ദൈവസ്പര്‍ശം തുണയായി

ദൈവസ്പര്‍ശം  തുണയായി

ഫാ. ടോം ഉഴുന്നാലില്‍/ ബിനോയ് പിച്ചളക്കാട്ട്

? ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത അനുഭവമാണെങ്കിലും സഹപ്രവര്‍ത്തകരായ സന്യാസിനിമാരെയും വൃദ്ധസദനത്തിലെ അന്തേവാസികളെയും കൊലപ്പെടുത്തിയ് നേര്‍ക്കണ്ടതിന്റെ നടുക്കത്തെക്കുറിച്ചാണ് ഞാനാദ്യം അച്ചനോട് ചോദിക്കുന്നത്. ഭയാനകമായ ആ സംഭവത്തിന്റെ ഓര്‍മ്മകള്‍ അച്ചന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എങ്ങനെയാണ് ബാധിച്ചത്?
2010 മുതല്‍ ഞാന്‍ യമനില്‍ പ്രേഷിതവേല ചെയ്യുന്നു. ചെറിയൊരു ഇടവേളക്കായി 2015-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ബാംഗ്ലൂരിലും സലേഷ്യന്‍ സ്ഥാപനമായ ക്രിസ്തുജ്യോതി കോളേജില്‍ അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിക്കുന്നതിനിടെ വീണ്ടും അതേ വര്‍ഷം തന്നെ യമനിലേക്ക് തിരിച്ചുപോയി. യമനില്‍ സേവനം ചെയ്തിരുന്ന മൂന്നു സലേഷ്യന്‍ വൈദീകരെ ഗവണ്‍മെന്റ് തിരിച്ചയച്ച സാഹചര്യത്തിലാണ് അവിടേക്ക് പോകാന്‍ ഞാന്‍ തയ്യാറായത്. എന്റെ ആഗ്രഹം അധികാരിയോട് പറയുകയും എനിക്ക് പകരം ക്രിസ്തുജ്യോതി കോളേജില്‍ പുതിയൊരു അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് അദ്ദേഹമെന്നെ പോകാന്‍ അനുവദിച്ചു. 2015 മുതല്‍ യമനിലേക്ക് പോകുന്നതിന് ഇന്ത്യക്കാര്‍ക്ക് നിരോധനം ഉണ്ടായിരുന്നിട്ടുകൂടി തിരിച്ചുപോകാന്‍ സന്നദ്ധനായത് സ്വത്വബോധ്യത്തില്‍ നിന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അബുദാബിയിലെ ബിഷപ്പുമായി ബന്ധപ്പെട്ട് വിസാ സംബന്ധമായ കാര്യങ്ങള്‍ ക്രമീകരിച്ചു. പിന്നീട് ജിബൂട്ടിയിലെ മെത്രാന്റെ സഹായത്തോടെ ഒരു യു.എന്‍. വിമാനത്തിലാണ് യമന്റെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതിചെയ്യുന്ന ഏദനിലേക്ക് പോയത്. 2015 ജൂണ്‍ 2-ന് ഏദനിലെത്തി. ഏദനില്‍ മദര്‍ തെരേസയുടെ സന്യാസിനിമാര്‍ക്ക് നാല് വൃദ്ധസദനങ്ങളാണുള്ളത്. ഇതെല്ലാം നോക്കി നടത്തിയിരുന്നത് ഇപ്പോള്‍ അവിടെയുള്ള ഫാ. എം.