ഭാരതീയ ധാര്‍മികത തിരിച്ചുപിടിക്കുക – ജസ്റ്റിസ് കെ. അബ്രഹാം മാത്യു

ഭാരതീയ ധാര്‍മികത തിരിച്ചുപിടിക്കുക  – ജസ്റ്റിസ് കെ. അബ്രഹാം മാത്യു

നിയമവും നീതിയും

നിയമവും നീതിയും രണ്ടു സങ്കല്‍പ്പങ്ങളാണ്. അവ പരസ്പരപൂരകങ്ങള്‍ കൂടിയാണ്. പക്ഷേ, പ്രായോഗികമായി അങ്ങനെയാകണമെന്നില്ല. നിയമം എന്ന് പറയുന്നത് ചട്ടങ്ങളുടെ ഒരു കൂട്ടമാണ്. അതിന്റെ  ഉടനെയുള്ള ലക്ഷ്യം സമൂഹത്തില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കുക എന്നതാണ്. എന്നാല്‍ അതിന്റെ ആത്യന്തിക  ലക്ഷ്യം നീതി നടപ്പാക്കുകയാണ്.


നിയമം യഥാര്‍ത്ഥത്തില്‍ മാര്‍ഗവും നീതി ലക്ഷ്യവുമാണ്. അല്ലെങ്കില്‍, അങ്ങനെ ആയിരിക്കണം. എന്നാല്‍ ഈ നിയമവും നീതിയും തമ്മില്‍ ബന്ധമില്ലാത്ത പല ഉദാഹരണങ്ങളും നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ കാണാന്‍ സാധിക്കും. നീതി ലക്ഷ്യമാക്കി നിര്‍മിക്കുന്ന നിയമങ്ങള്‍പോലും യഥാര്‍ത്ഥത്തില്‍ നീതി ഉറപ്പാക്കണം എന്നില്ല. സാങ്കേതികതയുടെ ആധിക്യംമൂലം നിയമത്തിന് പലപ്പോഴും ഇടര്‍ച്ച സംഭവിക്കാറുണ്ട്. ഉദാഹരണത്തിന് ഒരാള്‍ കടം വാങ്ങിക്കുന്നു, കടം വാങ്ങി മൂന്നുവര്‍ഷം കഴിഞ്ഞാല്‍ കേസ്‌കൊടുക്കാന്‍ പറ്റില്ല. അത് കാലഹരണപ്പെട്ടുപോകും. അത് നീതിയല്ല. കടം വാങ്ങിയത് തിരിച്ചുകൊടുക്കുക എന്നത് ധാര്‍മികതയാണ്. ആ ധാര്‍മികതയാണ് യഥാര്‍ത്ഥത്തില്‍ നീതി.


ഇത്തരം സാങ്കേതികത കാരണം പലപ്പോഴും പല നിയമങ്ങളും നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ നീതി കൈവരിക്കാന്‍ ഉതകുന്നില്ലായെന്നത് യാഥാര്‍ഥ്യമാണ്. കോടതി യഥാര്‍ത്ഥത്തില്‍ ധര്‍മം അനുസരിച്ചുള്ള നീതിയല്ല നിയമമനുസരിച്ചുള്ള നീതിയാണ് നടപ്പിലാക്കുന്നത്. അത് ജഡ്ജിയുടെ മനസ്സാക്ഷിക്കനുസൃതമായിപ്പോലും നടപ്പാക്കാന്‍ പറ്റില്ല. കാരണം, നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ട് മാത്രമേ നീതി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ.  നിയമം എന്താണ് എന്നു തീരുമാനിക്കുന്നത് ഭൂരിപക്ഷമാണ്. ഭൂരിപക്ഷാഭിപ്രായം രൂപപ്പെടുന്നതും  പൊതുജനാഭിപ്രായമോ സ്വാധീനമോ മൂലമാകാം. ഒരു പ്രത്യേക നിയമം ഉണ്ടാവണമെന്ന് ആഗ്രഹിച്ചവരുടെ സംതൃപ്തി മാത്രമേ ഇവിടെ ലക്ഷ്യമാകുന്നുള്ളൂ. മറിച്ച് അതില്‍  സാമൂഹികനീതിയുണ്ടാവണമെന്നില്ല. ഒരു പ്രത്യേക നിയമം ഉണ്ടാകണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുകയും അതിനനുസൃതമായി നിയമ നിര്‍മാതാക്കളില്‍ ഭൂരിഭാഗവും യോജിക്കുകയും ചെയ്യുമ്പോള്‍ അത് നിയമമായി മാറും. അവിടെ നീതി തമസ്‌കരിക്കപ്പെടാം.


