നീതി ക്രൂശിക്കപ്പെട്ടിരിക്കുന്നു

നീതി ക്രൂശിക്കപ്പെട്ടിരിക്കുന്നു
ജസ്റ്റിസ് കുര്യന്‍ ജോസഫ്
(മുന്‍ ജഡ്ജി, സുപ്രീംകോടതി, ഇന്ത്യ)

ഫാ. സ്റ്റാന്‍ സ്വാമിക്ക് നീതി നിഷേധിച്ചു എന്നുള്ളതില്‍ നമുക്കാര്‍ക്കും യാതൊരു സംശയവും ഇല്ല. വാസ്തവത്തില്‍, നീതി തന്നെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. അത് ജനാധിപത്യത്തിന് ഒരിക്കലും പൊറുക്കാന്‍  കഴിയില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള സ്റ്റാന്‍ സ്വാമി  ദിനമായി ജൂലൈ 5, ചരിത്രത്തില്‍ എന്നും  ഓര്‍മ്മിക്കപ്പെടേണ്ടതാണ്. വ്യക്തി മരണമടയും, പക്ഷേ, അയാളുടെ അന്തസ്സ് ഒരിക്കലും മരിക്കുകയില്ല. സമത്വം, സ്വാതന്ത്ര്യം, നീതി, അന്തസ്സ് എന്നിവ ഒരു വ്യക്തിക്ക്  ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. എന്തുകൊണ്ടോ  തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്റ്റാന്‍ സ്വാമിക്ക്  അവസരം ലഭിച്ചില്ല. നീതി പരാജയപ്പെട്ട കേസായിരുന്നു അത്. ഒരു വൈരുദ്ധ്യമുണ്ട്. നീതി ഉറപ്പാക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. അതിനാല്‍, അദ്ദേഹത്തിന്റെ  നിരപരാധിത്വം തെളിയിക്കുകയും മരണാനന്തരം അദ്ദേഹത്തിന്റെ അന്തസ്സ് പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഫാ. സ്റ്റാന്‍  ഒരു മാവോയിസ്റ്റാണെന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള  മുഖ്യ ആരോപണം. മാവോയിസ്റ്റ് ഒരിക്കലും നിയമനടപടികളില്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ഫാ. സ്റ്റാന്‍ നിയമവാഴ്ചയില്‍ പൂര്‍ണമായും വിശ്വസിക്കുകയും അതുമായി പൂര്‍ണമായും സഹകരിക്കുകയും ചെയ്തു. ഒരു വ്യക്തിക്ക് ഒരേ സമയം മാവോയിസ്റ്റും നിയമാനുസാരിയും ആകാന്‍ കഴിയില്ല എന്നാണ് ഞാന്‍ കരുതുന്നത്.

ഇ.പി. മാത്യു S.J
(പ്രൊവിന്‍ഷ്യല്‍, കേരള ജസ്വിറ്റ് പ്രോവിന്‍സ്)

