ്പെടുത്തിയത്‌ അടപ്പൂരച്ചനാണ്‌. കരുണയുടെ ദേവതയായ മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ സമകാലിക സഭയുടെ മുന്‍ഗണനയില്‍ ഇന്നുണ്ടോ. ഫ്രാന്‍സീസ്‌ മാര്‍പാപ്പ തുറന്നിട്ട കരുണയുടെ വാതില്‍ ഇപ്പോഴും തുറന്നു തന്നെയാണോ കിടക്കുന്നത്‌. അദ്ദേഹം തുടങ്ങിവച്ച കരുണയുടെ വര്‍ഷത്തിന്‌ എന്താണ്‌ സംഭവിച്ചത്‌ ?

മാതൃഭൂമിയില്‍ മദര്‍ തെരേസയെ കുറിച്ച്‌ ആദ്യം ലേഖനം എഴുതിയത്‌ ഞാനാണ്‌. അതുവരെ മദര്‍ തെരേസയെ ബാഹ്യലോകം അറിഞ്ഞിരുന്നില്ല. കന്യാസ്‌ത്രീയായി കല്‍ക്കട്ടയില്‍ ഒരു സ്‌കൂളില്‍ ജോലി ചെയ്യുകയായിരുന്നു മദര്‍. ആ മഠത്തിനും കെട്ടിടങ്ങള്‍ക്കും വെളിയില്‍ മറ്റൊരു ലോകമുണ്ടെന്നും അവിടെ പാവപ്പെട്ട കുട്ടികള്‍ ആരോരുമില്ലാതെ അലഞ്ഞുതിരിയുന്നുണ്ടെന്നും മദര്‍ മനസിലാക്കി. ആയിരക്കണക്കിന്‌ ശിശുക്കള്‍ അങ്ങനെ അലയുമ്പോള്‍ സമ്പന്നരുടെ മക്കള്‍ക്ക്‌ വേണ്ടി മാത്രം താന്‍ പ്രവര്‍ത്തിക്കുന്നതിലെന്തോ പന്തികേടുണ്ടെന്നു അവര്‍ക്കു തോന്നി. ആ സന്യാസ സമൂഹത്തില്‍ നിന്ന്‌ പുറത്തുവന്ന്‌ പുതിയ പ്രസ്ഥാനം ആരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു. അക്കാലത്ത്‌ പാവപ്പെട്ട എത്രയോ രോഗികള്‍ കല്‍ക്കട്ട നഗരത്തിലെ തെരുവുകളില്‍ കിടന്ന്‌ മരണപ്പെട്ടിരുന്നു. എന്നാല്‍ അവശരും അശരണരുമായ അവരെ മദര്‍ കല്‍ക്കട്ടയിലെ കാളീ ക്ഷേത്രത്തിനു സമീപമുള്ള ഒരു സ്ഥലത്ത്‌ കൊണ്ടുവന്ന്‌ കിടത്തി ചികിത്സിച്ചു. അങ്ങനെ മനുഷ്യരെപോലെ മരിക്കാന്‍ അവര്‍ക്ക്‌ അവസരം ലഭിച്ചു. ചിലര്‍ അസുഖങ്ങളില്‍ നിന്നും സുഖപ്പെട്ടു. മദര്‍ തെരേസയുടെ ഈ ജീവകാരുണ്യ പ്രവര്‍ത്തനം പുറംലോകം അറിഞ്ഞിരുന്നില്ല.

