ബൗദ്ധകേരളത്തിന്റെ ഓര്‍മ്മ – കെ. പി. രമേഷ്

ബൗദ്ധകേരളത്തിന്റെ ഓര്‍മ്മ – കെ. പി. രമേഷ്
ചാതുര്‍വര്‍ണ്യ പൂര്‍വ്വ കേരളം, ബുദ്ധജൈന ധര്‍മ്മങ്ങളുടെ പ്രബുദ്ധ സാംസ്‌കാരിക കേന്ദ്രമായിരുന്നു എന്ന ചരിത്ര വസ്തുതകളുടെ അവലോകനം
പുതിയ കാലം ഒരു പുതിയ ബുദ്ധനെ ആവശ്യപ്പെടുന്നു-ചരിത്രബുദ്ധനും ഹരിതബുദ്ധനും പ്രവാസബുദ്ധനും ചേരുന്ന ഒരു ഇടത്തെ സ്വപ്നംകാണേണ്ട കാലം വന്നുചേര്‍ന്നിരിക്കുന്നു. ബുദ്ധിസത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല കേരളം. പത്തു നൂറ്റാണ്ടിലേറെക്കാലം ബുദ്ധധര്‍മ്മം ജ്വലിച്ചുനിന്ന പ്രവിശ്യയാണ് കേരളം. ധര്‍മ്മടം, മടപ്പള്ളി, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍, മരുദൂര്‍ക്കുളങ്ങര, പള്ളിക്കല്‍ തുടങ്ങിയ അസംഖ്യം സ്ഥലങ്ങള്‍ ബുദ്ധനാമാവലി ഇപ്പോഴും ഉച്ചരിക്കുന്നുണ്ട്. ധര്‍മ്മപദംപോലുള്ള ഒട്ടേറെ ബുദ്ധതത്ത്വശാസ്ത്ര-സാഹിത്യഗ്രന്ഥങ്ങള്‍ മലയാളഭാഷയിലേക്ക് തര്‍ജ്ജമചെയ്യപ്പെട്ടു.
ഗൗതമബുദ്ധന്റെ ചിന്തയ്ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. പരിസ്ഥിതിനാശവും യുദ്ധവും അക്രമവുംപോലുള്ള മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങള്‍ നിരന്തരം നടമാടുന്ന നമ്മുടെ വര്‍ത്തമാനകാലത്ത് നമ്മള്‍ ബുദ്ധനെ ഓര്‍ത്തുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇനിയുള്ള യുദ്ധം കുടിവെള്ളത്തിനു വേണ്ടിയുള്ളതാവും എന്ന ഭീഷണാവസ്ഥയിലേക്ക് ലോകം എത്തിക്കഴിഞ്ഞു. രോഹിണീനദിയിലെ വെള്ളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനു പരിഹാരമായിട്ടാണ് സിദ്ധാര്‍ത്ഥന് വീടുപേക്ഷിക്കേണ്ടിവന്നത് എന്ന് നമുക്ക് ഇപ്പോള്‍ മാറ്റിവായിക്കേണ്ടിവരുന്നു! 
ശ്രീനാരായണഗുരുവിനെപ്പോലുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും കുമാരനാശാന്‍, ഒ.വി.വിജയന്‍, പട്ടത്തുവിള കരുണാകരന്‍, ആനന്ദ്, സച്ചിദാനന്ദന്‍, ആര്‍. രാമചന്ദ്രന്‍, കെ.ജി.ശങ്കരപ്പിള്ള തുടങ്ങിയ ഒട്ടേറെ എഴുത്തുകാരുടെയും വഴികളില്‍ ബുദ്ധദര്‍ശനത്തിന്റെ വെളിച്ചമുണ്ട്. പരിസ്ഥിതിവിചാരത്തിന് സാഹിത്യരചനകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഇന്ത്യയില്‍ ഏറ്റവുമധികം സംഭാവനചെയ്ത കേരളീയര്‍ ആ മേഖലയില്‍ നിസ്തുല മായ സംവാദങ്ങള്‍ക്ക് കളമൊരുക്കുകയുണ്ടായി. നമ്മുടെ ഹരിതസാഹിത്യത്തിന്റെ തിണര്‍പ്പുകള്‍ക്ക് ബുദ്ധിസവു മായുള്ള ചര്‍ച്ച ഇക്കാര്യത്തില്‍ പ്രത്യേകം പ്രസ്താവ്യമാണ്. 
ദക്ഷിണഭാരതത്തില്‍നിന്നുള്ള ബോധിധര്‍മ്മനാണ് ചൈനവഴി ബുദ്ധിസത്തെ പുറത്തേക്കു വ്യാപിപ്പിച്ചത്. വടക്കന്‍ മലബാറിന്റെ കളരിപ്പയറ്റ് നാടുകടന്ന് കുങ്ഫൂവും കരാട്ടെയും ആയി മാറി. കഠിനമായ ഉപവാസം കൊണ്ടും തീവ്രമായ വ്യായാമംകൊണ്ടും കാര്യമില്ലെന്നു പറഞ്ഞ ബുദ്ധന്‍ മധ്യമമാര്‍ഗ്ഗത്തിലാണ് എത്തിയത്. പില്‍ക്കാലത്ത് ഗാന്ധിജി ‘മിതം’ എന്ന വാക്ക് ഉച്ചരിച്ചതിനു പിന്നില്‍ തഥാഗതസ്വരൂപമുണ്ടായിരുന്നു. ശരീരം പ്രധാനമാണ് എന്ന തിരിച്ചറിവില്‍നിന്നാണ് ആയുര്‍വ്വേദത്തിന്റെ പിറവി. ‘ആയുരാരോഗ്യം’ എന്ന മന്ത്രം കേരളത്തിന്റെ പൊതുബോധത്തില്‍ എപ്പോഴും തിളങ്ങുന്നതും അതുകൊണ്ടാണ്.
