പോസ്റ്റ് ട്രൂത്ത് : വാക്കും പൊരുളും -നവീന്‍ പ്ലാക്കാലില്‍

പോസ്റ്റ് ട്രൂത്ത് : വാക്കും പൊരുളും  -നവീന്‍ പ്ലാക്കാലില്‍
ഒരു സമൂഹം തങ്ങള്‍ മുറുകെപ്പിടിച്ച മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ എങ്ങനെ അരക്ഷിതാവസ്ഥയിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും കൂപ്പുകുത്തും എന്ന് സത്യാനന്തര പ്രവണതകള്‍ തെളിയിക്കുന്നു.
ലോകസമൂഹത്തിന്റെ ധാര്‍മ്മിക അടിത്തറയുടെ അസ്ഥിവാരം, സത്യം എന്ന ആദര്‍ശമാണ്. ശാസ്ത്രവും മാധ്യമങ്ങളും ആപേക്ഷികദര്‍ശനങ്ങളും സത്യത്തിന്റെ മൂല്യം ചോര്‍ത്തിക്കളയുന്ന ഉത്തരാധുനിക ദാര്‍ശനികതയാണ് പോസ്റ്റ് ട്രൂത്ത്. പോസ്റ്റ് ട്രൂത്തിന്റെ തമ്പുരാക്കന്മാര്‍ രാഷ്ട്രങ്ങളുടെ അമരത്ത് അരങ്ങ് വാഴുമ്പോള്‍ ജനസാമാന്യത്തിന്റെ അടിസ്ഥാനാവകാശങ്ങളാണ് അവരറിയാതെ കവര്‍ന്നെടുക്കപ്പെടുന്നത്.
സത്യാനന്തര രാഷ്ട്രീയം (Post-truth Politics) എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് 2010ല്‍ ഡേവിഡ് റോബര്‍ട്‌സ് എന്ന ബ്ലോഗറാണ്. അദ്ദേഹം നുണകളുടെ രാഷ്ട്രീയത്തെ വിശേഷിപ്പിച്ചത്. പ്രയോഗത്തില്‍നിന്നും പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ട ഭൂരിപക്ഷ അഭിപ്രായത്തിന്റെയും മാധ്യമ ആഖ്യാനങ്ങളുടെയും ആകെത്തുകയായ രാഷ്ട്രീയ സംസ്‌കാരമായാണ് ”വികാരങ്ങള്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും വസ്തുതകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കി അതില്‍ നിന്ന് ഒരു പൊതുഅഭിപ്രായം ഉരുത്തിരിവാകുന്ന അവസ്ഥ.”
പോസ്റ്റ് ട്രൂത്തൂന്റെ നാള്‍വഴി
‘സത്യാനന്തരം’ എന്ന വാക്ക് 2016-ലെ പ്രധാന വാക്കായി പ്രഖ്യാപിച്ച ഓക്‌സ്‌ഫോര്‍ഡ് കമ്മിറ്റിയുടെ തീരുമാനം ആകസ്മികമല്ല. സത്യാനന്തരത്തിന്റെ പദോല്‍പത്തിയെക്കുറിച്ച് നിരവധി തര്‍ക്കങ്ങളുണ്ട്. ഒരു പൊതുഅഭിപ്രായം, 1992ലെ സെര്‍ബിയന്‍-അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീവ് റ്റെസിച്ചിന്റെ ഒരു ലേഖനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇറാന്‍-കോണ്‍ട്രാ പോലുള്ള കുംഭകോണ കഥകള്‍ കേട്ട് സത്യത്തില്‍നിന്നും ഗതിമാറി ചിന്തിച്ച അമേരിക്കന്‍ ജനതയെ റ്റെസിച്ച് വിശേഷിപ്പിച്ചത് അവര്‍ സത്യാനന്തര കാലത്തില്‍ (Post-truth era) ജീവിക്കുന്നുവെന്നാണ്. റ്റെസിച്ച്, 1992ല്‍ ചമശേീി എന്ന മാസികയില്‍ ഇങ്ങനെ എഴുതി : ”ഏകാധിപതികളായ രാക്ഷസന്‍മാരുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന ജനതയുടെ പ്രാഗ്‌രൂപങ്ങളായി നാം മാറിക്കൊണ്ടിരിക്കുന്നു. ഈ ഏകാധിപതികള്‍ സത്യത്തെ അടിച്ചമര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. നമ്മുടെ ആത്മീയതപോലും സത്യത്തില്‍ നിന്നും കുറെയധികം ഗതിമാറി. അങ്ങനെ സ്വതന്ത്രജനതയായ നാം, നമ്മുടെ തീരുമാനത്താല്‍ സത്യാനന്തര ലോകത്തില്‍ ജീവിക്കുന്നു.”
