ഭിന്നാഭിപ്രായങ്ങള്‍ തുറന്നടിച്ചുപറഞ്ഞ കാപ്പനെ ഓര്‍ക്കുമ്പോള്‍ – ശിവ വിശ്വനാഥന്‍

ഭിന്നാഭിപ്രായങ്ങള്‍ തുറന്നടിച്ചുപറഞ്ഞ കാപ്പനെ ഓര്‍ക്കുമ്പോള്‍ – ശിവ വിശ്വനാഥന്‍

നമുക്ക് മുമ്പേ ജനിച്ചവരോടും പക്വത ആര്‍ജിച്ചവരോടും എനിക്ക് പലപ്പോഴും വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട്. മഹദ് വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുവാന്‍ അവര്‍ ഭാഗ്യം ലഭിച്ചവരാണ്. പണ്ഡിതന്മാരും നൂതനമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയവരും പ്രചോദിപ്പിക്കുക മാത്രമല്ല നമ്മെ സമ്പന്നമാക്കാന്‍ കഴിയുന്ന വിലയേറിയ ഓര്‍മകള്‍കൂടി ഇവിടെ അവശേഷിപ്പിച്ചിട്ടുണ്ട്. ഇവരുടെ കഥ പറയുവാനുള്ള ഓരോ ശ്രമവും ഈ ധന്യജീവിതങ്ങളുടെ അടയാളപ്പെടുത്തലാണ്. ഈ കാലഘട്ടത്തില്‍ നമുക്ക് അതിജീവിക്കണമെങ്കില്‍ തീര്‍ച്ചയായും ഇത്തരം കഥകള്‍ അനിവാര്യമാണ്. ഹന്ന ആരന്റ് പറഞ്ഞതുപോലെ ”ഇരുണ്ട കാലത്തെ മനുഷ്യര്‍ക്ക്” കഥ പറച്ചില്‍ നല്‍കുന്ന സമാശ്വാസം ആവശ്യമാണ്. വരുംതലമുറ അവരുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു സുഭാഷ് ചന്ദ്രബോസിനെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും മനസ്സിലാക്കിയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ സ്വപ്നം കാണുകയാണ്. ഇന്ത്യയില്‍ ഭിന്നമായ ഭാവനാശേഷികള്‍ ഉള്ളവര്‍ ഗാന്ധിജിയുടെയും ഹാവേലിന്റെയും ടുടുവിന്റെയും സൃഷ്ടികള്‍ കുറച്ചുകൂടി മൂര്‍ത്തമായ രീതികളില്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. ഇവരൊന്നും വെറും പാഠങ്ങള്‍ ആയിട്ടല്ലാതെ നമ്മുടെ ഗാഢമായ ജീവിതലോകത്തിന്റെ ഭാഗമായിത്തീരണം. കൊച്ചിയില്‍ നടന്ന സെബാസ്റ്റ്യന്‍ കാപ്പന്‍ സെമിനാറില്‍ പങ്കെടുത്ത സന്ദര്‍ഭത്തില്‍ ഈയൊരു നഷ്ടബോധം ഒരിക്കല്‍കൂടി ഞാനും അനുഭവിച്ചു.


