മണ്ണുമര്യാദയുടെ അശാന്തപര്‍വ്വം -സി.ടി.തങ്കച്ചന്‍

മണ്ണുമര്യാദയുടെ അശാന്തപര്‍വ്വം -സി.ടി.തങ്കച്ചന്‍
കലയും ജീവിതവും പരസ്പരം ഇഴപിരിക്കാനാവാത്ത വിധം ലയിച്ചു ചേര്‍ന്ന അപൂര്‍വ്വചിത്രമെഴുത്തുകാരനായിരുന്നു അശാന്തന്‍ – പൊതുവെ ശാന്തനായി കാണപ്പെട്ട അശാന്തന്റെ അന്തര്‍ സംഘര്‍ഷങ്ങളുടെ അടയാളമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും ചിത്രരചനയും.
മണ്ണുമായും മനുഷ്യനുമായുമുള്ള ജൈവ പരമായ അടുപ്പം അയാളുടെ കലാജീവിതത്തില്‍ ഉടനീളം കാണാം. ആധുനിക വികസന സാധ്യതകള്‍ വളഞ്ഞു പിടിക്കുന്ന തന്റെ ഗ്രാമത്തിലിരുന്ന് നമുക്ക് നഷ്ടമാവുന്ന മണ്ണുമര്യാദയെക്കുറിച്ചാണ് അയാള്‍ വ്യാകുലപ്പെട്ടത്. വികസന വഴിയില്‍ നഷ്ടമാവുന്ന തങ്ങളുടെ തൊഴിലിടത്തെയും ഭൂമിയെയും കുറിച്ചുള്ള ആകുലതകള്‍ പങ്കുവെക്കുന്ന മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമാണ് അശാന്തന്റെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവരെ അടയാളപ്പെടുത്താന്‍ മറ്റൊരു ചിത്രകാരനും ഉപയോഗിക്കാത്ത മീഡിയമായ ചാണകവും കരിയും ഇഷ്ടികപ്പൊടിയും മണ്ണും ഉപയോഗിച്ചു വരച്ച നിരവധി ചിത്രങ്ങള്‍ അശാന്തന്റെതായുണ്ട്.
കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ചിത്രരചനയുമായ് അശാന്തന്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും അകാലത്തില്‍ പൂച്ചക്കാലു വെച്ച് കടന്നു വന്ന മരണവും, അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് അശാന്തനെ കേരളത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
എറണാകുളം ജില്ലയിലെ എളമക്കരയിലെ പീലായാട് എന്ന ഗ്രാമത്തില്‍ 1968 ലാണ് അശാന്തന്‍ ജനിക്കുന്നത്. മകന് മഹേഷ് എന്നാണ് അഛനമ്മമാര്‍ പേരിട്ടതെങ്കില്‍ തനിക്ക് തിരിച്ചറിവായ കാലത്ത് മഹേഷ് അശാന്തന്‍ എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു. അശാന്തമായ ഈ ലോകത്ത് എങ്ങനെ ശാന്തമായി ജീവിക്കാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് മഹേഷ് അങ്ങനെയൊരു പേര് സ്വീകരിച്ചത്. ചിത്രംവര ജന്‍മസിദ്ധമാണെങ്കിലും സാധനയുണ്ടെങ്കിലേ നല്ല ചിത്രകാരനാവാന്‍ കഴിയൂ എന്ന് മഹേഷിനറിയാമായിരുന്നു. അങ്ങനെയാണ് അയാള്‍ എറണാകുളത്തെ ചിത്രശൈലത്തില്‍ ചിത്രകലാ പരിശീലനത്തിനെത്തുന്നത്.
