പാട്ടറിഞ്ഞുകൂടാത്തവര്‍ എസ്.പി.ബിയെ ഓര്‍ക്കുന്നു

ഡോ. യു. നന്ദകുമാര്‍
എസ്.പി.ബിയുടെ മരണവാര്‍ത്ത ഇന്ത്യയിലെ സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി. പാട്ടിന്റെ വഴികളില്‍കൂടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ കയറിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ മുതല്‍ സംഗീതത്തില്‍ നൈപുണ്യമുള്ളവര്‍ വരെ അദ്ദേഹത്തെ വാഴ്ത്തുന്നു. അദ്ദേഹം സംഗീതജ്ഞരെപോലെ ആയിരുന്നില്ലല്ലോ. ഗുരുമുഖത്തുനിന്നും പാട്ടുകേട്ട് പഠിച്ചയാളല്ല; സിദ്ധികൊണ്ട് വിദഗ്ദ്ധര്‍ക്കൊപ്പവും ഗാനംകൊണ്ട് സാധാരണക്കാര്‍ക്കൊപ്പവും ആയിരുന്നു, അദ്ദേഹം തന്റെ ഇടം ഉറപ്പിച്ചത്.
54 വര്‍ഷംകൊണ്ട് 40000 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു എന്നാണ് കരുതുന്നത്. നമ്മുടെ മനസ്സില്‍ സങ്കല്പിക്കാനാകുന്നതിനും അപ്പുറമെത്തിയ ഗായകര്‍ എത്ര പാടിയെന്നു നിജപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ചിലപ്പോള്‍ കുറേക്കൂടി പാട്ടുകള്‍ ഉണ്ടായിരുന്നെന്ന് വരാം. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്നതിനുമപ്പുറം, അത്രയൊക്കെയേ ചിന്തിക്കേണ്ടൂ. തന്റെ ആദ്യപാട്ടിനും മരണത്തിനുമിടയില്‍ അമ്പത്തിനാലു വര്‍ഷം കഴിഞ്ഞുപോയി. അതായത് ഒരു ദിനം പോലും ഇളവില്ലാതെ പാടിയാല്‍പോലും ദിവസേന 2.03 പാട്ടുകള്‍ വച്ച് റെക്കോര്‍ഡ് ചെയ്തിരിക്കണം. വ്യത്യസ്തഭാഷകളിലായതിനാല്‍ വരികള്‍ പഠിച്ചു, വികാരം നല്‍കി, ഈണം ഹൃദിസ്ഥമാക്കി, ഗാനം പകര്‍ത്തിവയ്ക്കണം. സ്റ്റുഡിയോകള്‍ പലേടത്തായതിനാല്‍ യാത്രയും വേണം; സാധാരണക്കാരന് അസാധ്യമാണിത്രയും ചെയ്യാന്‍. ഇതുകൊണ്ട് എസ്.പി.ബീയെക്കുറിച്ചു നിര്‍വചനം പൂര്‍ത്തിയാകുന്നില്ല, എത്ര ലൈവ് പരിപാടികള്‍, ടി.വി പ്രോഗാമുകള്‍, സിനിമ, ഡബ്ബിങ്, എന്തെല്ലാം.