ഒറ്റ ജീവിതത്തില്‍തന്നെ ഒരുപാട് ചിന്താലോകങ്ങളെ ആശ്ലേഷിച്ച ഐതിഹാസിക ജീവിതമാണ് സെബാസ്റ്റ്യന്‍ കാപ്പന്‍. മാര്‍ക്‌സിസത്തില്‍ അവഗാഹമുള്ള ഒരു ജെസ്യൂട്ട് വൈദികന്‍. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍നിന്ന് Economics and philosophical Manuscripts എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. മാര്‍ക്‌സിസത്തിനും അപ്പുറംനില്‍ക്കുന്ന ഒരു മാര്‍ക്‌സിനെ കണ്ട സ്വപ്നദര്‍ശി. രാഷ്ട്രീയപാര്‍ട്ടികളെയും കത്തോലിക്കാ സഭയെയും വിമര്‍ശനാത്മകമായി സമീപിക്കുകയും സൈദ്ധാന്തികമായി യോജിക്കുമ്പോഴും അവയുടെ സ്ഥാപനവത്കൃത സങ്കല്പങ്ങളോട് കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടദ്ദേഹം ധൈഷണികലോകത്തും സമരരംഗത്തും സംവാദത്തിന്റെയും ബോധം സൃഷ്ടിച്ചു. ഇത്തരം ഇടപെടലുകളിലൂടെ വിമോചന ദൈവശാസ്ത്രമതം ഇരുപതാം നൂറ്റാണ്ടിലെ ശക്തമായ പ്രസ്ഥാനങ്ങളില്‍ ഒന്നാക്കിത്തീര്‍ത്തു. റെയ്മണ്ട് പണിക്കരോടും ഇവാന്‍ ഇല്ലിച്ചിനോടും ചേര്‍ന്ന് നീതിബോധത്തിനും പാണ്ഡിത്യത്തിനും ബലമുള്ള ഒരു ലോകം സൃഷ്ടിക്കുകയും പ്രത്യയശാസ്ത്രങ്ങളുടെ ബഹളത്തെയും ആധിപത്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിശ്ശബ്ദതയേയും അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഫാസിസവും സ്വേച്ഛാധിപത്യവും വിഹരിക്കുന്ന സമകാലിക ലോകത്തിന്റെ ഭാവിസംബന്ധമായ ഏറ്റവും നിര്‍മലമായ ചിന്തകള്‍ പങ്കുവയ്ക്കുന്ന കാപ്പന്റെ രചനകള്‍ എളുപ്പത്തില്‍ ലഭ്യമായിരുന്നുവെങ്കില്‍ എന്ന് ആരും ഈ കാലഘട്ടത്തില്‍ ആഗ്രഹിച്ചുപോകും.


അഭിപ്രായങ്ങള്‍ ആരോടും തുറന്നടിച്ച് വെളിപ്പെടുത്തിയ കാപ്പന്‍, ഹിന്ദുത്വ ആശയങ്ങളുടെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിക്കുമ്പോള്‍ തന്നെ അദ്ദേഹം ക്രിസ്തുമതത്തെയും മൂര്‍ച്ചയേറിയവിധം വിമര്‍ശിച്ചിരുന്നു; പ്രത്യേകിച്ചു അധികാരികളുടെ മൗനത്തെ. ഇപ്രകാരം വിമര്‍ശനത്തില്‍ കാപ്പന്‍ പുലര്‍ത്തിയ സര്‍ഗാത്മകസന്തുലനം മനസ്സിലാക്കുവാന്‍ അദ്ദേഹം പിന്തുടര്‍ന്ന രീതിശാസ്ത്രവും ജീവിതതത്ത്വശാസ്ത്രവും അറിയണം.


