ഭയംകൊണ്ടു മുറിവേറ്റുപോയ മാധ്യമങ്ങള്‍ – ടി.കെ. സന്തോഷ് കുമാര്‍

ഭയംകൊണ്ടു മുറിവേറ്റുപോയ മാധ്യമങ്ങള്‍  – ടി.കെ. സന്തോഷ് കുമാര്‍

ഷെല്‍ഡന്‍ ബി. കോപ്പ് 1973-ല്‍ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് – If you meet the Budha on the Roa, Kill him – ഒരു ഇരുണ്ടകാലത്തിന്റെ പ്രതിധ്വനി ഉള്‍ക്കൊള്ളുന്നതാണ്. ബുദ്ധന്‍ ധര്‍മത്തിന്റെ പ്രവാചകനായിരുന്നു. ധാര്‍മികത തുടങ്ങിയ എല്ലാ മൂല്യങ്ങളേയും അവസാനിപ്പിക്കുക എന്നുതന്നെയാണ്. സത്യം ഇല്ലാതാകുകയും, ആവര്‍ത്തിച്ചാവര്‍ത്തിച്ച് നുണകളെ സത്യങ്ങളാക്കി മാറ്റുകയും ചെയ്യുമ്പോള്‍, ലോകമെന്നത് നുണകള്‍ക്കുമീതെ കെട്ടിപ്പൊക്കിയ അസത്യലോകമായിത്തീരുന്നു. ഈ അസത്യലോകത്തെ നിലനിര്‍ത്തുന്നതിനാണ് അതിന്റെ അമരക്കാരായിരിക്കാനാണ് ബുദ്ധനെ കൊലചെയ്യുന്നത്. ഇക്കാലത്ത് കൊലപാതകികള്‍ പൂജാവിഗ്രഹങ്ങളായിത്തീരുന്നു. നാഥുറാം ഗോഡ്‌സേ അത്തരത്തില്‍ ഒരു ചിഹ്നമാണ്. ബുദ്ധനെ കൊല്ലുന്ന ഇരുണ്ടകാലത്തിന്റെ ചിഹ്നം. ഇരുട്ട് എപ്പോഴും പരത്തുന്നത് ഭീതിയാണ്. വാട്ടര്‍ഗേറ്റ് വാര്‍ത്തകളിലൂടെ കീര്‍ത്തിനേടിയ ബോബ് വുഡ്‌വര്‍ഡ്, ഡൊണാള്‍ഡ് ട്രംപ് കാലഘട്ടത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് ‘FEAR’ എന്നാണ്. ഭയപ്പെടുത്തി ഭരിക്കുക എന്ന ട്രംപിന്റെ നയത്തെയാണ് ഈ പുസ്തകം അടയാളപ്പെടുത്തുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും വിറപ്പിക്കുകയും മാധ്യമങ്ങളെ വരുതിക്കുനിര്‍ത്തുകയും ചെയ്യുന്ന ഏതു നാട്ടിലെയും രാഷ്ട്രീയ ഭരണസംവിധാനം ‘FEAR’ തന്നെയാണ് പടര്‍ത്തുന്നത്.


ഇത്തരം രാജ്യങ്ങളുടെ തലവന്മാര്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചകള്‍, എഴുതി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ കാര്‍ണിവലുകളുടെ സ്വഭാവം സൃഷ്ടിക്കുന്നു. നയപരമായ തീരുമാനങ്ങളുടെ അന്തസ്സത്തയെ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയും നേതാക്കളുടെ ഉല്ലാസഭരിതമായ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചുകാണിച്ചുകൊണ്ട് ജനഹൃദയങ്ങളില്‍ ബിംബങ്ങളായി മാറുകയും ചെയ്യുന്നസ്ഥിതി. അതിലൂടെ താല്‍ക്കാലികമായെങ്കിലും കാലത്തെ മൂടിയിരിക്കുന്ന ഭീതിയില്‍ നിന്ന് ജനങ്ങളെ വിസ്മൃതരാക്കിമാറ്റുക. രാജ്യത്തലവന്‍ പ്രഭാതസവാരിക്കിടെ കടല്‍ത്തീരത്തു നടന്ന് മാലിന്യങ്ങള്‍ പെറുക്കുന്നത് നല്ലതാണ്. അതിലൂടെ നല്‍കുന്ന സന്ദേശവും നല്ലതാണ്. പക്ഷേ, ആ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചുകാണിക്കുകവഴി ജനമനസ്സുകളില്‍ ബിംബമായി മാറുകയാണ്. ചര്‍ക്കയില്‍ നൂല്‍കോര്‍ക്കുന്ന ഗാന്ധിയുടെ സ്ഥാനത്ത് മറ്റൊരു നിര്‍മിതി ബിംബനിര്‍മിതിയുടെ ഭാഗമാണ്. ഇത്തരം നിര്‍മിതികള്‍ കാണുമ്പോള്‍ ഇദ്ദേഹമാണ് ഈ രാജ്യത്തിന്റെ ‘Father’ എന്ന് മറ്റു രാഷ്ട്രതത്തലവന്മാര്‍ക്കു തോന്നും. തത്സമയം രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ ചതുപ്പിലേക്ക് പുതയുകയാണ്. ദാരിദ്ര്യം പെരുകയാണ്. അത് കാര്‍ണിവല്‍ സ്വഭാവമുള്ള വാര്‍ത്തകള്‍ക്കിടയില്‍ മാധ്യമങ്ങളുടെ മുഖ്യധാരായിടങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. യുദ്ധത്തിനു തൊട്ടുമുമ്പ് വ്യാസന്‍ പുത്രനായ ധൃതരാഷ്ട്രരെ ഉപദേശിക്കുമ്പോള്‍ ധൃതരാഷ്ട്രര്‍ വ്യാസനോട് പറയുന്ന മറുപടിയുണ്ട്. ”പിതാവേ അങ്ങ് എന്തൊക്കെ അറിയുന്നുണ്ടോ അതൊക്കെ ഞാനും അറിയുന്നുണ്ട്. സത്യാസത്യങ്ങള്‍ വേണ്ടപോലെ എനിക്കും വെളിപ്പെട്ടിട്ടുണ്ട്. പക്ഷേ, ആ ലോകം സ്വാര്‍ത്ഥമോഹിതമാണല്ലോ.” സ്വാര്‍ത്ഥമോഹിതമായ രാഷ്ട്രീയവും ഭരണകൂടങ്ങളും മാധ്യമങ്ങളും ചേര്‍ന്നതാണ് ഇന്നത്തെ ലോകം. അതുതന്നെയാണ് മാധ്യമലോകവും.


ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതിയതുപോലെ ”വിരുദ്ധശബ്ദങ്ങള്‍ക്ക് തുല്യമായ പ്രാധാന്യം നല്‍കുകയെന്നത് ഉത്തമമായ മാധ്യമധര്‍മമാണ്. പക്ഷേ, യൂദാസിന്റെ വിശേഷം സുവിശേഷത്തിന്റെ ഭാഗമായല്ല” കുരുക്ഷേത്രയുദ്ധം ധൃതരാഷ്ട്രര്‍ക്ക് തത്സമയം റിപ്പോര്‍ട്ടു ചെയ്തുകൊടുത്ത സഞ്ജയനെപ്പോലെയാകാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്കു കഴിയുമോ? സഞ്ജയന്‍ വ്യക്തമായ സത്യബോധമുള്‍ക്കൊണ്ട് ഇന്ദ്രിയജയം നേടിയ വ്യക്തിയായിരുന്നു. സത്യബോധം വെടിയുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് ധാര്‍മികത ഇല്ലാതാവുന്നത്. FEAR ന്റെ മധ്യത്തില്‍ കഴിയുന്ന മാധ്യമങ്ങള്‍ക്ക് എപ്പോഴും സത്യബോധം നിലനിറുത്താന്‍ കഴിയില്ല. അവര്‍ ഒന്നുകില്‍ ഭരണകൂടങ്ങളുടെ കുഴലൂത്തുകാരായി മാറും; അല്ലെങ്കില്‍ സ്വയം സെന്‍സറിംഗിനു തയ്യാറാകും. ഇതുരണ്ടും ചെയ്യുന്നില്ലെങ്കില്‍ സര്‍ക്കാര്‍ വക പരസ്യങ്ങള്‍ നിഷേധിക്കപ്പെടും. ദ് ഹിന്ദു, അമൃത ബസാര്‍ പത്രിക എന്നിങ്ങനെയുള്ള പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ വക പരസ്യങ്ങള്‍ നിഷേധിക്കുകയും എന്‍ഡിടിവിയെയും അതിന്റെ മേധാവിയായ പ്രണോയ് റോയിയെയും എന്‍ഫോഴ്‌സ്‌മെന്റ് വഴി ശ്വാസംമുട്ടിക്കുകയും ചെയ്തത് ഓര്‍ക്കുക.


കര്‍ശനമായ സെന്‍സര്‍ഷിപ്പിലൂടെയായിരുന്നു അടിയന്തരാവസ്ഥയില്‍ ഭരണകൂടം മാധ്യമങ്ങളെ ചൊല്‍പ്പടിക്കുനിര്‍ത്തിയത്. ഇരിക്കാന്‍ ആജ്ഞാപിച്ചപ്പോള്‍ അന്ന് പല മാധ്യമപ്രവര്‍ത്തകരും ഇഴഞ്ഞു (എല്‍.കെ. അദ്വാനിയാണ് ഇപ്രകാരം പറഞ്ഞത്). ഇന്ന് ആജ്ഞാപിക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു. ഇഴച്ചില്‍ ചില മാധ്യമപ്രവര്‍ത്തകരുടെ മാത്രമല്ല ചില മാധ്യമങ്ങളുടെതന്നെ പ്രകടനകലയായിരിക്കുന്നു! ഇതുകൊണ്ട് എന്തു സംഭവിക്കുന്നു? ഏകശാസന ഭരണകൂടങ്ങള്‍ക്കു കീഴില്‍ ജനാധിപത്യം ചതഞ്ഞരഞ്ഞില്ലാതാകുന്നു.