മണ്ണിന്റെ മുലപ്പാല്‍ വിഷം തീണ്ടുന്നു- ഡോ. സി. ആര്‍. രാജഗോപാലന്‍

മണ്ണിന്റെ മുലപ്പാല്‍ വിഷം തീണ്ടുന്നു- ഡോ. സി. ആര്‍. രാജഗോപാലന്‍
മണ്ണറിവുകള്‍ക്കൊരു ആമുഖം. ഉര്‍വരമായ മണ്ണിടങ്ങള്‍ക്കു സംഭവിക്കുന്ന വിഷദുരന്തങ്ങള്‍ക്കൊരു താക്കീത്
പഞ്ചഭൂതങ്ങള്‍ നിറഞ്ഞ മണ്ണിനെ മനോഹരമായ ശില്പമാക്കിമാറ്റിയവരാണ് പുരാതനസംസ്‌കാരങ്ങള്‍. പുരാവസ്തുഖനനത്തിലൂടെ കണ്ടെടുത്ത തിരിവയുടെ കണ്ടുപിടുത്തവും ആലയും ടെറാക്കോട്ടശില്പങ്ങളും കളിമണ്ണിനെ സംസ്‌കാരപ്പൊലിമയാക്കിമാറ്റിയ മണ്ണിന്റെ ചരിത്രമാണ് വ്യക്തമാക്കുന്നത്. ഭൂമിജാതകം നിര്‍ണയിച്ച് ശ്മശാനഭൂമിയെ കൃഷിഭൂമിയാക്കി വളര്‍ത്തിയെടുത്തവരാണ് പ്രാചീനര്‍. കളിമണ്‍പാത്ര നിര്‍മാണം മാത്രമല്ല രൂപാങ്കനം ചെയ്ത മണ്‍ഫലകങ്ങളും ചിത്രമെഴുതിയ മണ്‍വീടുകളും പ്രാചീനമനുഷ്യന്‍ നേടിയെടുത്ത മണ്ണറിവിന്റെ സദ്ഫലങ്ങളായിരുന്നു. നല്ല മണ്ണുകണ്ടെത്തി പാകത്തിന് ജലം ചേര്‍ത്ത് ചവിട്ടിക്കുഴച്ച് അതില്‍ ഇളനീരും നരന്തവളളിച്ചാറും ചേര്‍ത്ത് മണ്ണുരുളകള്‍ ഇഷ്ടികകളാക്കി പരിസ്ഥിതിമാടങ്ങളുണ്ടാക്കിയവര്‍ കൃഷിമണ്ണറിവിന്റെ ഉടയവരായിരുന്നു. മണ്ണും മനുഷ്യനൂം തമ്മിലുള്ള പാരസ്പര്യത്തിന്റെ അറിവടയാളങ്ങള്‍ പകര്‍ന്നാട്ടം നടത്തിയതാണ് പുരാവൃത്തങ്ങളും പാട്ടുകളും കലകളും. പ്രാചീന ഗ്രന്ഥമായ ‘ഭൂമിജാതക’ത്തില്‍ വാസ്തുഭൂമിയുടേയും കൃഷിഭൂമിയുടേയും തനതുവിജ്ഞാനങ്ങള്‍ പറയുന്നുണ്ട്. സംഘകാലഘട്ടത്തിലെ സൂക്ഷ്മമായ മണ്ണറിവിന്റെ വിഭജനമാണ് കുറിഞ്ചി, മുല്ല, പാല, മരുതം, നെയ്തല്‍ എന്ന തിണ സങ്കല്പം. സംസ്‌കാരത്തിന്റേയും ജീവന്റേയും ഉര്‍വരഭൂമി എന്ന നിലയില്‍ മണ്ണിനു കല്പിച്ച ആദിരൂപ സങ്കല്പങ്ങള്‍ സംസ്‌കാരസവിശേഷതകളായി.മണ്ണിലേക്കു മടങ്ങേണ്ടിയിരിക്കുന്നു. ഇക്കാണായ ദൃശ്യപ്രകൃതിക്കെല്ലാം ആധാരമായ മണ്‍മയുടെ അദൃശ്യ ജൈവികതയെക്കുറിച്ചുള്ള അജ്ഞതകൊണ്ടുമാത്രം ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു. മണ്ണിനോളം നന്മ മക്കള്‍ക്കുണ്ടായിരുന്നുവെങ്കില്‍ ആറ്റിലെ വെള്ളം മേലോട്ടൊഴുകുമായിരുന്നു. മാറ്റിമാറ്റിപ്പറയുന്ന ശാസ്ത്രത്തിന്റെ അവിവേകം ഒന്നുകൊണ്ടുമാത്രം ഭൂമി ഒരു പരീക്ഷണശാലയായി മാറി. ആദ്യത്തെ രാസായുധം ഭൂമിയില്‍ പതിച്ച നാള്‍ മുതല്‍ മണലാരണ്യങ്ങളും കടലുകളും പര്‍വതദേശങ്ങളും രാസയുദ്ധത്തിന്റെ ലബോറട്ടറിയാകുകയായിരുന്നു. അവിവേകത്തിന്റെ വില കടലാസുപുലിയല്ല. തൊണ്ണൂറ്റാറു മഹാവ്യാധികളും കലിതുള്ളുമ്പോള്‍ ജനറ്റിക് എഞ്ചിനീയറിങ് പൊടിപൊടിക്കുകയാണ്. വയലുകളില്‍ കടലാവണക്കു കൃഷി തുടങ്ങിയിരിക്കുന്നു – ബയോഫ്യൂവലിനുവേണ്ടി.