ബൈബിളില്‍നിന്ന്  ഉദാഹരണം ചൂണ്ടിക്കാണിക്കാം. ഉപേക്ഷാപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട് എന്ന് ഫരിസ്യര്‍ ചോദിക്കുമ്പോള്‍ ക്രിസ്തു പറയുന്നത് നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതി നല്‍കിയത് എന്നാണ്; ആദിമുതലേ അങ്ങനെയായിരുന്നില്ല. അത് ധാര്‍മികമായ ഒന്നോ, ദൈവത്തിന്റെ നീതി അനുസരിച്ചുള്ള ഒന്നോ അല്ല. ദൈവം സ്ത്രീയെയും പുരുഷനെയും ഒന്നിപ്പിച്ചിരിക്കുന്നത് വേര്‍പെടാന്‍ അല്ല. സമൂഹത്തിന്റെ മാനസികാവസ്ഥ അനുസരിച്ചാണ് പലപ്പോഴും നിയമം ഉണ്ടാക്കുന്നത്. അവിടെ നീതി അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്.


കോടതി സാധാരണഗതിയില്‍ ഒരു നിയമം വ്യാഖ്യാനിക്കുമ്പോള്‍ ആ നിയമം  നീതിക്കു ചേരുന്നതല്ലായെന്ന്  കണ്ടുകഴിഞ്ഞാല്‍ അതിനെ നീതിക്ക് ചേരുന്നതാക്കിതീര്‍ക്കുന്നത് വ്യാഖ്യാനം വഴിയാണ്. കോടതിയുടെ കടമയാണത്. കാരണം, ഭരണഘടന നിയമത്തേക്കാള്‍ ഉപരി നീതി ആണ് പറയുന്നത്. നിയമം വ്യാഖ്യാനിക്കുമ്പോള്‍  ന്യായാധിപന്റെ കാഴ്ചപ്പാടിനെ  രൂപപ്പെടുത്തുന്ന ഘടകങ്ങളാണ് അദ്ദേഹത്തിന്റെ  കുടുംബപശ്ചാത്തലം, മതവിശ്വാസം, രാഷ്ട്രീയ ചായ്‌വ്, സാമൂഹികബോധം എന്നിവ. ഇതുകൂടാതെ, ജീവിതാനുഭവവും ഒരു മുഖ്യഘടകമാണ്. ജീവിതാനുഭവങ്ങള്‍ ഇല്ലാത്ത ജഡ്ജിമാരാണ് പലപ്പോഴും വ്യാഖ്യാനത്തില്‍ പരാജയപ്പെടുന്നത്. കാരണം, അവരുടെ അറിവ് നിയമപുസ്തകങ്ങളില്‍നിന്നു മാത്രമാണ്. നിയമം പ്രയോഗികമായതുകൊണ്ടുതന്നെ അവയെക്കുറിച്ചു തീര്‍ച്ചയായിട്ടും ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ ചിന്തിക്കാന്‍ പറ്റുള്ളൂ. അല്ലാതെ വരുമ്പോള്‍ ഇത് വെറും അക്കാദമിക് താത് പര്യം മാത്രമായി മാറും. ന്യായാധിപന്മാര്‍ക്ക് ജീവിതാനുഭവം ഇല്ലാതെ വരുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും നിയമത്തിന്റെ വ്യാഖ്യാനങ്ങളില്‍ പല അപാകതകളും ഉണ്ടാകും. തങ്ങളുടെ വ്യാഖ്യാനം നീതിപുലര്‍ത്തുന്നതിന്  സഹായകമാണോ എന്നു ചിന്തിക്കുന്നതില്‍നിന്ന് അവരുടെ കുറവ് അവരെ പിന്തിരിപ്പിക്കുന്നു.


