പ്രളയത്തിന്റെ അടയാളങ്ങള്‍ -സേതു

പ്രളയത്തിന്റെ അടയാളങ്ങള്‍  -സേതു

ചരിത്രാതീതകാലം മുതലേ മനുഷ്യര്‍ പ്രകൃതിയെ ആരാധിച്ചുവളര്‍ന്നവരാണ്. അത് ഒരു തരത്തില്‍ ഭയം കലര്‍ന്ന  ആരാധനയായിരുന്നു. പ്രകൃതി എന്നതുതന്നെ വലിയൊരു ദുരൂഹതയായിരുന്നു. പര്‍വതങ്ങള്‍, കുന്നുകള്‍, പുഴകള്‍ തുടങ്ങിയവയുമായി ചുറ്റിപ്പറ്റിയ എല്ലാ ശക്തികള്‍ക്കും അതീതമായി #ൊരു ശക്തിയുണ്ട്. ഈ ശക്തി പ്രകൃതി തന്നെയാണെന്നാണ് സങ്കല്‍പ്പം. ആദ്യത്തെ ദൈവസങ്കല്പം തന്നെ അങ്ങനെയായിരുന്നുവല്ലോ. വളരെ പുരാതനമായ സങ്കല്പമാണത്. ഹൈന്ദവ പുരാണങ്ങള്‍ അനുസരിച്ച് വായുദേവന്‍, അഗ്നിദേവന്‍, വരുണന്‍ തുടങ്ങിയ ദേവന്മാര്‍ ഇവരുടെ എല്ലാം മുകളില്‍ ഇന്ദ്രന്‍. ഇവര്‍ക്കെല്ലാം ഒരു ദൈവികത്വം കൊടുത്തിട്ടുണ്ട്. അത് നമ്മള്‍ ഭയപ്പെടേണ്ട കാര്യമാണ്. ഇവരെല്ലാം ഒരേസമയം പ്രസാദിക്കുന്നവരും ഒപ്പം നശിപ്പിക്കാന്‍ കഴിവുള്ളവരുമാണ്. 