കെ. ജോര്‍ജ്ജും തിരിച്ചയയ്ക്കപ്പെട്ട മറ്റ് മൂന്ന് സലേഷ്യന്‍ വൈദീകരുമാണ്. ഞാന്‍ ചാപ്ലയിന്‍ ആയി ജോലിചെയ്തിരുന്ന സെന്ററില്‍ 5 മദര്‍ തെരേസ സന്യാസിനിമാരും 80 മുസ്ലീം അന്തേവാസികളുമാണ് ഉണ്ടായിരുന്നത്. അവരില്‍ മൂന്നുപേര്‍ ആഫ്രിക്കയില്‍ നിന്നും, രണ്ടുപേര്‍ ഇന്ത്യയില്‍ നിന്നുമുള്ളവര്‍. സംഭവം നടന്നത് ഒരു വെള്ളിയാഴ്ചയാണ്. എല്ലാ വെള്ളിയാഴ്ചയും വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചുവച്ചുള്ള പ്രാര്‍ത്ഥനയും ആരാധനയും പതിവാണ്. സംഭവദിവസം രാവിലെ ഞാന്‍ ആരാധന നടത്തി. ആരാധനകഴിഞ്ഞ് ചാപ്പലില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് മുഖം മൂടിയ തോക്കുധാരികള്‍ എന്നെ പിടികൂടിയത്. അവരെന്നെ ചാപ്പലിന് പുറത്തു ഒരു കസേരയില്‍ ഇരുത്തി. അവിടെയിരുന്ന് ചാപ്പലിനുള്ളില്‍ നടക്കുന്നതെല്ലാം എനിക്കൊരുവിധം കാണാമായിരുന്നു. അരമണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞു. രണ്ട് സിസ്റ്റേഴ്‌സിനെ ഞാന്‍ കാണ്‍കെ തന്നെ തലയ്ക്ക് വെടിവച്ചു കൊന്നു. മറ്റ് രണ്ട് സിസ്റ്റേഴ്‌സിനെ കൊലപ്പെടുത്തുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു. വേലക്കാരന്‍ വെടിയേറ്റ് വീഴുന്നതും ഞാന്‍ കണ്ടു. വേറെ രണ്ടുപേരെ ഇടനാഴിയില്‍ കൊലപ്പെടുത്തി. മറ്റ് മരണ വിവരങ്ങള്‍ കൃത്യമായി അറിഞ്ഞത് മോചിതനായതിനു ശേഷമാണ്. മലയാളിയായ സിസ്റ്റര്‍ സാലി മാത്രം അവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതമായി അവശേഷിക്കുന്നു. (ഈ സംഭവത്തിനുശേഷം അവരെന്നെ കാറില്‍ കയറ്റി. ആ സമയം ഞാന്‍ ബന്ധിതനായിരുന്നില്ല). ഇന്നുവരെ എനിക്കൊരു പേടിസ്വപ്നം ഉണ്ടായിട്ടില്ല. സംഭവസമയം മുതല്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടിയും കൊന്നവര്‍ക്കുവേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. എപ്പോഴെങ്കിലും അതേക്കുറിച്ചുള്ള ഓര്‍മ്മകള്‍ വന്നാല്‍ മനഃപൂര്‍വം ഞാന്‍ അവബോധമുള്ളവനാകും. പ്രാര്‍ത്ഥനാ വേളയിലാണ് ഈ ഓര്‍മ്മകള്‍ കൂടുതലായി വന്നിരുന്നത്. അപ്പോഴെല്ലാം ഞാന്‍ എന്നെത്തന്നെ ദൈവത്തിന് സമര്‍പ്പിച്ച് ശക്തി സംഭരിച്ചു.
? തടവിലായിരിക്കുമ്പോള്‍ എപ്പോഴെങ്കിലും മരണത്തെ ഭയപ്പെട്ടോ? നാളെ ഉണ്ടാകുമോയെന്ന് ചിന്തിച്ചിരുന്നോ? തടവറയിലെ ഏകാന്തതയെ എങ്ങനെ തരണം ചെയ്തു?
