ദുരിതം കൊത്തിയെടുത്ത കഥകള്‍ – ജോര്‍ജ് ജോസഫ് കെ.

ദുരിതം കൊത്തിയെടുത്ത കഥകള്‍  – ജോര്‍ജ് ജോസഫ് കെ.

ജീവിതത്തിന്റെ ഉപ്പും ചോരയും കണ്ണീരുംകൊണ്ട് കഥകളെഴുതിയ ഒരു കാലം എനിക്കുണ്ടായിരുന്നു. എറണാകുളത്തിന്റെ തെരുവില്‍, കെട്ടിടത്തൊഴിലാളികള്‍ക്കിടയില്‍, കൊച്ചിന്‍കോര്‍പ്പറേഷന്റെ എച്ചില്‍ക്കൂനയില്‍, ചെരിപ്പുകടയില്‍, സൈക്കിള്‍കടയില്‍, ബ്ലെയിഡുകമ്പനിയില്‍, ചിട്ടിപ്പിരിവുകാരന്റെ റോളില്‍, സിനിമയില്‍ എവിടെയൊക്കെയാണ് ഞാനെന്റെ ജീവിതവണ്ടിയും വലിച്ചുകൊണ്ടു നടന്നത്? എനിക്കുതന്നെ അറിയില്ല, എത്രമാത്രം ജോലിചെയ്തിട്ടുണ്ടെന്ന്. ഈ പറഞ്ഞയിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടും ജോര്‍ജ് ജോസഫിന് ദാരിദ്ര്യമല്ലാതെ അന്ന് നേട്ടമായി ഒന്നും ലഭിച്ചില്ല. അക്കാലങ്ങളില്‍ കഥയെഴുത്തിന്റെ പ്രതിഫലം കടബാധ്യത തീര്‍ക്കാന്‍ അനുഗ്രഹമായിരുന്നു.


പലചരക്കുകടയിലും പച്ചക്കറിക്കടയിലും പരമാവധി കടംപറ്റാതിരിക്കാന്‍ ദുരഭിമാനം കടിഞ്ഞാണിട്ടെങ്കിലും വയറിന്റെ തീ ആ കടിഞ്ഞാണൊക്കെ കത്തിച്ചുകളഞ്ഞു.


പത്രമോഫീസിലും റേഡിയോ നിലയങ്ങളിലും ജോലിചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ എന്നെ എങ്ങനെ സഹായിക്കാമെന്നു ചിന്തിക്കുന്നവരാണ് അന്നൊക്കെ. അതുകൊണ്ട് അവരെന്നെക്കൊണ്ട് നിരന്തരം കഥകള്‍ എഴുതിച്ചു. 1990-ലാണെന്നു തോന്നുന്നു, ഏതോ വാര്‍ഷികപ്പതിപ്പിനുവേണ്ടി എന്നോടൊരു കഥ പത്രാധിപര്‍ ആവശ്യപ്പെട്ടു. അന്ന് എനിക്കു കഥയ്ക്കു ലഭിക്കുന്ന പ്രതിഫലം മുന്നൂറു രൂപയാണ്. അന്നും ദുരിതത്തിന്റെ പുഴയില്‍ കൈകാലിട്ടടിക്കുന്ന നേരംതന്നെ ആയിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും കഥകൊടുക്കാനാകാഞ്ഞപ്പോള്‍ വാര്‍ഷികപ്പതിപ്പിന്റെ ചുമതലക്കാര്‍ എന്നെ ഫോണില്‍ വിളിച്ചിട്ട് പറഞ്ഞു:


”എല്ലാവരും കഥ തന്നുകഴിഞ്ഞു. ഇനി ജോര്‍ജ് മാത്രമാണ് കഥ തരാത്തത്. ഇന്ന് ഉച്ചയ്ക്കു മുന്‍പ് എത്തിച്ചാല്‍ കഥ ചേര്‍ക്കാം. അല്ലെങ്കില്‍ ആ പേജുകളിലേക്ക് പരസ്യം കയറ്റും.”