പോള്‍ ആറാമന്‍ മാര്‍പ്പാപ്പ 1972 ജനുവരി 1-ാം തീയതി, ലോകസമാധാനദിനത്തില്‍ ചെയ്ത പ്രഭാഷണത്തിലെ വാക്കുകള്‍ ശ്രദ്ധയര്‍ഹിക്കുന്നവയാണ്: ”നിങ്ങള്‍ക്കു സമാധാനം വേണമെങ്കില്‍ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കണം”. ജസ്വിറ്റ് എന്ന നിലയില്‍ ഫാ. സ്റ്റാന്‍ സ്വാമി വളര്‍ന്നുവന്നത്, ഇത്തരം വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ പ്രതിഫലിക്കുന്നതും സുവിശേഷങ്ങളുടെ ശക്തിചൈതന്യമായി പ്രകടമാവുന്നതും ഈ ആശയം തന്നെയാണ്. ഫാ. സ്റ്റാനിനോടു നിഷ്‌ക്കരുണം പെരുമാറിയ അധികാരികളും എന്‍ഐഎ ഉദ്യോഗസ്ഥരും ജയില്‍ മേധാവികളും എന്തിന് ജഡ്ജിമാര്‍ പോലും നിശ്ശബ്ദരായത്, ജൂലൈ 5-ാം തീയതി ഉച്ചകഴിഞ്ഞ് 1.24ന് ഫാ. സ്റ്റാന്‍ സ്വാമി നിര്യാതനായെന്ന വാര്‍ത്ത, ഡോ. ഇയാന്‍ ഡിസൂസ അറിയിച്ചപ്പോഴാണ്. ഫാ. സ്റ്റാനിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും ജസ്വിറ്റുമായ ഫാ. ജോ സേവ്യറിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്: ജയില്‍ അധികൃതരോ, ജഡ്ജിമാരോ, ആരുമാവട്ടെ, ഒരു തരത്തിലുമുള്ള മാനുഷിക അധികാരകേന്ദ്രത്തിനും ശക്തിക്കും ഫാ. സ്റ്റാനിനെ വിധിക്കാനാവില്ലാ എന്നു സര്‍വശക്തനായ ദൈവം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിനു നീതി ലഭ്യമാക്കാതെ പരമാവധി നീട്ടിക്കൊണ്ടു പോവുകയാണ് ‘നീതിപീഠം’ ചെയ്തത്. നീതിചെയ്യാതെ അത് നീട്ടിക്കൊണ്ടുപോകുന്നത് നീതി നിഷേധം തന്നെയാണല്ലോ! ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും ചേര്‍ന്നൊരുക്കിയ ഒരു കൊലപാതകം തന്നെയായിരുന്നു അത്. അത് നല്കുന്ന സന്ദേശവും വ്യക്തം: ”ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നര്‍ക്കു വേണമെങ്കില്‍ അവരുടെ ഇടയില്‍ ചില്ലറ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളൊക്കെ നടത്താം. ചോട്ടാനാഗപ്പൂരിലെ ആദിവാസികളുടെ ഭൂമിയുടെ മേലുള്ള അവകാശത്തെക്കുറിച്ച് ശബ്ദിച്ചുപോകരുത്.”
2.1 ദശലക്ഷം ഏക്കര്‍ ആദിവാസി ഭൂമിയാണ്, ലാന്റ് ബാങ്കിനുവേണ്ടി, വ്യവസായസംരംഭകര്‍ക്കു നല്കാന്‍ വേണ്ടി, സര്‍ക്കാര്‍ ഏറ്റെടുത്തത്. അതുപോലെത്തന്നെ, വനവിഭവങ്ങള്‍ക്കുമേലുള്ള ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ചും ഒന്നും പറയേണ്ട. വിചാരണകൂടാതെ ജയിലില്‍ കഴിയുന്ന നിരപരാധികളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും വേവലാതിപ്പെടേണ്ട എന്നാണ് അധികാരികള്‍ നല്കുന്ന സന്ദേശം. ആദിവാസികളെ സഹായിക്കുകയും അവരെ സഹാനുഭൂതിയോടുകൂടി നോക്കിക്കാണുന്നവരെയും ‘നഗരനക്‌സല്‍സ് എന്നതില്‍ സംശയമില്ല. അന്യായമായി അദ്ദേഹത്തിന്റെ പേരില്‍ എടുത്ത ആരോപണങ്ങളില്‍ നിന്ന് മരണാനന്തരമാണെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന കാര്യത്തില്‍ ജസ്വിറ്റ് സഭ പ്രതിജ്ഞാബദ്ധമാണ്.