ഒരിക്കലുമില്ല. തടവിലായിരുന്ന ദിവസങ്ങളിലെല്ലാം ഏകനായിരുന്നു. എന്നാല്‍ ദൈവത്തില്‍ ശരണപ്പെട്ടതിനാല്‍ ഒരിക്കലും ഒറ്റപ്പെട്ടതായി തോന്നിയില്ല. ദൈവമെ, നിനക്കിഷ്ടമാണെങ്കില്‍ എന്നെ മോചിപ്പിക്കുക, ഇനി അഥവാ എന്റെ ദൗത്യം ഇവിടെ പൂര്‍ത്തീകരിക്കപ്പെടണമെന്നതാണ് നിന്റെ പദ്ധതിയെങ്കില്‍ അങ്ങനെ നടക്കട്ടെയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. എനിക്ക് പിരിമുറുക്കമോ, ഉറക്കക്കുറവോ പരിഭ്രാന്തിയോ ഒന്നുമുണ്ടായില്ല. എല്ലാ ദിവസവും അപ്പവും വീഞ്ഞുമില്ലാതെ ആത്മീയബലിയര്‍പ്പണം നടത്തി. കരുണക്കൊന്തയും കുരിശിന്റെ വഴിയുടെ പ്രാര്‍ത്ഥനകളും കൂടെക്കൂടെ ചൊല്ലി. അതുകൊണ്ട് ഏകാന്തതയിലേറെ ദൈവാനുഭവത്തിന്റെ സ്വച്ഛന്തതയാണ് ഞാന്‍ അനുഭവിച്ചത്. തട്ടിക്കൊണ്ട് പോകലും തടവിലുള്ള വാസവും ദൈവം എനിക്കായി പ്രത്യേകം ഒരുക്കിവച്ച അനുഭവമായി ഞാനിന്ന് മനസ്സിലാക്കുന്നു. ഏകനായി പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞത് എന്റെ യോഗ്യതകൊണ്ടല്ല, എന്നെ കൈപിടിച്ച് നടത്തുന്ന ആ ദൈവത്തിന്റെ കൃപകൊണ്ട് മാത്രമാണ്. ? ഏകനായി തടവിലായിരിക്കുമ്പോള്‍ ഈ തറവാടും കുടുബാംഗങ്ങളെയും ബന്ധു ക്കളെയുമൊക്കെ ഓര്‍ത്ത് അച്ചന്‍ സങ്കടപ്പെട്ടിരുന്നോ?
അപ്പവും വീഞ്ഞുമില്ലാത്ത ബലിയര്‍പ്പണത്തെക്കുറിച്ച് ഞാന്‍ മുമ്പ് പറഞ്ഞല്ലോ. അപ്പോള്‍ എല്ലാവരെയും ഓര്‍ക്കുമായിരുന്നു. മരണമടഞ്ഞ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, സലേഷ്യന്‍ സഭാംഗങ്ങള്‍ ഇവരെയെല്ലാം പേര് പറഞ്ഞ് ഓര്‍ത്ത് പ്രാര്‍ത്ഥിക്കുമായിരുന്നു. ഇവരെല്ലാം എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന ഉറപ്പും എനിക്കുണ്ടായിരുന്നു. 18 മാസം നീണ്ടുനിന്ന പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണല്ലോ ഞാന്‍ മോചിതനായത്. സഹോദരങ്ങളും ബന്ധുക്കളും മാത്രമല്ല നാനാജാതി മതസ്ഥരായ അനേകം ആളുകളുടെ പ്രാര്‍ത്ഥനയാണ് ദൈവം കേട്ടത്. എന്നിലൂടെയും ഇവരിലൂടെയുമെല്ലാം ജീവിക്കുന്ന ദൈവത്തിന് സാക്ഷ്യം വഹിക്കാന്‍ ദൈവം തന്ന അവസരമാണിതെന്നാണ് എന്റെ വിശ്വാസം.
? അച്ചന്‍ തടവിലായിരുന്ന 18 മാസം തീവ്രവാദികള്‍ അങ്ങയെ ഉപദ്രവിച്ചില്ലെന്ന് പറഞ്ഞല്ലോ. തന്നെയുമല്ല ഭക്ഷണവും മരുന്നും തന്നു. അനേകം ആളുകള്‍ക്ക് ആശ്ചര്യകരമായി തോന്നിയത് അച്ചന് അവരോട് വെറുപ്പും വിദ്വേഷവുമില്ലെന്ന് പറഞ്ഞതാണ്. മാസങ്ങളോളം തടവില്‍ ഏകനായി പാര്‍പ്പിച്ചതും, സഹപ്രവര്‍ത്തകരും അന്തേവാസികളുമടക്കം 16 പേരെ കൊലപ്പെടുത്തിയതും, പരിമിതമായ വസ്ത്രം മാത്രം നല്‍കിയതും, കണ്ണുമൂടിക്കെട്ടി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയതും ഉപദ്രവമല്ലാതാകുന്നതെങ്ങിനെയാണ്? ചില മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയും അച്ചന്റെ ഈ സമീപനത്തെ വിമര്‍ശിക്കുകയുമുണ്ടായി. ഇതിനോട് അങ്ങയുടെ പ്രതികരണം എന്താണ്?
