ദൈവവും എഴുത്തുകാരനും തമ്മില്‍ തോമസ് ജോസഫ്

ദൈവവും എഴുത്തുകാരനും തമ്മില്‍ തോമസ് ജോസഫ്

തോമസ് ജോസഫ്

ഏതായാലും ദൈവം നായകനായ ഒരു കഥകൂടി എഴുതാമെന്ന് തോന്നുന്നു. വിശപ്പും ദാഹവും അലട്ടുന്ന ഒരു മനുഷ്യന്‍ തന്നെയാണ് ഈ കഥയിലെ ദൈവത്തേയും പ്രതിനിധീകരിക്കുന്നത്; മാത്രമല്ല, അയാള്‍ പെണ്‍കുട്ടികളുടെ മുമ്പില്‍ എളുപ്പത്തില്‍ തരളിതനായിത്തീരുന്ന ഒരു ദുര്‍ബ്ബല ചിത്തന്‍ കൂടിയാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനുമാവില്ല. എങ്കിലും മാംസനിബദ്ധമല്ലാത്ത ഒരു പ്രണയമാണ് ആ മനസ്സില്‍ ഒരു മഞ്ഞപ്പനിനീര്‍പ്പൂവുപോലെ എരിഞ്ഞുനിന്നിരുന്നതെന്ന് കാണാന്‍ കഴിയും. അത്യന്തികമായി വിരസ്സവും ഏകാന്തവും എന്നുതന്നെ ആ ജീവിതത്തെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ചില പ്രഭാതങ്ങളില്‍ ഉറക്കമുണരാന്‍ ഞാന്‍ ഏറെ വൈകും. പുറത്ത് വെയിലുദിച്ചു കഴിയുമ്പോള്‍ ഞെട്ടിയുണരുക സ്വപ്നത്തിലെ ഒരു ഉള്‍മുറിയിലേക്കായിരിക്കും. ഞാന്‍ എപ്പോഴും നീലപ്രകാശം അരിച്ചിറങ്ങുന്ന ആ മുറിയിലായിരിക്കേണമേയെന്ന് ഉടന്‍ പ്രാര്‍ത്ഥിച്ചു തുടങ്ങും. ഏറെ ആനന്ദത്തോടും ആശ്വാസത്തോടും കിടക്കവിട്ടെഴുന്നേറ്റ് നാലു ഭിത്തികള്‍ക്കുള്ളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന വസ്തുവഹകള്‍ പരിശോധിച്ച് നടന്നു തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് വിസ്മയം അടക്കാനാവില്ല. എത്രയെത്ര ഉപഹാരങ്ങളാണ് അപ്പോള്‍ കണ്ണുകളില്‍ വന്നുനിറയുക? രക്താംബരത്തിന്റെ നിറമുള്ള ഷര്‍ട്ടുകള്‍, നീലജീന്‍സുകള്‍, മേശപ്പുറത്ത് കന്യകമാര്‍ നീന്തുന്ന ലേബലുകളോടുകൂടിയ മദ്യക്കുപ്പികള്‍, വായനയെ തൃപ്തിപ്പെടുത്താനുള്ള നോവലുകളും കഥകളും കവിതകളുമടങ്ങിയ പുസ്തകപ്രപഞ്ചം. ആ പുസ്തകത്താളുകള്‍ മറിച്ചുനോക്കുമ്പോഴൊക്കെ അക്ഷരങ്ങളുടെ തന്ത്രികളില്‍നിന്ന് ഒരു നീലപ്രകാശം അടര്‍ന്നുവീണ് മുറിയില്‍ നിറയുന്നത് കാണാനാവും. ക്ഷമിക്കുക; ആ മുറി ഒരു പതിവു സ്വപ്നമാകുന്നുവെന്ന്, അതിനുള്ളിലെ മോഹനചിത്രങ്ങള്‍ എന്നെ ഇച്ഛാഭംഗപ്പെടുത്താന്‍ മാത്രമുള്ളതാണെന്ന് വിവേചിച്ചറിയാന്‍ ഏറെ വൈകിപ്പോകുന്നു. സ്വപ്നം മാഞ്ഞുതീരുമ്പോഴും കണ്ണുകളില്‍നിന്ന് ഉറക്കം വിട്ടൊഴിയുന്നില്ല. തിടുക്കത്തോടെ പുതപ്പുമാറ്റിയിട്ട് എഴുന്നേറ്റുചെന്ന് കിളിവാതിലിലൂടെ താഴേക്കു നോക്കുമ്പോള്‍ ക്ഷീണത്തിലും തളര്‍ച്ചയിലും ഒരു കാറ്റുപോലെ നടന്നുവരുന്ന ദൈവത്തെ കാണാനാവുന്നു.

