പ്രാചീനഭാരതത്തിലെ സഞ്ചാരപഥങ്ങള്‍

പ്രാചീനഭാരതത്തിലെ സഞ്ചാരപഥങ്ങള്‍

ഭാരതഖണ്ഡത്തിലെ വിസ്‌തൃതഭൂഭാഗങ്ങള്‍ കാടുതെളിഞ്ഞും കൊഴുപാഞ്ഞും വിളനിലങ്ങളായിത്തീരുന്നത്‌ വൈദികകാലം നീളെച്ചെന്ന നാളുകളിലാണ്‌. ഭക്ഷ്യവിഭവങ്ങളും മറ്റുപഭോഗവസ്‌തുക്കളും കൊറ്റിനുവേണ്ടതിലേറെപ്പെരുകിവന്ന മുറയ്‌ക്ക്‌ അവയുടെ വിനിമയകേന്ദ്രങ്ങളായി നഗരങ്ങള്‍ ഉണ്ടായിവന്നതും ഇക്കാലത്തുതന്നെ. കിഴക്ക്‌ ഇന്നത്തെ കല്‍ക്കത്തയില്‍ നിന്നേറെ ദൂരെയല്ലാതെ ഗംഗയുടെ തുറമുഖത്ത്‌ താമ്രലിപ്‌തി, അവിടന്ന്‌ പടിഞ്ഞാറോട്ട്‌ ചമ്പാപുരി, പാടലീപുത്രം, എന്നീ നഗരങ്ങളുയര്‍ന്നു. ആര്യാവര്‍ത്തത്തിന്റെ മധ്യദേശത്തേക്ക്‌ കാശി അഥവാ വാരാണസി, കൗശാംബി, മഥുര, വിദിശ, ഉജ്ജയിനി തുടങ്ങിയ മറ്റു നഗരങ്ങളും ഏതാണ്ടിക്കാലത്തേക്ക്‌ നഗരസ്ഥാനങ്ങളായിക്കഴിഞ്ഞു. പടിഞ്ഞാറോട്ടുകടന്ന്‌, സിന്ധുനദിയുടെ മുഖത്തെ പാടലാ, പഞ്ചാബിലെ തക്ഷശില മുതലായ ഇടങ്ങള്‍ അന്നേക്ക്‌ നഗരങ്ങളായിക്കഴിഞ്ഞിരുന്നു. ഇതിനോടൊപ്പം, പ്രതിഷ്‌ഠാനം, അലക, മാഹിഷ്‌മതി എന്നിവയും വടക്ക്‌ ശ്രാവസ്‌തിയും തെക്ക്‌ മധുര, കാഞ്ചി എന്നീ നഗരങ്ങളും നഗരകേന്ദ്രങ്ങളായി തെളിവേറ്റു. ഈ നഗരങ്ങളെയും അവയുടെ പിന്‍നാടുകളായ ജനവാസകേന്ദ്രങ്ങളേയും ചേര്‍ത്തിണക്കിക്കൊണ്ടാണ്‌ ഇതേകാലത്ത്‌ ഭൂഖണ്ഡത്തില്‍ തെക്കും വടക്കും ആളും കോളും നീങ്ങിച്ചെല്ലാന്‍ പാകത്തില്‍ നാടെങ്ങും വിളിക്കൊണ്ട വണിക്‌ പഥങ്ങള്‍ തെളിഞ്ഞുവരുന്നത്‌. ഉത്തരാപഥം, ദക്ഷിണാപഥം എന്നീ രണ്ടെണ്ണം ഇവയില്‍ മുഖ്യമാണ്‌. കിഴക്ക്‌ ഗംഗയുടെ തുറമുഖസ്ഥാനത്ത്‌ താമ്രലിപ്‌തി എന്ന സ്ഥലത്തുനിന്ന്‌ ഒരു പാത പുറപ്പെട്ട്‌ ചമ്പാപുരി കടന്ന്‌ കാശിയും താണ്ടി കൗശാംബിയിലെത്തി. അവിടെവെച്ച്‌ ഈ പാതയുടെ ഒരു കൈവഴി തെക്കോട്ട്‌ നീണ്ട്‌ ഭരുകച്ഛത്തിലേക്ക്‌ (ഇന്നത്തെ ബ്രോച്ച്‌) ചെന്നു. അത്‌ നര്‍മ്മദ സമുദ്രത്തില്‍ ചേരുന്നസ്ഥലം. വഴിയില്‍ വിദിശ, ഉജ്ജയിനി എന്നീ നഗരങ്ങളെക്കൂടി തൊട്ടുതടവിക്കൊണ്ടാണ്‌ ഈ തെക്കന്‍ കൈവഴി. കൗശാംബിയില്‍നിന്ന്‌ വടക്കുപടിഞ്ഞാറോട്ട്‌ യമുനയുടെ തെക്കെക്കരയിലൂടെ കടന്ന്‌ മഥുര അവിടെനിന്ന്‌ രാജസ്ഥാനും താര്‍ മരുഭൂമിയും കടന്ന്‌ പഞ്ചാബില്‍ സിന്ധുനദീമുഖത്തെ പടാലവരെയെത്തി. ഈ കിഴക്കുപടിഞ്ഞാറന്‍ പാതയാണ്‌ വിഖ്യാതമായ ഉത്തരാപഥം. ബൗദ്ധഗ്രന്ഥങ്ങളിലും മറ്റും പലപാട്‌ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌ ഈ വണിക്‌പഥം. കൗടല്യന്റെ അര്‍ത്ഥശാസ്‌ത്രം മുതലായ ഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ചുള്ള സൂചനകാണാം.