മുഖംമൂടികൾ നീക്കിയ രക്തസാക്ഷിത്വം

ജോർജ് പട്ടേരി എസ്. ജെ

പ്രിയപ്പെട്ട ഫാദർ സ്റ്റാൻ,

2021 ജൂലൈ ആറാം തീയതി മുംബൈയിലെ ബാന്ദ്രയിൽ  നിന്നാണ് അങ്ങയുടെ ചരമ ശുശ്രൂഷയിൽ ഓൺലൈനിൽ ഞാൻ പങ്കെടുത്തത്. അപ്പോൾ ഞാനിങ്ങനെ ആത്മഗതം ചെയ്തു: “തന്റെ  പ്രിയപ്പെട്ട ആദിവാസി സഹോദരങ്ങൾ അടുത്തില്ലാത്തതിനാൽ അദ്ദേഹം ശവപ്പെട്ടിയിൽ കിടന്ന്  അസ്വസ്ഥനായിട്ടുണ്ടാകും”. തന്റെ മരണത്തിൽ അനുശോചിക്കാനും, ചെണ്ടയുടെ താളത്തിനൊത്ത് ചുവടുവച്ച് നൃത്തം ചെയ്ത് തന്റെ ജീവിതത്തെ ആഘോഷിക്കാനും, സാധാരണഗതിയിൽ അവർ എത്തേണ്ടതായിരുന്നുവല്ലോ! എന്നാൽ, അതൊന്നും ഉണ്ടായില്ല. ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി ശുശ്രൂഷകളും ശവദാഹവും എല്ലാം നടത്തേണ്ടിവന്നു. എല്ലാം കോടതിക്ക് റിപ്പോർട്ടായി നല്കേണ്ടിയിരുന്നു. നമ്മുടെ നീതിസംവിധാനത്തിന് അങ്ങയുടെ സെല്ലിലേക്ക് ഒരു ‘സ്ട്രോ’ എത്തിക്കാൻ ഒരു മാസം തന്നെ വേണ്ടിവന്നുവെന്ന കാര്യമൊക്കെ നമുക്ക് മറക്കാം. ‘ആത്മനിർഭർ’ ഭാരതത്തിന്റെ മൂലധന തലസ്ഥാനമായ മുംബൈയിലെ തലോജാ  ജയിലിൽ അങ്ങുണ്ടായിരുന്ന  കാലത്തെ അനുഭവമാണിത്!

അങ്ങയുടെ നിര്യാണം വഴി, അങ്ങ്  ഞങ്ങളുടെ, ഇന്ത്യയുടെ, നമ്മുടെ മാതൃഭൂമിയുടെതന്നെ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡെ-മോ-ക്രസിയാണെന്ന മുന്നവകാശവാദങ്ങളുടെ മുഖംമൂടി നീക്കിക്കാണിക്കുകയാണ്. പൈതൃകമായി നമുക്ക് ലഭിച്ച കൊളോണിയൽ ക്രിമിനൽ നീതിവ്യവസ്ഥയുടെ ക്രൂരതയാണ് മറനീക്കി കാണിക്കപെട്ടത്. ജാമ്യം ലഭിക്കാതെ വിചാരണത്തടവുകാരായി എത്രയോ ആയിരങ്ങളാണ് ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളത്! അങ്ങ് അതിന്റെ ഒരു ഇരയായി!

അങ്ങ് മുഖംമൂടി മാറ്റി കാണിക്കുന്നത് മതനേതൃത്വത്തെ കൂടിയാണ്. ചുറ്റുപാടുമുള്ള പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിനെക്കാൾ   മൂല്യം, മത നിയമങ്ങൾക്കും ആരാധനാക്രമത്തിലും ഉണ്ടെന്ന് കരുതുന്നവരാണവർ. മാറ്റംവരുത്താനാവാത്ത വിധം കേവലമായ പരിപൂർണത അവയ്ക്കുണ്ടെന്നാണവരുടെ വിശ്വാസം. കോർപ്പറേറ്റുകളുടെയും അവരുടെ നിശ്ശബ്ദ കൂട്ടാളികളുടെയും ചൂഷണ സംവിധാന തന്ത്രങ്ങളെയും അങ്ങ് മറനീക്കി കാണിച്ചു. ഈ കൂട്ടാളികൾ നിരപരാധികളായിട്ടാണ് സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് “പത്തൽഗഡി” പ്രസ്ഥാനവുമായി അങ്ങ് സഹകരിച്ച് സമരം ചെയ്തപ്പോൾ വ്യക്തമായതാണ്. നമ്മുടെ വികസിത-ഉപഭോഗ സംസ്കാരത്തിൽ ഉൾച്ചേർന്നിട്ടുള്ള ഹിംസയും മറനീക്കി വെളിപ്പെടുകയുണ്ടായി. ആദിവാസികളുടെ കൂട്ടായ ജീവിതശൈലിയും തീരുമാനമെടുക്കലും  പലപ്പോഴും വിസ്മരിക്കപ്പെടുന്നു.