മണ്ണ് ശുദ്ധമായിരുന്നാലേ ഫലങ്ങള്‍ വിശുദ്ധമാകുന്നുള്ളു. മണ്ണിനകത്തെ മൂലകങ്ങള്‍ക്ക് കൈയും കണക്കുമില്ല. പാറകളും ചേറും ചതുപ്പുകളും വെട്ടുകല്ലുകളും ഉറുമ്പിന്‍കൂടുകളും ഫോസിലുകളും നിറഞ്ഞ മണ്ണ്. ഈ പാതാളലോകത്തില്‍ കഴിഞ്ഞുകൂടുന്ന ജീവനുകളും വായുവും ഉര്‍വരതയും നൂറ്റാണ്ടുകളായി നിലനില്പിന്റെ അദ്ഭുതലോകമായിരുന്നു. പഞ്ചഭൂതങ്ങളുടെ നിഴല്‍നാടകമാടുന്ന ഈ ലോകത്തുനിന്നാണ് ഓരോ പുല്‍നാമ്പും ജന്മമെടുക്കുന്നത്. ചതുപ്പുനിലങ്ങളില്‍ അള്ളിപ്പിടിച്ച് പടര്‍ന്നു പന്തലിക്കുന്ന വേരുകളുടെ അന്തര്‍ലോകങ്ങള്‍ ഈ മൂലകങ്ങള്‍ ഏറ്റുവാങ്ങുന്നു. ജലം ഒപ്പിയെടുക്കുന്നു. ജലം ശേഖരിക്കുന്നു. കായ്കനികള്‍ക്കാവശ്യമായതുമാത്രം വലിച്ചെടുക്കുന്നു. അടിമണ്ണില്‍ തന്നെ അന്നത്തിന്റെ ആദ്യത്തെ സംസ്‌ക്കരണ പ്രക്രിയ നടക്കുന്നു. മേല്‍മണ്ണില്‍ മറ്റൊരു പ്രക്രിയ നടക്കുന്നു. മണ്ണിന്റെ വിശുദ്ധികള്‍ കതിര്‍ക്കുലകളായി നിറഞ്ഞപ്പോള്‍ ആദിമര്‍ മണ്ണമ്മയെ മറന്നില്ല. ചേറില്‍നിന്നു ചോറുണ്ടാകുന്നതിന്റെ കഥകള്‍ പുരാവൃത്തങ്ങളും ഇതിഹാസങ്ങളുമായി. ഉഴവുചാലില്‍ നിന്ന് ജനിച്ചവള്‍ക്കും അവസാനം ഭൂമാതാവ് മാത്രമാണ് രക്ഷയായത്.
ഭൂമിയില്‍ ചാണകം തളിച്ചും കളമെഴുതിയും കോലമെഴുതിയും പൂക്കളിട്ടും ജൈവവളങ്ങളിട്ടും മണ്ണിനെ താലോലിച്ചിരുന്ന ഗ്രാമീണകാര്‍ഷിക സംസ്‌കാരവും ഇന്നത്തെ ആര്‍ത്തിനിറഞ്ഞ ഉപഭോഗ സംസ്‌കൃതിയും താരതമ്യം ചെയ്തുനോക്കേണ്ട സമയമായിരിക്കുന്നു. വികസനവിനാശത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ എല്ലാം അരങ്ങേറിയത് മണ്ണിലായിരുന്നു. ആണവമാലിന്യങ്ങള്‍ മുതല്‍ വിഷലായനികള്‍ വരെ മണ്ണിലും കാട്ടിലും കടലിലുമൊഴുക്കുന്നു. ആശുപത്രിമാലിന്യങ്ങള്‍ അതിരപ്പള്ളിയില്‍ തട്ടുന്നു. എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്നത് വയലും വയല്‍ത്തടാകങ്ങളും പുഴകളുമാണ്. അവ മണ്ണിന്റെ അടരുകളിലൂടെ ഒലിച്ചിറങ്ങി ഭൂഗര്‍ഭജലപ്പരപ്പിലേക്കും പുഴപ്രവാഹങ്ങളിലേക്കും മഹാനദികളിലേക്കും എത്തിച്ചേരുന്നു. ‘നിശ്ശബ്ദവസന്ത’ത്തിന്റെ കാലത്ത് എല്ലാം ഉറഞ്ഞ്, കരിഞ്ഞ് വറ്റിത്തീരുമ്പോള്‍ മണ്ണിന്റെ ഉര്‍വരതയുടെ വംശനാശമാണ് സംഭവിക്കുന്നത്. പാറ്റകളും കാക്കകളും മാത്രം അവശേഷിച്ചേക്കാം. എന്‍ഡോസള്‍ഫാന്‍കൊണ്ട് പ്രകൃതിക്കുതന്നെ ഉര്‍വരതാ നഷ്ടം സംഭവിക്കുന്നു. ഈ മണ്ണിന്റെ ഉര്‍വരത നഷ്ടപ്പെട്ടാലോ? ഒരു ചിതല്‍പ്പുറ്റോ തേനീച്ചക്കൂടോ അവശേഷിച്ചേക്കാം. ഭക്ഷണവുമേന്തിയുള്ള ഉറുമ്പുകളുടെ അനന്തയാത്രകള്‍ ഭൂഖണ്ഡങ്ങളില്‍നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് നീങ്ങിയേക്കാം. അനുയോജ്യമായ കാലാവസ്ഥയും മണ്ണും തേടിയുള്ള അവസാനിക്കാത്ത യാത്ര. അന്നത്തിനു വേണ്ടിയുള്ള യാത്ര. കൈയില്‍ കിട്ടിയ മുന്തിരിയിലകളും ചുമന്നുകൊണ്ടുള്ള പുഴുയാത്ര.