പീഡിതകാലത്തെ കലാപ്രവര്‍ത്തനം യാഥാര്‍ത്ഥ്യങ്ങളും അയഥാര്‍ത്ഥ്യങ്ങളും – ബാബു നമ്പൂതിരി കെ.

കോവിഡിന്റെ വ്യാപനത്തിനുമുമ്പ് ലോകവ്യാപകമായ പീഡനങ്ങള്‍ ഇത്ര ശക്തമായി അനുഭവിക്കേണ്ടിവന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണെന്ന് ചരിത്രപരിശോധനയിലൂടെ മനസ്സിലാകും. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് ലോകമെമ്പാടും വ്യാവസായിക, സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ തകര്‍ച്ചകള്‍ ഉണ്ടാവുകയും ജീവിതത്തിന്റെ എല്ലാ വശങ്ങളെയും അവ അധഃപതനത്തിലേക്ക് നയിക്കുകയും ചെയ്തു. യുദ്ധത്തില്‍ അനേകായിരം മനുഷ്യര്‍ മരണപ്പെടുകയും അതിന്റെ വ്യാധികളടങ്ങും മുന്‍പ്  സാംക്രമികരോഗങ്ങള്‍ സമൂഹത്തില്‍ പടര്‍ന്നുപിടിക്കുകയുമാണ് സംഭവിക്കാറുള്ളത്. അപ്പോള്‍, സമൂഹത്തിലെ ഓരോ വ്യക്തിയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിതമാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതായിവരുന്നു. തകര്‍ന്ന വ്യാവസായിക സാമ്പത്തിക വ്യവസ്ഥകളില്‍, അതിനുമുന്‍പുണ്ടായിരുന്ന നല്ല കാലത്തിനനുസരിച്ച് ജീവനം നടത്തിയിരുന്ന മനുഷ്യര്‍, അവശേഷിച്ച സാഹചര്യങ്ങളില്‍ നിലകൊള്ളേണ്ടിവരുന്നത് തികഞ്ഞ അരക്ഷിതാവസ്ഥയുടെ നിഴലിലും പൂര്‍ണമായ മനഃക്ലേശത്തോടെയുമാണ്.


ലോകത്ത് ഇത്തരം അവസ്ഥകള്‍ ഉണ്ടായ സാഹചര്യങ്ങള്‍ നമുക്ക് പരിശോധിക്കാം. അതുവരെ ലോകജനത കണ്ടതില്‍ ഏറ്റവും വലിയ യുദ്ധമായിരുന്നു ഒന്നാം ലോകമഹായുദ്ധം. 1914 ജൂലൈ ഒന്നുമുതല്‍ ആരംഭിച്ച ലോകമഹായുദ്ധം 1918 നവംബര്‍ വരെ നീണ്ടുനിന്നു. 60 മില്യന്‍ യൂറോപ്യന്‍ പൗരന്മാരുള്‍പ്പെടെ 70 മില്യന്‍ ഭടന്മാരാണ് ഇതില്‍ പങ്കെടുത്തത്. ഇതില്‍ ഭടന്മാരുടെ മരണം 9 മില്യന്‍ ആയിരുന്നെങ്കില്‍ കൊല്ലപ്പെട്ടത് 13 മില്യന്‍ സാധാരണ ജനങ്ങളാണ്. യുദ്ധക്കെടുതികള്‍ സഹിച്ചുകൊണ്ടുതന്നെ ലോകജനതയ്ക്ക് 1918ല്‍ പടര്‍ന്നുപിടിച്ച ഇന്‍ഫ്‌ളുവന്‍സ എന്ന മാരകരോഗത്തെയും നേരിടേണ്ടിവന്നു. ഇതുമൂലം മാത്രം 100 മില്യന്‍ മരണങ്ങളാണ് ലോകത്താകമാനം ഉണ്ടായതായി കണക്കാക്കിയിരിക്കുന്നത്. വന്യവും, ഭീതിദവും, ദയനീയവുമായിരുന്ന ലോകപശ്ചാത്തലം.


