നവബ്രാഹ്മണ്യം ഇന്ത്യന്‍ ഭരണഘടനയ്ക്ക് തീകൊളുത്തുമ്പോള്‍ – അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍

by ezhuthuadmins2 | April 5, 2019 6:52 am

നവബ്രാഹ്മണ്യം ഇന്ത്യന്‍ ഭരണഘടനയ്ക്ക് തീകൊളുത്തുമ്പോള്‍

അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍


മനുഷ്യചരിത്രം അതിന്റെ തുടക്കം മുതല്‍ ദുര്‍ബലരെ ചങ്ങലക്കിടുകയും സമ്പന്ന വര്‍ഗ്ഗത്തിന് അധികാരം നല്‍കുകയും ചെയ്തു എന്നും, തിരിച്ചുപിടിക്കാനാകാത്തവണ്ണം അത് മനുഷ്യ സ്വാതന്ത്ര്യത്തെ നശിപ്പിച്ചു എന്നും എക്കാലത്തേക്കുമായി സമ്പത്തിന്റെയും, അസമത്വത്തിന്റെയും നിയമം സ്ഥാപിച്ച ഏതാനും ചില അത്യാഗ്രഹികള്‍ക്കു വേണ്ടി അക്കാലം മുതല്‍ മനുഷ്യവംശത്തെ അദ്ധ്വാനം, അടിമത്തം, ദുരിതം എന്നിവയ്ക്ക് വിധേയമാക്കി എന്നും റൂസ്സോ പറയുന്നുണ്ട്. ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കി നമ്മെത്തന്നെ വിലയിരുത്തിയാല്‍ 21-ാം നൂറ്റാണ്ടിലും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ‘സമത്വത്തിനുള്ള അവകാശം'(equality before the law) ഒരു വിദൂര സ്വപ്നമായി നിലനില്‍ക്കുന്നു എന്നു കാണാം. നൂറ്റാണ്ടുകളായി ശ്രേണീകൃതമായ അസമത്വത്തിന് ഇരകളായ ഇന്ത്യന്‍ ജനത അതില്‍ നിന്നും പൂര്‍ണ്ണമായി മുക്തി നേടിയിട്ടില്ല. 1955 ല്‍ അംബേദ്കര്‍ രാജ്യസഭയില്‍ ചെയ്ത പ്രസംഗത്തില്‍, ‘ദേവതകളെ പ്രതിഷ്ഠിക്കുന്ന ശ്രീകോവില്‍ എന്ന നിലയ്ക്കാണ് നാം ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ആ ദേവതകള്‍ക്കു മുന്‍പു തന്നെ ചെകുത്താന്‍മാര്‍ അവിടം കയ്യടക്കിയിരിക്കുന്നു. അതുകൊണ്ട് ഭരണഘടന കത്തിക്കേണ്ട ഒരു സന്ദര്‍ഭം വരികയാണെങ്കില്‍ അത് ആദ്യം ചെയ്യുന്നത് ഞാനായിരിക്കും’എന്നാണ് പറഞ്ഞത് (അംബേദ്കറിന്റെ തെരഞ്ഞെടുത്ത കൃതികള്‍). ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന് കേവലം അഞ്ച് കൊല്ലം കഴിയുമ്പോഴേക്കും ഭരണഘടനയും ഭരണവും സമാന്തരമായല്ല, വിപരീത ദിശയിലേക്കാണ് നീങ്ങുന്നതെന്ന് അംബേദ്കര്‍ മനസ്സിലാക്കിയിരുന്നു. ഈ ധ്രുവങ്ങളുടെ അകലം ഇന്ത്യന്‍ ജനതയുടെ സമകാലിക ജീവിത പരിസരത്ത് എത്രയോ കൂടിയിരിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്.


ലോകത്തെ ഏതൊരു ഭരണഘടനയെക്കാളും സവിശേഷമായ മൗലികത ഇന്ത്യന്‍ ഭരണഘടനയ്ക്കുണ്ടെന്ന് നാം കരുതുന്നതിന് കാരണം അത് ഒരു ”പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്ക്” ആയതുകൊണ്ട് മാത്രമല്ല, മറിച്ച് കോടിക്കണക്കിന് മനുഷ്യര്‍ നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന അടിമത്തവും ചൂഷണവും ശ്രേണികൃതമായി നിലനിന്നിരുന്ന ചരിത്രത്തിന്റെ ഒരു ഇരുണ്ട സന്ദര്‍ഭത്തില്‍ നിന്ന് സമത്വത്തിന്റെ ലോകത്തേക്ക് എത്തണമെങ്കില്‍ അനന്യമായ സവിശേഷതകള്‍ വേണം എന്നുള്ളതുകൊണ്ടും ഇന്ത്യന്‍ ഭരണഘടന അത് ഉള്‍ക്കൊള്ളുന്നു എന്നതുകൊണ്ടും കൂടിയാണ്. നമ്മുടെ ഭരണഘടന ‘വലിയൊരു ഭരണഘടനയായിപ്പോയി’ എന്ന് പലതും പറഞ്ഞപ്പോള്‍ അംബേദ്കര്‍ ”ഇന്ത്യയിലെ എല്ലാവര്‍ക്കും നീതി വേണമെന്നു പറഞ്ഞാല്‍ പോര, അത് എങ്ങനെയൊക്കെ വീതിച്ചു കൊടുക്കാം, അതില്‍ ഗവണ്‍മെന്റ് എന്തൊക്കെ ചെയ്യണം, അതിന് എന്തൊക്കെ വകുപ്പുകള്‍ വേണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വളരെ വിശദമായി പറയുന്നുണ്ട്. മാത്രമല്ല, നീതി എന്താണെന്ന് കൃത്യമായി നിര്‍വചിക്കേണ്ടതുണ്ട്.


