പ്രാന്തവല്‍ക്കരണവും അധികാരവും

ഡോ. കെ.എസ് മാധവന്‍ പ്രാന്തവല്‍ക്കരണവും അധികാരവും പ്രാചീനകാലം മുതല്‍ സാമൂഹ്യാധിപത്യം നേടിയെടുത്ത വ്യത്യസ്ത ഗോത്രകുല സമൂഹങ്ങളും ത്രൈവര്‍ണിക കുലങ്ങളും ക്രമേണ ജാതികളായി പരിവര്‍ത്തിച്ച് ജാതിവര്‍ണ സമൂഹമായി തീര്‍ന്നതാണ് ഇന്ത്യയുടെ  സാമൂഹിക ചരിത്രത്തിലെ പ്രധാന പ്രമേയം. ത്രൈവര്‍ണികര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ പാരമ്പര്യ തൊഴിലും അന്തര്‍കുല വിവാഹവും നിലനിര്‍ത്തി സാമൂഹ്യാധിപത്യം  നേടിയെടുത്ത വ്യവസ്ഥ കൂടിയായിരുന്നു ഇത്. മേല്‍-കീഴായി ജാതി സമൂഹങ്ങള്‍ വിന്യസിക്കപ്പെടുകയും അതിനനുസരിച്ചുള്ള ഉച്ചനീചക്രമങ്ങള്‍  ജാതിത്തൊഴിലുകള്‍ക്കും   വര്‍ണപദവിക്കും അനുസരിച്ച്  മ്ലേച്ഛതയും മാന്യതയുമായി വേര്‍തിരിക്കുകയും ചെയ്തു. ഇതിനനുസൃതമായി ജാതികളുടെ മേല്‍കീഴ് ബന്ധമായിട്ടാണ് ഇന്ത്യന്‍ സമൂഹം ജാതി വര്‍ണ സമൂഹമായി അതിന്റെ തുടര്‍ച്ച നിലനിര്‍ത്തിയത്.  ജാതിയുടെ കീഴ്മര്യാദകള്‍ക്കനുസരിച്ച്  തരംതിരിവ് അസമത്ത സംവിധാനമായി വിന്യസിക്കപ്പെട്ടു. വര്‍ണ ജാതി ധര്‍മങ്ങള്‍ ധര്‍മശാസ്ത്ര മുറകളായി മാറി. ഇത്തരം ധര്‍മശാസ്ത്രങ്ങള്‍  നിയമങ്ങളും ശാസനകളും ചിട്ടകളുമായി ക്രമപ്പെടുകയും  വ്യാഖ്യാനിക്കപ്പെടുകയും സാധുകരിക്കപ്പെടുകയും ചെയ്തു. പണിയെടുക്കുന്ന അധ്വാനസമൂഹങ്ങളും കര്‍ഷക വിഭാഗങ്ങളും ശൂദ്രരായും കൈവേലക്കാരും വ്യത്യസ്ത സേവന ജീവിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും സ്ഥിരന്മായി കായികാധ്വാനത്തിലും അടിമവേലകളിലുമേര്‍പ്പെട്ടിരുന്ന സമൂഹങ്ങളും  അയിത്തക്കാരും അസ്പര്‍ശ്യരുമായി മാറി. ഇവര്‍ അടിത്തട്ടില്‍ വരത്തക്കവിധം സാമൂഹിക പുറംതള്ളല്‍ പ്രാന്തവല്‍ക്കൃത സമൂഹങ്ങളെ നിലനിര്‍ത്തി. വിഭവങ്ങള്‍ ഉദ്പാദിപ്പിച്ചവരും എന്നാല്‍ സാമൂഹികമായി ഈ വിഭവങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ടവരും സാംസ്‌കാരികമായി കീഴൊതുക്കപ്പെട്ട് പുറത്താക്കപ്പെട്ടവരായിരുന്നു അരികുവല്‍ക്കരിക്കപ്പെട്ടവര്‍. സാംസ്‌കാരിക പ്രതീക രൂപങ്ങളും   അനുഷ്ഠാനരീതികളും  ബ്രാഹ്മണ്യ അറിവധികാര