അതറിഞ്ഞതോടെ എനിക്ക് ഭ്രാന്തുപിടിച്ചപോലെയായി.

കഥ ഉണ്ടാേയ തീരൂ… കടക്കാരന്റെ മുന്‍പില്‍ പതറിപ്പോകുന്ന, പരിഹാസ്യനാകുന്ന വേദനയില്‍നിന്ന് ഒരു രക്ഷപോലെ, ഒരു കച്ചില്‍ത്തുരുമ്പിലെ പിടിമുറുക്കുംപോലെ ഞാനെന്റെ അന്നം തരുന്ന മുതലാളിയോടു പറഞ്ഞു:

”സാറേ, കാലത്ത് അരദിവസം എനിക്കു ലീവ് തരണം.”

”ഉം… എന്തേ?”

കഥയെഴുതാനാണ് എന്നുപറഞ്ഞാല്‍ സാറ് ലീവ് തരില്ല. ഞാന്‍ പതറി. ചെകുത്താന്‍ നെഞ്ചിനുള്ളില്‍ കയറിയിരുന്ന്, എന്റെ സ്വരത്തില്‍ ഒരു നുണ സാറിനോടു പറഞ്ഞു.

”മോനു തീരെ സുഖമില്ല. ഡോക്ടറെ കാണിച്ച് മരുന്നുവാങ്ങണം.”

”എന്തുപറ്റി അവന്?”

വളരെ തന്മയത്വമായി എന്റെ നുണ വീണ്ടും.

”മോന്റെ വലത്തെ കൈയിലൊരു കുരു. അതൊന്ന് പൊട്ടിക്കണം.”


മുതലാളി ശമ്പളം പിശുക്കിത്തരുന്നവന്‍ ആണെങ്കിലും ലീവ് തരാന്‍ ദയ കാണിച്ചു. ആ ദിവസത്തെ കൂലി കട്ട് ചെയ്തിട്ടുള്ള ലീവ് അനുവദിച്ചുതന്നു. കൂലി മുഴുവനും പോകുമല്ലോ എന്ന് ഭയന്നാണ് ഞാന്‍ അരദിവസത്തെ ലീവ് വാങ്ങിയത്. കഥയെഴുതാന്‍ പ്രമേയമൊന്നും മനസ്സിലില്ലെങ്കിലും ഞാന്‍ വീട്ടില്‍ വന്നിട്ട് ഭാര്യ ലൗലിയോട് പറഞ്ഞു:


”നീ അപ്പൂനെ ഞാനെഴുതുന്ന വടക്കേമുറിയിലേക്ക് വിടരുത്. ഇന്നു രണ്ടുമണിക്കു മുന്‍പ് വാര്‍ഷികപ്പതിപ്പിനായി കഥയെഴുതിക്കൊടുക്കണം. ഞാന്‍ അതിനുവേണ്ടിയാ ലീവെടുത്തുവന്നത്.”


അപ്പുവിന് അന്ന് ഏതാണ്ട് ഒന്നരവയസ്സ് പ്രായം. മുന്നൂറു രൂപ ലഭിക്കുന്നതിലൂടെ അല്പമെങ്കിലും കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി ലഭിച്ചല്ലോ എന്ന സന്തോഷത്താല്‍ ഞാനെന്റെ എഴുത്തുമുറിയിലേക്കു കയറി. പിന്നെ എഴുതാനിരുന്നു.


കഥയില്ലാത്ത ശൂന്യമായ മനസ്സുമായി ഞാന്‍ കഥയെഴുത്തിന്റെ പകിടകളി ആരംഭിച്ചു. കഥയുടെ ഒരരികുപോലുമില്ലാത്ത വിചാരങ്ങള്‍… പിടിച്ചുപിടിച്ചു കയറാന്‍ എന്നിലേക്ക് എത്തിയെത്തി വരാത്ത വാക്കുകള്‍. ഞാന്‍ പരീക്ഷാക്ലാസ്സില്‍ ഉത്തരമെഴുതാന്‍ കിട്ടാത്ത ഒരു കുട്ടിയെപ്പോലിരുന്നു പകച്ചു. ചുവരിലെ പഴഞ്ചന്‍ നാഴികമണിയുടെ സൂചി കറങ്ങിത്തിരിഞ്ഞ് ഉച്ചയ്ക്ക് രണ്ടുമണിയാകരുതേയെന്ന് ഞാന്‍ ഉള്ളില്‍ കരഞ്ഞു.


