പാര്‍ട്ടി അരാഷ്ട്രീയമാവുമ്പോള്‍ ഹിംസ രാഷ്ട്രീയമാവുന്നു – കെ.പി ഹാരിസ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍നടന്ന കൊലപാതകശ്രമം ആ കോളെജില്‍ മാത്രം നടന്ന അല്ലെങ്കില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയ്യും മാതൃസംഘടന സി.പി.എമ്മും കേരളത്തില്‍ നടത്തിവരുന്ന ഹിംസകള്‍ കേരളീയ പൊതുസമൂഹത്തിന് നന്നായി അറിവുള്ളത്‌കൊണ്ട് ഇതിനെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ കഴിയില്ല. അഥവാ പാര്‍ട്ടി എത്തിപ്പെട്ട രാഷ്ട്രീയ ദുരന്തത്തെയാണ് ഇത്തരത്തിലുള്ള ഹിംസകള്‍ വിളിച്ചറിയിക്കുന്നത്. 


‘വരമ്പത്ത് കൂലി’ എന്ന പ്രമാദമായ പ്രയോഗങ്ങളാല്‍ സമ്പുഷ്ടമായ പാര്‍ട്ടിയില്‍നിന്ന് കൊലപാതകത്തിന് പ്രചോദനവും പിന്തുണയും നല്‍കുന്ന ധാരാളം  പ്രസ്താവനകള്‍ നമുക്കറിയാവുന്നത്‌കൊണ്ട് ഇതില്‍ പുതുമയൊന്നുമില്ല. മാത്രമല്ല കൊലപാതകത്തിലെ പ്രതികളെ പോലീസ് സ്റ്റേഷേനില്‍ നിന്ന് ഇറക്കി കൊണ്ടു വരലാണ് മുഖ്യമായ രാഷ്ട്രീയപ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്നവരില്‍നിന്ന് ഈ കൊലപാതകത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്ന പ്രസ്താവന അത്ര നിഷ്‌കളങ്കമായി ഉള്‍ക്കൊള്ളാന്‍ കേരളീയ പൊതുസമൂഹത്തിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളെജില്‍ നടന്ന കൊലപാതകശ്രമം യൂണിറ്റ് കമ്മിറ്റിയുടെ പിഴയാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ എല്ലാതലത്തിലുമുള്ള  ശ്രമങ്ങള്‍ നടക്കുകയാണ്. സത്യത്തില്‍ സുനില്‍ പി.ഇളയിടം പറഞ്ഞതുപോലെ ഇതിന്റെ വേരുകള്‍ ആഴത്തിലുളളതാണ്. അഥവാ സി.പി.ഐ.എം എന്ന പാര്‍ട്ടി നല്‍കിയ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ ബാക്കിപത്രമാണ് ഇന്ന് എസ്.എഫ്.ഐയിലൂടെ കേരളീയ കാമ്പസുകള്‍ അനുഭവിക്കുന്നത്. പാര്‍ട്ടിക്ക് ഇപ്പോള്‍ ബ്യൂറോക്രസിയുടെ ഘടന കൈവന്നതിനാല്‍ അതില്‍ ഉള്‍പ്പെട്ട അംഗങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു ബൗദ്ധിക ബലപ്രയോഗം നമുക്ക് കാണാം. 