ബന്ധങ്ങളും സംസ്‌കൃത ഇതിഹാസ പുരാണ പാരമ്പര്യങ്ങളും  പ്രാന്തവല്‍കൃതസമൂഹങ്ങള്‍ക്കുമേല്‍ ഹിംസാത്മകമായി അടിച്ചേല്‍പ്പിക്കപ്പെട്ടു. ക്ഷത്രിയരായി തീര്‍ന്ന കുലങ്ങള്‍ക്കിടയില്‍ നിന്ന് രാജവംശങ്ങള്‍ ഉദയംചെയ്തു. ധര്‍മശാസ്ത്രങ്ങള്‍ക്കനുസൃതമായ  ജാതി പുരുഷാധിപത്യ ക്രമങ്ങള്‍ ധര്‍മമായി മാറുകയും അവ രാജധര്‍മത്തിന്റെ മുഖ്യ അടിത്തറയായി രാജവംശങ്ങളിലൂടെ രാഷ്ട്രീയാധികാരത്താല്‍ സംരക്ഷിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്തു. വര്‍ണജാതിധര്‍മവും ധര്‍മശാസ്ത്ര വ്യവസ്ഥയും  രാഷ്ട്രീയ സമ്പദ്ക്രമത്തിന്റെ ചലന നിയമങ്ങളായി പ്രവര്‍ത്തിച്ചു.  ധര്‍മശാസ്ത്രവ്യവസ്ഥ സാമൂഹിക നിയമങ്ങളാകുന്ന തരത്തില്‍  അവ ജാതിയുടെ നീതിശാസ്ത്രങ്ങളായി നിലനിന്നു. ഈ നീതിശാസ്ത്രങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ തൊഴില്‍ സമൂഹങ്ങളായി വിഭവ ഉല്‍പാദനം നടത്തുന്ന പ്രാന്തവല്‍കൃത സമൂഹങ്ങളെ ഹീനരും അസ്പര്‍ശ്യരും തൊട്ടുകൂടാത്തവരുമായി സ്ഥാനപ്പെടുത്തി. ഇതിനായി കര്‍മപുനര്‍ജന്മസിദ്ധാന്തങ്ങളും വര്‍ണ ധര്‍മങ്ങളും ജാതിമര്യാദകളും ഉപയോഗിക്കപ്പെട്ടു. ഇതിനെ സാധൂകരിക്കാനായി ഭൗതിക വിഭവങ്ങളുടെ ഉല്‍പാദനത്തെയും  സാമൂഹിക ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും ആധ്യാത്മികവും അതീന്ദ്രിയവുമായി  വ്യാഖ്യാനിക്കുന്ന ദൈവശാസ്ത്രവും ദാര്‍ശനിക ചിന്തയും പ്രചരിപ്പിക്കപ്പെട്ടു. ഭരണകൂടാധികാരവും സാമൂഹികബന്ധങ്ങളും: ഇന്ത്യയിലേക്ക് വ്യത്യസ്ത കാലഘട്ടങ്ങളില്‍ എത്തിയ സമൂഹങ്ങളും കുടിയേറിയ ജനവിഭാഗങ്ങളും വര്‍ണജാതി വ്യവസ്ഥയിലേക്ക് ഉദ്ഗ്രഥിക്കപ്പെടുന്ന ഒരു പ്രക്രിയ കൂടി ഉണ്ടായിവന്നു. സാമൂഹിക വിഭജനക്രമത്തിന്റെ സ്വഭാവത്തിനു അനുസൃതമായി പുറത്ത് നിന്ന് എത്തിയ പല ഗോത്രങ്ങളെയും ഭരണകുലങ്ങളെയും ക്ഷത്രിയരാക്കി വര്‍ണ വ്യവസ്ഥയിലേക്ക് ഉദ്ഗ്രഥിച്ചിട്ടുണ്ട്. വൈശ്യരായും ക്ഷത്രിയരായും സ്ഥാനം ലഭിച്ച ഒട്ടനവധി ഗോത്രങ്ങളും കുടിയേറ്റ ജനതകളും ഇന്ത്യയിലുണ്ട്. പാഴ്‌സികള്‍, സിതിയര്‍, ഗ്രീക്കുകാര്‍, ഹൂണര്‍ തുടങ്ങിയ ഒട്ടനവധി സമൂഹങ്ങള്‍ ഇന്ത്യയിലേക്ക് വരുകയും