ആ കാലഘട്ടത്തിലാണ്‌ ഞാന്‍ പൂനെയിലെ ദിനോബിലി കോളജില്‍ ദൈവശാസ്‌ത്രം പഠിക്കാന്‍ പോയത്‌. കല്‍ക്കട്ടാ പ്രദേശത്തെ സുഹൃത്തുക്ക ളില്‍ നിന്ന്‌ മദറിന്റെ പ്രവര്‍ത്തനങ്ങ ളെപ്പറ്റി ഞാന്‍ അറിഞ്ഞു. മദറിന്റെ ആദ്ധ്യാത്മിക ഉപദേഷ്ടാവായ ഫാ. ജോസഫ്‌ നോയ്‌നര്‍ ദിനോബിലി കോളജില്‍ എന്റെ പ്രൊഫസറായിരുന്നു. തന്റെ ഒരു വിദ്യാര്‍ത്ഥിക്ക്‌ മദറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ എഴുതാന്‍ ആഗ്രഹമുണ്ടെന്ന്‌ കാണിച്ച്‌ അദ്ദേഹം മദറിനു കത്തയച്ചു. ഫലമോ ? മദര്‍ തെരേസ കുറെ വിവരങ്ങളും ചിത്രങ്ങളും എനിക്ക്‌ അയച്ചുതന്നു. അതെല്ലാം സമാഹരിച്ച്‌ `ഏഴകളുടെ തോഴികള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം തയ്യാറാക്കി ഞാന്‍ മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിന്‌ അയച്ചു. എഡിറ്ററായിരുന്ന എന്‍.വി കൃഷ്‌ണവാര്യര്‍ അതു പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതാണ്‌ മദര്‍ തെരേസയെ കുറിച്ച്‌ ബാഹ്യലോകം വായിച്ച ആദ്യ ലേഖനം. ഫ്രാന്‍സീസ്‌ പാപ്പ എപ്പോഴും കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്‌. പക്ഷേ പുതിയ സംഭവങ്ങള്‍ – ഉദാഹരണത്തിന്‌ ഇപ്പോള്‍ ഉണ്ടായ സുപ്രീംകോടതിയിലെ തര്‍ക്കം – ഏവരേയും പിടിച്ചുലയ്‌ക്കുന്ന വിഷയമാണ്‌. അതുപോലെ നിരവധി സംഭവങ്ങളാണ്‌ ലോകത്താകമാനം ഉണ്ടാകുന്നത്‌. അതുകൊണ്ടൊക്കെ കരുണയുടെ കാര്യത്തില്‍ നിന്ന്‌ ജന ശ്രദ്ധ മാറിപ്പോകാനുള്ള സാധ്യതയുണ്ട്‌. അപ്പോള്‍ നമ്മള്‍ വീണ്ടും അതിനെ തിരികെ കൊണ്ടുവരേണ്ടതാണ്‌.

? ക്രൈസ്‌തവ സഭകള്‍ തമ്മിലുള്ള സംവാദങ്ങള്‍ ശരിയായ ദിശയിലൂടെയാണോ മുന്നേറുന്നത്‌ ?

കഴിഞ്ഞ നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിച്ച ഒന്നാണ്‌ ക്രൈസ്‌തവൈക്യ പ്രാര്‍ത്ഥനാവാരം. ഇതിന്റെ ഭാഗമെന്നോണം ക്രൈസ്‌തവ ഐക്യത്തിനായി ലോക വ്യാപകമായി പ്രാര്‍ത്ഥനകള്‍ ഉയരുന്നു. അതിന്റെ ഒരു വശത്ത്‌ അബേ കുര്‍ത്തുറിയേര്‍ എന്ന ഫ്രഞ്ച്‌ വൈദികനും മറുവശത്ത്‌ ഒരു ആഗ്ലിക്കന്‍ പുരോഹിതനുമാണ്‌ ഉണ്ടായിരുന്നത്‌. അവര്‍ തുടങ്ങിവച്ച പ്രാര്‍ത്ഥന വലിയ ക്രൈസ്‌തവ ഐക്യപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വഴിവെച്ചു. അങ്ങനെ വളര്‍ന്നു വന്ന പ്രസ്ഥാനമാണ്‌ വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌. കത്തോലിക്കര്‍ക്ക്‌ പുറമെ അഞ്ഞൂറോളം ക്രൈസ്‌തവ സഭകളുടെ കൂട്ടായ്‌മയായി അത്‌ വികസിച്ചു. പിന്നീട്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഊന്നലും ക്രൈസ്‌തവ ഐക്യത്തിലായിരുന്നു. അതിന്‍ ഫലമായി പുതിയ സംവിധാനങ്ങള്‍ രൂപംകൊണ്ടു. റോമില്‍ തന്നെ ഒരു സെക്രട്ടേറിയറ്റ്‌ ആരംഭിച്ചു. അതിന്റെ ആഭിമുഖ്യത്തില്‍ വിവിധ സഭകളുമായി സംവാദത്തിനുള്ള അവസരം ഒരുക്കുകയും ചെയ്‌തു. അങ്ങനെ രൂപംകൊണ്ട ഒരു സംവിധാനമാണ്‌ ആംഗ്ലിക്കന്‍ റോമന്‍ കാത്തലിക്‌ ഇന്റര്‍നാഷണല്‍ കമ്മീഷന്‍. (ആര്‍ക്കിക്ക്‌) കത്തോലിക്കാ സഭയും ആംഗ്ലിക്കന്‍ സഭയും തമ്മില്‍ ഐക്യം കൊണ്ടുവരാന്‍ സ്ഥാപിക്കപ്പെട്ട ഈ കമ്മീഷനില്‍ ഞാന്‍ അംഗമായിരുന്നു. സഭയിലെ നവീകരണ ശ്രമങ്ങള്‍ ഇതോടെ പൂര്‍ത്തിയായി എന്നു പറയാനാകില്ല. അത്‌ എക്കാലവും നടക്കേണ്ട ഒരു തുടര്‍ പ്രക്രിയയാണ്‌.

