ഭാഷയില്‍ തെളിയുന്നതാണ് ജീവിതം – ബിജു ജോര്‍ജ്

ഭാഷയില്‍ തെളിയുന്നതാണ് ജീവിതം – ബിജു ജോര്‍ജ്

ജീവിതം ഒറ്റയ്ക്കിരുത്തുമ്പോഴും ഒറ്റയ്‌ക്കൊരാളാണെന്ന വിചാരം ബലിഷ്ഠമാകാതിരിക്കാനും സംഘം ചേരുവാനുംവേണ്ടി പുറപ്പെട്ടിടം തേടുവാന്‍ നമുക്കൊരു ഭാഷ വേണം. ‘ഇന്നു ഭാഷയിതപൂര്‍ണം’ എന്ന് കുമാരനാശാന്‍ പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും സമൂഹത്തില്‍ ഇടപെടാനുള്ള കേവലം ഒരു ഉലകമന്നമായി മനുഷ്യര്‍ ആര്‍ജിച്ചെടുക്കുന്ന കഴിവ് എന്ന ലളിതയുക്തിയില്‍ ഭാഷാചിന്തകളെ ഒരിക്കലും തളച്ചിടാനാവില്ല. വാസ്തവത്തില്‍ ഓരോ മനുഷ്യനിലും അന്തര്‍ലീനമായിരിക്കുന്ന ജൈവികോര്‍ജവും അടിസ്ഥാന ഭാവവുമാണ് ഭാഷ. ആശയവിനിമയം എന്ന പ്രാഥമിക ധര്‍മത്തിന് അപ്പുറം ഭാവനയുടെയും ചിന്തയുടെയും ആശ്ലേഷണത്തിന്റെയും വൈിവിധ്യപൂര്‍ണമായ ഇടങ്ങളിലേക്ക് ഭാഷാസിദ്ധി കടന്നുനില്‍ക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ മനുഷ്യന്‍ ഭാഷയാണെന്ന് വേണമെങ്കില്‍ പറയാം. നമ്മള്‍ ഭാഷയില്‍ ജീവിക്കുന്നവരായതുകൊണ്ട് സര്‍ഗാത്മകതയിലേക്കും ആത്മീയതയിലേക്കും സാഹിതീയവും വൈജ്ഞാനികവുമായ മണ്ഡലങ്ങളിലേക്കും ഉണരുവാനും മനുഷ്യജീവിതത്തിന്റെ സൗന്ദര്യാത്മക ഉള്ളുതന്നെ വിപുലപ്പെടുത്തുവാനും കഴിയുന്നുണ്ട്. എന്തുകൊണ്ട് ഭാഷയെ ‘ഉണ്മയുടെ പാര്‍പ്പിടം’ (Language is the house of being) എന്ന് ഹൈഡഗര്‍ വിശേഷിപ്പിച്ചത് എന്ന് ആലോചിക്കുന്നത് ഉചിതമാണ്. ഞാന്‍ എന്ന സ്വത്വാനുഭവത്തെ സാധ്യമാക്കുന്നതിന് വ്യക്തികള്‍ക്കും ഒപ്പം സമൂഹത്തിനും അനിവാര്യമായ ഉറച്ച അടിത്തറയാണ് ഭാഷ. അറിവിന്റെയും അനുഭവങ്ങളുടെയും സ്രോതസ്സുകളായ ജീവലോകവുമായി തനിക്ക് പുറത്തുള്ള കോടിക്കണക്കിന് മനുഷ്യരുമായി നിരന്തരം നമ്മെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഭാഷയങ്ങനെ ഉണ്മയെ അപരനിലേക്ക് ഇറക്കുവാനുള്ള വാതില്‍ ആവുന്നു.


ഒരു വ്യക്തി തന്റെ സ്വപ്‌നങ്ങള്‍, വികാരങ്ങള്‍, വിചാരങ്ങള്‍, അനുഭവലോകങ്ങള്‍ അങ്ങനെ സര്‍വതും ഭാഷയിലൂടെയാണ് തന്നിലേക്ക് ചേര്‍ത്തുപിടിക്കുന്നതും അപരനിലേക്ക് ചേര്‍ത്തുവയ്ക്കുന്നതും. വാസ്തവത്തില്‍ ഭാഷയിലാണ് മനുഷ്യജീവിതം കൂടുതല്‍ സാമൂഹികവും ഭാവനാത്മകവുമാകുന്നത്. ഇങ്ങനെ രൂപപ്പെടുന്ന സാമൂഹികതയുടെ ബലം വര്‍ദ്ധിപ്പിക്കാനാണ് സാഹിതീയവും വൈജ്ഞാനികവുമായ ഘടകങ്ങളെ കൂട്ടുചേര്‍ക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നത്. അവയില്ലെങ്കില്‍ ചിലപ്പോള്‍ നമ്മുടെ ലോകം ഇരുള്‍വീണ് മങ്ങാം.