2021 ഫെബ്രുവരി ഒമ്പതാം തീയതി തലോജാ  ജയിലിലായിരുന്ന അങ്ങേയ്ക്ക് ഞാനെഴുതി: അങ്ങയുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും അറസ്റ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പലരീതിയിൽ ദേശീയതലത്തിലും അന്തർദേശീയതലത്തിലും പ്രവർത്തിക്കുകയുണ്ടായി. ജയിലറയിൽ കിടന്നുകൊണ്ട് അങ്ങു  നടത്തിയ എളിമയുടെ, ധീരതയുടെ സാക്ഷ്യങ്ങൾക്ക്  ഞങ്ങൾ നന്ദി പറഞ്ഞു. തടവുകാരുടെ ദയനീയാവസ്ഥയെക്കുറിച്ചുള്ള അങ്ങയുടെ വിവരണങ്ങൾ, തുച്ഛമായ ജീവിത സാഹചര്യത്തിൽ അവർ കാണിക്കുന്ന പരസ്പര സഹകരണവും കരുതലും ആരെയും അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാൻ പോന്നവയാണ്. ജാമ്യംകിട്ടാതെ, വിചാരണകൂടാതെ വർഷങ്ങളായി ജയിലിൽ കഴിയാൻ വിധിക്കപ്പെട്ടവരുടെ ദുരവസ്ഥ, അനീതി നിറഞ്ഞ ഒരു നീതിന്യായവ്യവസ്ഥക്കെതിരെയുള്ള കുറ്റപത്രം തന്നെയാണ്. ഇതേ നീതിന്യായവ്യവസ്ഥ തന്നെയാണ് ഒരു മാധ്യമപ്രവർത്തകന്റെ ജാമ്യാപേക്ഷ മിന്നൽവേഗത്തിൽ തീർപ്പാക്കി ജാമ്യം അനുവദിച്ചതും.  നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഭരണഘടനയുടെ ചൈതന്യത്തിന്റെ  ജീവസ്സുറ്റ ഒരു സാക്ഷ്യമാണ്   അങ്ങ്;  ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് കേവലം കാഴ്ചക്കാരായി നിന്നവരാണ് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ പാർട്ടിയും ആൾക്കാരുമെന്നിരിക്കിലും. മനുഷ്യാവകാശപ്രവർത്തകരെ അവർ ജയിലിൽ അടയ്ക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. അവർക്ക് അതു മാത്രമേ അറിയാവൂ. ഇപ്പോഴത്തെ ഭരണകൂടം, ബുദ്ധിശൂന്യമായിട്ടാണെങ്കിലും ഈ വിഷയം അന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്നതിന് സാഹചര്യം ഒരുക്കുന്നതിനു സഹായിച്ചിട്ടുണ്ട്. പ്രിയപ്പെട്ട സ്റ്റാൻ, ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്. ജസ്വിറ്റ്‌സഭയുടെ ചൈതന്യമാണ് അങ്ങ് ജീവിച്ചു കാണിച്ചത്. നാഥാ, എനിക്കുള്ളവയെല്ലാം അങ്ങ് എടുത്തുകൊള്ളുക. അങ്ങയുടെ കൃപ മാത്രം എനിക്കു മതി. അങ്ങ് വീരപുരുഷന്മാരുടെ ഗണത്തിലാണുള്ളത്. അവരാരും ത്യാഗത്തിന്റെ വില കണക്കാക്കുന്നില്ല; അവർ അനന്തതയിൽ ജീവിക്കുന്നു! അങ്ങയോടൊപ്പം ഞങ്ങൾ നീതിക്കുവേണ്ടിയുള്ള സമരം തുടരും-പാവപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും കരുതുന്ന നീതിക്കുവേണ്ടിയുള്ള സമരം! അങ്ങേയ്ക്ക് വേണ്ടിയും  സഹതടവുകാർക്കുവേണ്ടിയും പ്രാർത്ഥിക്കാതെ ഒരു ദിവസവും കടന്നു പോവുകയില്ല.”

