നിര്‍ഭാഗ്യം വൈറസിനെ സൃഷ്ടിച്ചു; മുതലാളിത്തം മഹാവ്യാധിയെയും! – അഗസ്റ്റിന്‍ പാംപ്ലാനി

by ezhuthuadmins2 | July 10, 2020 10:50 am

മനുഷ്യജീവിതത്തിന്റെ ഭാസുരങ്ങളായ അവസ്ഥകളെക്കാള്‍ ദുരന്തങ്ങള്‍ക്കാണ് കൂടുതല്‍ ‘നീതിബോധം’ ഉള്ളത് എന്നു തോന്നുന്നു. ‘മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ വന്‍ചിതനടുവില്‍’ എന്ന് കവി പാടുമ്പോള്‍ അത് വലിയ ‘ദുരന്ത’മായ മരണത്തിന്റെ തുല്യനീതിക്കുള്ള മംഗളപത്രമാകുന്നു. ധാരാവിയിലെ ചേരിനിവാസികളെയും ആഡംബരക്കപ്പലിലെ ടൂറിസ്റ്റുകളെയും ഒരുപോലെ കോവിഡ് പിടികൂടുമ്പോള്‍ അത് രോഗത്തിന്റെ വൈരുദ്ധ്യാത്മക നീതിബോധത്തെക്കൂടിയാവാം സൂചിപ്പിക്കുന്നത്. ആഫ്രിക്കയെ ഞെരുക്കിയ എബോളയുടെ താണ്ഡവങ്ങള്‍ ആഗോളരംഗത്ത് തമസ്‌കരിക്കപ്പെട്ടപ്പോള്‍ കോവിഡ് ഇത്രയും ഗൗരവമായി പരിഗണിക്കപ്പെട്ടത് കറുത്തവനെയും വെളുത്തവനെയും ഒരുപോലെ കാണുന്ന കോവിഡിന്റെ ‘നീതിബോധം’ കൊണ്ട് തന്നെ.   സാമ്പത്തിക അസമത്വങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ എപ്രകാരം കുറഞ്ഞുവന്നുവെന്ന് വിലയിരുത്തുന്ന അമേരിക്കന്‍ ചരിത്രകാരന്‍ വാള്‍ട്ടര്‍ ഷെയ്ഡലിന്റെ പ്രശസ്ത ഗ്രന്ഥമാണ് ‘ദി ഗ്രേറ്റ് ലെവലെര്‍’. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ ലോകചരിത്രത്തില്‍ സമത്വം കൊണ്ടുവന്നിട്ടുള്ള സുപ്രധാന ഘടകങ്ങള്‍ പ്രധാനമായും നാലാണ്; വിപ്ലവം, യുദ്ധം, രാജ്യത്തിന്റെ പതനം, പ്ലേഗ് മുതലായവ. യൂറോപ്പിനെ ഗ്രസിച്ച മഹാവ്യാധിയായ പ്ലേഗ് കൂടുതല്‍ സമത്വാധിഷ്ഠിതമായ ഒരു സാമ്പത്തികക്രമത്തിന് വഴിതെളിക്കുകയും അസമത്വം കുറക്കുന്നതിന് അതിന്റേതായ സംഭാവന നല്കുകയും ചെയ്തിട്ടുണ്ടെന്ന് ഷെയ്ഡല്‍ വാദിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവം, ലോകമഹായുദ്ധങ്ങള്‍ തുടങ്ങിയവ തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന നയങ്ങളുടെ രൂപീകരണത്തിന് വഴിതെളിച്ചിട്ടുണ്ട്.   ചരിത്രത്തിന്റെ സമവാക്യങ്ങള്‍ തെറ്റുന്നു   ലോകം ഇന്ന് വേറൊരു മഹാവ്യാധിയിലൂടെ കടന്നുപോകുമ്പോള്‍ ചരിത്രത്തിന്റെ ഈ രീതിശാസ്ത്രം തികച്ചും കീഴ്മേല്‍ മറിയുന്നതാണ് കാണുന്നത്. ആരും സുരക്ഷിതരല്ലാത്ത ലോകത്തില്‍ അരക്ഷിതാവസ്ഥയുടെ തോത് തുലോം വ്യത്യസ്തമാണ് എന്നതാണ് കോറോണയുടെ ദാര്‍ശനികനീതിക്കപ്പുറം അതിന്റെ പ്രത്യക്ഷമായ അനീതി. കോവിഡ്-19 ലോകത്തെ കീഴടക്കുമ്പോള്‍ ഷെയ്ഡല്‍ നിരീക്ഷിച്ച മഹാമാരികളിലൂടെ സംഭവിക്കേണ്ട ചരിത്രത്തിന്റെ നീതിനിര്‍വഹണമല്ല, അസമത്വത്തിന്റെ നിയമവല്ക്കിരണമാണ് സംഭവിക്കുന്നത് എന്നത് ചരിത്രത്തിന്റെ ഒരു വിരോധാഭാസം.   