ഒന്നാം ലോകമഹായുദ്ധസമയത്ത്, സൈനിക സേവനം ഓരോ പൗരനും നിര്‍ബന്ധിതമായിരുന്ന യൂറോപ്യന്‍  രാജ്യങ്ങളില്‍, കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ യുദ്ധമുഖങ്ങളിലേക്ക് പോകേണ്ടതായി വരികയും ഏതു യുദ്ധത്തിന്റെയും പരിണതഫലങ്ങളായ ദാരിദ്ര്യവും സാംക്രമികരോഗപീഡകളും സാമൂഹിക ജീവിതത്തെ  പിടിച്ചുലയ്ക്കുകയും ചെയ്തു. 1918 മുതല്‍ ലോകരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച ഏറെ വിനാശകരമായിരുന്ന സ്പാനിഷ് ഫ്‌ളൂ സാമൂഹികജീവിതം താറുമാറാക്കുകയും അതുമൂലമുള്ള ദുരിതങ്ങള്‍ നിരന്തരമായി വന്നുചേര്‍ന്ന് സാധാരണജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു.


ഏതവസരത്തിലും ശക്തമായ സാമൂഹികബന്ധം പുലര്‍ത്തുന്നവരാണ് കലാകാരന്മാര്‍. തന്താങ്ങളുടെ ജീവിതപശ്ചാത്തലം കലാരൂപങ്ങളിലേക്ക് സന്നിവേശിച്ചുപോകുന്നത് തികച്ചും സ്വാഭാവികം. സ്പഷ്ടമായും സാമൂഹികബന്ധം പുലര്‍ത്തിയിരുന്ന കലാകാരന്മാരുടെ വംശം എല്ലാ വൈരുദ്ധ്യങ്ങളോടും തികച്ചും പുതിയ രീതിയിലൂടെ, കലാരൂപങ്ങളിലൂടെ ശക്തമായി പ്രതികരിക്കാന്‍ ആരംഭിച്ചു.


കാലമാറ്റത്താലും പുതിയ സംഭവങ്ങളുടെ തീവ്രതകൊണ്ടും ഫ്യൂഡല്‍ ഭരണസമ്പ്രദായങ്ങള്‍ തകരുകയും എന്നാല്‍ പലപ്പോഴും, അതിനുശേഷം ഉയര്‍ന്നുവന്ന (സമത്വവാദ) ഭരണസംവിധാനങ്ങള്‍ കൃത്യനിര്‍വഹണം നടത്തുന്നതില്‍ (സ്ഥിതിസമത്വവാദ) പരാജയമാവുകയും ചെയ്തു. വിനാശകരമായ അത്തരം അന്തരീക്ഷത്തില്‍ ശക്തമായ മാനുഷികമൂല്യശോഷണമാണ് സംഭവിച്ചത്. ഫ്യൂഡല്‍ ഭരണസമ്പ്രദായത്തില്‍ ചിത്രകാരന്മാര്‍ കണ്ടെത്തിയ വഴികള്‍ പ്രകൃതിയുടെ വിവിധ സ്രോതസ്സുകെള അവലംബിച്ചുകൊണ്ടായിരുന്നു എങ്കില്‍, യുദ്ധവും മഹാമാരികളും കടന്നുപോയ മനസ്സുകളില്‍ വികാരാവതരണത്തിന് അവ തുടര്‍ന്നും അനുയോജ്യമായിരുന്നില്ല. ഇത്തരം അവസ്ഥകളില്‍ സര്‍റിയലിസത്തിന്റെ ആത്മാംശമുള്ള പുതിയ അവതരണ സ്വഭാവത്തോടെ ‘ദാദായിസ’മായി പുനരവതരിക്കപ്പെടുകയാണ് ഉണ്ടായത്. ഇങ്ങനെ അനേകം കലാകാരന്മാര്‍ തങ്ങളുടെ പുതുതായി കണ്ടെത്തിയ വഴികളിലൂടെ  പ്രതികരണം നടത്തി. അനുഭവിച്ചുകൊണ്ടിരുന്ന അരാജകത്വത്തിന്റെ പ്രതിഫലനത്തിലൂടെയുണ്ടാകുന്ന ഒരുതരം രൂപാന്തരീകരണവും, പുതിയ ദൃശ്യഭാഷയിലൂടെയുള്ള സംവേദനശ്രമങ്ങളും ഈ കാലയളവില്‍ ജീവിച്ചിരുന്ന കലാകാരന്മാരുടെ സൃഷ്ടികളില്‍ തെളിഞ്ഞുകാണാം. ഭരണരീതികളിലും, സ്വതന്ത്രജീവനത്തിലും തകരാറുണ്ടാക്കിയ അവസ്ഥയുടെ പ്രതിഫലനം മാര്‍ഷല്‍ ദുഷാമ്പ്, പിയറ്റ് മോണ്‍ഡ്രിയന്‍, നാം ഗാമ്പോ, ഹെന്റി റൂസോ, മാക്‌സ് ക്ലിംഗര്‍, ആല്‍ഫ്രഡ് കുബിന്‍, മാര്‍ക് ഷാഗാല്‍, ജിയോര്‍ജിയോ ഡി ചിറിക്കോ, ജീന്‍ ആര്‍പ് തുടങ്ങിയ അനേകം കലാകാരന്മാരുടെ കലാസൃഷ്ടികളില്‍ തെളിഞ്ഞു കാണാം.