തെക്ക്‌ അലക മുതല്‍ വടക്ക്‌ ഹിമാലയപ്രദേശത്തെ ശ്രാവസ്‌തിവരെയും അലകയില്‍നിന്നു തെക്കോട്ട്‌ താഴോട്ടിറങ്ങി ദ്രാവിഡദേശത്ത്‌ തെക്കെയോരത്ത്‌ മുചിറിവരേയും ചെന്ന ദക്ഷിണാപഥവും വടക്കന്‍പാഥയോടൊപ്പം വിളിക്കൊണ്ട യാത്രാപഥമായിരുന്നു. സുത്തനിസാതമെന്ന ബൗദ്ധഗ്രന്ഥത്തില്‍ ഈ പാതയുടെ ഒരു ഭാഗം ഇങ്ങനെ വര്‍ണ്ണിക്കും :        അലകസ്സ പതിട്‌ഠാനം        പുരീം മാഹിസ്സതിം തഥാ        ഉജേനിം ചാപി സാകേതം        വേദിസം വനസാഹ്വയം        ഉജേനിം ചാപി ഗോണാദ്ദം        സാവത്ഥിം പുരിയ്യത്തമം നഗരങ്ങളെ ചേര്‍ത്തിണക്കുന്ന വണിക്‌പഥങ്ങളായിട്ടാണ്‌ പാതകളെക്കുറിച്ചുള്ള വിവരണങ്ങളേറെയും. പാതകളില്‍ നീളെ വിഹാരങ്ങളും ഉത്സവസ്ഥാനങ്ങളും ക്ഷേത്രസങ്കേതങ്ങളുമെല്ലാം വളര്‍ന്നുവന്നു. അങ്ങനെ പാതകള്‍ തീര്‍ത്ഥയാത്രാമാര്‍ഗ്ഗങ്ങളുമായി. രാജഗൃഹത്തില്‍നിന്ന്‌ കൗശാംബിയിലേക്കുള്ള വഴിയില്‍ ശ്രീബുദ്ധന്‍ ഒരിക്കല്‍യാത്രചെയ്‌തിട്ടുണ്ട്‌. കാശിയില്‍ നിന്ന്‌ പുറപ്പെട്ട ഭിഷഗ്വരന്‍ വത്സരാജ്യത്തിലെ ഉദയനമഹാരാജാവിനെ ചികിത്സിക്കാന്‍ യാത്രചെയ്‌തത്‌ ഉത്തരാപഥം താണ്ടിയായിരുന്നുവെന്ന്‌ ബൗദ്ധകൃതികളില്‍ കാണാം. ജാതകകഥകളില്‍ പലപാടു വര്‍ണ്ണിക്കപ്പെടുന്ന പാത ഒരുവേള ഉത്തരാപഥത്തിന്റെ വിവിധഭാഗങ്ങളാവാം.

ദക്ഷിണാപഥവും തുല്യഅളവില്‍ പ്രമുഖമായിരുന്നു. തെക്ക്‌ അലകയില്‍ നിന്ന്‌ വടക്ക്‌ ശ്രാവസ്‌തിയോളം ചെല്ലുന്ന ആവഴിയിലാണ്‌ ബൗദ്ധധര്‍മ്മത്തെക്കുറിച്ചുള്ള സംശയനിവൃതിതിക്കായി ശ്രീബുദ്ധനെക്കാണാന്‍ ചിലഭിക്ഷുക്കള്‍ യാത്രചെയ്‌തത്‌ എന്ന്‌ ബൗദ്ധഗ്രന്ഥങ്ങളില്‍ കാണുന്നു.