ഓരോ മതവും അഭിവൃദ്ധിപ്രാപിച്ചത് ഇതരമതങ്ങളുടെ ഉള്‍ക്കാഴ്ചകളും വെല്ലുവിളികളും സ്വീകരിച്ചുകൊണ്ടാണെന്നും അവ ഇല്ലാതെ ഓരോ മതവും അപൂര്‍ണമാണെന്നും റെയ്മണ്ട് പണിക്കരെപ്പോലെ കാപ്പനും വാദിച്ചു. ഹിന്ദുയിസം ബുദ്ധിസത്തോട് കടപ്പെട്ടിരിക്കുമ്പോള്‍ ക്രിസ്തീയത കൂടുതലായി ഹിന്ദുയിസത്തോടും വ്യത്യസ്തതലത്തില്‍ മാര്‍ക്‌സിസത്തോടും കടപ്പെട്ടിരിക്കുന്നു. മതസംവാദം ഒരിക്കലും സാധാരണ ഉത്തരവാദിത്തങ്ങള്‍ക്ക് പുറമേയുള്ള ഒരു പ്രവര്‍ത്തനമല്ല. മറിച്ച് അത് ദാര്‍ശനികവത്കരണത്തിന്റെ കാതലായ കര്‍മമാണ്. ഒരാള്‍ സ്വയം കണ്ടെത്താന്‍ അപരനിലേക്ക് നടത്തുന്ന തീര്‍ത്ഥയാത്രയാണ് സംവാദമെന്ന പണിക്കരുടെ വര്‍ണനകള്‍ കാപ്പന്റെ ചിന്തകളില്‍ പ്രതിധ്വനിക്കുന്നുണ്ട്. സംവാദം, ആരോഗ്യപരമായി സംഭാഷണങ്ങള്‍ക്കും വിവിധ ദര്‍ശനസമ്പ്രദായങ്ങളില്‍ നിന്നും ഗുണകരമായി സ്വാംശീകരിക്കുവാനും അവസരം നല്‍കുകവഴി മതങ്ങളില്‍ വിസ്മയഭാവവും പുത്തനുണര്‍വും സൃഷ്ടിച്ചു. വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്ന വ്യാഖ്യാനവലയത്തിന് രൂപം നല്‍കുന്ന ഒരു ബഹുസ്വര ലോകത്തെയാണ് സംവാദം നിര്‍മിക്കുന്നത്. അതാകട്ടെ ഏകയുക്തി – ഏകദൈവ കേന്ദ്രീകൃതമായ മതബോധങ്ങളെ അതിലംഘിക്കുന്നതാണ്. സമ്പന്നവും അഭിപ്രായഭിന്നതകള്‍ക്കുപോലും ഇടയാക്കുന്നതുമായ ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും ലോകത്തെ സൃഷ്ടിച്ച സംവാദങ്ങളുടെയും വ്യവഹാരങ്ങളുടെയും മതങ്ങളുടെയും ഒരു പരിതഃസ്ഥിതിയിലായിരുന്നു കാപ്പന്‍ ജീവിച്ചത്.


ദൈവശാസ്ത്ര കൂടപ്പിറപ്പുകള്‍ എന്ന മട്ടില്‍ പരസ്പരം ആഘോഷിക്കുകയും കലഹിക്കുകയും ചെയ്യുന്ന വിവിധ മതങ്ങളുടെ ബഹുസ്വരതയോട് വൈജ്ഞാനികതയുടെ ബഹുസ്വരത കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. സത്യത്തിലേക്ക് ഏകവഴിയല്ല ഉള്ളത് എന്ന് മതങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ അറിവിന്റെ ബഹുമുഖ വൈജ്ഞാനികലോകം ചരിത്രം, മനഃശാസ്ത്രം, ഐതിഹ്യം, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ എന്നിവയിലൂടെ ഏകകാലികമായി തിരിച്ചറിവ് മതങ്ങള്‍ക്ക് ആവശ്യമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. കേരളത്തിലെയും ചെന്നൈയിലെയും ചേരിപ്രദേശങ്ങളിലൂടെയാണ് കാപ്പന്‍ തന്റെ പലവിധ ധാര്‍മിക സംഭാഷണങ്ങളുമായി നടന്നത്.