ഒരു ദരിദ്ര കര്‍ഷകത്തൊഴിലാളി കുടുംബത്തിലായിരുന്നു മഹേഷിന്റെ ജനനം. ജനനം മുതല്‍ ദാരിദ്യം ഇയാളുടെ തോഴനായിരുന്നു. ആ സൗഹൃദം മരണം വരെ തുടര്‍ന്നു. ചിത്രകലയിലും ശില്‍പ്പകലയിലും ഡിപ്ലോമ നേടിയിരുന്നെങ്കിലും അതൊന്നും ജീവിതായോധനത്തിന് അശാന്തന്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല. ചിത്ര-ശില്‍പ രചനയോടൊപ്പം നാടന്‍ പാട്ടുകളെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ക്കും അശാന്തന്‍ സമയം കണ്ടെത്തിയിരുന്നു. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ജൈവസമ്പത്തിനെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചുമുള്ള അന്വേഷങ്ങള്‍ക്കൊടുവിലാണ് മണ്ണുമര്യാദ എന്ന പേരില്‍ അശാന്തന്‍ ഒരു പുസ്തകം രചിക്കുന്നത്. അതിന്റെ കൈയ്യഴുത്ത് പൂര്‍ത്തിയായതിനു ശേഷമാണ് അശാന്തന്റെ വേര്‍പാട്. 
ഇന്ന് ഇന്ത്യയിലെത്തന്നെ ആര്‍ട്ട് ഹബ്ബായി മാറി എന്ന് അവകാശപ്പെടുന്ന കൊച്ചിയിലാണ് അശാന്തന്‍ എന്ന ചിത്രകാരന്‍ കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം ചിത്രമെഴുതിയും ശില്‍പ്പങ്ങള്‍ മെനഞ്ഞും ജീവിച്ചത്.
ചിത്രരചന മാത്രം നടത്തി ഒരാള്‍ക്ക് ജീവിക്കാനാവില്ല എന്നതിന്റെ സാക്ഷിയാണ് അശാന്തന്‍. മരിക്കുമ്പോള്‍ സ്വന്തമായി ഒരു നല്ല വീടുപോലും ഈ ചിത്രകാരനില്ലായിരുന്നു. ജീര്‍ണ്ണിച്ച ഒരു കുടിലില്‍ ചോര്‍ച്ച തടഞ്ഞു നിര്‍ത്താന്‍ മേല്‍ക്കുരയില്‍ നീല തര്‍പ്പായ വിരിച്ച വീട്ടിലാണ് മൃതശരീരം അന്ത്യകര്‍മ്മങ്ങള്‍ക്കായി കിടത്തിയിരുന്നത്.
മലയാളത്തിലെ ഒരു പത്രം അതിന്റെ ചാരിറ്റിയുടെ ഭാഗമായി കേരളത്തിലെ ഒരു നിര്‍ധനനായ ചിത്രകാരന് വിടുവെച്ചു നല്‍കാനുള്ള താല്‍പ്പര്യം കേരള ലളിതകലാ അക്കാദമിയെ അറിയിച്ചിരുന്നു. ഏറ്റവും അര്‍ഹനായ ചിത്രകാരനെ അന്വേഷിച്ചപ്പോള്‍ അശാന്തന്റെ പേരാണ് അക്കാദമിയില്‍ ഉയര്‍ന്നു വന്നത്. രണ്ടു തവണ കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡും 2015 ല്‍ സി.എന്‍ കരുണാകരന്‍ സ്മാരക ചിത്രകലാപുരസ്‌കാരവും 2017 ല്‍ സിദ്ധാര്‍ത്ഥന്‍ ഫൗണ്ടേഷന്‍ അവാര്‍ഡും നേടിയ അശാന്തനോളം അര്‍ഹനായ മറ്റൊരു ചിത്രകാരനെ കണ്ടെത്താന്‍ അക്കാദമിക്കായില്ല. എ.സത്യപാല്‍ അദ്ധ്യക്ഷനായ അക്കാദമിയാണ് അശാന്തന്റെ പേര് ശുപാര്‍ശ ചെയ്തത്. പത്തുലക്ഷം രൂപയുടെ സഹായമാണ് പത്രം വാഗ്ദാനം ചെയ്തിരുന്നത്. ഇതനുസരിച്ച് അശാന്തന്‍ തന്നെയാണ് തന്റെ സ്ഥലത്തിന്റെ ആധാരത്തിന്റെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും പത്രത്തിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറിയത്. ഇതിനിടയിലാണ് അക്കാദമിയില്‍ സെക്രട്ടറിയും ചെയര്‍മാനും തമ്മിലുള്ള മൂപ്പിളമതര്‍ക്കം ആരംഭിക്കുന്നത്. ഇത് ചെയര്‍മാന്റെ രാജിയിലാണ് കലാശിച്ചത്.