പുതിയ വിദ്യാഭ്യാസ നയം:2020 പഴയ സ്‌കൂള്‍ പുതിയ കെട്ടിടത്തില്‍ – സണ്ണി ജേക്കബ് എസ്.ജെ

പുതിയ വിദ്യാഭ്യാസ നയം:2020 പഴയ സ്‌കൂള്‍ പുതിയ കെട്ടിടത്തില്‍  – സണ്ണി ജേക്കബ് എസ്.ജെ

2020ലെ പുതിയ വിദ്യാഭ്യാസ നയത്തിനു ജൂലൈ മാസം 29-ാം തീയതി, കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി. 21-ാം നൂറ്റാണ്ടിലേക്കുള്ള പുതിയ വിദ്യാഭ്യാസ നയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്കി. കഴിഞ്ഞ 34 വര്‍ഷമായി വിദ്യാഭ്യാസനയം മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു. മാനവശേഷി വികസന മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയം ആക്കണമെന്നാണ് കാബിനറ്റിന്റെ മറ്റൊരു നിര്‍ദേശം.


നയരൂപവത്കരണം, നിര്‍വഹണം, ഗുണനിലവാരം ഉറപ്പാക്കല്‍, അക്കാദമിക പ്രവൃത്തികള്‍ എന്നിവയ്ക്കായ് സ്വതന്ത്രമായ് പ്രവര്‍ത്തിക്കുന്ന പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടാവും. സ്‌കൂളുകളുടെ അക്രെഡിറ്റേഷനുവേണ്ടി സംസ്ഥാനതലത്തില്‍ സ്റ്റേറ്റ് സ്‌കൂള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എസ്.എസ്.എസ്.എ)യും സ്ഥാപിക്കുന്നതാണ്. സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി ആഴത്തില്‍ നിലനില്ക്കുകയാണ്. ഇന്ത്യയിലുണ്ടായ മാറ്റങ്ങള്‍, പ്രത്യേകിച്ചും പ്രതികൂലമായ മാറ്റങ്ങള്‍, നമ്മെ തുറിച്ചുനോക്കുകയാണ്. പുതിയ വിദ്യാഭ്യാസനയം ഈ പ്രശ്‌നത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയുന്നുണ്ട്. വ്യക്തമായ ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. എങ്കിലും എവിടെയാണ് തെറ്റുപറ്റിയതെന്നതിനെക്കുറിച്ച് ഒരു വിശകലനം ചെയ്യുകയോ, വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഉദ്യമം നടത്തുകയോ ഉണ്ടായില്ല. സര്‍ക്കാര്‍വക സ്‌കൂളുകളിലും കോളജുകളിലും ആണ് കൂടുതല്‍ പ്രശ്‌നങ്ങള്‍.


2020-ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ദര്‍ശനം

(ഡോ. കസ്തൂരിരംഗന്‍ കമ്മീഷന്‍, ഐ.എസ്.ആര്‍.ബി. മുന്‍ ചെയര്‍മാന്‍)


പുതിയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്നത്, ഭാരതകേന്ദ്രിതമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ്. ഊര്‍ജസ്വലവും സുസ്ഥിരവുമായ ഒരു വൈജ്ഞാനിക സമൂഹത്തിലേക്കുള്ള നമ്മുടെ രാഷ്ട്രത്തിന്റെ പരിണാമപ്രക്രിയയില്‍ നേരിട്ടുള്ള സംഭാവന നല്‍കാന്‍ പര്യാപ്തമാകുന്നതാവണം അത്. ഏവര്‍ക്കും ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാവുക. ആഗോളതലത്തില്‍ ഇന്ത്യയെ വൈജ്ഞാനികമേഖലയിലെ ഒരു വന്‍ശക്തിയാക്കുകയാണ് അതിന്റെ ലക്ഷ്യം. മൗലിക ഉത്തരവാദിത്വങ്ങള്‍, ഭരണഘടനാമൂല്യങ്ങള്‍, ദേശസ്‌നേഹം, മാറുന്ന ലോകത്തില്‍ വ്യക്തിയുടെ പങ്ക്, ഉത്തരവാദിത്വങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ആദരവും അവബോധവും വളര്‍ത്തുന്നവിധമായിരിക്കണം സിലബസ്സും ബോധനരീതിയും എന്ന് പുതിയ നയം വിഭാവനം ചെയ്യുന്നുണ്ട്. പഠിതാക്കളില്‍ ഇന്ത്യക്കാര്‍ എന്ന നിലയില്‍ ആഴത്തില്‍ വേരൂന്നിയ അഭിമാനബോധം വളര്‍ത്തുകയെന്നതാണ് നയത്തിന്റെ ദര്‍ശനം. ചിന്തയിലും ചൈതന്യത്തിലും പ്രവൃത്തികളിലും ഇത് പ്രതിഫലിക്കണം. ജ്ഞാനം, നൈപുണ്യം, മൂല്യങ്ങള്‍, ആശാസ്യമായ മനോഭാവങ്ങള്‍ എന്നിവ വളര്‍ത്തിയെടുത്തുകൊണ്ട് മനുഷ്യാവകാശങ്ങളോടും സുസ്ഥിരവികസനത്തോടും നീതിപുലര്‍ത്തുന്ന ഒരു വിശ്വപൗരനെയാണ് അവ പ്രകാശിപ്പിക്കുക.


