പ്രത്യുപകാരത്തിന്റെ കാലം -വൈക്കം മുരളി

പ്രത്യുപകാരത്തിന്റെ കാലം -വൈക്കം മുരളി
റഷ്യന്‍ കവി ഗെന്നാഡി ഏയ്ഗിയുടെ കവിതയുടെ അനന്തമായ പ്രകാശധാരകള്‍ തേടുന്ന ഒരു സമാഹാരമായ ടൈം ഓഫ് ഗ്രാറ്റിറ്റിയൂട് എന്ന അസാധാരണ പുസ്തകത്തിന്റെ വായന. 
വെളിച്ചത്തിനുള്ളിലെ വിശ്വാസ പൂര്‍ണ്ണിമയ്ക്ക് ഏറ്റവും അനുയോജ്യമായ കാലം രാത്രിയാണ്. ഈ വാക്കുകള്‍ മഹാനായ ഗ്രീക്ക് ചിന്തകന്‍ പ്ലേറ്റോയുമായി ബന്ധപ്പെടുത്തിയാണ് അറിയപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച റഷ്യന്‍/ഷുവാഷ് കവിയായ ഗെന്നാഡി ഏയ്ഗിയുടെ (Gennady Aygi) പ്രത്യുപകാരത്തിന്റെ കാലം (Time of Gratitude) എന്ന കാവ്യസമാഹാരത്തെ പ്ലേറ്റോയുടെ വാക്കുകളോട് ബന്ധപ്പെടുത്തി വായിക്കുന്നത് മികച്ച അനുഭവമായിരിക്കും. 1976-77 കാലഘട്ടത്തില്‍ കവി എഴുതിയ ഒരു കാവ്യപരമ്പരയായിത് (cycle of poems) ലോകസാഹിത്യ സീമയിലേക്ക് കടന്നുവരുന്നു. ഈ കാലഘട്ടം കവിയുടെ ജീവിതത്തിലെ ദുരന്തപൂര്‍ണമായ കറുത്ത കാലഘട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കവിയും ഉത്തമമിത്രവുമായിരുന്ന കോണ്‍സ്റ്റാന്റിന്‍ ബോഗാടിറേവിന്റെ രാഷ്ട്രീയ കൊലപാതകം ഏയ്ഗിയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു. ആകെ തകര്‍ന്ന ഒരു മാനസികനിലയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഏയ്ഗി എഴുതിയ കവിതകളും ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളുമെല്ലാം ഒരു മികച്ച സമാഹാരമായി പുറത്ത് കൊണ്ടുവന്നിരിക്കുന്നത് അമേരിക്കയിലെ ന്യൂഡയറക്ഷന്‍സ് പ്രസാധകരാണ്. ഒരു കവിയെന്ന നിലയില്‍ ഏയ്ഗി ഒരിക്കലും ഉത്കണ്ഠയുടെ സ്വാധീനത്തിനുള്ളിലായിരുന്നില്ല. നേരെമറിച്ച് അദ്ദേഹം പ്രത്യുപകാരത്തിന്റെ കവിയായിരുന്നു. മാനുഷികവും സ്വാഭാവികവുമായ ഒരു ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. മറ്റുള്ളവരുടെ സര്‍ഗാത്മകമായ രചനകളോട് നന്ദിയോടെ മാത്രം പ്രതികരിക്കുവാന്‍ തയ്യാറാകുന്ന ഒരു രൂപം അന്നത്തെ റഷ്യന്‍ സാഹചര്യത്തെ അതിജീവിക്കുവാന്‍ വേണ്ടി കവിക്ക് മറ്റുള്ള എഴുത്തുകാരുടെ സഹായം അത്രമേല്‍ അനിവാര്യവുമായിരുന്നു. അവരോടുള്ള നന്ദി പ്രകടിപ്പിക്കുവാന്‍ കവിക്കു മുന്നില്‍ മറ്റ് തലങ്ങള്‍ ഒന്നുംതന്നെ അവശേഷിക്കുന്നുണ്ടായിരുന്നില്ല.