അത് നിര്‍വ്വഹിക്കുന്നതില്‍ സ്റ്റേറ്റിന്റെ കടമ എന്തെന്നും വിശദമായി പറഞ്ഞതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന ഇത്രയും വലുതായത്.” (തെരഞ്ഞെടുത്ത കൃതികള്‍ – അംബേദ്കര്‍) എന്നാണ് മറുപടി പറഞ്ഞത്. ആ പറഞ്ഞതിലെ ”നീതിയെ കൃത്യമായി നിര്‍വ്വചിക്കേണ്ടതുണ്ട്” എന്നതിന് എത്രയോ ആഴമുളള മാനമുണ്ടെന്നു വേണം മനസ്സിലാക്കാന്‍, കാരണം സ്മൃതികള്‍ ചമച്ച ബ്രാഹ്മണ പൗരോഹിത്യം ശ്രേണീകൃതമായി മനുഷ്യനെ തരം തിരിക്കുകയും എക്കാലത്തേയും അധിപന്‍മാരായി തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യാന്‍ എഴുതിവച്ച നീതിയെ കുറിച്ചുളള സങ്കല്പം എത്രയോ മനുഷ്യത്വ ഹീനമായിരുന്നു. ഹൈന്ദവ സാഹിത്യം ഒട്ടുമിക്കതും (വേദങ്ങള്‍, ഉപനിഷത്തുകള്‍, സ്മൃതികള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍) ഒരു ജാതിയുടെ ആഭിജാത്യമായ ഉല്പത്തിയേയും മറ്റൊരു ജാതിയുടെ ഹീനമായ ഉല്പത്തിയേയും കുറിച്ചുള്ള വംശചരിത്രങ്ങളുടെ നീണ്ട കഥകളാണല്ലോ. അംബേദ്കര്‍ തന്നെ പറഞ്ഞതുപോലെ ”മുകളിലേക്ക് പോകുന്തോറും ആഢ്യത്വവും, താഴേക്കു വരും തോറും മ്ലേഛത്വവും അടിച്ചേല്‍പ്പിക്കുന്ന ശ്രേണീകൃതമായ ഒരു അടിമത്ത വ്യവസ്ഥ.” അതുകൊണ്ടു തന്നെ ‘നീതിയെ കൃത്യമായി നിര്‍വചിക്കേണ്ടതുണ്ട്’ എന്ന അംബേദ്കറുടെ നിരീക്ഷണത്തിന് ഏറെ പ്രസക്തിയുണ്ട്.


എന്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇത്രയേറെ ചരിത്രപരമായ സവിശേഷമൂല്യം കൈവരാന്‍ കാരണം? ബ്രാഹ്മണ്യ ശാസ്ത്രമനുസരിച്ച് ഋഗ്‌വേദത്തിന്റെ പത്താം മണ്ഡലത്തിലെ ”പുരുഷസൂക്തം” എന്ന പേരില്‍ അറിയപ്പെടുന്ന സൂക്തത്തിലാണല്ലോ പ്രപഞ്ചോത്പ്പത്തിയെ സംബന്ധിച്ച സിദ്ധാന്തം ഉള്‍ക്കൊള്ളുന്നത്. വിരാടരൂപനായ ബ്രഹ്മാവിന്റെ പൗരുഷ വര്‍ണ്ണനയോടെ അത് ആരംഭിക്കുന്നു. പ്രപഞ്ചത്തിലെ സര്‍വ്വതും ഒന്നൊന്നായ് സൃഷ്ടിക്കപ്പെടുന്നതോടൊപ്പം ബ്രഹ്മാവിന്റെ മുഖം, കൈകള്‍, തുടകള്‍, പാദങ്ങള്‍ എന്നിവയില്‍ നിന്ന് യഥാക്രമം ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവര്‍ സൃഷ്ടിക്കപ്പെട്ടതായും പറയുന്നല്ലോ. വാസ്തവത്തില്‍ പ്രപഞ്ചോത്പ്പത്തിയെക്കുറിച്ചുള്ള ഇത്തരം സിദ്ധാന്തങ്ങള്‍ ആഢ്യവര്‍ഗ്ഗങ്ങള്‍ക്ക് കേവലമായ കാല്പനിക താല്‍പ്പര്യങ്ങള്‍ ഉണര്‍ത്തുമെന്നല്ലാതെ മറ്റെന്തു പ്രസക്തിയാണ് അതിനുള്ളത്? സ്മൃതികളാകട്ടെ ഈ സിദ്ധാന്തങ്ങളെ അരക്കിട്ടുറപ്പിക്കാനും ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ആഢ്യത്വത്തെ വിളംബരം ചെയ്യാനുമല്ലാതെ മറ്റൊരു പ്രയോജനവും ഇന്ത്യന്‍ ജനതയ്ക്ക് അതുകൊണ്ടുണ്ടായിട്ടില്ല.”വാസിഷ്ഠ ധര്‍മ്മ സൂത്രം” പറയുന്നു,”ശൂദ്രന്‍ നല്‍കുന്ന ആഹാരം കഴിക്കാന്‍ പാടില്ല”(അദ്ധ്യായം 14, ശ്ലോകം 1-4), ദുഷ്ടരായ ശൂദ്രര്‍ പ്രകടമായും ഒരു ശ്മശാനമാകുന്നു. അതുകൊണ്ട് ശൂദ്രന്റെ സാന്നിധ്യത്തില്‍ ഒരിക്കലും വേദ പാരായണം ചെയ്യരുത്” (അദ്ധ്യായം 6, ശ്ലോകം 26). മനുസ്മൃതി പറയുന്നുണ്ട് ”പത്തുവയസ്സുള്ള ബ്രാഹ്മണനെയും അറുപതുവയസ്സുള്ള ക്ഷത്രിയനെയും പിതാവും പുത്രനുമായി കണക്കാക്കാം. അതില്‍ ബ്രാഹ്മണനാണ് പിതാവ്” ”ശൂദ്രന്‍ സമ്പത്തിലും, വിജ്ഞാനത്തിലും എത്ര ഉന്നതനായാലും അക്കാരണത്താല്‍ ബഹുമാനമര്‍ഹിക്കുന്നില്ല” (അദ്ധ്യായം 2, ശ്ലോകങ്ങള്‍ 135-137).


