ബാല്യസങ്കീര്‍ത്തനം -പെരുമ്പടവം ശ്രീധരന്‍

ബാല്യസങ്കീര്‍ത്തനം -പെരുമ്പടവം ശ്രീധരന്‍
അനാഥവും ഏകാന്തവുമായ ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. ഭൂമിയൊക്കെ ഉണ്ടായ കാലത്തുള്ള ഒരു ഗ്രാമമെന്നാണ് പെരുമ്പടവം ഗ്രാമത്തെക്കുറിച്ചുള്ള എന്റെ വിശ്വാസം. അതങ്ങനെതന്നെയാണ്. ഭൂമിയുടെ ഹൃദയംപോലെയുള്ള ഒരു ഗ്രാമം എന്നാണ് ഞാനതിനെ വിളിക്കാറ്. അവിടത്തെ ഒരു പാവപ്പെട്ട വീട്ടിലാണ് എന്റെ ജനനം. എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ എന്റെ അച്ഛന്‍ മരിച്ചുപോയി. അന്ന് മരണം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അമ്മയുടെ അമ്മൂമ്മയുമൊക്കെ നെഞ്ചത്തലച്ചു കരയുന്നു. നേരം വെളുക്കുമ്പോള്‍ ഗ്രാമം മുഴുവന്‍ ഞങ്ങളുടെ വീട്ടുമുറ്റത്തുണ്ട്. എന്തിനാണ് ഇവരൊക്കെ ഇവിടെ വന്നുകൂടിയിരിക്കുന്നതെന്ന് വെറുതെ ഞാനെന്റെ ഉള്ളില്‍ ചോദിച്ചു. ആരും അപ്പോള്‍ എന്നെ ശ്രദ്ധിക്കുന്നില്ല. ഞാന്‍ പല്ലുതേച്ച് കുളിച്ച് എന്നത്തെയുംപോലെ ആശാന്‍പള്ളിക്കൂടത്തില്‍ പോകാനിറങ്ങിയപ്പോള്‍ ആരോ എന്റെ ചുമലില്‍ കൈവച്ച് പറഞ്ഞു: ”മോന്‍ ഇന്ന് പള്ളിക്കൂടത്തില്‍ പോകണ്ടാ.” അച്ഛനെ കുളിപ്പിച്ച് വെള്ളപുതപ്പിച്ച് ഇറയത്ത് വാഴയിലയില്‍ കിടത്തിയിരിക്കുന്നു. വെയിലുദിച്ചിട്ടും അച്ഛനെന്താ ഉറക്കമുണരാത്തതെന്നായിരുന്നു എന്റെ ആലോചന. വകയില്‍പെട്ട ഒരമ്മാവന്‍ എന്നെ താഴത്തെ തോട്ടില്‍ കൊണ്ടുപോയി കുളിപ്പിച്ചു. അപ്പോഴേയ്ക്കും ഒരു കര്‍മ്മിവന്ന് മരണാനന്തര ചടങ്ങുകള്‍ക്കുള്ള കാര്യങ്ങളൊക്കെ ചെയ്തുകഴിഞ്ഞിരുന്നു. ചാണകം മെഴുകിയ മുറ്റത്ത് ഏന്തക്കാലിട്ടിരുന്ന എന്റെ വലതുകൈയിലെ അണിവിരലില്‍ കര്‍മ്മി ഒരു പവിത്രം കെട്ടിത്തന്നു. പിന്നെ അദ്ദേഹം പറയുന്നതുപോലെ ഞാന്‍ ചെയ്തു. എള്ളെട്. പൂവെട്. ചന്ദനമെട്. ഒടുവില്‍ അച്ഛനെ കുഴിയില്‍ ഇറക്കിവച്ചു. കുഴി മണ്ണിട്ടുമൂടി. ഒടുവില്‍ വെള്ളം നിറച്ച ഒരു മണ്‍കുടം തലയില്‍വച്ച് ഞാന്‍ ശവകുടീരത്തിനു വലംവച്ചു. ആരോ കുടത്തില്‍ കൊത്തിയുണ്ടാക്കിയ തുളയിലൂടെ വെള്ളം പുറത്തേക്കൊഴുകി. ഇപ്പോള്‍ എനിക്കോര്‍മ്മയുള്ളത് അതു