പൊടിയും മാലിന്യങ്ങളും നിറഞ്ഞ പാതയുടെ അറ്റത്തുനിന്ന് ദൈവം നടന്നുവരികയാണ്. ആ മുഷിഞ്ഞരൂപം കാണുമ്പോള്‍ത്തന്നെ എനിക്ക് ഒരു വല്ലാത്ത ചൊടിപ്പ് അനുഭവപ്പെടും. എന്റെ കഥയിലേക്ക് ഒരു ഡിക്ടറ്റീവിനെപ്പോലെ കടന്നുവരുന്ന ദൈവത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന ചിന്തകളോടെ കിടക്കയിലേക്ക് വീണ് മൂടിപ്പുതച്ച് മറ്റൊരു മയക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ കാണുന്ന സ്വപ്നത്തില്‍ ഞാനും അയാളും ഒരു ബാറിനുള്ളിലെ ഇരുണ്ട മൂലയില്‍ ഒരു മേശയ്ക്കു ഇരുപുറവും ഇരിക്കുകയാണ്. അനുനിമിഷം പ്രകാശം തുളച്ചുകയറുകയും ഉള്‍വലിയുകയും ചെയ്യുന്ന ആ മുഖത്തേക്ക് നോക്കിയിരുന്ന് ആ ചുണ്ടുകളില്‍നിന്ന് അടര്‍ന്നുവീഴുന്ന പ്രകാശപൂര്‍ണ്ണമായ വാക്കുകള്‍ക്കായി ഞാന്‍ കാതോര്‍ക്കുന്നു. ”ഭാവിയില്‍ സാഹിത്യംകൊണ്ട് മനുഷ്യസമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. വിശുദ്ധവും ദിവ്യവുമായ പ്രണയത്തില്‍ മാത്രമാണ് പ്രത്യാശയര്‍പ്പിക്കേണ്ടതെന്നു തോന്നുന്നു” – വികാരഭരിതമായ ശബ്ദത്തില്‍ ദൈവം പറഞ്ഞു. എന്നിട്ട് അയാള്‍ മലയാള സിനിമയില്‍ അറുപതുകളില്‍ പ്രചാരമുണ്ടായിരുന്ന ഒരു യുഗ്മഗാനം പാടാന്‍ തുടങ്ങി. ആ ഗാനവീചികളില്‍നിന്ന് തുമ്പികള്‍ ഞങ്ങള്‍ക്കു ചുറ്റും നൃത്തംവെച്ച് പറന്നുയര്‍ന്നു തുടങ്ങി. എനിക്ക് സന്തോഷം അടക്കാനായില്ല. അപ്പോഴേക്കും ഞങ്ങള്‍ ഒരു പൈന്റിന്റെ മുക്കാല്‍ ഭാഗത്തോളം തീര്‍ത്തിരുന്നു. ”ദൈവമേ, താങ്കള്‍ എത്ര മനോഹരമായി പാടുന്നു” – ഞാന്‍ പറഞ്ഞു. ദൈവത്തിന്റെ മുഖം ലജ്ജകൊണ്ട് ചുവന്നു. ആ ചുവപ്പ് അന്തരീക്ഷമാകെ പരക്കുന്നതുകണ്ട് അത്ഭുതപാരവശ്യങ്ങളോടെ നോക്കിയിരിക്കെ ആ രൂപം അലിഞ്ഞലിഞ്ഞ് സ്വപ്നം അവസാനിച്ചു.