? വിമോചന ദൈവശാസ്‌ത്രത്തിന്‌ ഇന്ന്‌ സജീവത കുറവാണ്‌. ജനങ്ങളുടെ നീതി പോരാട്ടങ്ങള്‍ക്കൊപ്പം നീങ്ങാന്‍ ഇനിയുമൊരു ഊഴം ഉണ്ടാകുമോ ?

അടിമപ്പെട്ടവരെയും തിരസ്‌കൃതരേയും അവരുടെ കഷ്ടതകളില്‍ നിന്ന്‌ വിമോചിപ്പിക്കാനുള്ള ഊര്‍ജ്ജം പകരുന്ന ചിന്താ പദ്ധതിയാണ്‌ വിമോചന ദൈവശാസ്‌ത്രം. കഷ്ടപ്പെടുന്നവര്‍ ഉള്ളിടത്തോളം കാലം അതിന്റെ പ്രസക്തിയും തുടരും.

? വത്തിക്കാന്‍ രണ്ടിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇന്ത്യയിലെ സഭ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാത്തതിനെപ്പറ്റി അച്ചന്റെ അഭിപ്രായം ?

1962 ല്‍ ആരംഭിച്ച രണ്ടാം വത്തിക്കാന്‍ സുന്നഹദോസാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അതിന്റെ തീരുമാനങ്ങള്‍ അടങ്ങുന്ന ദീര്‍ഘമായ ഒരു ഗ്രന്ഥം തന്നെയുണ്ട്‌. അതെല്ലാം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും കുറേ കഴിഞ്ഞപ്പോള്‍ ഏറെക്കുറെ വിസ്‌മൃതിയിലായി. വാസ്‌തവത്തില്‍ ആ വിസ്‌മൃതിയുടെ തുടര്‍ച്ചയിലാണ്‌ നാമിപ്പോള്‍. ഇന്ത്യയിലെ സഭയുടെ ശുഷ്‌കാന്തി കുറഞ്ഞു എന്നതില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയില്‍ സഭകളില്‍ തന്നെ വേണ്ടിടത്തോളം അത്‌ പ്രകടമായി എന്നെനിക്ക്‌ തോന്നിയിട്ടില്ല. ഇവിടുത്തെ സഭാ നേതൃത്വം ആലസ്യത്തില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമല്ല. സഭയ്‌ക്കുള്ളിലെ കൊച്ച്‌കൊച്ച്‌ തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും വളരുമ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ വിസ്‌മൃതിയിലാകും.

? സഭയുടെ ഭരണപരമായ കാര്യങ്ങളില്‍ അല്‍മേയര്‍ക്കുള്ള പങ്കെന്താണ്‌. അവരാരും ഇടപെട്ടിട്ടില്ലല്ലോ എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്‌തുക്കച്ചവടത്തില്‍ ?

അല്‍മേയര്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. നിലവിലുള്ള വിവാദത്തില്‍ അല്‍മേയരെ വേണ്ടവിധത്തില്‍ പരിഗണിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ ഇതൊരു വലിയ പ്രശ്‌നമായി സഭയ്‌ക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഭൂമി പ്രശ്‌നം സംബന്ധിച്ച തര്‍ക്കം രൂക്ഷമായപ്പോള്‍ അല്‍മേയര്‍ അഭിപ്രായവുമായ്‌ മുന്നോട്ട്‌ വന്നുവല്ലോ. പൊതുവായി പറഞ്ഞാല്‍ മുന്‍കാലങ്ങളില്‍ അല്‍മേയര്‍ക്ക്‌ വിദ്യാഭ്യാസം കുറവായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. നല്ല വിദ്യാഭ്യാസവും ലോകപരിജ്ഞാനവുമുള്ള എത്രയോ സ്‌ത്രീ-പുരുഷന്മാരാണ് ഇന്നു സഭയിലുള്ളത്‌. ആ അറിവ്‌ പങ്കുവെയ്‌ക്കപ്പെടണം. ആ അറിവില്‍ മെത്രാന്‍മാരും വൈദികരും പങ്കാളികളായി തീരണം. അത്‌ സമൂഹത്തിന്റെ ആവശ്യമാണ്‌. കേരളത്തിലെ സഭയില്‍ പ്രത്യേകിച്ച്‌ വൈദിക മേധാവിത്വം പ്രകടമായിത്തന്നെ കാണാം. എല്ലാ കാര്യങ്ങളും മെത്രാന്‍മാരും അച്ചന്‍മാരും മാത്രം ഏറ്റെടുത്ത്‌ ചെയ്യുന്നത്‌ ശരിയല്ല. അങ്ങനെ ചെയ്‌തതിന്റെ ദുഷ്‌ഫലമാണ്‌ ഇപ്പോള്‍ വ്യാപകമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ആലോചനാ സമിതികളില്‍ അല്‍മേയരെ കൂടി പങ്കെടുപ്പിച്ച്‌ അവര്‍ക്ക്‌ പറയുവാനുള്ളത്‌ പറയാന്‍ സ്വാതന്ത്ര്യവും അവസരവും നല്‍കണം. അങ്ങനെ പൊതുവായുള്ള ഒരു അഭിപ്രായ രൂപീകരണം സഭയ്‌ക്കുള്ളില്‍ ഉണ്ടായേ തീരൂ.

? പോപ്പ്‌ ഫ്രാന്‍സീസ്‌ ക്ലറിക്കലിസത്തെ വൈദിക മേഥാവിത്വത്തെ പലതവണ അപചപിച്ചിട്ടുണ്ട്‌. കത്തോലിക്കരുടെയിടയില്‍ ലോകമെങ്ങും കാണപ്പെടുന്ന പ്രതിഭാസമാണിത്‌. താങ്കളുടെ പ്രതികരണം ?

വൈദികര്‍ക്കും മെത്രാന്മാർക്കും മാന്യമായ സ്ഥാനം സമൂഹത്തിലുണ്ട്‌, ഉണ്ടാവണം. അത്‌ പക്ഷേ, ഏകപക്ഷീയമാവരുത്‌. അല്‌മായരെ ചെറുതാക്കുന്ന നിസ്സാരവത്‌ക്കരിക്കുന്ന രീതിയിലാവരുത്‌. ബോധപൂര്‍വ്വമാണു മെത്രാന്മാർ ഇതു ചെയ്യുന്നത്‌ എന്ന്‌ ആരും പറയുന്നില്ല. ഫലത്തില്‍ പക്ഷേ, അങ്ങനെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്‌. അതിനെ ഗൗരവമായി എടുക്കണം. അതിന്റെ ദൂഷ്യഫലങ്ങള്‍ സമുദായ മധ്യത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വേണം. അല്ലാത്തപക്ഷം യേശുവിന്റെ മൗതികശരീരമായ സഭാസമൂഹത്തില്‍ പുലര്‍ത്തുന്ന ഐക്യദാര്‍ഢ്യം നഷ്ടപ്പെട്ടിട്ടും അല്‌മായരില്‍ ആരോഗ്യകരമല്ലാത്ത അസമത്വവും അധമ്യബോധവും വളരും.