ഇനി, അങ്ങയുടെ അഭാവത്തിൽ കൂടുതലെന്താണ് പറയേണ്ടത്? ചിത്രാംഗദ ചൗധരി 2021 ജൂലൈ ഒൻപതാം തീയതി ഹിന്ദുവിൽ എഴുതിയ വാക്കുകൾ മാത്രം ഉദ്ധരിക്കട്ടെ!  “എല്ലാവർക്കും നല്ലതുപോലെ അറിയാവുന്നതുപോലെ, ആസന്നമരണനായ ഒരു മനുഷ്യന്റെ ജാർഖണ്ഡിലേക്കു  മടങ്ങാനും, ആരെയാണു  താൻ ഏറെ സ്നേഹിച്ചതും ആരുടെ  ആവശ്യങ്ങൾക്കു വേണ്ടിയാണോ  സമരം ചെയ്തതും  അവരോടൊപ്പമായി രിക്കുവാനുള്ള അന്ത്യാഭിലാഷം  ചെവിക്കൊള്ളുകയുണ്ടായില്ല. അഞ്ചു പതിറ്റാണ്ടിലധികം അവരിലൊരാളായി ജീവിച്ച പുണ്യപുരുഷനാണ് ഫാ. സ്റ്റാൻ. കൂടുതൽ ജനാധിപത്യം നിറഞ്ഞ ഒരു ഇന്ത്യ എന്ന ഫാദർ സ്റ്റാനിന്റെ  സ്വപ്നത്തിന് ജീവൻ നല്കാൻ ഈ സമരങ്ങൾ ഉപകരിക്കും.” പ്രിയപ്പെട്ട സ്റ്റാൻ, ദേശീയ അന്തർദേശീയ സമൂഹത്തിന്റെ അമർഷവും ദുഃഖവും നിരാശയും വികാരവായ്‌പും  എല്ലാം അരുന്ധതിറോയിയുടെ വാക്കുകളിൽ സംഗ്രഹിച്ചിട്ടുണ്ട്: “അതിപീഡാകരമായ, മന്ദഗതിയിലുള്ള ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡിമരണം ജനാധിപത്യ രാജ്യമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യയിലാണ് നടന്നത്.  84 വയസ്സ് പ്രായമുള്ള വന്ദ്യവയോധികനായ ഈ ജസ്വിറ്റ്‌ വൈദികൻ എല്ലാം നഷ്ടപ്പെടുത്തി ഇന്ത്യയിലെ പാവപ്പെട്ടവർക്കുവേണ്ടി അഞ്ചു പതിറ്റാണ്ടിലധികം സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.

വഴിമാറിനടന്ന പാതിരി

ജോയൽ എസ്.സി.എൻ

 

മൂന്നു പതിറ്റാണ്ടിലേറെയായി സ്റ്റാൻ സ്വാമിയെ എനിക്ക് പരിചയമുണ്ട്.സമൂഹത്തിന്റെ വിമോചനത്തിനായി  പ്രതിജ്ഞാബദ്ധനായ വളരെ ഊർജസ്വലനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം.