ഇതിന് സമാനമായ നിരീക്ഷണങ്ങളുമായി 2010-ല്‍ ബ്ലോഗ്ഗറായ ഡേവിഡ് റോബര്‍ട്‌സും എത്തിച്ചേര്‍ന്നു റോബര്‍ട്‌സ് പറയുന്നു: ”നാം ജീവിക്കുന്നത് സത്യാനന്തര രാഷ്ട്രീയ സമൂഹത്തിലാണ്. പ്രയോഗത്തില്‍നിന്നും ദൂരെമാറി ജനാഭിപ്രായത്തിനും മാധ്യമ ആഖ്യാനങ്ങള്‍ക്കും തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും ജനങ്ങള്‍ പ്രാധാന്യം കല്‍പിക്കുന്നു. ഇവിടെ യുക്തിഭദ്രമായ നിയമവാഴ്ചയും രാഷ്ട്രീയഭരണവുമാണ് അട്ടിമറിക്കപ്പെടുന്നത്.’
റ്റെസിച്ചിന്റെയും റോബര്‍ട്‌സിന്റെയും പ്രവചനത്തെ പൂര്‍ത്തീകരണം 2016-ല്‍ സംഭവിച്ചു. അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റിന്റെ വരവും യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാനുള്ള ബ്രിട്ടനിലെ പ്രചരണങ്ങളും സത്യാനന്തര കാലത്തിന്റെ നേര്‍ക്കാഴ്ചകളായി. രാഷ്ട്രീയ വിദഗ്ധര്‍ ട്രംപിനെ വിളിക്കുന്നത് ആദ്യ സത്യാനന്തര പ്രസിഡന്റ് എന്നാണ്. പല നിരീക്ഷകരും അദ്ദേഹത്തെ ഒരു അഭിനേതാവ് എന്നാണ് വിളിക്കുന്നത്. ‘Make America Great Again’ തുടങ്ങി മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണ വാഗ്ദാനവും മുസ്ലീം വിദ്വേഷ പ്രസംഗങ്ങളും പുതിയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആഹ്വാനങ്ങളും നുണകളുടെ ചാക്കിലാക്കി ട്രംപ് വിറ്റഴിച്ചു. ഭാഷാപണ്ഡിതനായ റൊലാങ് ബാര്‍ത്ത് പറയുന്നു, ”സത്യത്തെ കൂടുതല്‍ ആക്രമിക്കുന്നത് അഭിനയിക്കുന്നവരാണ്.” ഇത് ട്രംപിലൂടെ നിറവേറ്റപ്പെട്ട സത്യാനന്തരത്തിന്റെ പ്രവചനമായിരുന്നുവെന്ന് ചേര്‍ത്തുവായിക്കാം.
ട്രംപിന്റെ നുണകള്‍ കേള്‍ക്കുന്ന ശ്രോതാക്കള്‍, ചിന്തിക്കുന്ന ഒരു സമൂഹമല്ല, മറിച്ച് ഒരു ആസ്വാദനക സമൂഹമാണ് എന്ന് മാത്യു ഡി. അങ്കോണ, പോസ്റ്റ് ട്രൂത്ത് എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അമേരിക്കന്‍ പ്രചരണത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകനായ നീല്‍ ഹ്യൂഗ്‌സ് പറയുന്നത് ഇപ്രകാരമാണ്: ”ഈ തിരഞ്ഞെടുപ്പ് കാലയളവില്‍ എല്ലാവരും പറയുന്നത് വസ്തുതകള്‍ തന്നെയാണെന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ അവ വസ്തുതകളല്ല. നിര്‍ഭാഗ്യവശാല്‍ വസ്തുതകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല.” ഇപ്രകാരം വസ്തുതകളല്ലാത്തതിനെകൊണ്ട് വസ്തുതകളും അവകൊണ്ട് വാര്‍ത്തകളും സൃഷ്ടിച്ച ട്രംപിനെ ഡി. അങ്കോണ ഇപ്രകാരം വിശേഷിപ്പിച്ചത്. ”അയാള്‍ സത്യാനന്തര കാലത്തിന്റെ കാരണമല്ല, സത്യാനന്തര പ്രക്രിയയുടെ സാമൂഹിക ലക്ഷണമാണ്.”