? ഇന്ത്യയുടെ ബഹുസ്വരത കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട മൂല്യമത്രേ. ഇക്കാര്യം പൊതുവെ അംഗീകരിക്കപ്പെടുന്നുണ്ട്‌. `എത്ര തലകളുണ്ടാം അത്രയും അഭിപ്രായങ്ങളും’ അടിസ്ഥാനപരമായ ഭിന്നതകള്‍ നിലനില്‍ക്കെതന്നേ ആശയവിനിമയവഴി എങ്ങനെ സൗഹൃദഭാസുരമായ സാമൂഹ്യസമാധാനം സംരക്ഷിക്കാനാവും. ഭിന്നതകള്‍ കണ്ടില്ലെന്നു നടിക്കുന്നത്‌ കണ്ണടച്ച്‌ ഇരുട്ടാക്കുന്നത്‌ പോലെ മൗഢ്യമാണ്‌. ഭിന്നതകളെ ഗൗരവമായെടുക്കുകയും സൂക്ഷ്‌മനിരീക്ഷണം വഴി വിലയിരുത്തുകയുമാണ്‌ വേണ്ടത്‌. `വ്യത്യാസം നീണാള്‍ വാഴട്ടെ’ എന്നര്‍ത്ഥമുള്ള ഒരു ചൊല്ല്‌ ഫ്രഞ്ച്‌ ഭാഷയിലുണ്ട്‌. വ്യത്യാസങ്ങളെ നാം സ്വാഗതം ചെയ്യണം. അവയെ ഒഴിവാക്കാനാവില്ല. ഒഴിവാക്കേണ്ട ആവശ്യവുമില്ല. ഭിന്നത ജീവിതത്തെ ആസ്വാദ്യതരമാക്കുന്നു. അതിനു എരിവും പുളിയും മാധുര്യവും പകരുന്നു. അതിനെ വര്‍ണ്ണശബളമാക്കുന്നു.

വിഷയമെന്തുമാകട്ടെ സന്ദര്‍ഭം ഏതുമാവട്ടെ അതിനെപ്പറ്റിയുള്ള നമ്മുടെ സംഭാഷണം സ്‌നേഹനിര്‍ഭരമായിരിക്കണം. നമ്മുടെ നാക്ക്‌ മറ്റുള്ളവരെ വളര്‍ത്താനല്ലാതെ, തളര്‍ത്താനോ തകര്‍ക്കാനോ വേണ്ടി ഉപയോഗിക്കരുതെന്ന്‌ ചുരുക്കം. വ്യത്യസ്‌തതകള്‍ നിലനില്‍ക്കേത്തന്നെ മനുഷ്യര്‍ക്ക്‌ എങ്ങനെ ആശയ വിനിമയം നടത്താനാവും എന്ന ചോദ്യം പ്രധാനമാണ്‌. പ്രഥമദൃഷ്ടിയില്‍ കാര്യം ലളിതമാണെന്നു തോന്നിയേക്കാം. പക്ഷേ, എപ്പോഴും അങ്ങനെ ആവണമെന്നില്ല. വ്യത്യാസങ്ങള്‍ ഒന്നുതന്നെ ആവാമെങ്കിലും കേവലം നിര്‍വ്വികാരരായിട്ടായിരിക്കുകയില്ല അവ നമ്മുടെ മനസില്‍ പതിയുക. സൗഹൃദം, സന്തോഷം, ദു:ഖം, ശത്രുത തുടങ്ങിയ ഏതെങ്കിലും വികാരത്തോടൊപ്പമാകും നാം അതിനോട്‌ പ്രതികരിക്കുന്നത്‌. അതിന്‍പ്രകാരം നമ്മുടെ വാക്കുകളിലും ഭാവങ്ങളിലും മാറ്റം വരും.

ശത്രുതാബോധത്തോടെ പ്രതികരിക്കുമ്പോഴാണ്‌ പ്രതിയോഗിക്കെതിരെ `നികൃഷ്ടജീവി’, `പരനാറി’ തുടങ്ങിയ സഭ്യേതരപദങ്ങള്‍ പ്രയോഗിക്കാന്‍ നാം പ്രലോഭിതരാകുന്നത്‌. കേരളത്തിലെ രാഷ്‌ട്രീയനേതൃത്വത്തിന്റെ ഉന്നതസ്ഥാനീയരില്‍ പോലും ഇത്തരം പ്രയോഗവൈകൃതങ്ങള്‍ അപൂര്‍വ്വമല്ല. ചില സവിശേഷസന്ദര്‍ഭങ്ങളില്‍, പക്ഷേ, ഇവ പോലും സ്വീകാര്യമായി കാണുന്നവരുമുണ്ട്‌. ഉദാഹരണം, ആദ്യത്തെ തെറി പദം കണ്ടുപിടിച്ചവന്‍ വിലപ്പെട്ട സംഭാവനയാണ്‌ സമൂഹത്തിന്‌ നല്‍കിയതെന്ന്‌ ഫ്രോയിഡ്‌ എഴുതിയിട്ടുണ്ട്‌. ശത്രുവിനോടുള്ള വിദ്വോഷം രൂക്ഷതമമാകുമ്പോള്‍ അവനെതിരെ വിഷലിപ്‌തമായ കുന്തമുനയ്‌ക്കു പകരം തെറിപ്പദം പ്രയോഗിക്കുന്നതില്‍ ആശ്വാസംകണ്ടെത്തുന്ന പ്രക്രിയ.