 

സ്റ്റാൻ ഒരേസമയം ബുദ്ധിജീവിയും അടിസ്ഥാനതല പ്രവർത്തകനുമായിരുന്നു. ചൈബാസയിലെ ട്രൈബൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററെന്ന  ജെസ്വിറ്റ്‌  സംരംഭത്തിന്റെ അമരക്കാരനായിരുന്നു. പുസ്തകങ്ങളിലും  ലൈബ്രറികളിലും  മാത്രമൊതുങ്ങിയിരുന്നില്ല  അദ്ദേഹത്തിന്റെ ഗവേഷണ മേഖല. ആളുകളെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും അറിയാൻ പുറത്തുള്ള ഗ്രാമങ്ങളിലേക്ക് അദ്ദേഹം പോകുമായിരുന്നു. പ്രേഷിത സഹോദരിമാർക്ക് അവരുടെ ശുശ്രൂഷകളിൽ  സഹായിക്കാനും, ആരോഗ്യമേഖലയിലും   ഗ്രാമങ്ങളിലെ രാത്രി ക്ലാസുകൾക്കും,യുവാക്കളുടെ ഏകീകരണത്തിനും അദ്ദേഹം നേതൃത്വം നല്കി. ദേശീയ അടിയന്തിരാവസ്ഥയെ എതിർത്തിരുന്ന  പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.  യുവതികളും പുരുഷന്മാരുമടങ്ങുന്ന   സമാന ചിന്താഗതിക്കാരായ മതേതര, മതവിശ്വാസികളുടെ  കൂട്ടായ്മയായ സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ  മുഖ്യ ആസൂത്രകനുമായിരുന്നു സ്റ്റാൻ.

 

ബംഗലൂരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ ഫാ. സ്റ്റാനുമായുള്ള  ബന്ധമാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അന്നദ്ദേഹം അവിടത്തെ ഡയറക്ടറും അധ്യാപകനുമായിരുന്നു. സാമൂഹിക-രാഷ്ട്രീയ വിശകലനമായിരുന്നു  ഇവിടെ പഠിപ്പിച്ചിരുന്നത്. സാമൂഹിക  പ്രവർത്തകരോ അധ്യാപകരോ ആകാൻ ആഗ്രഹിക്കുന്ന അടിത്തട്ടിൽ ജോലി ചെയ്തിരുന്ന ക്രിസ്ത്യൻ മിഷനറിമാരായിരുന്നു ഇവിടെ പഠിച്ചിരുന്നവരിൽ കൂടുതലും.

 

സമൂഹത്തിന്റെ  വ്യവസ്ഥാപിത  മാറ്റത്തിനുവേണ്ടി   പ്രവർത്തിക്കാൻ വ്യക്തികളെ  സജ്ജരാക്കുക എന്നതാണ് ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രാഥമികമായി ഉദ്ദേശിച്ചത്. ഇതിന് സ്റ്റാൻ സ്വാമിയുടെ  പങ്ക് നിസ്തുലമാണ്.   വരികൾക്കിടയിൽ വായിക്കാനും വേറിട്ട രീതിയിൽ  ചിന്തിക്കാനും  വിദ്യാർത്ഥികളെ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു.പാർശ്വവത്കരിക്കപ്പെട്ട ആളുകളുമായി ഇടപഴകുന്നതിൽ നിന്ന് വ്യക്തികളെയും സ്ഥാപനങ്ങളെയും തടയുന്ന സാമ്പ്രദായിക   രീതികളിൽ  വ്യവസ്ഥാപരമായ മാറ്റം കൊണ്ടുവരികയും അത് തന്റെ പ്രവർത്തനമേഖലയിൽ നടപ്പാക്കുകയും ചെയ്തിരുന്നു.   കാലഹരണപ്പെട്ട സാമൂഹിക മാനദണ്ഡങ്ങൾ, മതനിയമങ്ങൾ, ആജ്ഞകൾ എന്നിവയിൽ നിന്ന് പുറത്തുകടന്ന് യഥാർത്ഥ പ്രശ്നങ്ങളുമായി, യഥാർത്ഥ ആളുകളുമായി ഇടപഴകാൻ സ്റ്റാൻ വിദ്യാർത്ഥികളെ അനുശാസിച്ചിരുന്നു.ബൈബിളിൽ നിന്നുള്ള ഉദ്ധരണി അദ്ദേഹം ആവർത്തിച്ചുപയോഗിച്ചു – “നിയമം ജനങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണ്” അല്ലാതെ മറിച്ചല്ല. ജനവിരുദ്ധ നിയമങ്ങളെയും നടപടികളെയും ചോദ്യം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ഇടപാടിലും ഇതേ തത്ത്വം ഉപയോഗിച്ചു.