ഒരു നോണ്‍ റഷ്യന്‍ റിപ്പബ്ലിക്കായ ഷുവാഷിയയില്‍ 1934-ലാണ് ഗെന്നാഡി നിക്കോളെയിവിച്ച് ഏയഗി ഒരു ഗ്രാമീണ അദ്ധ്യാപകന്റെ പുത്രനായി ജനിച്ചത്. മാതാവ് പാവപ്പെട്ട ഒരു കര്‍ഷക സ്ത്രീയുമായിരുന്നു. മോസ്‌ക്കോയിലെ സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം പത്തു വര്‍ഷക്കാലം പ്രസിദ്ധമായ മാക്‌ക്കോവസ്‌കി മ്യൂസിയത്തില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹം ധാരാളം കവിതകളെഴുതി നിരോധിക്കപ്പെട്ട മാസികകളില്‍ പ്രസിദ്ധീകരിച്ചു. 1980 കാലത്തെ പെരിസ്‌ട്രോയ്ക്കയുടെ കറുത്ത നിഴല്‍പ്പാടിനുളളില്‍ റഷ്യയില്‍ കൂടുതലൊന്നും അറിയപ്പെടാതെ ഏയ്ഗി ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു. ഒരു ഷുവാഷ് കവിയെന്ന നിലയിലറിയുവാനാണ് അദ്ദേഹമേറെ ഇഷ്ടപ്പെട്ടിരുന്നത്. റഷ്യന്‍ ഭൂമികയില്‍ തനതായ ഒരിടം കണ്ടെത്തുവാന്‍ അദ്ദേഹത്തിനേറെ കാത്തിരിക്കേണ്ടതായും വന്നു.
ഏയ്ഗിയെ സംബന്ധിച്ചിടത്തോളം കവിത ഒരുള്‍വിളിയുടെ പ്രതീകമായിരുന്നു. ഏറ്റവും ഗൗരവമായ രീതിയിലുള്ള ഒരു സമീപനമാണ് കവിതയോടദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നത്. പക്ഷേ 1985ലെ ഒരഭിമുഖത്തില്‍ മഹത്തായ ഗദ്യത്തെ വാചിക കലയുടെ ഏറ്റവും മികച്ച രൂപമെന്നും അദ്ദേഹം വിലയിരുത്തി. കവിയെന്ന ഒരു വിശേഷണത്തിനുള്ളിലും ഒരു നോണ്‍റൈറ്റര്‍ എന്ന ഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇതിനുവേണ്ടി അദ്ദേഹം കത്തുകളുടെ ഒരു വലിയ കൂട്ടംതന്നെ സൃഷ്ടിക്കുവാനും തയ്യാറായി ഏതെങ്കിലുമൊരുനാള്‍ ഇത് സമാഹരിച്ച് പ്രസിദ്ധീകരിക്കപ്പെടുമെന്ന പ്രത്യാശ നിലനില്‍ക്കുകയും ചെയ്തു. ഈ സമാഹാരത്തില്‍ കവിതകള്‍ക്കൊപ്പം മികച്ച ലോകയെഴുത്തുകാരെക്കുറിച്ചുള്ള കുറിപ്പുകളും ഓര്‍മ്മക്കുറിപ്പുകളും ലേഖനങ്ങളുമൊക്കെ ചേര്‍ത്തിരിക്കുന്നത് ഏയ്ഗിയുടെ എഴുത്തിന്റെ സാര്‍വ്വലൗകിക സ്വഭാവത്തെയാണ് എടുത്തു കാണിക്കുന്നത്. കാഫ്ക്കയും പോള്‍സെലാനുമൊക്കെ എഴുത്തിലേക്കു കടന്നുവരുന്നതിന്റെ പ്രാധാന്യവും നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്. റഷ്യക്കു പുറത്തുള്ള ഏയ്ഗിയുടെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള കവിതകളും ഈയൊരു സാഹചര്യത്തിലാണ് നാം വിലയിരുത്തേണ്ടത്.