കാപ്പന്‍ തന്റെ ക്രിസ്തീയ സ്വത്വബോധത്തെ വിമര്‍ശനവിധേയമാക്കിക്കൊണ്ടാണ് ചിന്താപദ്ധതിക്ക് തുടക്കമിട്ടത്. ക്രിസ്തീയ സഭയുടെ സ്ഥാപനവത്കൃത യുക്തിയെ പിന്തുടര്‍ന്ന് മതപരിവര്‍ത്തനം നടത്തുകവഴി പ്രവാചക ക്രിസ്തുവിനെയും അവിടുത്തെ പ്രബോധനങ്ങളെയും ഉപേക്ഷിച്ചുവെന്ന് അദ്ദേഹം വാദിച്ചു. ഇങ്ങനെ സത്യത്തിന് അതിന്റെ ഊര്‍ജ്ജവും ചൈതന്യവും നഷ്ടമാകുന്നുവെന്ന് തിരിച്ചറിഞ്ഞ കാപ്പന്‍ വിശ്വാസമെന്ന ക്രിസ്തീയ സര്‍ഗാത്മകതയ്ക്ക് അംഗസംഖ്യ പെരുപ്പിച്ചുകാണിക്കുന്നവിധമുള്ള മതപരിവര്‍ത്തനം ആവശ്യമില്ലയെന്ന് വിളിച്ചുപറഞ്ഞു. ക്രിസ്തുസന്ദേശത്തിന്റെ ആധികാരികതയെ പരിഹാസവിധേയമാക്കുകയാണ് മതപരിവര്‍ത്തനം വഴി സംഭവിക്കുന്നത്. ഹിന്ദുത്വ ഹിന്ദുയിസത്തില്‍ നിന്ന് വ്യതിചലിച്ച് മധ്യകാല ക്രിസ്തുമതത്തെ അനുകരിക്കുകവഴി വലിയൊരു വിരോധാഭാസമാണ് സംഭവിക്കുന്നത്. സെമിറ്റിക്‌വത്കരിക്കപ്പെട്ട ഹിന്ദുത്വ കോളനിവത്കരണത്തിന് എതിരെയുള്ള മറുപടിയല്ല അധിനിവേശത്തിന്റെ മറ്റൊരുവിധത്തിലുള്ള തുടര്‍ച്ചയാണ്.


കാപ്പന്‍ തന്റെ ലേഖനങ്ങള്‍ എഴുതുന്നത് ബി.ജെ.പിയുടെ ഉദയത്തിന് രണ്ടുമൂന്ന് ദശാബ്ദങ്ങള്‍ക്കു മുമ്പാണെങ്കിലും അദ്ദേഹത്തിന്റെ സങ്കല്പങ്ങളും ചിന്തകളും ഭാവിയുടെ മുന്‍വിചാരങ്ങളായിരുന്നു. ഏറ്റവും സവിശേഷശക്തിയുള്ളത് ദീര്‍ഘദര്‍ശനത്തോടെ അദ്ദേഹം വിഭാവനം ചെയ്ത വിചാരഘടനകളായിരുന്നു. ഹിന്ദുത്വ ഒരു മിത്ത് എന്ന നിലയില്‍ സ്വാധീനശക്തി നേടുവാന്‍ കാലത്തെയും ചരിത്രത്തെയും മതത്തെയും വളച്ചൊടിക്കുന്നതിനെക്കുറിച്ച് ശക്തമായ നിരീക്ഷണങ്ങള്‍ ഉന്നയിച്ചു. ഹിന്ദുത്വ ദൈവത്തെക്കുറിച്ചുള്ള ഭാഗികമായ ആശങ്കയാണ്, അത് ഒരു ചെറിയ വിഭാഗം ആളുകളുടേതു മാത്രമാകുന്നു. ഹിന്ദുയിസം വിവിധ ദര്‍ശനസമ്പ്രദായങ്ങളില്‍ നിന്നു ഗുണപരമായവ സ്വാംശീകരിക്കുന്ന ഒരു ജീവിതശൈലിയായിരുന്നുവെങ്കിലും അതിനെ ദേശരാഷ്ട്രത്തിന്റെയും ക്രൈസ്തവസഭയുടെയും യുക്തികള്‍ സംയോജിപ്പിച്ചുകൊണ്ട് സെമിറ്റിക് ശൈലിയില്‍ വൈവിധ്യങ്ങളില്‍ നിന്നും വ്യതിചലിച്ച് ഐക്യരൂപമുള്ളതാക്കിത്തീര്‍ക്കാനാണ് ഹിന്ദുത്വ ശ്രമിക്കുന്നത്. കാപ്പന്‍ ഈ കാര്യം വിശദീകരിക്കുന്നത് കാലം, ജനാധിപത്യം, ഹിംസ എന്നീ ഘടനകളിലൂടെ എങ്ങനെയാണ് ഹിന്ദുത്വ മിത്ത് രൂപപ്പെടുന്നത് എന്ന് വിശദീകരിച്ചുകൊണ്ടാണ്.