 

ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ  പഠിച്ചിരുന്ന കാലയളവിലാണ്  നമ്മുടെ ഭരണസമ്പ്രദായങ്ങളെക്കുറിച്ചും  രാഷ്ട്രീയത്തെക്കുറിച്ചുമുള്ള എന്റെ അജ്ഞത ബോധ്യപ്പെട്ടത്. അഴിമതി,ചൂഷണം,സാമുദായികസ്പർധ  തുടങ്ങിയ  കറുത്ത യാഥാർഥ്യങ്ങളുടെ ഒരു പുതിയലോകം കാണാൻ സ്റ്റാൻ എന്നെ സഹായിച്ചു!  ‘മുറിവുകൾ പൊതിയുന്ന’, വിശകലന വൈദഗ്ദ്ധ്യമില്ലാത്ത  ഒരു ഭക്തയായിരുന്നു ഞാൻ. സാമൂഹിക പ്രവർത്തകരുമായി നിരവധി ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നിട്ടും, പ്രഭാഷണങ്ങളിൽ, വർക്ക് ഷോപ്പുകളിൽ പങ്കെടുത്തെങ്കിലും, ‘സേവന’ മാനസികാവസ്ഥ ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അപഗ്രഥനങ്ങളില്ലാതെ  സേവനത്തിന് മുൻഗണന നൽകി സഭയുടെ നിയമങ്ങളിലും പഠിപ്പിക്കലുകളിലും ഞാൻ വർഷങ്ങളോളം വേരൂന്നിയതാണ് ഒരു കാരണം. അത് സൗമ്യനും വിനീതനും അനുസരണയുള്ളവനും കഷ്ടപ്പാടുകൾക്കായി മരിക്കാൻ തയ്യാറായ ചോദ്യങ്ങൾ ചോദിക്കാത്ത ഒരു തെറ്റായ ക്രിസ്തുവിനെയാണ് കാണിച്ചുതന്നത്.

പ്രഭാ ലക്ര
(ഭഗൈച്ച, റാഞ്ചി)

അദ്ദേഹത്തിന്റെ ലാളിത്യത്തില്‍  എനിക്ക്  അതിയായ ബഹുമാനം തോന്നി. അതായിരുന്നു എന്നെപ്പോലെയുള്ളവര്‍ക്ക് പ്രചോദനമായിരുന്നത്. ഒരാളുടെ സാമൂഹികസാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ എല്ലാവര്‍ക്കും  തുല്യ അവസരവും പങ്കാളിത്തവും നല്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

അലോക കുജുര്‍
(അംഗം, ആദിവാസി അധികാര്‍  മഞ്ച് ,റാഞ്ചി)

ഭരണകൂടം നടത്തുന്ന പൗരാവകാശ ലംഘനങ്ങളെ ഫാ. സ്റ്റാന്‍ സ്വാമി നിരന്തരം   ചോദ്യം ചെയ്യാറുണ്ടായിരുന്നു. വെള്ളം, ഭൂമി, സംസ്‌കാരം എന്നിവ സംരക്ഷിക്കാനുള്ള ഞങ്ങളുടെ പോരാട്ടം ഇനിയും തുടരും. വ്യാജ ആരോപണങ്ങളില്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ജീവന്‍ ഹോമിക്കുകയും ചെയ്ത സാമൂഹ്യ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംരക്ഷകര്‍, സിഎഎ / എന്‍ആര്‍സി പ്രതിഷേധക്കാര്‍ എന്നിവര്‍ക്കായുള്ള  ഞങ്ങളുടെ   പോരാട്ടം തുടരും. പ്രതിഷേധങ്ങളും പ്രചാരണങ്ങളും ഇവിടെ അവസാനിക്കില്ലെന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്, പകരം അവ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.