കണ്ണുതിരുമ്മിക്കൊണ്ട് ചുറ്റും നോക്കിയപ്പോള്‍ ഞാനെന്റെ പഴയ മുറിയ്ക്കുള്ളില്‍ കീറിയ കിടക്കയിലായിരുന്നു. ദൈവത്തിന്റെ മുഖം മനസ്സില്‍ നിന്ന് മാഞ്ഞതേയില്ല. അനേകം മുറിവുകളോടും രക്തവും കണ്ണുനീരും ഉണങ്ങിപ്പിടിച്ച പാടുകളോടും കൂടി ആ മുഖരേഖകള്‍ അന്തരീക്ഷത്തില്‍ ആരോ കോറിയിട്ടിരിക്കുന്നതായി തോന്നി. ഈ നശിച്ച ദൈവം എനിക്കൊരിക്കലും സ്വസ്ഥത തരില്ലേയെന്ന് ആലോചിച്ച് എഴുന്നേറ്റ് കക്കൂസിലേക്ക് നടന്നു. പുറത്ത് പാതയില്‍ വീണ്ടും ആ പാദപതനങ്ങള്‍ കേട്ട് ആകാംക്ഷ അടക്കാനാവാതെ ജനാലയ്ക്കരികിലേക്ക് ഓടിയെത്തി താഴേയ്ക്ക് നോക്കിയപ്പോള്‍ ദൈവം ഇളംമഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഒരു കൊച്ചുപെണ്‍കുട്ടിയോടൊപ്പം ചുവന്നപട്ടം പറപ്പിച്ച് പാതയരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ പെണ്‍കുട്ടിയ്ക്കു നേരെ വെളുപ്പാന്‍കാലത്തു കണ്ട സ്വപ്നത്തിലെ പ്രണയഗാനം വീണ്ടും പാടിത്തുടങ്ങിയിരുന്നു. പാട്ടിന്റെ ഈണത്തിനനുസരിച്ച് പട്ടം ആകാശത്തേക്ക് ഉയര്‍ന്നുപോകുമ്പോള്‍ ദൈവത്തെക്കുറിച്ച് ഞാനെഴുതിയിട്ടുള്ള എല്ലാ രചനകളില്‍നിന്നും ഈ കഥ വ്യത്യസ്തമായി മാറുന്നു. അതോടൊപ്പം പ്രണയിനികളുടെ മുഖങ്ങളില്‍ ഹര്‍ഷോന്മാദത്തിന്റെ തിരകള്‍ അലയടിച്ചുയരുകയും ചെയ്യുന്നു. ഇനി എന്തു സംഭവിക്കുമെന്ന് നിശ്ചയിക്കാന്‍ ഇതെഴുതുന്നയാള്‍ക്ക് അര്‍ഹതയില്ല. കൗമാരം കടന്നിട്ടില്ലാത്ത ഒരു ബാലികയെ വശീകരിച്ചതിന്റെ പേരില്‍ ഒരുപക്ഷേ ദൈവത്തിനുമേല്‍ പീഡനക്കുറ്റത്തിന് ഒരു കേസ് ചുമത്തപ്പെട്ടേക്കാം. അല്ലെങ്കില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പ്രഹരമേറ്റ് അകാലചരമമടയുന്ന ദൈവത്തിന്റെ വിധിയെക്കുറിച്ചുള്ള അനുബന്ധക്കുറിപ്പോടെ ഈ കഥ അവസാനിപ്പിക്കേണ്ടിവന്നേക്കാം. എങ്കിലും പ്രിയപ്പെട്ട വായനക്കാരാ, ദൈവവും ഈയുള്ളവനും തമ്മിലുള്ള അദൃശ്യമായ ഉടമ്പടിപ്രകാരം അത്തരം മെലോഡ്രാമകളൊന്നും അനുവദിക്കപ്പെടുന്നില്ല. നിബന്ധനകള്‍ക്കു വിധേയമായി ഭാവനയുടെ ചില അതിര്‍ത്തികള്‍ എഴുത്തുകാരനു മുമ്പില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഒരു പാവം ദൈവത്തിന്റെ ക്ലേശങ്ങള്‍ ഒരു പരിധിക്കപ്പുറത്തേക്ക് വളരുന്നതുകൊണ്ട് കലയുടെ മാര്‍ഗ്ഗത്തില്‍ എനിക്കല്പമെങ്കിലും മുന്നോട്ടുസഞ്ചരിക്കാനും സാധ്യമല്ല. ഒരുപക്ഷേ യഥാര്‍ത്ഥ ദൈവത്തിന്റെ കോടതിയില്‍ വിചാരണ നേരിടുന്ന പ്രഥമ സാഹിത്യകാരനെന്ന അപഖ്യാതിയും ഈയുള്ളവനുമേല്‍ ചുമത്തപ്പെട്ടേക്കാന്‍ ഇടയുണ്ട്.

