ദുരിതകാലത്തെ കല അതിജീവിക്കുമോ? – ഷിനോജ് ചോറന്‍

‘കല’ സ്വയം അതിജീവിക്കുക മാത്രമല്ല, ജനതയെ മാനസിക അതിജീവനത്തിന് പ്രാപ്തരാക്കുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്യുന്നു. ഈ രോഗകാലവും യുദ്ധകാലവും കടന്നുപോകും. അവശേഷിച്ചേക്കാവുന്ന നിരാശയുടെയും നിഷേധാത്മകതയുടെയും വൈകാരികലോകം ജനതയുടെ നിലനില്‍പ്പിനായുള്ള ഊര്‍ജമായി പരിവര്‍ത്തനപ്പെടുകയും, കല-സാഹിത്യ-ശാസ്ത്രമേഖലകളില്‍ വലിയ കുതിച്ചുചാട്ടങ്ങളും പുത്തന്‍പ്രസ്ഥാനങ്ങളും സിദ്ധാന്തങ്ങളും ഉരുത്തിരിയുകയും ചെയ്യും. ഇത് കേവലമായ പ്രതീക്ഷമാത്രമല്ല, ചരിത്രം പറയുന്നതും അതാണ്!


ലോകകലയുടെ വിവിധഘട്ടങ്ങളെ പരിശോധനാവിധേയമാക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന ഒരു പ്രധാനപ്പെട്ടകാര്യം, ഓരോകാലത്തേയും സാമൂഹിക സാഹചര്യങ്ങളോട് പ്രതികരിച്ചും കലഹിച്ചും പരിവര്‍ത്തിപ്പിച്ചും ആണ് കല നിലനിന്നിരുന്നത് എന്നാണ്. രാജഭരണം, ദുഷ്പ്രഭുത്വം, പൗരോഹിത്യമേധാവിത്വം, യുദ്ധങ്ങള്‍, ആഭ്യന്തര-വര്‍ഗീയകലാപങ്ങള്‍, ക്ഷാമം, പട്ടിണി, പകര്‍ച്ചവ്യാധികള്‍, കൂട്ടക്കൊലകള്‍, ഫാസ്സിസം, കോര്‍പ്പറേറ്റുവത്കരണം, ഭരണകൂടഭീകരത തുടങ്ങി ജനതയുടെ സാമൂഹികജീവിതം തകര്‍ക്കുന്ന എന്തിനോടും പ്രതിരോധം തീര്‍ത്ത് ജനപക്ഷത്ത് നിന്നചരിത്രമാണ് കലയ്ക്കുള്ളത്! വ്യത്യസ്തകാലത്തെ കലാപ്രതിരോധങ്ങളെ വിശകലനം ചെയ്തുകൊണ്ട് അതുസ്ഥാപിക്കാനാവും.


കൊളോണിയലിസത്തെ എതിര്‍ത്ത ഇന്ത്യന്‍ ‘തനത്കലാപാരമ്പര്യം’


ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ബ്രിട്ടീഷ്‌വിരുദ്ധ ‘സ്വദേശിവത്കരണ’ ആഹ്വാനങ്ങളില്‍ പ്രചോദിതരായി ബംഗാള്‍ കേന്ദ്രീകരിച്ച് സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയപ്രതിരോധം ഒരുക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ പ്രധാനസ്ഥാനത്ത് കലാകൃത്തുക്കള്‍ ഉണ്ടായിരുന്നു. കൊളോണിയലിസത്തിന്റെ സംഭാവനയായ ‘അക്കാദമിക് റിയലിസ’ത്തെ എതിര്‍ത്തുകൊണ്ട് കലയില്‍ പ്രാദേശികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിച്ച് ‘സ്വദേശിവത്കരണം’സാദ്ധ്യമാക്കുന്നതില്‍ ബംഗാള്‍സ്‌കൂള്‍ കലാകൃത്തുക്കള്‍ വിജയിച്ചു.


ബംഗാള്‍ സ്‌കൂളിന്റെ1 സ്ഥാപകരില്‍ പ്രധാനിയായ ഏണസ്റ്റ് ബിന്‍ഫീല്‍ഡ് ഹാവേല്‍ (Ernest Binfield Havell) ഒരു ഇംഗ്ലീഷ് കലാചരിത്രകാരനും അധ്യാപകനും ആര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്ററും എഴുത്തുകാരനും ആയിരുന്നു. ബ്രിട്ടീഷ് ഉത്പാദന മാതൃകകളേക്കാള്‍ ഇന്ത്യന്‍ പാരമ്പര്യത്തിലധിഷ്ഠിതമായ രചനാസമ്പ്രദായങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഗവ.സ്‌കൂള്‍ ഓഫ ്ആര്‍ടിന്റെ പ്രിന്‍സിപ്പാള്‍ ആയിരുന്നപ്പോള്‍ ബംഗാള്‍സ്‌കൂളിന്റെ സ്ഥാപകകലാകാരായ അബനീന്ദ്രനാഥ ടാഗോറിനെയും സഹോദരി സുനയനി ദേവിയെയും പ്രസ്ഥാനത്തിന്റെ തത്വങ്ങളും ശൈലിയും പൂര്‍ണമായി വികസിപ്പിക്കാനും വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെ പ്രചരിപ്പിക്കാനും അദ്ദേഹം സഹായിച്ചു.


അബനീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനായ നന്ദലാല്‍ ബോസ് പ്രസ്ഥാനത്തിലെ പ്രധാന കലാകാരില്‍ ഒരാളായിരുന്നു. ഇന്ത്യന്‍ ആധുനിക ചിത്രകലയുടെ വക്താവായിരുന്ന അദ്ദേഹം കലയിലെ പാശ്ചാത്യ വത്കരണത്തെ എതിര്‍ക്കുകയും അജന്തയിലെ ചുവര്‍ചിത്രണത്തെയും’പട്ട’2 ചിത്രണത്തെയും മറ്റ് പാരമ്പര്യ കലാസങ്കേതങ്ങളെയും സമന്വയിപ്പിച്ച് ‘സ്വദേശി’ രചനാരീതി ആവിഷ്‌കരിക്കുകയും ചെയ്തു. ഗാന്ധിജിയുമായുള്ള സൗഹൃദവും ഔദ്യോഗികബന്ധങ്ങളും അദ്ദേഹത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനങ്ങളില്‍ സഹകരിക്കാനും അതിന്റെ പ്രധാനപവലിയനുകള്‍ ഒരുക്കാനും പ്രാപ്തനാക്കി. ‘ഹരിപുരപോസ്റ്ററുകള്‍’ (Haripura Posters) അതില്‍ പ്രാധാന്യമര്‍ഹിക്കുന്ന കൃതിയാണ്. 1938 ല്‍ ഗുജറാത്തിലെ ബര്‍ദോളിക്കടുത്ത് ഹരിപുരയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ‘പട്ടചിത്രണ’രീതിയില്‍ ചെയ്ത ഈ പോസ്റ്ററില്‍ ഇന്ത്യന്‍ ഗ്രാമീണജീവിതത്തെ മണ്‍നിറങ്ങളാലും ഊര്‍ജമുള്ളരേഖകളാലും കോറിയിട്ടിരിക്കുന്നു. ചുറ്റുമുള്ള ജീവിത യാഥാര്‍ത്ഥ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ നിന്നുമാണ് ഇതിലെ ഇമേജറികളെല്ലാം തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇന്ത്യന്‍ ആധുനികത, സ്വത്വാവിഷ്‌കാരം, ദേശീയത എന്നിവയുടെ ഉദ്‌ഘോഷണമായ ഈ ചിത്രങ്ങള്‍ സ്വാതന്ത്ര്യ സമരനാളുകള്‍ക്ക് നവോര്‍ജവും പുത്തന്‍ദാശാസൂചിയും നല്‍കി.


ചിത്തൊ പ്രസാദിന്റെ ക്ഷാമകാലചിത്രണവും രാഷ്ട്രീയ നിലപാടുകളും

ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യന്‍കലാകൃത്തുക്കളില്‍ അഗ്രഗണ്യനായ ചിത്തൊപ്രസാദ് ഭട്ടാചാര്യ (1915 – 1978) കൊളോണിയലിസത്തിന്റെ ദുഷ്ഫലങ്ങളും 1943ലെ ബംഗാള്‍ ക്ഷാമകാലത്തിന്റെ കൊടൂരതകളും രേഖാചിത്രണത്തിലൂടെ ലോകത്തിന് വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്നും സ്വാതന്ത്ര്യത്തിനായുള്ള തന്റെ രാജ്യത്തിന്റെ പോരാട്ടത്തില്‍ സവിശേഷപങ്ക് അദ്ദേഹം വഹിക്കുകയും അന്താരാഷ്ട്രശ്രദ്ധ ആ വിഷയത്തില്‍ പതിക്കുന്നതിനായുള്ള അവസരം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ”ആളുകളെ രക്ഷിക്കുക എന്നാല്‍ കലയെത്തന്നെ സംരക്ഷിക്കുക എന്നാണ്. ഒരു കലാകാരന്റെ പ്രവര്‍ത്തനം അര്‍ത്ഥമാക്കുന്നത് മരണത്തെ സജീവമായി നിഷേധിക്കുക എന്നതാണ്” ചെക്ക് ചലച്ചിത്രനിര്‍മാതാവ് പാവേല്‍ ഹോബല്‍ (Pavel Hobl) നിര്‍മിച്ച ഡോക്യുമെന്ററിയില്‍ ചിത്തൊ പ്രസാദ് ഇങ്ങനെ പറയുന്നു.


ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതാഭിവൃദ്ധിക്കുവേണ്ടി ഉപയുക്തമാക്കേണ്ടിയിരുന്ന ധനവും ഭൗതിക വസ്തുക്കളും യുദ്ധത്തിനായി കൊള്ളചെയ്തപ്പോള്‍ രണ്ട് ദശലക്ഷത്തിലധികം മനുഷ്യര്‍ ബംഗാളില്‍ പട്ടിണിയും രോഗവും മൂലം കൊല്ലപ്പെട്ടു. ആ ക്ഷാമകാലത്തെ രേഖാചിത്രങ്ങള്‍, ലിനോ കട്ടുകള്‍, ഫോട്ടോഗ്രാഫുകള്‍, ഇങ്ക്‌വാഷ് എന്നിവയിലൂടെ ആവിഷ്‌കരിച്ച ചിത്തൊപ്രസാദ് കലാപ്രവര്‍ത്തനത്തിലുപരി ഒരു രാഷ്ട്രീയമുന്നേറ്റമാണ് കാഴ്ചവച്ചത്. സമൂഹത്തിനെ പ്രതിഫലിപ്പിച്ച കണ്ണാടിയായിമാറി അദ്ദേഹം മുന്നോട്ടുവച്ച ‘രാഷ്ട്രീയകല'(political art).


ക്ഷാമത്തിന്റെ ചിത്രീകരണം ഇടതുപക്ഷചായ്‌വുള്ള നിരവധി പത്രങ്ങളില്‍ അച്ചടിക്കപ്പെടുകയും’ഹംഗറി ബംഗാള്‍’ (Hungry Bengal) എന്ന തലക്കെട്ടില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതില്‍ ചിത്തൊപ്രസാദ് ഇങ്ങനെ കുറിച്ചു ”ഇന്നലെവരെ സ്വാതന്ത്ര്യത്തിനായി പോരാടിയ ശരീരങ്ങള്‍ ഇന്ന് നായ്ക്കള്‍ക്കും കഴുകന്മാര്‍ക്കും ഭക്ഷണമാകുന്നു.”പുസ്തകത്തിന്റെ അയ്യായിരം കോപ്പി പ്രസിദ്ധീകരിച്ചെങ്കിലും ബ്രിട്ടീഷുകാര്‍ അതെല്ലാം പിടിച്ചെടുക്കുകയും നശിപ്പിച്ചുകളയുകയും ചെയ്തു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കുടുംബം സൂക്ഷിച്ചിരുന്ന ഒരേയൊരു കോപ്പി ബാങ്ക് നിലവറയില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. അതിനാല്‍ ആ മഹത്തായ സൃഷ്ടികള്‍ കാണാനുള്ള അവസരം നമുക്ക്‌കൈവന്നു.


പ്രബോധനപരമോ പ്രാമാണികമോ ആധികാരികമോ ആയല്ല ചിത്തൊപ്രസാദ് തന്റെ സൃഷ്ടികള്‍ ലോകത്തിനുമുന്നില്‍ കാഴ്ചവച്ചത്. മറിച്ച് മാനവികതയിലൂന്നിയ ഔന്നത്യത്തില്‍നിന്നും ഉരുത്തിരിയുന്ന ഉത്തരവാദിത്വപരമായ കര്‍തൃത്വം അദ്ദേഹം ആവിഷ്‌കരിച്ചു എന്നാണ് പില്‍ക്കാലത്ത് പ്രമുഖ കലാചരിത്രകാര്‍ സാക്ഷ്യപ്പെടുത്തിയത്.


കാലാതിവര്‍ത്തിയായ ‘ഗോര്‍ണിക്ക’യുടെ യുദ്ധവിരുദ്ധ സന്ദേശം


പാബ്ലോ പിക്കാസോയുടെ ഇന്നും ചര്‍ച്ചചെയ്തുതീരാത്ത ഏറ്റവും പ്രസിദ്ധമായ കൃതി ‘ഗോര്‍ണിക്ക’ (Guernica,1937) ശക്തമായ രാഷ്ട്രീയ പ്രസ്താവനകൂടിയാണ്. സ്പാനിഷ് ആഭ്യന്തര യുദ്ധസമയത്ത് ബാസ്‌ക് നഗരമായ ഗോര്‍ണിക്കയില്‍ നാസിപട്ടാളത്തിന്റെ വിനാശകരമായ ബോംബ് വര്‍ഷനടപടിക്കെതിരെയുള്ള അടിയന്തിര പ്രതികരണമായാണ് ‘ഗോര്‍ണിക്ക’ പിറവികൊള്ളുന്നത്.