ചില നിയമങ്ങള്‍ നീതിയെ പരിപോഷിപ്പിക്കുന്നില്ലായെന്നു മാത്രമല്ല അനീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഉത്തമോദാഹരണമാണ് 2015ലെ ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട്. കുട്ടികളുടെ ക്ഷേമം ആണ് അതു ലക്ഷ്യമാക്കുന്നത്. സംരക്ഷണവും പരിരക്ഷയും ആവശ്യമായ കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ഈ നിയമത്തില്‍ പറയുന്നുണ്ട്. ഭാരതത്തിലെ അനാഥാലയങ്ങള്‍ കൂടുതലും നടത്തിയിരുന്നത് മതവിഭാഗങ്ങളാണ്. ഇപ്പോഴത്തെ നിയമം അനുസരിച്ച് ഒരുപാട് നിയന്ത്രണങ്ങള്‍ അനാഥാലയങ്ങള്‍ നടത്തുന്നതില്‍ വന്നിട്ടുണ്ട്. താമസക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ശ്രദ്ധയും പരിചരണവും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ വച്ചിരിക്കുന്നത്. പക്ഷേ, ഇത് യഥാര്‍ത്ഥത്തില്‍ പ്രായോഗികമായി  ചിന്തിച്ചിട്ടെഴുതിയതല്ല  എന്നുവേണം കരുതാന്‍. അല്ലെങ്കില്‍, വളരെ സുചിന്ത്യമായലക്ഷ്യം  അതിന്റെ പിന്നില്‍ ഉണ്ടെന്ന് നമ്മള്‍ ധരിക്കേണ്ടിവരും. ബാലനീതി നിയമം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ നടപ്പിലാക്കി അനാഥാലയങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍  ബുദ്ധിമുട്ടാണ്.   ഗവണ്‍മെന്റിന് അത് ചെയ്യാന്‍ പറ്റുകയുമില്ല. ഗവണ്‍മെന്റ്  ഒരു അനാഥാലയവും ഇവിടെ നടത്തുന്നില്ല. സ്തുത്യര്‍ഹമായി നടത്തിക്കൊണ്ടിരുന്ന ഒരു സംവിധാനത്തെയാണ് നിയമത്തിന്റെ ബലത്തില്‍ തളര്‍ത്തുന്നത്. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതി എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍.


ഭാരതീയ നീതിശാസ്ത്രം ( ജൂറിസ്പ്രുഡന്‍സ് )


ജൂറിസ്പ്രുഡന്‍സ്  എന്നത് നിയമത്തെക്കുറിച്ചുള്ള അറിവാണ്. പക്ഷേ, അതിനുമപ്പുറം വിശാലമായ അര്‍ത്ഥമുണ്ടതിന്. ഭാരതീയ കാഴ്ചപ്പാടില്‍ ധര്‍മമെന്ന് വിവക്ഷിക്കുന്നു. ധര്‍മം എന്നത് ഒരുവന്റെ കടമകളെയും നീതിബോധത്തെയും ആണ് അര്‍ത്ഥമാക്കുന്നത്. ‘യതോ ധര്‍മ സ്തതോ ജയ?’ (ധര്‍മം  എവിടെയാണുള്ളത്, അവിടെ ജയമുണ്ട്) എന്നാണു സുപ്രീംകോടതിയുടെതന്നെ മുദ്രയിലുള്ളത്. അത് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. ധര്‍മത്തിന് തുല്യമായ ഇംഗ്ലീഷ് പദം ഇല്ല. നന്മനിറഞ്ഞ എല്ലാ നൂതന ആശയങ്ങളും ധാര്‍മികമായി ചെയ്യേണ്ട. എല്ലാ കാര്യങ്ങളും  ഭാരതീയ സംസ്‌കാരം  ഉള്‍ക്കൊള്ളുന്ന ഈ നീതിശാസ്ത്രത്തി (jurisprudence) നകത്ത്  വരണം. അത് നിയമനിര്‍മാണസഭ പാസാക്കുന്ന നിയമങ്ങള്‍ ആയാലും, സമൂഹം അംഗീകരിച്ചിരിക്കുന്ന ചില നിയമങ്ങള്‍ ആണെങ്കിലും ശരി.