മനുസ്മൃതിയുടെ ഒരു ദീര്‍ഘവീക്ഷണം കണ്ടോ? ശൂദ്രന് അക്ഷരം പഠിക്കാന്‍ ഒരു സാധ്യതയുമില്ലാതിരുന്ന ഒരു കാലത്ത് രചിക്കപ്പെട്ടതാണെങ്കിലും വിദൂരഭാവിയില്‍ കാലം ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയമായി. ശൂദ്രന്‍ അക്ഷരം പഠിക്കുന്ന ഒരു അവസ്ഥ സംജാതമായാലും ബഹുമാനങ്ങള്‍ക്ക്, സാമൂഹ്യനീതിക്ക്, തുല്യതയ്ക്ക് ഒരു കാലത്തും അവന്‍ അര്‍ഹനല്ല എന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത, തികച്ചും നീചവും മനുഷ്യത്വഹീനവുമായ പ്രാകൃത അധീശത്വവ്യവസ്ഥയെ ഒരു സമൂഹത്തിന്റെ പൊതു ചട്ടങ്ങളും നിയമങ്ങളുമാക്കി വ്യാഖ്യാനിക്കുന്ന ഇരുളടഞ്ഞ ഒരു കാലത്ത്, നൂറ്റാണ്ടുകളായി ആ വ്യവസ്ഥയുടെ പടുകുഴിയില്‍ അടിമകളെപ്പോലെ കഴിഞ്ഞിരുന്ന മനുഷ്യവര്‍ഗ്ഗം നീതിക്കും സമത്വത്തിനും വേണ്ടി എത്രകണ്ട് ദാഹിച്ചിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയുമെങ്കില്‍ മാത്രമെ, ആധുനിക ലോകത്തിന്റെ ആപ്തവാക്യങ്ങളായ ‘സ്വാതന്ത്ര്യം, സമത്വം, സഹോദര്യം’ എന്നിവയില്‍ ഊന്നിനിന്ന് സമത്വത്തിനുള്ള അവകാശം ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ പൗരന്മാര്‍ക്കും ഒരുപോലെ പ്രദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മഹത്ത്വം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതായത് മനുഷ്യന്റെ നൂറ്റാണ്ടുകളുടെ സഹനം ചരിത്രത്തിലൂടെ ആര്‍ജിച്ചെടുത്ത നൈതിക രേഖയാണ് ഇന്ത്യന്‍ ഭരണഘടന. അതുകൊണ്ടാണ് എലീനര്‍ സില്യോട് (അംബേദ്കറെ ലോകത്തിനു പരിചയപ്പെടുത്തിയ വിദേശവനിത. ” അംബേദ്കറുടെ അര്‍ത്ഥം” എന്ന പ്രബന്ധ കര്‍ത്താവ് – അംബേദ്കറുടെ തെരഞ്ഞെടുത്ത കൃതികള്‍) പറഞ്ഞത്.” സാമൂഹ്യ ഉടമ്പടികളുടെ നൈതിക രേഖയായ ഇന്ത്യന്‍ ഭരണഘടനയാണ് അംബേദ്കറുടെ കയ്യിലുള്ളത്” എന്ന്.

Source URL: http://ezhuthu.org/%e0%b4%a8%e0%b4%b5%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%af%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d/