‘ഭാരതകേന്ദ്രിതം’ എന്ന സങ്കല്പത്തിന് കൊടുത്തിരിക്കുന്ന കൂട്ടിച്ചേര്‍ക്കലുകളും വിശദീകരണങ്ങളും ദര്‍ശനത്തിന്റെ ശൈലിയുമെല്ലാം സവിശേഷശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ഈ നയത്തിന് ശക്തമായ രാഷ്ട്രീയതത്ത്വശാസ്ത്രവും അതിന് അന്തര്‍ധാരയായി വര്‍ത്തിക്കുന്ന സാമൂഹികഅടിത്തറയും ഉണ്ട്. ഭാരതീയ കലകള്‍, ഭാഷകള്‍, സംസ്‌കാരം എന്നിവയ്ക്ക് സവിശേഷ പ്രാധാന്യം ഉണ്ടാവും. പുതിയ വിദ്യാഭ്യാസനയത്തിനു മാര്‍ഗദര്‍ശനം നല്‍കുന്ന പ്രമാണങ്ങളാണവ. അതിനാല്‍ ഈ നയം ഭാരതകേന്ദ്രിത സമീപനത്തിനു അമിതപ്രാധാന്യം നല്‍കുന്നുവെന്നു വ്യക്തം.


പുതിയ നയരേഖയില്‍ 8 മുഖ്യപ്രമാണങ്ങളാണുള്ളതെന്നു കാണാം. എല്ലാം അത്യുത്തമമായ പ്രമാണങ്ങള്‍!


1. വൈവിധ്യത്തോടും പ്രാദേശിക പശ്ചാത്തലത്തോടുമുള്ള ആദരം.

2. നീതിയും ഉള്‍പ്പെടുത്തലും

3. സമൂഹത്തിന്റെ പങ്കാളിത്തം

4. സാങ്കേതികവിദ്യയുടെ ഉപയോഗം

5. ആശയപരമായ ധാരണയ്ക്കു നല്‍കുന്ന ഊന്നല്‍

6. അനന്യമായ നൈപുണ്യങ്ങള്‍

7. വിമര്‍ശനാത്മക ചിന്തയും സര്‍ഗാത്മകതയും

8. തുടര്‍ച്ചയായ അവലോകനം


ഇവിടെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന മൂല്യപ്രമാണങ്ങളെല്ലാം ഉത്തമങ്ങളും ആശാസ്യങ്ങളുമാണ്. പുതിയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ദേശ്യങ്ങള്‍ നാം കാണേണ്ടതുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ അഭിപ്രായത്തില്‍ ”വിദ്യാഭ്യാസം ചലനാത്മകമായ ഒരു യാഥാര്‍ത്ഥ്യമാണ്. മനുഷ്യരെ പ്രകാശത്തിലേക്കു നയിക്കുന്ന ഒരു പ്രസ്ഥാനമാണത്. സവിശേഷമായ ഒരു പ്രസ്ഥാനം. വളര്‍ച്ചയുടെ ചലനാത്മകതയും വ്യക്തിയുടെ വ്യക്തിപരവും സാമൂഹികവുമായ തലങ്ങളിലുള്ള സമ്പൂര്‍ണവും സമഗ്രവുമായ വികാസവുമാണ് അതിന്റെ ലക്ഷണങ്ങള്‍” ഇവ മനസ്സില്‍ വച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസനയത്തിന്റെ കാതലായ കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.


”നീതിപൂര്‍വകവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹത്തിന്റെ സംരചനയിലുള്ള നമ്മുടെ സംഗതമായ സംഭാവനകളുടെ ഭാഗമായി നമ്മുടെ സ്ഥാപനങ്ങളിലെ പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം നാം ഏറ്റെടുക്കുന്നു. ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഗണത്തില്‍ ദലിതരും, ആദിവാസികളും പാവപ്പെട്ട ഗ്രാമീണരും ചേരിനിവാസികളും അതിഥിത്തൊഴിലാളികള്‍, ബാലവേലക്കാര്‍, അസംഘടിത തൊഴിലാളികള്‍ എന്നിവരുംപെടും. അവരുടെ സംസ്‌കാരവും പശ്ചാത്തലവും നന്നായി അറിയുന്ന, അവരോടു പ്രതിബദ്ധത പുലര്‍ത്തുന്ന പരിണതപ്രജ്ഞരായ അധ്യാപകരെയാണ് നാം നിയോഗിക്കുക. അങ്ങനെ സ്വയം ശാക്തീകരിക്കപ്പെടുന്ന അവര്‍ നീതിപൂര്‍വകവും കരുണാര്‍ദ്രവും, ജനാധിപത്യപരവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ സംഭാവനകള്‍ നല്‍കും” (കാത്തലിക്ക് എഡുക്കേഷണല്‍ പോളിസി 2007) ഈ പറഞ്ഞത് പുതിയ വിദ്യാഭ്യാസനയം പഠിക്കുന്നതിനുള്ള നല്ലൊരു ആധാരപ്രമാണമാണ്.


സ്‌കൂള്‍ വിദ്യാഭ്യാസം സാര്‍വത്രിക വിദ്യാഭ്യാസം

2020-ലെ പുതിയ വിദ്യാഭ്യാസനയമനുസരിച്ച് പ്രീ-സ്‌കൂള്‍ മുതല്‍ സെക്കണ്ടറി തലംവരെ എല്ലാ കുട്ടികള്‍ക്കും സാര്‍വത്രിക വിദ്യാഭ്യാസം നല്കുന്നതിനു പദ്ധതിയുണ്ട്.