എത്രയോ വര്‍ഷങ്ങളായി ഞാനെന്റെ മുറിയില്‍നിന്ന് പുറത്തിറങ്ങുന്നതുതന്നെ അപൂര്‍വ്വമാണ്. ചില സന്ധ്യാനേരങ്ങളില്‍ വിശപ്പും ക്ഷീണവും കൊണ്ട് കണ്ണുകളടഞ്ഞ് സ്വപ്നത്തില്‍ ബാറിനകം സന്ദര്‍ശിക്കുന്നതിലേക്ക് യാത്രകള്‍ ചുരുക്കപ്പെട്ടിരിക്കുന്നു. പതിവായി ചെന്നിരുന്ന് റമ്മ് കുടിക്കാറുളള ഇരുണ്ട മൂലയിലേക്ക് ദൈവം കടന്നുവരികയായി. ഞങ്ങള്‍ ഒരു സൗഹൃദസംഭാഷണത്തിലേക്ക് വഴുതിവീഴുമ്പോഴേക്കും ദൈവം അരക്കുപ്പി റമ്മിന്റെ പകുതിയോളം തീര്‍ത്തുകഴിഞ്ഞിരിക്കും. പുറത്തുനിന്ന് പെണ്‍കുട്ടിയുടെ വിളി ഉയരുന്നതുകേട്ട് ദൈവം എന്നെ ഗൗനിക്കാതെ എത്രയും പെട്ടെന്ന് പുറത്തിറങ്ങി അവളുടെ അരികിലേക്ക് ഓടിച്ചെല്ലും. അയാള്‍ ആ കൊച്ചുസുന്ദരിയോടൊപ്പം പട്ടം പറപ്പിച്ചുകൊണ്ട് നടന്നുനടന്ന് പാതയുടെ അറ്റത്തേക്ക് മായുന്നതു കണ്ട് ഞാന്‍ തികച്ചും ഒറ്റയ്ക്ക് നിരാശയോടെ കയത്തിലേക്ക് മുങ്ങിയമരും. അവരോടൊപ്പം എന്നേയും കൂട്ടുകൂടാന്‍ അനുവദിക്കാത്തതിന്റെ ആകുലതയില്‍ വിഷാദചിത്തനായി ഇരിക്കാനേ കഴിഞ്ഞുള്ളൂ, ആ ദൈവത്തിന് ഒരു കിളിന്തു പെണ്‍കുട്ടിയുടെ പ്രണയമെങ്കിലുമുണ്ട്; എനിക്ക് ആശിക്കാന്‍ എന്താണുള്ളത്? – ഞാന്‍ വല്ലാതെ നിരാശനായി. വീണ്ടും വീണ്ടും എന്റെ മദ്യഗ്ലാസ്സ് ഒഴിയുകയും നിറയുകയും ചെയ്തു. എങ്കിലും സെന്റിമെന്റ്‌സ് സാഹിത്യത്തിന്റെ ശത്രുവാണെന്നുള്ളതിനാല്‍ ഞാനെന്റെ വികാരങ്ങളേയും വിക്ഷോഭങ്ങളേയും ഈ കഥയില്‍നിന്ന് പാടെ നിരസ്സിക്കുകയാണ്. പ്രിയപ്പെട്ട വായനക്കാരാ, നമുക്കു പൂര്‍ണ്ണമായും ദൈവത്തെക്കുറിച്ചുമാത്രം ചിന്തിക്കാം. ദൈവത്തെ നിരസ്സിച്ചുകൊണ്ട് ജീവിതത്തോട് സമരസപ്പെട്ടുപോകുന്നതില്‍ ഈ എഴുത്തുകാരന്‍ അശക്തനാണ് എന്ന വസ്തുതയാണ് സ്വപ്നദര്‍ശനങ്ങളില്‍നിന്ന് വെളിപ്പെട്ടു കിട്ടുന്നത്. അപ്പോള്‍പ്പിന്നെ ഈ കഥയിലേക്ക് അനുവാദമില്ലാതെ കടന്നുവരുന്ന ദൈവമനുഷ്യനെ ഒഴിവാക്കാന്‍ കഴിയുമോ? അയാള്‍ ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെട്ട് എന്റെ മുമ്പില്‍ വന്നിരിക്കുമ്പോള്‍ മദ്യം തീര്‍ന്നുകഴിഞ്ഞിരിക്കും. ഒരു പൈന്റിനുകൂടി ഓര്‍ഡര്‍ കൊടുക്കാനേ എനിക്കു കഴിയൂ… ആ മദ്യപാനം സ്വപ്നത്തിലായിരുന്നതുകൊണ്ട് കീശയിലില്ലാത്ത പണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ലായിരുന്നു.