റഷ്യന്‍ കവിതാ പാരമ്പര്യത്തിന്റെ പ്രധാന പ്രവാഹത്തിനുള്ളില്‍പെടാതെ നില്‍ക്കുന്ന ഒന്നാണെങ്കിലും ഏയ്ഗിയുടെ കവിതകള്‍ ഷുവാസീ സംസ്‌കാരത്തിന്റെ വേരുകളിലൂന്നി നിന്നുകൊണ്ടാണ് സാഹിത്യലോകവുമായി സംവദിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങള്‍ വരെ ഒരു വാചികസംസ്‌കാരത്തിന്റെ ഭാഗമായി നിന്നിരുന്ന ഷുവാസ് കവിത യൂറോപ്യന്‍ ആധുനികതയുടെ പ്രവാഹത്തിനൊപ്പം ചേരുന്നതോടെയാണ് ഏയ്ഗിയുടെ കവിതകള്‍ കൂടുതല്‍ വായനക്കാരിലേക്കെത്തിച്ചേരുന്നത്. നീത്‌ഷെയും കാഫ്കയും കിര്‍ക്കിഗാര്‍ഡുമൊക്കെ ഏയ്ഗിയെ വല്ലാതെ സ്വാധീനിക്കുകയും ചെയ്തു. ഫ്രഞ്ചുകവിതകളുടെ നിര്‍ണായകമായ സ്വാധീനവും ഇവരിലെ രചനകളെ കൂടുതല്‍ സമ്പന്നമാക്കി.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച റഷ്യന്‍ പ്രതിഭകളായ പ്ലാറ്റാനോവും ഷാലാമോവും ഗദ്യശാഖയില്‍ ഷുവാഷി എഴുത്തിനെ കൂടുതല്‍ ശ്രദ്ധേയമാക്കി. ഏയ്ഗി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും രചനയുടെ ഗുപ്തമായ തലത്തിനുള്ളില്‍ നിന്നുകൊണ്ടാണ് സംവദിച്ചുകൊണ്ടിരുന്നത്. മായ്‌ക്കോവിസ്‌ക്കിയും ക്ലെബിനിക്കോവും മാലിവിച്ചുമൊക്കെ പകര്‍ന്നുകൊടുത്ത പിന്തുണ അദ്ദേഹത്തിനു കൂടുതല്‍ ശക്തി പകര്‍ന്നുകൊടുക്കുകയും ചെയ്തു. കവിയും നോവലിസ്റ്റുമായ പാസ്റ്റര്‍നാക്കുമായുണ്ടായിരുന്ന ആത്മബന്ധവും ഏയ്ഗിയുടെ എഴുത്തിനെ കൂടുതല്‍ തീവ്രമായ ഒരു തലത്തിലേക്കെത്തിച്ചേരുന്നതില്‍ സഹായിച്ചു. 1974ല്‍ പാസ്റ്റര്‍നാക്ക് ആദ്യമായി ഏയ്ഗിയെ കാണുമ്പോള്‍ ചെറുപ്പക്കാരനായ ഏയ്ഗിയില്‍ വലിയ ഒരു ഭാവി അദ്ദേഹം ദര്‍ശിച്ചിരുന്നു. വനസീമകളിലൂടെ മണിക്കൂറുകളോളം കവിതയെക്കുറിച്ച് സംസാരിച്ചുകൊണ്ട് തങ്ങള്‍ സമയം ചെലഴിച്ചതിനെക്കുറിച്ച് പിന്നീട് ഏയ്ഗി ഓര്‍ക്കുന്നുണ്ട്. പക്ഷേ അക്കാലത്തൊക്കെയും ഏയ്ഗിയുടെ പ്രധാന ഉത്ക്കണ്ഠ ഷുവാഷ് സംസ്‌കാരം തന്നെയായിരുന്നു. മറ്റ് ലോകഭാഷകളുടെ സ്പര്‍ശം ഷുവാഷ് സാഹിത്യരചനകള്‍ക്കുണ്ടാകണമെന്നും അദ്ദേഹം വല്ലാതെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഷുവാഷിയയും റഷ്യയും എന്ന ആദ്യഭാഗത്തെ ലേഖനം ഷുവാഷി സാഹിത്യപ്രതിഭ മിഖായല്‍ സെസ്‌വെലിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുമായിട്ടാണ് ആരംഭിക്കുന്നത്. കൊടുങ്കാറ്റിനുള്ളിലെ ഒരു മഞ്ഞുതുള്ളിയായിട്ടാണ് ഏയ്ഗിസെസ്പലിനെ കാണുന്നത്. എന്റെ ജാലകത്തിനപ്പുറത്ത് നഗരത്തിലെ തിളക്കമാര്‍ന്ന ഒരു നവംബര്‍ സായാഹ്നത്തിന്റെ ദൗത്യം വിസ്മൃതിയുടെ ഒരു സങ്കീര്‍ണമായ തലത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. എവിടെയാണ് താനിപ്പോള്‍ എന്ന കാര്യംപോലും ഇല്ലാതാകുന്ന ഒരവസ്ഥ. പാതിമറന്നുപോയ ചില വിദൂരയിടങ്ങളിലെവിടെയോ ഓര്‍മ്മകള്‍ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. ആകെ മഞ്ഞുമൂടിക്കിടക്കുന്ന ഭൂദൃശ്യങ്ങള്‍. ജന്മനാടായ ഷുവാഷ് ഗ്രാമത്തിലെ ഒരു നവംബര്‍ സായാഹ്നമാണ് ഇപ്പോഴും മായാതെ നില്‍ക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യസ്പര്‍ശം ഏറ്റുവാങ്ങിയ കാലത്തിന്റെ നിഗൂഢതകളില്‍ ഒരു കവിയുടെ ജനനം സംഭവിക്കുന്ന പില്‍ക്കാലത്ത് സെസ്‌പെല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കവിയുടെ ഓര്‍മ്മകള്‍ ഇവിടെ കൂടുതല്‍ ധന്യമാകുന്നു. ഷുവാഷി ഭാഷയില്‍ സെസ്‌പെല്‍ എന്ന വാക്കിന് മഞ്ഞുതുള്ളിയെന്ന അര്‍ത്ഥമാണുള്ളത്. സെസ്‌പെലിന്റെ ദുരന്തപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ചുള്ള ഈ ഭാഗം ഏയ്ഗിയുടെ ഓര്‍മ്മകള്‍ക്കുള്ളിലെ പ്രകാശമാനമായ ഒരിടമാണ്. തന്റെ ജീവിതകാലത്ത് പത്തോളം കവിതകള്‍ മാത്രമേ ഷുവാഷിയ ഭാഷയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നുള്ളൂ. ധീരമായ ഇമേജറികളിലൂടെ വിടരുന്ന വിചിത്രമായ കാവ്യഭാവനകളുടെ രൂപവും ഭാവവും ഇവയെ ഏറെ ധന്യമാക്കിയിരുന്നു. വന്യമായ രീതിയില്‍ ഏകാന്തതയുടെ സ്പര്‍ശം അനുഭവിപ്പിക്കുവാന്‍ ഈ കവിതകള്‍ക്കു സാധിച്ചിരുന്നു. ഉക്രയിന്‍ ഭൂമികയുടെ വിദൂരതകളിലെവിടെയോ സെസ്പലിന്റെ കാവ്യപ്രപഞ്ചം ഉണരുന്നതിന്റെ അത്യപാരമായ ഒരു ദൃശ്യമാണ് ഏയ്ഗി ഈ രചനയിലൂടെ അനാവരണം ചെയ്യുന്നത്. ഇന്ന് മുപ്പതോളം കവിതകളില്‍ മാത്രമായി സെസ്‌പെലിന്റെ കാവ്യപാരമ്പര്യം ഒതുങ്ങിനില്‍ക്കുന്നു.