അര്‍ധ’ജീവി’യായ കൊറോണയ്ക്കുള്ള നീതിബോധംപോലും ബുദ്ധിജീവിയായ മനുഷ്യന് ഇല്ല എന്നത് കൊറോണക്കാലത്തെ നീതിയുടെ നിലവിളികള്‍ തെളിയിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച വന്‍കിട ഉത്തേജനപദ്ധതികള്‍ കോര്‍പറേറ്റുകള്‍ക്ക് രക്ഷപെടാനുള്ള അവസരമൊരുക്കുകയാവാം എന്ന യുവാന്‍ ഹരാരിയുടെ ഭയം ശരിവയ്ക്കപ്പെടുന്നതിന്റെ സൂചനകളാണ് കാണുന്നത്. രാജ്യത്തെ 80% അസംഘടിത തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് ‘ദി ഹിന്ദു’ ദിനപ്പത്രം ജൂണ്‍ 7 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ 13% മാത്രം വരുന്ന കറുത്തവര്‍ഗക്കാരാണ് കോവിഡ്് ബാധിച്ചു മരിച്ചവരില്‍ 23%. രോഗബാധയിലാവട്ടെ കറുത്തവനും വെളുത്തവനും തമ്മിലുള്ള അന്തരം അതിഭയാനകമാണ് എന്ന് പ്രസിഡന്റിന്റെ ഉപദേശകനായ ആന്തണി ഫോച്ചി തന്നെ പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യയില്‍ സാമ്പത്തികസ്ഥിയനുസരിച്ചുള്ള രോഗബാധയുടെ സ്ഥിതിവിവരക്കണക്കുകളൊന്നും ലഭ്യമല്ല. എങ്കിലും ശിലായുഗത്തിലെ അതിജീവനത്തിന് വേണ്ടിയുള്ള ഗോത്രങ്ങളുടെ ഭൂഖണ്ഡാന്തര കുടിയേറ്റങ്ങളെയോ വിഭജനാനന്തര പലായനങ്ങളെയോ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ ദേശീയപാതകളും റെയില്‍വേ ട്രാക്കുകളും സാക്ഷ്യംവഹിച്ച കുടിയേറ്റ തൊഴിലാളികളുടെ കാല്‍നട ഘോഷയാത്രകള്‍. അതിജീവനത്തിന്റെ ഭാരത്തെ കരങ്ങളില്‍ നിന്നും കാലുകളിലേക്ക് കൈമാറുക എന്നതായിരുന്നു പത്തിലൊന്നോളം വരുന്ന ഇന്ത്യക്കാരുടെ ദുര്‍വിധി.   ഇരുപതുലക്ഷത്തിന്റെ ഉത്തേജനപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴും ഇരുപതു രൂപയുടെ പൊതിച്ചോറോ കുടിവെള്ളമോ പോലും തൊഴിലാളിസമൂഹത്തിന്‌വേണ്ടി കരുതാന്‍ സര്‍ക്കാര്‍ അമാന്തിച്ചു എന്ന് കാണുമ്പോഴാണ് കാലികവ്യവസ്ഥിതികളില്‍ രൂഢമൂലമായ അനീതിയുടെ നിര്‍ദയമായ സ്ഥാപനവല്ക്കരണത്തെ തിരിച്ചറിയേണ്ടത്. കറുത്തവര്‍ അമേരിക്കയ്ക്ക് അനിവാര്യരാണ് എന്ന് ട്രംപ് പറഞ്ഞപ്പോള്‍ കറുത്തവനായ പെട്ടിക്കടക്കാരന്‍ പറഞ്ഞു: ‘അനിവാര്യത എന്ന് പറഞ്ഞാല്‍ ഇന്ന് ബലിയാടാവുക എന്നാണര്‍ത്ഥം.’ ഇപ്രകാരം തന്നെയാണ് അസംഘടിത തൊഴിലാളികളും അവരുടെ വിലപേശല്‍ ശേഷിയുടെ ശോഷണവുമൊക്കെ ഇന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു ‘അനിവാര്യ’മായിരിക്കുന്നത്.   പാശ്ചാത്യരാജ്യങ്ങള്‍ ചിലതെങ്കിലും സ്വകാര്യമേഖലയില്‍നിന്നും ഭാഗികമായെങ്കിലും ചുവടുമാറ്റി പൊതുമേഖലയുടെ, പ്രത്യേകിച്ചും ആരോഗ്യരംഗത്തിന്റെ, ശാക്തീകരണത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടപ്പോള്‍ കൂടുതല്‍ സ്വകാര്യവല്ക്കരണത്തിനുള്ള വിചിത്രമായ ഒളിച്ചുകളിക്കുള്ള അവസരമായാണ് ഇന്ത്യന്‍ ഗവണ്മെന്റ് ഇതിനെ കണ്ടത്. വീട്ടിലിരുന്ന് ജോലിചെയ്യേണ്ടിവരുന്ന തൊഴില്‍ സംസ്‌കാരത്തില്‍ വീടില്ലാത്തവന്‍ നിയമാനുസൃതമായി തൊഴിലിന് അനഭിമതനാവുകയാണ്. സ്മാര്‍ട്‌ഫോണും ലാപ്ടോപ്പും ഫോര്‍ ജി യുമൊക്കെ കിട്ടാക്കനിയായവര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭാസരംഗത്ത് പൊന്നുരുക്കുന്നിടത്തെ പൂച്ചയുടെ സാംഗത്യമെ ഉള്ളൂ.

Source URL: http://ezhuthu.org/%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d/