സ്വപ്നത്തിലെ കഥാപാത്രങ്ങള്‍ക്ക് വികാരങ്ങളും നൊമ്പരങ്ങളും അനുവദിക്കപ്പെടേണ്ടതുണ്ടോയെന്ന ആശങ്കയെ ഭേദിക്കാനാവാതെ ഞാന്‍ വീണ്ടും വീണ്ടും ഞങ്ങളുടെ ഗ്ലാസ്സുകള്‍ നിറച്ചു. മലയാള സാഹിത്യത്തില്‍ കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന പുരസ്‌കാരങ്ങളെക്കുറിച്ചും അവ തട്ടിയെടുക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും ദൈവം എന്നെ ഉപദേശിച്ചുതുടങ്ങുന്നു. എന്നിട്ട് പുറത്തിറങ്ങി പാതയില്‍ പട്ടം പറപ്പിച്ചുകൊണ്ടു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ അരികിലെത്തുന്നു. ആ സ്വപ്നത്തിന് അവസാനമില്ലെന്ന് ഞാന്‍ അറിയുന്നു. പലപ്പോഴും കലയും സാഹിത്യവും അങ്ങനെയാണ്. കലാകാരന്‍ സൃഷ്ടിക്കുന്ന പ്രപഞ്ചങ്ങള്‍ തന്നെ അയാളെ തടവിലാക്കുന്നു. ഭാഗ്യവശാല്‍ അത്തരം സ്വപ്നങ്ങള്‍ അവസാനിക്കാതിരിക്കട്ടെയെന്നാണ് അയാളുടെ പ്രാര്‍ത്ഥന. ഞാന്‍ ആ പ്രണയിനികള്‍ക്കരികിലേക്ക് ഓടിച്ചെല്ലുമ്പോഴേക്കും അവര്‍ എന്നെ അവഗണിച്ചു നടന്നുകഴിഞ്ഞിരിക്കും. പലപ്പോഴും അവര്‍ക്കൊപ്പമെത്താന്‍ എനിക്കു കഴിയുന്നില്ല. നടന്നു തളര്‍ന്ന് മടങ്ങിയെത്തി കീറിയ പുതപ്പിനുള്ളിലേക്ക് എന്നെത്തന്നെ നിക്ഷേപിച്ച്, എലികള്‍ എന്റെ കാലുകളെ കരണ്ടുതിന്നുമ്പോഴും പ്രസാധകന്മാര്‍ മടക്കിയയച്ച കൃതികളെ പോസ്റ്റുമാന്‍ മുറിയിലേക്ക് വലിച്ചെറിയുമ്പോഴും സ്വപ്നങ്ങളില്‍നിന്ന് എനിക്കു മുക്തിയില്ല… ദൈവം അപ്പോഴും ഒരു പഴയ ചലച്ചിത്രഗാനം പാടുകയാണ്. പാട്ടിന്റെ ഈണവള്ളികളിലേക്ക് കടലാസ്സുപട്ടം നൃത്തംവെച്ച് മുകളിലേക്ക് ഉയരുകയാണ്. ദൈവവും പെണ്‍കുട്ടിയും അതിന്റെ പൊന്‍നൂലില്‍ പിടിച്ചുകൊണ്ട് നടന്നുനടന്ന് പാതയുടെ അറ്റത്തേക്ക് മാഞ്ഞുതീരുമ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും ദൈവത്തിന്റെ കഥ എഴുതുകയാണ്… പിന്നെ, വീണ്ടും ആ കാലഹരണപ്പെട്ട കഥാപാത്രത്തെ മറക്കാനായി കിടക്കയിലേക്ക് ശരീരത്തെ പൂഴ്ത്തിവെച്ച് കണ്ണുകളടക്കുമ്പോഴും ആ കമിതാക്കള്‍ എന്റെ മുമ്പിലേക്ക് കടന്നുവരുന്നു. ഭൂമിയിലെ അറിയപ്പെടാത്ത അനേകമനേകം എഴുത്തുകാരുടെ പേരുകളും അവരുടെ കൃതികളിലെ സങ്കടങ്ങളും ആ ലേഖനം ചെയ്യപ്പെട്ട് നക്ഷത്രങ്ങളായി മാറുന്ന കടലാസ്സു പട്ടങ്ങള്‍ ആകാശത്തിന്റെ താഴ്‌വാരങ്ങളില്‍ പാറിക്കളിക്കുന്നത് കാണാനാവുന്നു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*