പാര്‍ട്ടിപ്രവര്‍ത്തകന്റെ ഏറ്റവും വലിയ ആയുധം യുക്തിയാണ്. എന്നാല്‍ പാര്‍ട്ടിരാഷ്ട്രീയം അയുക്തികതയുടെ വിളനിലമായി മാറിയത് അയാള്‍ അറിയുന്നു. അതുകൊണ്ടുതന്നെ  ജീര്‍ണ്ണമായ പാര്‍ട്ടിവേദി രോഗികളായ പാര്‍ട്ടിഗറില്ലകളെ സൃഷ്ടിച്ചുകൊണ്ട് മുന്നോട്ട് ഗമിക്കുകയാണ്. നിരന്തരമുള്ള നുണപറച്ചിലും നിരന്തരമുള്ള കൊലപാതകവും പാര്‍ട്ടിരാഷ്ട്രീയത്തെ പരിഹാസ്യവും അശ്ലീലവുമാക്കി തീര്‍ക്കുന്നു. നിങ്ങള്‍ കൊലചെയ്യരുത് എന്നൊക്കെയുള്ള അലംഘനീയവും പരമ പവിത്രവുമായ ഒരു നിയമവ്യവസ്ഥയില്‍ നാം വിശ്വസിക്കുന്നു എന്നത് പരിഹാസ്യമല്ലേ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു. അഥവാ ഒരുതരത്തിലുളള കപട രാഷ്ട്രീയമന:ശാസ്ത്രം പാര്‍ട്ടി കൊണ്ടുനടക്കുന്നു എന്നര്‍ഥം. കീഴ്‌മേല്‍ മറിഞ്ഞ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ ഫലമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ മാനസിക സമ്മര്‍ദ്ദ ത്തിലാണ്. ഇത്തരം വികലമായ രാഷ്ട്രീയ മാനസികാവസ്ഥയില്‍ പലതിനെയും ഹിംസിക്കാന്‍ അവന്‍ മുന്നോട്ട്‌വരുന്നു. ഇത് ആശയസംഭരണത്തിന് പകരം പാര്‍ട്ടിക്ക് ആയുധം സംഭരിക്കാനുള്ള പ്രേരണ നല്‍കുന്നു. നീചവും അര്‍ദ്ധപ്രേരണാത്മകവുമായ ഒരു ജ്ഞാനവാദം ഇവിടെ രൂപപ്പെട്ടിരിക്കുന്നു. ഈ ജ്ഞാനവാദത്തിലൂടെ തങ്ങള്‍ക്ക് അനുയോജ്യമായ നിഗമനത്തിലെത്തിച്ചേരാനുള്ള ആശയങ്ങള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി രാഷ്ട്രീയഹിംസയ്ക്ക് നീതിമത്കരണം നല്‍കുന്നത്.


അതുകൊണ്ടുതന്നെ, കൊലപാതകം ദിവ്യമായ ഒന്നായി പാര്‍ട്ടി കണക്കാക്കുന്നു. പക്ഷേ, പാര്‍ട്ടിയുടെ യുക്തി ജനത്തിന് ഇപ്പോഴും ദുര്‍ഗ്രഹമായിതന്നെ തുടരുന്നു. ഇങ്ങനെ നൈതികത ഒരു ഭാഗത്തും ഹിംസ മറ്റൊരു ഭാഗത്തും നിലയുറപ്പിച്ച് നുണകളില്‍ നിന്നും കൊലപാതകത്തില്‍ നിന്നും ധൈര്യംസംഭരിച്ച്  പാര്‍ട്ടി അധികാരം കൈയാളുന്നു. ഇവിടെ കൊലപാതകത്തെ വിലക്കുവാനായി ഒരു കാരണവുമില്ലാതെ അല്ലെങ്കില്‍ അതിനെ സാധൂകരിക്കാനും കാരണമില്ലാതെ ശല്യപ്പെട്ട മനസ്സുമായി രാഷ്ട്രീയപ്രവര്‍ത്തനം തുടരുന്നു. മനുഷ്യനെയും അവന്റെ ധാര്‍മികതയെയും ധിക്കരിച്ച്‌കൊണ്ട് കൊലയോടുള്ള ഒരു തരത്തിലുള്ള കാമാസക്തി പാര്‍ട്ടി കൊണ്ടുനടക്കുന്നു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ വിമോചനം ഈ കാമാസക്തിയുടെ പൂര്‍ത്തീകരണത്തില്‍ സഫലീകരിക്കപ്പെട്ടിരിക്കുന്നു. ഇച്ഛകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുംവേണ്ടി സ്ഥാപിച്ച ഒരു പാര്‍ട്ടിഘടന രൂപപ്പെട്ടപ്പോള്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള നിബന്ധനയെല്ലാം പാര്‍ട്ടി മെമ്പര്‍മാരായ ഭൂരിപക്ഷത്തെ അടിമത്തത്തിലേക്ക് നയിച്ചു. തങ്ങളുടെ കാമനകളുടെ നരകത്തിലേക്ക് എന്നെന്നേക്കുമായി കടന്നെത്തിയ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെ തിന്മയുടെ ഒരുതരം ഉദ്യോഗസ്ഥ മേധാവിത്തം പാര്‍ട്ടിയില്‍ ഭരണം നടത്തുകയാണിപ്പോള്‍. വ്യക്തി, പാര്‍ട്ടി അംഗമാണെങ്കില്‍ അയാള്‍ പാര്‍ട്ടിയുടെ കൈയിലെ വെറുമൊരു ഉപകരണമാണ്.