തീവ്ര വികാരങ്ങള്‍ മനസിനെ ക്ഷോഭനിര്‍ഭരമാക്കുമ്പോള്‍ മനുഷ്യര്‍ പലമാതിരി പ്രതികരിക്കുന്നു. മുഖാമുഖമുള്ള പ്രതികരണമാണ്‌ ഒന്ന്‌. അതിനുപുറമെ ഫോണ്‍, കത്ത്‌, ഇന്റര്‍നെറ്റ്‌ എന്നിവയിലൂടെയും വിനിമയം നടക്കാം. സാമൂഹ്യമാധ്യമങ്ങളിലൂടെ പരോക്ഷമായി പ്രതികരിക്കുന്നവരുമുണ്ട്‌. വൈരനിര്യാതനബുദ്ധിയോടെ ചിലര്‍ കുത്തുവാക്കും കൊള്ളിവാക്കും പ്രയോഗിക്കുന്നു. അതുവഴി പ്രതിപക്ഷ ബഹുമാനത്തിന്റേയും സാമാന്യമര്യാദയുടേയും സീമകള്‍ ഉല്ലങ്കിക്കുന്നു. ഫലമോ സാമൂഹ്യബന്ധങ്ങള്‍ വിഷകലുഷമാകുന്നു.

?കാര്യങ്ങള്‍ ഈ വഴിയേ നീങ്ങുമ്പോള്‍ ഒരു വീണ്ടുവിചാരത്തിനുള്ള സമയമാകുന്നു. ഇതുകൊണ്ടൊക്കെ ആര്‍ക്ക്‌ എന്ത്‌ പ്രയോജനം ?

എനിക്ക്‌ തീരെ ഇഷ്ടപ്പെടാത്ത ഒരു അനുഭവമാണ്‌ ഞാനിപ്പോള്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്‌. മറ്റുള്ളവര്‍ എന്നോട്‌ എപ്രകാരം പെരുമാറണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നുവോ അതുപോലെ വേണം ഞാന്‍ അവരോട്‌ പെരുമാറാന്‍ എന്നല്ലേ യേശു പഠിപ്പിക്കുന്ന്‌. അതുതന്നെയാവട്ടെ ഞാനും സ്വന്തമാക്കുന്ന പെരുമാറ്റച്ചട്ടം. ബഹുകോടി അംഗങ്ങളുള്ള ഒരു ബൃഹദ്‌ സംഘടനയാണ്‌ കത്തോലിക്കസഭ. അതിനുള്ളില്‍ അര്‍ത്ഥവത്തായ ആശയവിനിമയത്തിനുള്ള സാധ്യതയെത്രയുണ്ട്‌?

പലപല മട്ടില്‍ തരംതിരിച്ച്‌ മാത്രം ഉത്തരം പറയേണ്ട ചോദ്യമാണിത്‌. ആദിമനൂറ്റാണ്ടുകളില്‍ സഭാ സമൂഹത്തിന്‌ ക്രൂരമര്‍ദ്ദനം ഉള്‍പ്പെടെയുള്ള ഒട്ടനവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌. അവയെ നേരിടാന്‍ ക്രൈസ്‌തവര്‍ പ്രകടിപ്പിച്ച ധീരത അനേകരുടെ ആദരം നേടിയെടുത്തു. വിശ്വാസി സമൂഹത്തിന്റെ തളര്‍ച്ചയ്‌ക്കല്ല വളര്‍ച്ചയ്‌ക്കാണ്‌ അതു കാരണമായത്‌. രക്തസാക്ഷികള്‍ ചിന്തിയ രക്തം ക്രൈസ്‌തവര്‍ക്ക്‌ ജന്മം നല്‍കുന്ന വിത്തായി പരിണമിച്ചു.

നാലാംനൂറ്റാണ്ടില്‍ സ്ഥാനമേറ്റ കോണ്‍സ്‌റ്റന്റൈന്‍ ചക്രവര്‍ത്തിയാണു ഇതെല്ലാം മാറ്റിമറിച്ചത്‌. ആദ്യം ക്രിസ്‌തുമതം സ്വീകരിച്ചതിനെ തുടര്‍ന്ന്‌ റോമാ സാമ്രാജ്യത്തിനുള്ളില്‍ മതസ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമായി. മാത്രമല്ല ഉദാരമായ ആനുകൂല്യങ്ങളും സാമ്പത്തിക സഹായവും അവര്‍ക്ക്‌ ലഭ്യമാവുകയും ചെയ്‌തു. അതോടൊപ്പം എക്‌സലെന്‍സി, ഗ്രേസ്‌ തുടങ്ങിയ ടൈട്ടിലുകളും അവയോടൊപ്പം പോകുന്ന വേഷഭൂഷാദികളും ക്രൈസ്‌തവര്‍ക്ക്‌ ലഭ്യമായി. അതോടെ ക്രൈസ്‌തവ സഭാനേതൃത്വം ലൗകികതയുടെ കേളീരംഗമായി അവരുടെ ജീവിതത്തില്‍ ആദ്ധ്യാത്മികതയ്‌ക്കു ക്ഷതമേല്‍ക്കുകയും ക്രൈസ്‌തവ വിശുദ്ധി ക്ഷതോന്മുഖമാവുകയും ചെയ്‌തു. മെത്രാന്മാർ രാജകീയ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ഒരുയര്‍ന്ന വര്‍ഗ്ഗമായി മാറി. അല്‌മായര്‍ പൊതുവേ പാവപ്പെട്ടവരും ഓരോ വിഭാഗത്തിന്റെയും ജീവിത ശൈലിയിലും സംവിധാനരീതിയിലും മാറ്റം വന്നു. പുതിയ നിയമഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഈ മാറ്റം വ്യക്തമായി കാണാം. അപ്പസ്തലന്മാരുടെയിടയിലെ പോലും സംഭാഷണം `നേരെ വാ, നേരെ പോ’ എന്ന നിലയില്‍ വളച്ചുകെട്ടില്ലാത്തതായിരുന്നു. ഉദാഹരണം: ഗലാത്ത്യര്‍ക്കുള്ള ലേഖനത്തില്‍ (2:11) നാം വായിക്കുന്നു. കേപ്പ (പത്രോസ്‌) അന്ത്യോഖ്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടത്‌ കൊണ്ട്‌ ഞാന്‍ (പൗലോസ്‌) അവനെ മുഖത്തു നോക്കിയെതിര്‍ത്തു. ഇന്നു മെത്രാന്മാർ തമ്മില്‍ കണ്ടുമുട്ടുന്നരംഗം വിവരിക്കേണ്ടി വരുമ്പോള്‍ ഇതുപോലെ അവക്രലളിതമായ ആര്‍ജ്ജവം ഊഹിക്കുക പോലും സാധ്യമല്ല. മറിച്ച്‌ `അഭിവന്ദ്യ പത്രോസ്‌ പിതാവ്‌ അന്ത്യോഖ്യായില്‍ വന്നപ്പോള്‍’ എന്നാരംഭിക്കുന്ന ഒരു വാക്യമായിരിക്കും അത്‌. ഇത്തരം ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ഉദ്ധരിക്കാനുണ്ട്‌. അവയുടെ ഒരു നീണ്ട പട്ടിക തരപ്പെടുത്തുന്നതിന്‌ അര്‍ണോസ്‌ പാതിരിയുടെ പഴയ ഇടവകയില്‍ ജനിച്ചു വളര്‍ന്ന ജോണ്‍ കള്ളിയത്തിനോട്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നത്‌. അദ്ദേഹത്തിന്റെ സവിശേഷ ശ്രദ്ധ ഈ രീതിയില്‍ തടയാ തടയിടാനുള്ള കാരണമെന്തെന്ന്‌ ആലോചിക്കുന്നതും പ്രയോജനപ്രദമായിരിക്കും.

തയ്യാറാക്കിയത്: രാജേശ്വരി പി .ആർ .