എസ്.പി.ബി യുടെ മെച്ചപ്പെട്ട പാട്ടുകളെന്നു പരക്കെ അംഗീകാരം സിദ്ധിച്ച പാട്ടെല്ലാം കൂടി ആയിരത്തിനടുത്തു ഉണ്ടാകും എന്ന് കരുതാം. മിക്കവാറും, എല്ലാ ഗാനമേള, ലൈവ് അവതരണം, ടി.വി ഷോ ഇവയില്‍ ഈ പാട്ടുകള്‍ തന്നെയാകും ശ്രദ്ധനേടുക. പലപ്പോഴും സദസ്സിനെ ഇളക്കുന്ന ഗാനങ്ങള്‍ സ്ഥലകാലഭിന്നമല്ലാതെ നിലനില്‍ക്കുന്നത് കാണാം. എന്നാല്‍, എസ്.പി.ബിയുടെ ഏറ്റവും മെച്ചപ്പെട്ട പാട്ടുകളെന്ന് കേരളീയര്‍ കരുതുന്ന പാട്ടുകളാവില്ല ആന്ധ്രയിലും വടക്കേഇന്ത്യയിലും ഓര്‍ക്കുക. ഒരു ഗായകന്‍/ഗായികയുടെ ആയിരം പാട്ടുകള്‍ സമൂഹത്തിന്റെ ഓര്‍മയില്‍ നില്‍ക്കുക എന്നത് സാമ്യമില്ലാത്ത നേട്ടം തന്നെയാണ്. അതില്‍ തര്‍ക്കമില്ല.
പാട്ടിന്റെ കുലപതിസ്ഥാനത്തെത്തിയത് അനായാസമായിരുന്നില്ല; എസ്.പി.ബിയുടെ വഴിത്തിരിവ് എണ്‍പതുകളിലെ തിളക്കമാര്‍ന്ന പ്രകടനം തന്നെ. ശങ്കരാഭരണം, പയണങ്ങള്‍ മുടിവതില്ലൈ എന്ന സിനിമകള്‍ എസ്.പി.ബിക്ക് വന്‍ അംഗീകാരം നേടിക്കൊടുത്തു. സാധാരണക്കാരുടെ പാട്ടനുഭവം മാറ്റിമറിക്കുന്നതായിരുന്നു അക്കാലത്തെ പാട്ടുകള്‍. കര്‍ണാട്ടിക് രാഗങ്ങളെ സാമ്പ്രദായിക രീതിയില്‍ ചിട്ടപ്പെടുത്തി വിജയകരമായി പാട്ടിലെത്തിച്ചപ്പോള്‍ അവ സാധാരണക്കാരന്റെ നാവിന്തുമ്പില്‍ തത്തിക്കളിച്ചു. അതിനുശേഷം സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ എസ്.പി.ബി പാട്ടുകള്‍ അരങ്ങു പിടിച്ചടക്കി. പാടുന്നത് ഏതു ഗായകനാകട്ടെ, എസ്.പി.ബി പാട്ടുകള്‍ ഇല്ലെങ്കില്‍ പെര്‍ഫോമന്‍സ് പോരെന്നാണ് കരുത്തപ്പെടുക. എസ്.പി.ബിയില്‍ നിന്നും, ഇതര കണ്ഠങ്ങളില്‍ നിന്നും തെന്നിന്ത്യന്‍ ആസ്വാദകര്‍ ആവര്‍ത്തിച്ച് കേട്ടിരുന്നത് അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെ. ക്രമേണ നമ്മുടെ ഗൃഹാന്തരീക്ഷത്തില്‍ ശബ്ദസാന്നിധ്യമായി അദ്ദേഹം മാറി.