ഒന്നാമതായി, സഹപ്രവര്‍ത്തകരെയും അന്തേവാസികളെയും കൊലപ്പെടുത്തിയവര്‍ക്കൊപ്പമായിരുന്നില്ല ഞാന്‍ തടവില്‍ കഴിഞ്ഞത്; (അവരുടെ ഗ്രൂപ്പുമായി ബന്ധപ്പെട്ടവരെങ്കിലും) വ്യത്യസ്തരായ വ്യക്തികളായിരുന്നു. അവരെന്നെ ഒരിക്കലും ഉപദ്രവിച്ചില്ല; ഭക്ഷണവും മരുന്നും നല്‍കി. തടവിലാക്കപ്പെടുന്നവര്‍ സ്ഥലവും സ്ഥാനവുമറിയരുതെന്നത് തട്ടിക്കൊണ്ടുപോകുന്ന ഏതൊരുവനും നിര്‍ബന്ധമായിരിക്കുമല്ലോ. അതുകൊണ്ടാണവര്‍ കണ്ണ് മൂടിക്കെട്ടിയത്. തടവിലായ ആദ്യ രണ്ട് ദിനങ്ങളില്‍ അവരെന്റെ കയ്യുംകാലും ബന്ധിച്ചിരുന്നുവെന്നതും ശരിതന്നെ. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പലതും പറയുന്നുണ്ട്. ഞാന്‍ പറയുന്നതു മുഴുവന്‍ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ഇക്കൂട്ടര്‍ക്ക് കഴിയും എന്നെനിക്ക് തോന്നുന്നില്ല. ഞാന്‍ പറയുന്നത് എന്റെ അനുഭവമാണ്. ഈ അനുഭവം എന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ഉണ്ടായിട്ടില്ല. തട്ടിക്കൊണ്ട് പോയവര്‍ എന്നെ പീഡിപ്പിച്ചില്ല, ഉപദ്രവിച്ചില്ലായെന്നത് തികച്ചും വ്യക്തിപരമായ അനുഭവമാണ്. എന്നെപ്പോലെ മറ്റൊരാളെ തട്ടിയെടുത്താല്‍ അയാളെ അവര്‍ ഉപദ്രവിക്കില്ലായെന്ന് ഞാന്‍ പറയില്ല. അതെങ്ങിനെ പറയാന്‍ കഴിയും? വ്യക്തിനിഷ്ഠമായ അനുഭവത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള എന്റെ ഏറ്റുപറച്ചിലായി ഇതിനെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ആരെല്ലാം തെറ്റിധരിച്ചാലും എന്നെ മനസ്സിലാക്കുന്ന ഒരാള്‍ എന്നും എന്റെ കൂടെയുണ്ട്. ഒരുപക്ഷെ ഒരു രക്തസാക്ഷിയാകാന്‍ ഞാന്‍ ‘ഫിറ്റ്’ ആയിട്ടില്ലെന്ന് എന്റെ കൂടെയുള്ള ദൈവത്തിന് തോന്നിയുട്ടുണ്ടാകാം.
? എന്താണിനി അച്ചന്റെ പ്ലാനുകള്‍? ഇനിയും എന്നെങ്കിലും യമനിലേക്ക് തിരിച്ചുപോകുമോ?
തുടര്‍ന്ന് വായിക്കുന്നതിന്‌  https://www.magzter.com/IN/LIPI/Ezhuthu/Art/

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*