മലയാളത്തിന്റെ പുതുക്കല്‍


കേരളത്തില്‍ മാതൃഭാഷയുമായി ബന്ധപ്പെട്ട് നടക്കുന്ന ഭാഷാഭിമാന ആലോചനകളും സംവാദങ്ങളും സമരങ്ങളും മുന്നോട്ടുവയ്ക്കുന്ന ഉത്കണ്ഠകളും ഭാഷാപരമായ ജാഗ്രതകളും ഒരധിക ശ്രദ്ധ നേടുന്നതില്‍ ഈ അടുത്തകാലത്ത് വിജയിച്ചിട്ടുണ്ട്. മലയാളി ജീവിതത്തില്‍ മലയാളഭാഷ പലതായി ജീവിക്കുകയും മറ്റു പല ഭാഷകളുമായി കലരുകയും നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കുകയും അതുവഴി ഭാഷയെ മാറിക്കൊണ്ടിരിക്കുന്ന അനുഭവലോകത്തെ ചരിത്രവത്കരിക്കുവാന്‍ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മലയാളത്തിന്റെ ഈ പുതുക്കല്‍ പ്രക്രിയ പലപ്പോഴും ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രധാനപ്പെട്ട കാഴ്ചപ്പാട് മാതൃഭാഷ ഒരു വ്യക്തിയുടെ രൂപപ്പെടുത്തലില്‍ നിര്‍ണായകപങ്ക് വഹിക്കുന്നത് എന്നതാണ്. ഒരു കുട്ടിയുടെ ചിന്താശേഷിയെയും ആശയക്രമീകരണശേഷിയെയും സര്‍ഗാത്മക പ്രകടങ്ങളെയും ഊര്‍ജിതമാക്കുന്നതില്‍ മാതൃഭാഷയിലൂടെ രൂപീകൃതമാകുന്ന മനസ്സിന്റെ പ്രാധാന്യം പല പഠനങ്ങളും ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതിനാല്‍ മാതൃഭാഷ വ്യക്തിത്യവികാസം ഉറപ്പാക്കാന്‍ അനിവാര്യഘടകമാണെന്ന കാര്യത്തില്‍ സംശയമില്ല. ‘മാതൃഭാഷ നഷ്ടമായാല്‍ വ്യക്തിക്ക് തന്നെതന്നെയാണ് നഷ്ടമാകുന്നത്. ഒരു രാജ്യത്തിനും സംസ്‌കാരത്തിനും അതിന്റെ ഓര്‍മയാണ് നഷ്ടമാകുന്നതെന്ന്’ യുനെസ്‌കോയുടെ ഗുഡ്വില്‍ അംബാസിഡറായിരുന്ന വിഗ്ബിന്‍ സിങ്ങ് പറഞ്ഞ വാക്കുകള്‍ ഒരു തിരിച്ചറിവിലേക്കുള്ള വഴിയാണ്. ഭാഷയുടെ തിരോധാനം ഒരു ജനതയുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണ് എന്ന സാമൂഹിക നരവംശശാസ്ത്രജ്ഞരുടെയും ഭാഷാപണ്ഡിതരുടെയും കണ്ടെത്തലുകളും ഭാവിയില്‍ മലയാളികള്‍ക്ക് അസ്തിത്വപരമായ ഒരു ശൂന്യതയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിലും ആഫ്രിക്കയിലും അമേരിക്കയിലുമായി നിരവധി പ്രാദേശികഭാഷകള്‍ മൃത്യാവസ്ഥയിലാകുന്നുവെന്നത് അനിഷേധ്യമായ വസ്തുതയായിരിക്കുന്ന സാഹചര്യത്തില്‍. അതിനാല്‍ മലയാള ഭാഷയുടെ ഭാവി ഇരുളടഞ്ഞതാകുമോ എന്ന ആധി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ വളരെ കടുത്തതാണ്. മലയാളത്തിന്റെ മരണം എന്ന നിലവിളിക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് നാം വളരെ കാര്യമായിത്തന്നെ ആലോചനാവിഷയമാക്കേണ്ടതുണ്ട്.


ഒരു കാര്യം വ്യക്തമാണ്, മാറ്റം എന്നത് മറ്റേതു കാര്യത്തിലെന്നതുപോലെ ഭാഷയുടെയും മൗലികസ്വഭാവമാണ്. ഈ വസ്തുത എപ്രകാരം നാം ഉള്‍ക്കൊള്ളുന്നുവെന്നതും നമ്മുടെ ഭാഷാജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന ചലനങ്ങളെയും പ്രകമ്പനങ്ങളെയും അതീവജാഗ്രതയോടെ കൈകാര്യം ചെയ്യാനുള്ള ശേഷി നമുക്ക് ഉണ്ടോ എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അടിമുടി പരിണമിച്ചുകൊണ്ട് പ്രയാണം ചെയ്യുന്ന ഒരു ജനവിഭാഗത്തിന് ഭാഷയിലും അങ്ങനെ മാത്രമേ മുന്നോട്ടുപോകുവാന്‍ കഴിയുകയുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാഷാസംബന്ധിയായ ആശങ്കകള്‍ മൗലികവാദപരമായ നിലപാടുകളോട് കൈകോര്‍ക്കാതിരുന്നാല്‍ നല്ലത്. ഇന്ന് മൃതഭാഷകര്‍ എന്ന് വിളിക്കുന്ന ലാറ്റിന്‍, സംസ്‌കൃതംപോലുള്ള ഭാഷകള്‍ സാധാരണ ജനതയുടെ നിത്യവ്യവഹാരജീവിതത്തോട് പുലര്‍ത്തിയ അകലം തന്നെയല്ലേ അവയുടെ അപ്രത്യക്ഷപ്പെടലിനും കാരണം. ഒരു ഭാഷ അതിന്റെ ചുറ്റുപാടുമുള്ള ജനസാമാന്യത്തിന്റെ സ്വപ്‌നങ്ങളും അനുഭവങ്ങളായി കൂടിക്കലരാതെ വരേണ്യബോധം സ്വയം കല്‍പ്പിച്ച് കാര്‍ക്കശ്യങ്ങളുടെയും നിയമങ്ങളുടെയും ഗൂഢവാദത്തിന്റെയും തീട്ടൂരങ്ങളുമായി അയിത്തപ്പാടകലെ സഞ്ചരിക്കുമ്പോള്‍ കാലം കരുതിവയ്ക്കുന്ന മറുപടിയാണ് മൃതഭാഷാ പദവി.