ഇന്ത്യാക്കാരായിത്തീരുകയും വര്‍ണവ്യവസ്ഥയിലും ജാതിസ്ഥാനങ്ങളിലും ഇടം നേടി സാമൂഹികമായി വിവിധ സ്ഥാനമാനങ്ങളില്‍ നിലനിന്നിട്ടുണ്ട്. ഗ്രീക്കുകാര്‍, അറബികള്‍, ചൈനക്കാര്‍ മറ്റിതര മത സാമുദായിക നരവംശ വിഭാഗങ്ങള്‍ മുതലായവര്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇന്ത്യയിലേക്ക് എത്തുകയും ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഈ സമൂഹങ്ങളെ അപരത്വ ജനതകളെന്ന് സൂചിപ്പിക്കുന്നതിനായി ‘മ്ലേച്ഛര്‍’ എന്നാണ് ബ്രാഹ്മണ്യ സാഹിത്യങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മധ്യകാലത്ത് അറബികളും പശ്ചിമേഷ്യക്കാരും മധ്യപൗരസ്ത്യജനതകളും ഇന്ത്യയിലെത്തി. ത്രൈവര്‍ണിക ജാതികള്‍ സ്വയം ജാതിശുദ്ധിയും വര്‍ണമഹിമയും സ്ഥാപിച്ചുറപ്പിക്കുന്നതിനും അവരുടെ ആധിപത്യം നിലനിര്‍ത്തുന്നതിനും അപരജനതകളെ ഹീനരായും കീഴോര്‍ ജാതികളായും മ്ലേചതയും ഹീനതയും മുന്‍നിറുത്തി പ്രാന്തവല്‍ക്കരിച്ച് വിശേഷിപ്പിക്കുന്നത് സാംസ്‌കാരിക പ്രതിനിധാന രൂപമായി എഴുത്തുവഴക്കങ്ങളിലും സാഹിത്യ ആവിഷ്‌കാരങ്ങളിലും ഉണ്ടായിവന്നു.          മധ്യകാലത്ത് ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട സുല്‍ത്താന്‍ മുഗള്‍ ഭരണം ഇന്ത്യയിലെ ത്രൈവര്‍ണിക ആധിപത്യത്തിനു രാഷ്ട്രീയമായി തിരിച്ചടിയായിരുന്നുവെങ്കിലും സാംസ്‌കാരികരംഗത്തും സാമ്പത്തികരംഗത്തും ഇന്ത്യയിലെ ത്രൈവര്‍ണിക ജാതി ഹിന്ദുക്കളെ സുല്‍ത്താന്‍ ഭരണകാലഘട്ടത്തില്‍ ഭരണവര്‍ഗമായി നിലനിര്‍ത്തുകയാണുണ്ടായത്. സമ്പത്തുല്‍പാദനത്തിന്റെയും വിഭവസമാഹരണത്തിന്റെയും കേന്ദ്രങ്ങളായ ഇന്ത്യന്‍ ഗ്രാമങ്ങള്‍ മധ്യകാലത്ത് ജാതിഗ്രാമങ്ങളായി തന്നെ തുടരുകയുണ്ടായി. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പരമ്പരാഗത ഉദ്പാദന സംവിധാനം ജാതി-ഭൂവുടമസ്ഥതയില്‍ ത്രൈവര്‍ണിക വിഭാഗങ്ങള്‍ക്ക്  ആധിപത്യമുണ്ടാകുന്ന തരത്തില്‍ തന്നെയാണ് നിലനിന്നത്.  