തുടര്‍ന്ന് ദാദായിസം ശക്തമായി അവതരിപ്പിക്കപ്പെടാന്‍ തുടങ്ങുകയും അതിരില്ലാത്ത രൂപമാറ്റങ്ങള്‍ ശ്രദ്ധേയമാവുകയും ചെയ്തു. ഈ രൂപമാറ്റത്തിന്റെ പ്രകടമായ പ്രതിധ്വനി മാര്‍ഷല്‍ ദുഷാമ്പിന്റെ നിര്‍മിതികളിലും കുര്‍ട്ട്‌സ് വിറ്റേഴ്‌സ്, മാര്‍ക്‌സ് ഏണസ്റ്റ്, ജോര്‍ജ് ഗ്രോസ്, ഓട്ടോ ഡിക്‌സ്, മാക്‌സ് ബെക്കമാന്‍, കാള്‍ഹോഫര്‍ തുടങ്ങിയ അനേകം ചിത്രകാരന്മാരുടെ കലാപ്രവര്‍ത്തനത്തിലും തെളിഞ്ഞുകണ്ടു.


ഈ കാലയളവില്‍ മറ്റ് പല ചിത്രകാരന്മാരും തങ്ങളുടെ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ പ്രതികരണം നടത്തുവാന്‍ കഴിയുന്ന രചനാരീതികളെ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്തു. ലാസ്‌ലോ, മൊഹോളിനാഗി, ജോസഫ് ആല്‍ബേഴ്‌സ്, ജോഹന്നാസ് ഇറ്റന്‍, ഓസ്‌ക്കാര്‍ സ്‌ലെമ്മര്‍, റൂഡോള്‍ഫ് ബല്ലിംഗ്, ഫ്രെഡറിക് കിയെസ്‌ലര്‍, ഹെര്‍ബര്‍ട്ട്‌ബേയര്‍, വില്ലി ബൗമിസ്റ്റര്‍ തുടങ്ങിയ കലാകാരന്മാരുടെ പ്രവര്‍ത്തനത്തിലൂടെ കണ്‍സ്ട്രക്ടിവിസ്റ്റ് ആശയങ്ങളും വികസിതമായി.