മാത്രമാണ്. പിറ്റേന്ന് ഒറ്റയ്ക്ക് ഒരിടത്തുപോയിരിക്കുന്ന എന്നെ ചേര്‍ത്തുപിടിച്ച് അമ്മ വിങ്ങിപ്പൊട്ടി: ”പൊന്നുമോനേ ഇനി നമുക്കാരൂല്ലെടാ.” അപ്പോഴാണ് അച്ഛന്റെ മരണം എന്റെ മനസ്സില്‍ തട്ടുന്നത്. മുറ്റത്ത് ചെരിച്ചുവച്ച കട്ടിലില്‍ വിരലോടിച്ചുനില്‍ക്കുമ്പോള്‍ ഇനി എനിക്ക് അച്ഛനില്ലെന്ന് ഞാന്‍ അറിഞ്ഞു. കൊച്ചച്ചന്റെ സഹായത്തോടെ അമ്മൂമ്മ ഭരിക്കുന്ന വീട്ടില്‍ എന്റെ അമ്മയും ഞാനും അനിയത്തിയും അനാഥരായിത്തീര്‍ന്നു. എന്റെ അമ്മ ചിരിച്ച് ഞാന്‍ കണ്ടിട്ടില്ല. നോക്കുമ്പോഴൊക്കെ ഇപ്പോള്‍ പൊട്ടും എന്ന മട്ടില്‍ അമ്മയുടെ കണ്ണില്‍ സങ്കടം വിങ്ങിനില്‍ക്കുന്നുണ്ടാവും. അങ്ങനെ വിധി എന്നെ അനാഥനും ഏകാകിയുമാക്കിത്തീര്‍ത്തു. സമപ്രായക്കാരായ കുട്ടികളില്‍നിന്നൊക്കെ അകന്നുമാറി ഞാന്‍ എന്റെ ജീവിതം ഒറ്റപ്പെട്ടതാക്കിതീര്‍ത്തു. എന്റെ അനാഥവും ഏകാന്തവുമായ ജീവിതം ഞാന്‍ വായനകൊണ്ടു നിറച്ചു. കവിതയായിരുന്നു എനിക്കിഷ്ടം. പാഠപുസ്തകത്തിലെ കവിതകള്‍ അദ്ധ്യാപകര്‍ ചൊല്ലുന്നത് കേട്ടിരിക്കും. അഞ്ചാം ക്ലാസില്‍ മാത്യു ഇട്ടന്‍ സാറ് പന്തളം കേരളവര്‍മ്മയുടെ ഒരു കവിത നാലഞ്ച് ഈണങ്ങളില്‍ ചൊല്ലിക്കേള്‍പ്പിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ”ഓടും മൃഗങ്ങളെ തേടി നരപതി, കാടകം പുക്കൊരു നേരത്തിങ്കല്‍…” മാത്യു ഇട്ടന്‍സാറ് കവിത ചൊല്ലി പഠിപ്പിക്കുന്നത് കേട്ടിട്ടാണ് എന്റെ മനസ് കവിതയുടെ നേര്‍ക്ക് ചാഞ്ഞത്. കവിതയായിരുന്നു എനിക്ക് ഏറെ ഇഷ്ടം. ജീവിതത്തില്‍ ആരായിത്തീരണമെന്നാണ് ആഗ്രഹമെന്ന് ആരെങ്കിലും അന്ന് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരു സന്ദേഹത്തില്‍ അകപ്പെടുമായിരുന്നു. കവിയാകണോ ചെണ്ടകൊട്ടുകാരനാകണോ? എന്റെ ഗ്രാമത്തിലും അയല്‍ഗ്രാമത്തിലും ഉത്സവങ്ങള്‍ക്ക് ഏറ്റവും പ്രഗത്ഭരായ ചെണ്ടകൊട്ടുകാരാണ് വരാറ്. അതില്‍ വേലുആശാന്‍ എന്നൊരാളെ ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. പൊക്കംകുറഞ്ഞ് ഇരുനിറത്തില്‍ ഒരാള്‍. ചെണ്ട തോളത്തിട്ട് വേലുആശാന്‍ മേളം തുടങ്ങുമ്പോള്‍ ഗ്രാമം ആ മേളക്കൊഴുപ്പില്‍ കോരിത്തരിക്കും. ചെണ്ടപ്പുറത്ത് മലര് പൊരിയുന്നതുപോലെ തോന്നുമെന്നാണ് ആളുകള്‍ ആശാന്റെ മേളത്തെ പുകഴ്ത്തിപ്പറയാറ്. വേലുആശാനെപോലെ ഒരു ചെണ്ടകൊട്ടുകാരനാകണമെന്നായിരുന്നു എന്റെ ആദ്യത്തെ ആഗ്രഹം. പിന്നെ കവിത വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കവിയായിത്തീരണമെന്നായിരുന്നു എന്റെ മോഹം. കുന്നിന്‍ചരിവിലോ തോട്ടുവക്കത്തോ പോയിരുന്ന് ഞാന്‍ ഈണത്തില്‍ കവിത വായിക്കും. ചങ്ങമ്പുഴയും വള്ളത്തോളും ഉള്ളൂരും കുമാരനാശാനുമൊക്കെ അന്ന് എന്റെ നാവില്‍ വിളങ്ങിനിന്നു. കവിതയോടും കവികളോടും തോന്നിയ ആരാധനകൊണ്ട് കവിയാകാന്‍ മോഹിച്ചു. എന്നെ ചൂഴ്ന്നുനില്‍ക്കുന്ന ഏകാന്തതയിലിരുന്ന് ഞാന്‍ കവിതയെഴുതി. സന്ധ്യയെക്കുറിച്ച്. പ്രഭാതത്തെക്കുറിച്ച്. നീലാകാശത്തിലൂടെ ഒഴുകിപ്പോകുന്ന വെണ്‍മേഘങ്ങളെക്കുറിച്ച്. ദൂരെ മലഞ്ചെരിവില്‍ വിടരുന്ന പേരറിയാത്ത പൂവിന്റെ ദിവ്യസുഗന്ധത്തെക്കുറിച്ച്. ആരും കാണാതെ ഞാനതൊക്കെ സൂക്ഷിച്ചു. ഞാന്‍ കവിതയെഴുതിയെന്നറിഞ്ഞാല്‍ മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്നായിരുന്നു എന്റെ പേടി. എന്റെ ക്ലാസിലെ ഏറ്റവും മോശപ്പെട്ട കുട്ടി ഞാനായിരുന്നു. എനിക്ക് നല്ല ഉടുപ്പില്ല. നല്ല പുസ്തകമില്ല. ഉച്ചഭക്ഷണമില്ല. ഉച്ചഭക്ഷണത്തിന് ബെല്ലടിക്കുമ്പോള്‍ കൂട്ടുകാരാരും കാണാതെ പള്ളിക്കിണറ്റില്‍നിന്ന് വെള്ളം കോരിക്കുടിച്ച് പള്ളിയകത്ത് കയറി ഇരിക്കും. അങ്ങനെ പള്ളിയകത്തെ തൂണുംചാരി ഇരിക്കുമ്പോഴാണ് മദ്ബഹയോടു ചേര്‍ന്ന് ചുമരില്‍ ക്രിസ്തുവിന്റെ ക്രൂശിതരൂപം കാണുന്നത്. മരണവേദന സഹിക്കുന്ന ക്രിസ്തുവിന്റെ രൂപം എന്റെ മനസ്സില്‍ പതിഞ്ഞു. അന്നുമുതല്‍ ക്രിസ്തുവുണ്ട് എന്റെ കൂടെ. അതിനിടയ്ക്ക് ഒരു ദുര്‍ബലനിമിഷത്തില്‍ ഞാന്‍ എന്റെ കൂട്ടുകാരനോട് ഒരു പൊങ്ങച്ചം പറഞ്ഞു: ”എടാ ഉവ്വേ, ഞാന്‍ കവിതയെഴുതും” എന്റെ സ്‌നേഹിതന്‍ അന്ധാളിച്ചുപോയി. കക്കുകയോ നുണപറയുകയോ ചെയ്യുന്നതുപോലെ ഒരു കുറ്റമായിട്ടാണ് അവനു തോന്നിയത്. അവന്‍ ഞങ്ങളുടെ ടീച്ചറോടു വിളിച്ചു പറഞ്ഞു, ടീച്ചര്‍ ഇവന്‍ കവിത എഴുതുമെന്ന്. ടീച്ചര്‍ എന്റെ അടുത്തുവന്ന് എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു: ”നേരാണോ, നീ കവിത എഴുതുമോ?”