ബ്രെക്‌സിറ്റ് അഭിപ്രായ വോട്ടെടുപ്പ് സത്യാനന്തര വസ്തുതകള്‍ നിര്‍ണ്ണായക ചലനങ്ങള്‍ സൃഷ്ടിച്ച ഒരു സാമൂഹിക പ്രതിഭാസമായിരുന്നു. ഭീമമായ കണക്കുകള്‍ നിരത്തിവച്ച്, തൊഴില്‍ നഷ്ടം, ശരാശരി വരുമാനത്തിന്റെ കുറവ്, നാണയത്തിന്റെ മൂല്യത്തകര്‍ച്ച എന്നീ ദുഃസൂചനകള്‍ പ്രചരിപ്പിച്ചതിനാല്‍ ജനസാമാന്യം സത്യാനന്തര വസ്തുതകളാല്‍ വഞ്ചിക്കപ്പെട്ടു എന്നുവേണം കരുതാന്‍. ഇപ്രകാരം സത്യാനന്തര കാലഘട്ടത്തിന്റെ രണ്ട് പ്രകട സംഭവങ്ങള്‍ വിശകലും ചെയ്യുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് ഇത് യുക്തിയുടെ മേലുള്ള വികാരവിക്ഷേഭങ്ങളുടെ വിജയമാണ്. ഒപ്പം സങ്കീര്‍ണ്ണമായ സത്യത്തിനുമേലുള്ള ലളിതമായ നുണകളുടെ ജയവുമാണ്.
സത്യം പുറത്തും നുണകള്‍ അകത്തും
നുണകള്‍ തുടക്കം മുതലേ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ഒരു വിധത്തില്‍ പറയാം. സാമൂഹിക ഔല്‍സുക്യത്തിനും പൗരധര്‍മ്മനിര്‍വ്വഹണം ഉദ്ദീപിപ്പിക്കുന്നതിനും കുലീനമായ നുണകള്‍ ആവശ്യമാണെന്നാണ് സോക്രട്ടീസിന്റെ പക്ഷം. പ്രായോഗികവാദത്തിന്റെ പ്രചാരകനായിരുന്ന മാകിവല്ലി, ‘ദ് പ്രിന്‍സ്’ എന്ന തന്റെ പുസ്തകത്തില്‍ ഭരണകര്‍ത്താവിനെക്കുറിച്ച് പറയുന്നത് അദ്ദേഹം മിടുക്കനായ അഭിനേതാവും, ശാന്തനായ വഞ്ചകനുമായിരിക്കണം എന്നാണ്. എന്നാല്‍ രാഷ്ട്രീയ നുണകളും വാക്പയറ്റുകളും ചേരുന്നതല്ല സത്യാനന്തരം. ഇവിടെ സത്യാനന്തരത്തില്‍ പ്രസക്തമായത് നുണകള്‍ പ്രചരിപ്പിച്ചു വിടുന്നവരേക്കാള്‍ ജനസാമന്യത്തിന്റെ പ്രതികരണം തീരെ യുക്തഭദ്രതയില്ലാതെ പോയി എന്നതാണ്.
വ്യാജവാര്‍ത്തകളും സത്യാനന്തരവും
സാമൂഹിക സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം സംഭവിച്ചത് സത്യാനന്തര പ്രക്രിയയ്ക്ക് വളം വച്ചപ്പോള്‍, തഴച്ചുവളര്‍ന്ന ഒരു വ്യവസായമാണ് വ്യാജവാര്‍ത്താവിനിമയം. ഇവയുടെ കടന്നുവരവോടുകൂടി ക്രമാനുഗതമായി സത്യാനന്തര അറിവുകള്‍ വ്യാപകമാകാന്‍ തുടങ്ങി. പലപ്പോഴും നിഷേധാത്മകമായ ആസ്വാദനം ആളുകളില്‍ എത്തിച്ച് അവരെ തങ്ങളുടെ ഇഷ്ടാനുസരണം ചലിപ്പിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. പ്രശസ്ത പത്രപ്രവര്‍ത്തകനായ അരി റബിന്‍ ഹവ്ത് പറയുന്നു: ”ഈ നുണകള്‍ സങ്കീര്‍ണ്ണമാണ്, അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവ ഇല്ലാത്ത വിവാദങ്ങളെ സൃഷ്ടിക്കുകയും ജനസമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.”