ദ്രാവിഡദേശം, അതിലും വിശേഷിച്ച്‌ കേരളവും തമിഴ്‌നാടും ഉള്‍പ്പെട്ട തമിഴകം ഇപ്പറഞ്ഞ കാലത്ത്‌ വടക്കെ ഇന്ത്യ പോലെ നാഗരികസ്ഥാനമാവാനുള്ള തിടുക്കം കാട്ടിത്തുടങ്ങിയിരുന്നു എന്നാണ്‌ പഴന്തമിഴ്‌പാട്ടുകളായ അകനാനൂറ്‌, പുറനാനൂറ്‌, പതിറ്റുപ്പത്ത്‌ തുടങ്ങിയ കൃതികളില്‍ നിന്നറിവാകുന്നത്‌. തമിഴകത്തെ കാഞ്ചി, കേരളക്കരയിലെ മുചിറി മുതലായ വിളിക്കൊണ്ട നഗരങ്ങളായി. കേരളത്തിലേക്കുള്ള പാതയിലൂടെ ചെന്ന്‌ വിലപ്പെട്ട കേരളീയ വിഭവങ്ങള്‍ കൊണ്ടുവരുന്നതിനെപ്പറ്റി അര്‍ത്ഥശാസ്‌ത്രകാരന്റെ സൂചനകളുണ്ടല്ലോ.

പഴന്തമിഴ്‌പാട്ടുകളില്‍ പെട്ട ചിറുപാണാറ്റുപ്പടൈ, പെരുമ്പാണാറ്റുപ്പടൈ എന്നീ പാട്ടുകള്‍ ഒരിടത്തുനിന്ന്‌ പുറപ്പെട്ട്‌ മറ്റൊരിടത്തെത്താനുള്ള വഴി വിവരിക്കുന്നവയാണ്‌. ഇത്തരത്തിലൊരു ആറ്റുപ്പടൈയില്‍ കിഴക്ക്‌ മലഞ്ചരുവുകളില്‍ നിന്ന്‌ പുറപ്പെട്ട്‌ ഇടനാട്ടിലെ മരുതനിലങ്ങളായ കാര്‍ഷികഗ്രാമങ്ങളിലൂടെ നീങ്ങി പടിഞ്ഞാറന്‍ കടല്‍ക്കരയിലെ തുറമുഖനഗരമായ മുചിറിയിലെത്തുന്ന വഴിയുടെ വിവരണം ഉണ്ട്‌. വഴിക്ക്‌ മരുതത്തിണയിലെ ഗ്രാമങ്ങളില്‍, മോരൊഴിച്ചുണ്ടാക്കുന്ന ചോറിന്റെ സ്വാദിനെക്കുറിച്ചുപറയും.

മേഘസന്ദേശം മുതല്‍ക്കിങ്ങോട്ട്‌ പല ഭാഷകളിലെ സന്ദേശകാവ്യങ്ങള്‍ മുഖ്യമായും മാര്‍ഗ്ഗവര്‍ണനകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന കൃതികളാണ്‌. മലയാളത്തിലെ ഉണ്ണുനീലിസന്ദേശം, കോകസന്ദേശം, ഭ്രമരസന്ദേശം എന്നിവ ഉദാഹരണം. ചുരുക്കത്തില്‍ ബൗദ്ധകാലം മുതല്‍ ഏതാണ്ടൊരായിരത്താണ്ടുകാലം ഭാരതഭൂമിയിലെ വിവിധ പ്രദേശങ്ങള്‍ തമ്മിലേര്‍പ്പെട്ട സാംസ്‌കാരിക സങ്കരത്തിന്റെ ഭൗതികപശ്ചാത്തലമാണ്‌ വണിക്‌പഥങ്ങളുടെ രൂപത്തില്‍ നിലവിലിരുന്നത്‌ എന്നു നിരീക്ഷിക്കാം. പാതകളുടെ സംരക്ഷണത്തിലും യാത്രാസൗകര്യങ്ങളിലും ഭരണകൂടങ്ങള്‍ താല്‌പര്യം പ്രദര്‍ശിപ്പിച്ചുവെന്നുവേണം ധരിക്കാന്‍. മൗര്യന്‌മാരുടെ ഭരണകാലത്തെ ചില രേഖകള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. അശോകന്റെ ശിലാശാസനങ്ങളിലൊരിടത്ത്‌ താന്‍ പാതകളില്‍ പശുക്കളുടേയും മനുഷ്യരുടേയും ഉപയോഗത്തിനായി കിണറുകള്‍ കുഴിപ്പിച്ചതായും ചോലമരങ്ങള്‍ നട്ടുപിടിപ്പിച്ചതായും പ്രസ്‌താവിക്കുന്നു.

ഡോ. എം.ആര്‍. രാഘവവാരിയര്‍