നവോത്ഥാനവും സത്യാനന്തരകേരളം നേരിടുന്ന പ്രതിസന്ധികളും. -എന്‍.ഇ.സുധീര്‍

നവോത്ഥാനവും സത്യാനന്തരകേരളം നേരിടുന്ന പ്രതിസന്ധികളും. -എന്‍.ഇ.സുധീര്‍

കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ ഇപ്പോള്‍ ഏറെ പറഞ്ഞു കേള്‍ക്കുന്ന വാക്കാണ് ‘നവോത്ഥാനം’. സ്ഥാനത്തും അസ്ഥാനത്തും ആ വാക്കു ഇന്നിപ്പോള്‍ നമ്മുടെ ശബ്ദ പരിസരത്തില്‍ മുഴങ്ങുകയാണ്. അതുകൊണ്ടു തന്നെ അതെന്താണ് എന്ന് ആദ്യമേ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. കാലാനുസൃതമായ നവീകരണമാണ് നവോത്ഥാനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂതകാലത്തോടുള്ള ആസക്തികളില്‍ നിന്നുള്ള മോചനം, സാംസ്‌കാരികവും മാനവികവുമായുള്ള വികാസം, അറിവിന്റെ പിന്‍ബലത്തോടെ പാരമ്പര്യത്തെ ശുദ്ധീകരിക്കല്‍, ജനാധിപത്യപരമായ പൗരബോധ നിര്‍മ്മിതി, എന്നിവയൊക്കെയാണ് നവോത്ഥാനത്തിന്റെ പരിധിയില്‍ സാമാന്യമായി ഉള്‍പ്പെടുന്ന കാര്യങ്ങള്‍. നവോത്ഥാനം എന്നത് വേറിട്ട സാമൂഹ്യ സാഹചര്യങ്ങളില്‍ നടക്കുന്ന സാമൂഹ്യ മാറ്റങ്ങളായതുകൊണ്ട് അതിന് നിശ്ചിത മാതൃകകളില്ല. ഓരോ സമൂഹവും ആവശ്യപ്പെടുന്ന മാറ്റങ്ങളെയാണ് അതാതിടത്തെ നവോത്ഥാന മുന്നേറ്റങ്ങള്‍ ഏറ്റുപിടിക്കുന്നത്. എന്നാല്‍ ജ്ഞാനോദയമുണ്ടാവുക എന്നത് അടിസ്ഥാന പ്രമാണമായി എല്ലായിടത്തെയും നവോത്ഥാന മുന്നേറ്റത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കും. പ്രശസ്തമായ യൂറോപ്യന്‍ നവോത്ഥാനം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംഭവിച്ചപ്പോള്‍ നമ്മുടെ കേരളത്തിലെ നവോത്ഥാനത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമേ അവകാശപ്പെടാനുള്ളൂ. ഈ വാചകത്തില്‍ ചില പ്രശ്‌നങ്ങള്‍ കടന്നു വരുന്നുണ്ട്. അത് തിരിച്ചറിയുന്നതോടെ കേരളീയ നവോത്ഥാനത്തിന്റെ മുന്നിലെ വെല്ലുവിളികളെ ഓരോന്നായി വേര്‍തിരിച്ചറിയാന്‍ നമുക്ക് കഴിയും. എന്താണ് ആ പ്രശ്‌നങ്ങള്‍ എന്ന് നോക്കാം. ഒന്നാമതായി നവോത്ഥാനത്തെ നമ്മള്‍ ഒരു ഭൂതകാല പ്രക്രിയയായി കാണുന്നു എന്നതാണ്. അതായത് മുമ്പെങ്ങോ സംഭവിച്ച ഒന്നായി നവോത്ഥാനത്തെ നോക്കിക്കാണുന്നു. ഇത് വലിയൊരു അബദ്ധമാണ്. നവോത്ഥാനത്തെ ഒരു തുടര്‍പ്രക്രിയയായി മാത്രമേ നോക്കിക്കാണാവൂ. അത് പ്രത്യേകമായ ഒരു കാലബിന്ദുവില്‍ തുടങ്ങി മറ്റൊരിടത്ത് പൂര്‍ത്തിയാവുന്ന ഒന്നല്ല. രണ്ടാമത് ആ പ്രക്രിയ ഏതെല്ലാം തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. സമൂഹത്തിന്റെ അഗാധ തലങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ശേഷിയുള്ള നൈരന്തര്യ പ്രക്രിയയായി ഇത് തുടരുന്നുണ്ടോ എന്നതും അറിയേണ്ടതുണ്ട്. നവോത്ഥാനത്തെ ഇങ്ങനെ വിശാലമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുമ്പോള്‍ മാത്രമെ കേരളം നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധികളെ നേരിടാന്‍ നമുക്ക് പ്രാപ്തിയുണ്ടാവൂ. ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ തെരുവുകളില്‍ നിന്നുയരുന്ന നവോത്ഥാന വര്‍ത്തമാനങ്ങള്‍ പലതും ബാലിശമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. തെരുവിലെ പ്രശ്‌നത്തിന്റെ വേരുകള്‍ ഭക്തിയിലാണ് ആഴ്ന്നു കിടക്കുന്നത്. അതേ ഭക്തിയുടെ തലത്തിലേക്ക് നമ്മുടെ നവോത്ഥാന വിചാരങ്ങള്‍ തരം താഴുന്നു എന്ന തോന്നലാണ് എനിക്കുള്ളത്. കുറെ പേരുകള്‍ ഉരുവിട്ടതു കൊണ്ടോ, ചരിത്ര സംഭവങ്ങള്‍ വിവരിച്ചതുകൊണ്ടോ തീര്‍ക്കാവുന്നവയല്ല നമ്മുടെ മുന്നിലെ പുതിയ വെല്ലുവിളികള്‍. എന്താണ് ആ വെല്ലുവിളി? മതേതര ചിന്തയില്‍ നിന്നുള്ള പുറകോട്ട് പോക്കാണ് പ്രധാന വെല്ലുവിളി. വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ജനതയില്‍ വേര്‍തിരിവ് വന്നുകൊണ്ടിരിക്കുന്നു. ആ വിഭജനം സുഗമമാക്കുന്നതിനായി ഭക്തിയെ പൊതുധാരയില്‍ നിറയ്ക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരതില്‍ വിജയം കാണുമ്പോഴാണ് നമ്മള്‍ നവോത്ഥാനത്തെ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. ആ ഭക്തിയാണ് ആധുനികതയോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ മലയാളിയെ പ്രാപ്തനാക്കിയത്. വിശ്വാസത്തിന് മനുഷ്യ മനസ്സില്‍ ഒതുങ്ങിക്കൂടാന്‍ സാധിക്കും. അതേസമയം ഭക്തിയുടെ നിലനില്പിന് പൊതുമണ്ഡലം അനിവാര്യമാണ്. ശബരിമലയുടെ കാര്യത്തില്‍ ഹൈന്ദവ സംഘടനകള്‍ ഭക്തിയെ കൂട്ടുപിടിച്ചതും ഇതേകാരണം കൊണ്ടാണ്. വിശ്വാസമാണ് പ്രധാനമെങ്കില്‍ കോടതിവിധി വിശ്വാസിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിട്ടുകൊടുക്കാമായിരുന്നു. എന്നാല്‍ ഭക്തി അങ്ങനെയല്ല. അതൊരു ഫാസിസ്റ്റ് ഉപകരണമാണ്. നിയമസംവിധാനത്തെ പരാജയപ്പെടുത്താന്‍ കെല്പുള്ള ഉപകരണം. ഭക്തിയെ നേരിടുമ്പോള്‍ ജനാധിപത്യത്തിനും മുട്ടുവിറച്ചേക്കും. കാരണം അവിടെ ആള്‍ക്കൂട്ടമുണ്ട്. മതപരമായ ഭക്തിയെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. നമ്മള്‍ സാക്ഷ്യം വഹിക്കുന്നതും അത്തരമൊരവസ്ഥയെ തന്നെയാണ്. ഭക്തിയെ ആധുനിക സമൂഹം എങ്ങനെ കൈകാര്യം ചെയ്യും? ഭക്തിയുടെ അടിസ്ഥാനം പ്രധാനമായും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമാണ്. യുക്തിയും മൂല്യബോധവും നശിപ്പിച്ചു കൊണ്ടാണ് ഭക്തി എല്ലാകാലത്തും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അത് നവോത്ഥാന വിരുദ്ധവുമാണ്. നവീകരണത്തെ പ്രതിരോധിക്കുന്നതുമാണ്. വിശ്വാസത്തെയും ഭക്തിയെയും വേര്‍തിരിച്ചു കാണാന്‍ കഴിയണം. കേരളത്തിന്റെ മുന്നില്‍ അരങ്ങു തകര്‍ക്കുന്നത് ഭക്തിയാണ്. ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെയാണ് ഭക്തിയുടെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ആധുനിക ജനാധിപത്യ സംവിധാനങ്ങളെയാണ് അവ വെല്ലുവിളിക്കുന്നത്. അത് വിജയം കണ്ടു കൂട. ഉള്‍ക്കാഴ്ചയുള്ള, വിവേകമുള്ള നേതൃത്വങ്ങള്‍ കേരളത്തിലിന്നില്ല. അതിന്റെ കുറവ് ഭയപ്പെടുത്തുന്നു. എന്തുകൊണ്ട് ഇത്തരമൊരവസ്ഥ കടന്നു വന്നു ? ബാല്യദിശ പോലും കടക്കുന്നതിനു മുമ്പേ നമ്മള്‍ നവോത്ഥാനത്തെ പൂട്ടിക്കെട്ടി ചരിത്രത്തില്‍ അടക്കിവച്ചതുകൊണ്ട് മാത്രമാണ് ഈ അവസ്ഥ വന്നു പെട്ടത്. അത്തരമൊരു തുടക്കത്തെക്കുറിച്ചാണ് നമ്മള്‍ വീമ്പിളക്കുന്നത്. അതിന്റെ പിന്‍ബലത്തിലാണ് കേരളത്തിലേത് മതേതര സമൂഹമാണെന്നും ഇവിടെ ദുരാചാരങ്ങള്‍ നിലനില്ക്കില്ലെന്നും വര്‍ഗീയതയുടെ വേരോടുകയില്ലെന്നും ശാഠ്യം പിടിച്ചത്. നവോത്ഥനത്തിന്റെ പുറംമോടിയില്‍ രമിച്ചുകൊണ്ട് നമ്മള്‍ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി മറന്നു പോയി. നാരായണ ഗുരുവില്‍ നിന്ന് മുന്നോട്ടു പോവാന്‍ സാധിച്ചില്ല. ഗുരുവിനെ ഈഴവ സമുദായത്തില്‍ നിന്ന് പോലും സ്വതന്ത്രനാവാന്‍ നമ്മള്‍ അനുവദിച്ചില്ല. ഗുരുവിന്റെ മുന്നില്‍ കേള്‍വിക്കാരുണ്ടായി. പ്രയോക്താക്കളുണ്ടായില്ല. ഗുരുവിന്റെ ചിന്തകളെ ഒരു പ്രത്യേക വിഭാഗത്തിന്റെ നവീകരണത്തിന്റെ ശക്തിയായി നമ്മള്‍ ചുരുക്കി കണ്ടു. മലയാളിയുടെ നവോത്ഥാനത്തിനല്ല, ഈഴവ നവോത്ഥാനത്തിനാണ് ഗുരു നേതൃത്വം കൊടുത്തത് എന്ന തോന്നലുണ്ടായി. ഗുരുവിനു ശേഷം ഈഴവ സമുദായത്തില്‍ പോലും നവീകരണത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടു. ജാതിയെ ഇല്ലാതാക്കുന്നതിനു പകരം ജാതി സംഘടനയ്ക്ക് നേതൃത്വം കൊടുത്ത് അതിനെ സമൂഹത്തിലെ സാമുദായികശക്തി മത്സരത്തില്‍ പങ്കാളിയാക്കാനാണ് ഗുരുവിന്റെ പിന്‍ഗാമികള്‍ ശ്രമിച്ചത്. സമാന പദ്ധതികള്‍ മറ്റ് ജാതികളിലും സംഘടിപ്പിക്കപ്പെട്ടു. ഇന്നിപ്പോള്‍ സംഘടിക്കപ്പെടാത്ത ജാതികള്‍ ഒന്നും തന്നെ കേരളത്തിലുണ്ടെന്നു തോന്നുന്നില്ല. അതാത് ജാതിയെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനുമാണ് ഈ ജാതി സംഘടനകളെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇവ വോട്ടു ബാങ്കുകളായി സസുഖം വാഴുന്നതും നമ്മള്‍ കാണുന്നു. അതോടെ രാഷ്ടീയകക്ഷികള്‍ നവോത്ഥാനത്തെ മറന്നു. ഭൂതകാല സ്മരണ മാത്രമായി അത് മാറുകയും ചെയ്തു. പാരമ്പര്യത്തിന്റെ പേരില്‍ അന്ധവിശ്വാസത്തെ നിലനിര്‍ത്തി സമുദായങ്ങളുടെ ശക്തിപരസ്യപ്പെടുത്താനാണ് കേരളത്തിലെ ജാതി സംഘടനകള്‍ ശ്രമിച്ചത്; ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതേതരസമൂഹമോ, ജാതിവിരുദ്ധ സമൂഹമോ അവരുടെയൊന്നും ലക്ഷ്യമാവാനിടയില്ലല്ലോ. ജാതിയില്‍ നിന്ന് ജാതിക്കൂട്ടായ്മയിലേക്കാണ് നവോത്ഥാനം കേരളീയ സമൂഹത്തെ നയിച്ചത് എന്നത് വലിയ വിരോധാഭാസം തന്നെ. ജാതിയതയെ കൃത്യമായി പരിപാലിച്ചുകൊണ്ടാണ് നമ്മുടെ പുരോഗമന മുന്നേറ്റങ്ങള്‍ നിലനിന്നത്. അതിനാല്‍ ഈ പ്രശ്‌നത്തെ ഗൗരവമായി കാണാന്‍ ആളുണ്ടായില്ല. ഇന്നിപ്പോള്‍ നവോത്ഥാനത്തെ പാടിപ്പുകഴ്ത്തുന്നവരും ഈ ഗതികേടിനെ കണ്ടില്ലെന്നു നടിക്കുകയാണ്.