അമിതമായ സ്‌നേഹവും അമിതമായ ദ്വേഷവും ഫലത്തില്‍ അതിന്റെ വിപരീതാവസ്ഥയെയാണ് കാംക്ഷി ക്കുന്നത് എന്നു സൂചിപ്പിച്ച ബുദ്ധനില്‍നിന്നാണ് മനഃശാസ്ത്രം എന്ന പഠനശാഖ ആരംഭിക്കുന്നത്. മനുഷ്യന്റെ ദൈനംദിനാവശ്യങ്ങള്‍ക്ക് മൂന്നു ജോടി വസ്ത്രങ്ങള്‍ മാത്രം മതി എന്നു പറയുമ്പോള്‍ അതിലൊരു സാമ്പത്തിക ശാസ്ത്രകല്‍പനയുണ്ട്. ഇതുകൊണ്ടൊക്കെയാണ് കാള്‍ മാര്‍ക്‌സിനും ഇ.എഫ്.ഷൂമാഹറിനും എറിക്‌ഫ്രോമിനു മെല്ലാം ഗൗതമബുദ്ധന്‍ ഗുരുനാഥനായത്.
ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ബുദ്ധമതം കേരളത്തില്‍ പ്രവേശിച്ചത്. ബി.സി. 300 മുതല്‍ എ.ഡി. 900 വരെ ആയിരത്തി ഇരുനൂറു വര്‍ഷക്കാലത്തെ ബൗദ്ധപാരമ്പര്യം കേരളത്തിനുണ്ട്. വയനാട്ടിലെ അമ്പലവയല്‍ഗുഹയിലെ ശിലാശാസനം ഇതിനു പിന്‍ബലമേകുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി ബുദ്ധ മതം ഇവിടെനിന്ന് പിന്‍വാങ്ങുകയും ചെയ്തുവെന്നു കണക്കാക്കപ്പെടുന്നു. പിന്നീടുള്ള എണ്ണൂറുവര്‍ഷംകൊണ്ട് തത്പരകക്ഷികള്‍ അതിനെ ഹൈന്ദവാചാരങ്ങളില്‍ ലയിപ്പിച്ചു.
അറിവിന്റെ തലത്തില്‍ നടന്ന ചില തകിടംമറിച്ചിലുകള്‍ ബുദ്ധനെ തികഞ്ഞ ഹൈന്ദവനാക്കി മാറ്റി! ഭാരതീയ വിദ്യാഭവന്‍ പുറത്തിറക്കിയ ഭഗവാന്‍ ബുദ്ധന്‍, അനശ്വരഭാരതം തുടങ്ങിയ പുസ്തകങ്ങള്‍ ഈ തെറ്റായ അറിവിനെ മുഴുക്കെ പരത്തുന്നുണ്ട്. ബുദ്ധഗയയ്ക്കും ഗയയ്ക്കും സമകാലിക ഭാരതത്തിലുള്ള പ്രാധാന്യം ബുദ്ധനുമായി ബന്ധപ്പെട്ട ജ്ഞാനപ്രസരമല്ലെന്നും, അത് ഹിന്ദുപുരാണങ്ങളുടെ പുണ്യഭൂമിയാണെന്നും മറ്റുമുള്ള വിചിത്രമായ ഒരുതരം ‘പവിത്രത’ ഉരുത്തിരിച്ചെടുക്കുവാന്‍ അത്തരം ഗ്രന്ഥങ്ങള്‍ക്കു സാധിച്ചു.
പാണ്ഡ്യദേശത്തുനിന്ന് തിരുവിതാംകൂര്‍വഴിയാണ് ബുദ്ധമതം കേരളത്തില്‍ പ്രവേശിച്ചതെന്നു കരുതപ്പെടുന്നു. മഞ്ചേരി രാമയ്യരും മഞ്ചേരി രാമകൃഷ്ണയ്യരും ചേര്‍ന്നെഴുതിയ ബുദ്ധധര്‍മ്മം എന്ന പുസ്തകത്തിലും, എം.എം.അനന്ദ്‌റാം എഴുതിയ ഇന്‍ഫ്‌ളക്‌സ്: ക്രീറ്റ് റ്റു കേരള എന്ന പുസ്തകത്തിലും കേരളത്തിലെ ബുദ്ധമതത്തെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. അശോകന്‍ തന്റെ രണ്ടാം ശാസനത്തില്‍ കേരളം ഒരു സ്വതന്ത്രരാജ്യമാണെന്നു പ്രസ്താവിക്കുകയും, പതിമൂന്നാം നമ്പര്‍ ശാസനത്തില്‍ കേരളംകൂടി ഉള്‍പ്പെടുന്ന അന്നത്തെ തമിഴകത്ത് ബുദ്ധമതപ്രചര ണാര്‍ത്ഥം താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ ശ്രീമൂലവാസവിഹാരമാണ് (അന്നത്തെ ഉത്തരേന്ത്യയില്‍) ഗാന്ധാരദേശത്തിലെ മൂലനാഥക്ഷേത്രത്തിന്റെ മാതൃകയായതെന്ന് അഭിപ്രായമുണ്ട്. ശ്രീമൂലവാസം ഏഴിമലയിലാണെന്നും തൃക്കുന്നപ്പുഴയിലാണെന്നും അണ്ടല്ലൂരാണെന്നും മറ്റുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നത് ഓര്‍ക്കുക. എന്തായാലും, ശ്രീമൂലവാസവിഹാരം പതിമൂന്നാം നൂറ്റാണ്ടില്‍ കടലെടുത്തുപോയി എന്ന് ഏവരും സമ്മതിക്കുന്നു.