ഇപ്പോള്‍ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രം വളരെയധികം പുരോഗമിച്ചശേഷം പരിസ്ഥിതിയെപ്പറ്റി എത്രയോ വലിയ പഠനങ്ങള്‍ നടന്നു. ആദ്യകാലത്തുതന്നെ പരിസ്ഥിതിയെക്കുറിച്ച് മനുഷ്യന്‍ ഇതൊക്കെ ചിന്തിച്ചിട്ടുണ്ടാകും. അതുതന്നെയാണ് നമ്മള്‍ പഠിക്കാതെ പോയ പാഠം. പ്രത്യേകിച്ച് കേരളംപോലെ ഇത്രയും അനുഗ്രഹിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തംനാട്. ഞാന്‍ ഇന്ത്യയുടെ എട്ട് സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ആളാണ്. പഞ്ചാബ് മുതല്‍ മധ്യപ്രദേശ് വരെ അടിസ്ഥാനപരമായി നോക്കിക്കഴിഞ്ഞാല്‍ അവിടെയെല്ലാം വ്യത്യസ്തമായ ഭൂപ്രദേശങ്ങളാണ്. മധ്യപ്രദേശിലെ ഒരു ജില്ലയുടെ വലുപ്പം മാത്രമുള്ള നമുക്ക് കുന്നുണ്ട്, കടലുണ്ട്, നദിയുണ്ട് അങ്ങനെ അസാമാന്യമായ അനുഗ്രഹം കിട്ടിയ പ്രദേശമാണ് കേരളം. പക്ഷേ ഇതിനെ നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15 പ്രളയത്തില്‍ വെള്ളം കയറാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ആദ്യം കരുതി മുകളിലത്തെ നിലയില്‍ താമസിക്കാമെന്ന്. ഇതിനായി ഗ്യാസ് സിലിണ്ടറും അവശ്യം വേണ്ട വീട്ടുസാധനങ്ങളും കരുതി. വെക്കേഷന്‍ സമയമായതിനാല്‍ മകനും കുട്ടികളും വീട്ടിലുണ്ടായിരുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ മുകള്‍നിലയില്‍ താമസിക്കുന്നതിനെ കുട്ടികള്‍ എതിര്‍ത്തു. അവര്‍ ഇത്തരത്തില്‍ വെള്ളം കണ്ടിട്ടില്ലാത്തതിനാല്‍ പ്രതിസന്ധിയെ തരണം ചെയ്യാതെ ഇവിടം വിട്ടുപോകാമെന്നു പറഞ്ഞു നിര്‍ബന്ധം പിടിച്ചു. എങ്കിലും കുട്ടിക്കാലത്ത് വെള്ളം കയറുന്ന ഓര്‍മ്മയില്‍ അതേ ലാഘവത്തോടെ പ്രളയം കടന്നുപോകുമെന്നായിരുന്നു ഞാന്‍ കരുതിയത്. കുട്ടിക്കാലത്ത് ചേന്ദമംഗലം എന്ന എന്റെ നാട്ടില്‍ നാലു വെള്ളപ്പൊക്കമെങ്കിലും കണ്ടുവളര്‍ന്ന ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ വെള്ളത്തെ പേടിയില്ലായിരുന്നു. വെള്ളം ഞങ്ങള്‍ക്ക് കളിക്കാനുള്ളതാണ്. അന്നൊക്കെ എല്ലാ വീടുകളിലും വഞ്ചിയുണ്ടായിരുന്നു. എന്റെ തറവാട്ടില്‍ മൂന്ന് വഞ്ചിയുണ്ടായിരുന്നു. അമ്മമാരും സ്ത്രീകളും കുട്ടികളും അവരവരുടെ പ്രായത്തിന്റെ കഴിവനുസരിച്ച് വഞ്ചി തുഴയുമായിരുന്നു. അതുകൊണ്ടുതന്നെ വെള്ളം നമുക്കൊരു പേടിയായിരുന്നില്ല. ശാന്തമായി വന്ന് രണ്ടോ മൂന്നോ ദിവസം കെട്ടിക്കിടന്ന് ശാന്തമായി തന്നെ ഇറങ്ങിപ്പോകുന്ന രീതിയായിരുന്നു ഓരോ വെള്ളപ്പൊക്കവും മഴക്കാലവും തന്നിരുന്ന ഓര്‍മ്മ.


മഴയെ ആഘോഷത്തോടെ വരവേറ്റിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ മഴയെ ആദ്യം ഭയന്നില്ല. എന്നാല്‍ ഉച്ചയോടെ വെള്ളത്തിനു ശക്തി കൂടിവന്നതിനെ തുടര്‍ന്ന് എന്റെ വാഹനം റോഡിലേക്ക് മാറ്റിയിട്ടെങ്കിലും പ്രളയമെന്ന പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതിയില്ല. സന്ധ്യയായപ്പോഴേക്കും പെരിയാറിനു സമീപത്തുനിന്നും കുറേയാളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന വിവരം വാര്‍ത്തയില്‍ കണ്ടു. അപ്പോഴും മുകളില്‍ താമസിക്കാമെന്ന ചിന്തയാണ് ഉണ്ടായത്. അന്നുരാത്രി ഞങ്ങള്‍ മുകളിലത്തെ നിലയിലാണ് കിടന്നത്. എന്നാല്‍ രാത്രി 10-11 മണിതൊട്ട് വെള്ളം ചാടുന്ന ശബ്ദം ശക്തമായി. ഇരച്ചു ചാടുകയാണ്. തോടുകളാണെങ്കില്‍ വീട്ടില്‍ നിന്നും ഏറെ ദൂരെയാണ്. ആലുവ പുഴയാകട്ടെ 6-7 കിലോമീറ്റര്‍ അകലെയുമാണ്. ഗേറ്റ് തള്ളിത്തുറക്കുന്നതുപോലെയാണ് വെള്ളത്തിന്റെ അലയടി. പിന്നീടുള്ള ഓരോ മണിക്കൂറും ഞാന്‍ താഴെ ഇറങ്ങിവന്ന് നോക്കി. അപ്പോഴെല്ലാം വെള്ളം ഇങ്ങനെ ഇരച്ചുവരികയാണ്.