അപ്പോഴാണ് അതുണ്ടായത്.


ഞാനെഴുത്തിന്റെ മായികതയിലേക്ക് മയങ്ങിവീണ നിമിഷം… എനിക്കെഴുതുവാനുള്ള കടലാസുകള്‍ ആരോ കടന്നെടുത്ത് പിടിച്ചുപറിച്ചു കൊണ്ടുപോകുന്നു. എന്റെ പേനയ്ക്കായി ഒരു കുഞ്ഞുകൈ ശാഠ്യത്തോടെ തല്ലുകൂടുന്നു. എന്റെ കണ്ണുകളില്‍ തീ എരിഞ്ഞു.


”അപ്പൂ… പോ…”

പേനയും കടലാസും കിട്ടാന്‍ അവന്‍ പിന്നെയും ശാഠ്യം കാണിച്ചു. അപ്പുവിനെ എന്റെ അടുത്തുനിന്നും എടുത്തുകൊണ്ടുപോകാനായി ഞാന്‍ വടക്കേമുറിയില്‍ ഇരുന്ന് ലൗലിയെ വിളിച്ചു. അലക്കുകല്ലില്‍ പുതപ്പ് ആഞ്ഞാഞ്ഞ് അലക്കുന്ന ഒച്ചയില്‍ ‘ലൗലീ’ എന്ന എന്റെ വിളി അമര്‍ന്നുപോയി.


ആ നിമിഷം ഞാന്‍ മൃഗമായി ജനിച്ച മനുഷ്യനായി…

ദേഷ്യം വന്നാല്‍ കണ്ണുകാണാത്ത മനുഷ്യന്‍…

ഒരുനിമിഷം ഞാന്‍ ഞാനല്ലാതായി, എല്ലാം മറന്നുപോയി.

കൈവീശി ‘പോ അസത്തേ’ എന്നുപറഞ്ഞ് അപ്പുവിന്റെ പിന്‍തുടയില്‍ ആഞ്ഞൊരടിയടിച്ചു. അപ്പു കരഞ്ഞുകൊണ്ടോടി. കൈയിലെ തഴമ്പുള്ള വിരലുകള്‍ അഞ്ചും അവന്റെ പിഞ്ചുതുടയില്‍ തിണര്‍ത്തുകിടന്നു.

ദേഷ്യം സഹിക്കവയ്യാതെ എഴുന്നേറ്റുചെന്ന് അവന്‍ പിന്നീട് തിരിച്ചുവരാതിരിക്കാനായി ഞാന്‍ വാതില്‍ചേര്‍ത്തു വലിച്ചടച്ചു.

പെട്ടെന്ന് അപ്പുവിന്റെ കരച്ചില്‍ ഒന്നുകൂടി ഉച്ചത്തിലായി.

ലൗലി ഓടിവന്നു.

ഞങ്ങള്‍ മുറിക്കപ്പുറത്തും ഇപ്പുറത്തുമായി നിന്നു.

അവള്‍ കരഞ്ഞുകൊണ്ട് കേണുപറഞ്ഞു:

”വാതില്‍ തുറക്ക്”

എനിക്ക് ദേഷ്യമാണ് തോന്നിയത്.

”നശിച്ചവള്‍.”

ഞാനകത്തുനിന്ന് അലറി. വായില്‍വന്ന തെറിയൊക്കെ ഞാനവളെ വിളിച്ചുപറഞ്ഞു.

”കുഞ്ഞിനെ ഇപ്പുറത്തേക്കു വിടരുതെന്ന് പറഞ്ഞിട്ട്… അവളുടെ ഒരു മുടിഞ്ഞ അലക്ക്…”