എണ്‍പതുകള്‍ക്ക് ശേഷം എസ്.പി.ബി അതിശീഘ്രം നേടിയ വളര്‍ച്ചയുടെ കാതലായ അംശങ്ങള്‍ എന്തെല്ലാമാണ്. എഴുപത്തൊമ്പതില്‍ പാടിയ എസ്.പി.ബി എണ്‍പത്തിനാലായപ്പോള്‍ പൂര്‍ണമായി മാറിയെന്നു പറയാനാവില്ലല്ലോ. അദ്ദേഹം 1979 ലും നന്നായി പാടുമായിരുന്നല്ലോ. അപ്പോള്‍ സിനിമയുടെയും ഗാനങ്ങളുടെയും വിജയം, ലിറിക്കും സംഗീതവും തമ്മിലുള്ള പൊരുത്തം, ജനഹൃദയങ്ങളില്‍ എത്താനുള്ള മെച്ചപ്പെട്ട അവസരം, പാട്ടുകള്‍ ആവര്‍ത്തിച്ചുകേള്‍ക്കാനും വരികള്‍ക്ക് നമ്മുടെ സാമൂഹികജീവിതവുമായി ഇഴയടുക്കം നേടാനുമുള്ള അന്തരീക്ഷം എന്നിങ്ങനെ അനേകം ഘടകങ്ങളുടെ ഒത്തുചേരലിലാണ് നിലകൊള്ളുന്നത്. ഔപചാരിക സംഗീതവിദ്യാഭ്യാസം ഇല്ലാത്ത എസ്.പി.ബിയുടെ ആരാധകര്‍ക്കും സംഗീത വിദ്യാഭ്യാസം ഇല്ലായിരുന്നല്ലോ. സത്യത്തില്‍ ഏതു വലിയ പാട്ടുകാരന്റെയും അവസ്ഥ അങ്ങനെയാണ്; സംഗീതം പഠിച്ചിട്ടില്ലാത്തവരുടെ അംഗീകാരമാണ് ഏതു മഹത്തായ ഗായകനെയും സൃഷ്ടിക്കുന്നത്. തമിഴ്നാട്ടില്‍ ആകെ നാല്പതിനായിരം സംഗീതവിദഗ്ദ്ധര്‍ കാണുമോ എന്ന് സംശയം: നാല്പതിനായിരം പാട്ടുപാടിയ എസ്.പി.ബിയോട് അവര്‍ യോജിച്ചാലുമില്ലെങ്കിലും എന്തുവ്യത്യാസം?
നമുക്ക് ഒരു ധാരണയുണ്ട്; യഥാര്‍ത്ഥ സംഗീതം, ‘ശാസ്ത്രീയ സംഗീതം’ എന്ന് വിളിപ്പേരുള്ള കര്‍ണാടക സംഗീതമാണെന്നും, മറ്റു ജനപ്രിയ സംഗീതങ്ങള്‍ ലളിത സംഗീതമാണെന്നും. ഈ പൊതു\ിര്‍മിതി എന്തടിസ്ഥാനത്തിലാണെന്നു നിശ്ചയിക്കാന്‍ അടിസ്ഥാന സൂത്രവാക്യങ്ങളില്ല. വളരെ പരിമിതമായ വാദ്യവൃന്ദങ്ങളോടുകൂടി മുന്‍കൂട്ടി നിശ്ചയിച്ച ആലാപനപദ്ധതിയിലൂടെ പോകുന്നതാണ് കര്‍ണാടകസംഗീതം. പാട്ടുകാരന് സ്വാതന്ത്ര്യം ഇല്ലെന്നല്ല, പരിമിതമാണെന്നുമാത്രം. ‘ലളിതം’ എന്ന് പറയപ്പെടുന്ന സിനിമ സംഗീതത്തിനാകട്ടെ, വരികള്‍ എഴുതി, അവയ്ക്ക് സംഗീതം നല്‍കി, ഗായകര്‍ക്ക് വേണ്ടത്ര ആവിഷ്‌കാരാവസരങ്ങളൊരുക്കി വിശാലമായ വാദ്യവൃന്ദങ്ങളുടെ അകമ്പടിയോടുകൂടി ചെയ്യുന്നതാണ്. അമ്പതോ നൂറോ വയലിനുകള്‍ നിരന്നിരിക്കുന്നത് അപൂര്‍വമല്ല. സംഗീതാത്മകമല്ലെന്നു നാം ധരിക്കുന്ന പല ഉപകരണങ്ങളുടെയും ശബ്ദസന്നിവേശം ‘ലളിത’ സംഗീതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. സിനിമയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനം പിന്നീട് സ്റ്റേജില്‍ ലൈവ് ആയി അവതരിപ്പിക്കുമ്പോള്‍ തത്സമയ നിര്‍മിതികള്‍ (improvisation) സാധ്യവുമാണ്. ഇന്ത്യന്‍ സംഗീതത്തില്‍ ഇമ്പ്രോവൈസേഷന്‍ അറിയപ്പെടുന്നത് ‘മനോധര്‍മ’മെന്നാണ്. നേരത്തെതന്നെ രൂപകല്പനചെയ്തതായതിനാല്‍ കര്‍ണാടക സംഗീതത്തില്‍ അതിനുള്ള സാധ്യത പരിമിതമാണെന്നു കരുതാം; പാട്ടുകാരുടെ വ്യക്തിഗത വ്യത്യാസങ്ങളാണ് കൂടുതല്‍ പ്രകടം. എന്നാല്‍ മനോധര്‍മത്തിനു സാധ്യതയുണ്ട് എന്ന അഭിപ്രായവും കേള്‍ക്കാറുണ്ട്.
