ഭരണഘടന മുറിവേൽക്കുമ്പോൾ

ഭരണഘടന മുറിവേൽക്കുമ്പോൾ

ഇന്ത്യന്‍ ഭരണഘടന അതീവഗൗരവമായ വെല്ലുവിളി നേരിടുന്ന ഒരു സാഹചര്യത്തിലൂടെയാണ്‌ ഇന്ത്യ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്‌. ദേശീയമായി രൂപപ്പെട്ടിരിക്കുന്ന ഏറ്റവും ഹിംസാത്മകമായ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ സാന്നിധ്യത്തില്‍ ജനാധിപത്യ ഇന്ത്യയ്‌ക്കു വേണ്ടി വാദിക്കുന്നവര്‍ക്ക്‌ ആശ്രയിക്കാവുന്നത്‌ ഇന്ത്യന്‍ ഭരണഘടന മാത്രമാണ്‌. കാരണം ഇന്ത്യന്‍ ഭരണഘടന കേവലമായ ഒരു നിയമപുസ്‌തകം എന്നതിനപ്പുറം ഒരു മഹാരാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും മാര്‍ഗദര്‍ശിയായ ഒരു പുസ്‌തകം കൂടിയാണ്‌. ഇങ്ങനെ പറയുവാന്‍ കാരണം ഏറ്റവും മനുഷ്യവിരുദ്ധമായ സാമൂഹ്യക്രമങ്ങള്‍ നിലനിന്ന (ജാതി, അയിത്തം അടക്കം) ഇന്ത്യപോലെ ഒരു സമൂഹത്തിനകത്ത്‌ ജനാധിപത്യമെന്നത്‌ അജ്ഞാതമായ ഒരു കാര്യമായിരുന്നു. അന്യന്റെ അവകാശങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്ന ബോധ്യം ഹിന്ദു മൂല്യബോധങ്ങളില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. മറിച്ച്‌ അന്യന്റെ അവകാശങ്ങളെ ഹനിക്കാന്‍ എനിക്ക്‌ അധികാരമുണ്ടെന്ന്‌ വിചാരിക്കുന്ന വിധമുള്ള മനുഷ്യരഹിതധാര്‍മികതയാണ്‌ ഹിന്ദുത്വം ചരിത്രത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയത്‌. ഇത്തരമൊരു ജനസമൂഹത്തിനകത്തേക്ക്‌ ജനാധിപത്യത്തിന്റെ പ്രാഥമിക തത്വങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടപ്പാക്കുന്നത്‌ ഭരണഘടനയിലൂടെയാണ്‌. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയില്‍ നടന്ന ആഭ്യന്തര ജനാധിപത്യത്തിനുവേണ്ടിയുള്ള നിരവധി സമരങ്ങളുടെയും, പ്രക്ഷോഭങ്ങളുടെയും ഫലമാണ്‌. അതുകൊണ്ട്‌ ഭരണഘടനയ്‌ക്കെതിരെ നടക്കുന്ന ഇപ്പോഴത്തെ നീക്കങ്ങളെ നാം ഗൗരവമായി കാണേണ്ടതാണ്‌.