ത്രൈവര്‍ണിക ജാതി ശക്തികളും പുതുതായി രൂപംകൊണ്ട ഒട്ടനവധി ഇടനില ജാതികളും കേന്ദ്രീകൃതമായ സുല്‍ത്താനേറ്റ് മുഗള്‍ ഭരണ വ്യവസ്ഥയില്‍ കരംപിരിവുകാര്‍, ഇടനിലക്കാര്‍, അധികാരികള്‍, ഉദ്യോഗസ്ഥര്‍, സൈനിക പ്രമാണികള്‍ എന്നിങ്ങനെ പുനഃക്രമീകരിക്കപ്പെട്ടു. ത്രൈവര്‍ണികരുടെയും ജാതി ഹിന്ദുക്കളുടെയും  ജാതി സാമുദായിക അധികാരം ഭരണകൂട അധികാരമായി പരിവര്‍ത്തിക്കുന്നതിന് ഇവരെ ഭരണകൂടത്തിലേക്ക് ഉദ്യോഗസ്ഥരും സേവന വിഭാഗങ്ങളുമായി ഉള്‍ച്ചേര്‍ക്കുകയാണുണ്ടായത്. ദരിദ്രകര്‍ഷകരും  കൈവേലക്കാരും കമ്മാളവിഭാഗങ്ങളും  സേവന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരും  നിര്‍ബന്ധിത കായിക തൊഴിലിലേര്‍പ്പെടുന്നവരും ജാതി അടിമകളും പാര്‍ശ്വവല്‍ക്കൃത സമൂഹങ്ങളായി തുടര്‍ന്നു. ഭരണകൂടത്തിന്റെ സൈനികവല്‍കരിക്കപ്പെട്ട കേന്ദ്രീകൃതമായ അധികാരവും പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ കുലീനതയില്‍ നിലനിന്ന മതമേലാളന്മാരും സൈനികവൃന്ദങ്ങളും ഭൂവുടമസ്ഥരും ഉദ്യോഗസ്ഥരും ഹുണ്ടികക്കാരും ധനിക കച്ചവടക്കാരും ഇടപ്രഭുക്കളും സെമീന്ദാര്‍മാരും പ്രാദേശിക പ്രഭുക്കളും ഗ്രാമങ്ങളിലെ ഉദ്യോഗസ്ഥവൃന്ദങ്ങളും നികുതി പിരിക്കുന്നവരും സൈനികവല്‍ക്കരിക്കപ്പെട്ട ഭൂവുടമസ്ഥരും ഉള്‍പ്പെടുന്നതായിരുന്നു ഇക്കാലത്തെ ഭരണവര്‍ഗം. ത്രൈവര്‍ണികരും ജാതി ഹിന്ദുക്കളും ഈ ഭരണവര്‍ഗത്തിന്റെ ഭാഗമായി നിലനിന്നു. നഗരങ്ങള്‍ കൈമാറ്റ കച്ചവടകേന്ദ്രങ്ങളും സൈനികത്താവളങ്ങളും കോട്ടക്കൊത്തളങ്ങളും ഭരണാധികാര കേന്ദ്രങ്ങളുമായി നിലനിന്നു. തീരപ്രദേശ പട്ടണങ്ങള്‍ വിദേശവാണിജ്യത്തിന്റെയും കച്ചവടത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഗ്രാമ നഗരങ്ങള്‍ ഉത്പാദനത്തിന്റെയും കച്ചവടത്തിന്റെയും കൈമാറ്റത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഗ്രാമങ്ങളില്‍ അരിക്‌വല്‍ക്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ദരിദ്ര കര്‍ഷകരും, കൈവേലക്കാരും, തൊഴില്‍ സമൂഹങ്ങളും ജാതി അടിമകളും ഉത്പാദിപ്പിച്ച കാര്‍ഷിക ഉല്‍പന്നങ്ങള്‍ നാട്ടുകോയ്മകളുടെയും ഗ്രാമങ്ങളിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെയും സഹായത്താല്‍ പാട്ടം, നികുതി, കരം എന്നിങ്ങനെ പലവിധ രൂപത്തില്‍ സമാഹിരക്കപ്പെട്ടു നഗരങ്ങളിലേക്ക് എത്തി.