സിനിമാഗാനങ്ങളില്‍ ഗായകര്‍ ശ്രദ്ധിക്കുന്ന അനേകം മനോധര്‍മ സാധ്യതകളുണ്ട്; അതിലൂടെ സംഗീതം ചിട്ടപ്പെടുത്തിയ കമ്പോസറിന്റെ പ്രതീക്ഷകള്‍ക്കപ്പുറം കടക്കാനവര്‍ക്കാകുന്നു. എസ്.പി.ബി വളരെവേഗം പാട്ടുപഠിക്കുകയും പാടി റെക്കാര്‍ഡ് ചെയ്യുകയും ചെയ്യും. പാട്ടിന്റെ വികാരം ഉള്‍ക്കൊള്ളുക, സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന നടന്റെ രീതികളുമായി കഴിയുന്നത്ര പൊരുത്തപ്പെടുക, എന്നിവ ഗായകര്‍ മനോധര്‍മ സൃഷ്ടിക്കായി ഉപയോഗിക്കേണ്ട സാമിഗ്രികളാണ്. മുമ്പേ വന്ന പാട്ടുകാര്‍ അവരുടെ ആസ്വാദകരുമായി സ്ഥാപിച്ച ബന്ധം വഴികാട്ടിയായി ഉപയോഗിക്കാം. സത്യത്തില്‍ ശബ്ദത്തിന്റെയും വികാരത്തിന്റെയും സൂക്ഷ്മഭേദങ്ങള്‍ ഉപയോഗിച്ചു വാക്കുകളില്‍ അനന്യസാധാരണമായ അനുഭൂതി പകരുകയും നമുക്കത് അനുഭവവേദ്യമാകുകയും ചെയ്യുകയാണ് എസ്.പി.ബി ചെയ്തത്. ‘ദീവാന ഹുആ ബാദല്‍…’ റഫി പാടുമ്പോള്‍ എന്തുകൊണ്ട് കണ്ണുനിറയുന്നുവെന്ന് എസ്.പി.ബി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതാണ് നാം ലളിതമെന്ന് കരുതുന്ന സംഗീതത്തിന്റെ സങ്കീര്‍ണത.
പാട്ടിന്റെ ദൃശ്യഭാഗം വരികള്‍ (ലിറിക്) ആണെങ്കില്‍ എസ്.പി.ബിക്ക് അതെത്ര പ്രധാനമായിരുന്നു? അടുത്തകാലത്ത് അദ്ദേഹം പാടിയ പാട്ടുകളിലൊന്ന് കോവിഡിനെക്കുറിച്ച് മലയാളത്തിലുള്ളതായിരുന്നു. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പാടിയ പാട്ട്, മലയാളത്തിലൊരുക്കിയത് റഫീഖ് അഹമ്മദാണ്. പാട്ടില്‍ അടങ്ങിയ ആശയം എല്ലാവരിലും എത്തിക്കുന്നതിനാണല്ലോ മലയാളത്തിലും വരികള്‍ ഒരുക്കുന്നത്.