ഭാരതീയ ശാസ്‌ത്ര പൈതൃകത്തില്‍ ഭാവന കലര്‍ത്തരുത്‌

ഭാരതീയ ശാസ്‌ത്ര പൈതൃകത്തില്‍ ഭാവന കലര്‍ത്തരുത്‌

ഏറെ സങ്കീര്‍ണ്ണമാണ്‌ ശാസ്‌ത്രം, ഭാഷ, നവോത്ഥാനം എന്നീ മേഖലകള്‍ തമ്മിലുള്ള പാരസ്‌പര്യങ്ങള്‍. ശാസ്‌ത്രവും ഭാഷയും ഇന്ത്യന്‍ നവോത്ഥാനത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന്‌ പരിശോധിക്കുകയാവും ഒരു സമീപനം. ഇതില്‍ കേരളത്തിന്‌ സവിശേഷ പ്രാധാന്യം നല്‍കുകയും വേണം.

വിദേശചരിത്രജ്ഞര്‍ അവതരിപ്പിച്ച ഒരാശയമാണ്‌ നവോത്ഥാനം. ക്രി.പി. 1500 മുതല്‍, യൂറോപ്പില്‍ ഒരു പുതിയ സംസ്‌കൃതി വളര്‍ന്നുവന്നു. കല, സാഹിത്യം, ദര്‍ശനം, ശാസ്‌ത്രം തുടങ്ങിയ മേഖലകളില്‍ വമ്പിച്ച മുന്നേറ്റം ഉണ്ടായി എന്നത്‌ ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്‌. ബൗദ്ധികവ്യാപാരങ്ങളില്‍ യുക്തിക്ക്‌ പരമോന്നതസ്ഥാനം നല്‍കിയതും ശ്രദ്ധേയമാണ്‌. 13-ാം നൂറ്റാണ്ടുമുതല്‍ യൂറോപ്പില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടുതുടങ്ങി. ക്ലാസ്സിക്കല്‍ ഭാഷകളായ ഗ്രീക്കിന്റെയും ലത്തീനിന്റെയും സ്ഥാനത്ത്‌, സാധാരണക്കാരുടെ സംസാരഭാഷകളായ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ഇറ്റാലിയന്‍, ജര്‍മന്‍ തുടങ്ങിയവയിലൂടെ വിജ്ഞാനം ലഭ്യമാവാനാരംഭിച്ചത്‌; ക്രൈസ്‌തവസഭയുടെ മര്‍ക്കടമുഷ്‌ടിക്ക്‌ അയവുവന്നത്‌; യൂറോപ്പും മധ്യപൂര്‍വ്വദേശവും തമ്മിലുള്ള സമ്പര്‍ക്കം ശക്തിപ്രാപിച്ചത്‌; അച്ചടിച്ച ഗ്രന്ഥങ്ങള്‍ പ്രചാരത്തിലായത്‌; ശാസ്‌ത്രസാങ്കേതികരംഗങ്ങളില്‍ കുതിച്ചുചാട്ടങ്ങള്‍ ഉണ്ടായത്‌; വാണിജ്യവ്യവസായമേഖലകളില്‍ അഭൂതപൂര്‍വ്വമായ പുരോഗതി രേഖപ്പെടുത്തിയത്‌; സുകുമാരകലകളില്‍ നവീനപ്രസ്ഥാനങ്ങള്‍ സജീവമായത്‌ – ഇങ്ങനെ, വൈവിധ്യമാര്‍ന്ന ഒരു പ്രക്രിയ ആയിരുന്നു യൂറോപ്യന്‍ നവോത്ഥാനം. ലോകമഹായുദ്ധങ്ങള്‍ക്കുശേഷം ഈ പ്രക്രിയ വര്‍ദ്ധിതവീര്യമാര്‍ജ്ജിച്ചിട്ടുണ്ട്‌.

യൂറോപ്യന്‍ അനുഭവത്തില്‍ നിന്ന്‌ വ്യതിരിക്തമായി, ഇന്ത്യന്‍ നവോത്ഥാനത്തെ മൂന്ന്‌ ഘട്ടങ്ങളായി വിഭജിക്കാവുന്നതാണ്‌. ഏകദേശമായി പറഞ്ഞാല്‍, 1900 വരെ ഒന്നാംഘട്ടവും, 1900 തൊട്ട്‌ 2000 വരെ രണ്ടാംഘട്ടവും, 2000-നുശേഷം മൂന്നാംഘട്ടവും ആണ്‌. ഒന്നാംഘട്ടത്തില്‍ സംസ്‌കൃതത്തിന്റെ ആധിപത്യം; രണ്ടാം ഘട്ടത്തില്‍ ഇംഗ്ലീഷിന്റെ കോയ്‌മ; മൂന്നാംഘട്ടമെന്ന്‌ പറയുന്നത്‌ വെറുമൊരു കാലയളവായി മാത്രം ഇപ്പോള്‍ കണക്കാക്കിയാല്‍ മതി. രണ്ടാംഘട്ടത്തില്‍ സ്‌കൂള്‍ തലത്തില്‍ ശാസ്‌ത്രം അഭ്യസിക്കുന്നത്‌ ഇംഗ്ലീഷിലോ, മാതൃഭാഷയിലോ ആവാമായിരുന്നു. മൂന്നാംഘട്ടം ആയപ്പോള്‍ ഇംഗ്ലീഷുകാര്‍ പോയെങ്കിലും, ഇംഗ്ലീഷ്‌ അധികാരത്തിന്റെയും ശാസ്‌ത്രത്തിന്റെയും ഭാഷയായിത്തീര്‍ന്നു. മാതൃഭാഷയിലുള്ള ശാസ്‌ത്രപഠനം 10-ാം ക്ലാസ്‌ വരെയെങ്കിലും ഇപ്പോഴും ചില സ്‌കൂളുകളില്‍ ഉണ്ടെങ്കിലും, നല്ലൊരു വിഭാഗം ജനങ്ങള്‍ അവരുടെ കുട്ടികളെ ഇംഗ്ലീഷ്‌ മാധ്യമ സ്‌കൂളുകളിലേക്കയയ്‌ക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിന്റെ ഭാഷയായി ഹിന്ദി ഉപയോഗിക്കുന്നു.

പ്രാചീനഭാരതത്തില്‍ വിദ്യാഭ്യാസം ബ്രാഹ്മണര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ജൈനിസവും ബുദ്ധിസവും പ്രചരിച്ചതോടെ, വര്‍ണാശ്രമവ്യവസ്ഥയുടെ കാര്‍ക്കശ്യം അല്‌പം കുറയുകയും ഇതര സവര്‍ണവിഭാഗങ്ങളെയും വിദ്യാഭ്യാസപ്രക്രിയയില്‍ പരിമിതമായ തോതില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. യൂറോപ്പില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന്‌ എത്രയോ മുന്‍പേ ഇന്ത്യയില്‍ സര്‍വകലാശാലകള്‍ സ്ഥാപിതമായി! പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും സ്‌കൂളുകള്‍ സര്‍വകലാശാലകളായിരുന്നില്ലെന്നോര്‍ക്കണം. തക്ഷശില, നളന്ദ, വിക്രമശില, വല്ലഭി, പുഷ്‌പഗിരി, ഒദാന്തപുരി, സോമപുര തുടങ്ങിയവ നമ്മുടെ പുരാതന സര്‍വകലാശാലകളായിരുന്നു. Read More subcribe