ദീനാനുകമ്പയുടെ സ്‌നേഹസങ്കീര്‍ത്തനം -മനു അച്ചുതത്ത്

ദീനാനുകമ്പയുടെ സ്‌നേഹസങ്കീര്‍ത്തനം -മനു അച്ചുതത്ത്
വാക്ക് അതിന്റെ വാച്യാര്‍ത്ഥം തേടി എത്തുന്ന ചുരുക്കം ചില ഇടങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയിലെ പട്ടുവം ഗ്രാമത്തില്‍ അങ്ങനെയുള്ള ഇടമാണ് ദീനസേവന സഭയുടെ സ്‌നേഹനികേതന്‍. സേവനത്തിന്റെയും സ്‌നേഹത്തിന്റെയും വാഗര്‍ത്ഥങ്ങള്‍ ഇടകലര്‍ന്ന ഇടം. ജീവിതത്തിന്റെ മത്സരയോട്ടത്തില്‍ ഓരങ്ങളിലേക്ക് തൊഴിച്ചെറിയപ്പെടുന്ന ദുര്‍ബല ജീവിതങ്ങളെ താങ്ങിയെടുത്ത് സ്‌നേഹസ്പര്‍ശത്തിലൂടെ അവര്‍ക്ക് പുതുജന്മമേകുകയാണ് ത്യാഗിനികളായ ഈ സന്യാസിനീ സമൂഹം.
അശരണര്‍ക്ക് ആതിഥ്യം നല്‍കിയും സ്വാന്തനം പകര്‍ന്നും നാടിന്റെ പ്രകാശ ഗോപുരമായി മാറിയ ദീനസേവന സഭ സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണിന്ന്.
കുറുനരികളും, പാമ്പുകളും, പാറക്കെട്ടുകളും, കുറ്റിക്കാടുകളും നിറഞ്ഞ പട്ടുവത്ത് ചിറക്കല്‍ മിഷന്റെ പ്രേഷിതശ്രേഷ്ഠനായിരുന്ന സുക്കോളച്ചന്‍ ഇഷ്ടദാനം നല്‍കിയ 13 ഏക്കര്‍ ഭൂമിയിലാണ് 1969 ജൂണ്‍ ഒന്നിന് മഠം തുടങ്ങുന്നത്. ജര്‍മ്മനിയിലെ ഉര്‍സുലന്‍ സന്യാസസഭയിലൂടെ 1966 ല്‍ കോട്ടയം കാരിത്താസില്‍ മിഷന്‍ പ്രവര്‍ത്തനമാരംഭിച്ച സിസ്റ്റര്‍ പേത്രയുടെ നേതൃത്വത്തിലായിരുന്നു സഭയുടെ പിറവി. 
പിന്നീട് രോഗികളുടെയും നിരാലംബരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ‘പട്ടുവത്തമ്മ’യായി അറിയപ്പെട്ട മദര്‍ പേത്രയുടെ നേതൃത്വത്തില്‍ ദീനസേവന സഭയുടെ ഒട്ടേറെ സ്ഥാപനങ്ങള്‍ കേരളത്തിലും സംസ്ഥാനത്തിനു പുറത്തുമായി തുടങ്ങി. 
ദീനസേവനസഭയുടെ സ്ഥാപനം വഴി ആയിരക്കണക്കിന് കുട്ടികള്‍ക്കും, അനാഥര്‍ക്കും, വികലാംഗര്‍ക്കും, ബുദ്ധിവികാസം സംഭവിക്കാത്തവര്‍ക്കും, ദീനര്‍ക്കും, കുഷ്ഠ രോഗികള്‍ക്കും, പരിത്യക്തര്‍ക്കും, വൃദ്ധജനങ്ങള്‍ക്കും സന്യാസിനിമാരുടെ മാതൃസഹജമായ ശുശ്രൂഷ ലഭിച്ചുകൊണ്ടിരിക്കുന്നു. കരുണാര്‍ദ്ര സ്‌നേഹത്തിന്റെ  കലര്‍പ്പില്ലാത്ത പങ്കുവയ്ക്കലാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്.
അവിവാഹിതരായ അമ്മമാര്‍ അപമാനം കൊണ്ടും വിവാഹിതരായവര്‍ ദാരിദ്ര്യം കൊണ്ടും മറ്റു കാരണങ്ങളാലും ഉപേക്ഷിക്കപ്പെടുന്ന ഓരോ കുഞ്ഞും ദൈവത്തിന്റെ ദാനം എന്ന വിശ്വാസത്തോടെയുള്ള ശുശ്രൂഷയാണ് നല്‍കുന്നത്. ഉത്തര മലബാറിലെ മലയോരപ്രദേശങ്ങളിലും  കുഗ്രാമങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്രരായവര്‍ക്ക് അജ്ഞതയുടെയും  അന്ധകാരത്തിന്റേയും  പട്ടിണിയുടെയും വിടുതലിനായി വിശ്വാസത്തിന്റെ വെളിച്ചവും കാരുണ്യത്തിന്റെ  സ്‌നേഹസ്പര്‍ശവുമായി സമര്‍പ്പിതമാണ് ഇവരുടെ ജീവിതം. ‘സ്‌നേഹം വാക്കുകള്‍കൊണ്ട് എന്നതിനേക്കാള്‍ കൂടുതലായി പ്രവൃത്തികള്‍കൊണ്ട് കാണിക്കപ്പെടുന്നു’ എന്ന വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ വാക്കുകളുടെ നേര്‍സാക്ഷ്യമാണ് ഈ ദീന ദാസികളുടെ പ്രവൃത്തി മാര്‍ഗ്ഗം.
 പാവപ്പെട്ടവരില്‍ ഒരാളായിത്തീര്‍ന്നു കൊണ്ട് സ്‌നേഹത്തിലും ദാരിദ്ര്യത്തിനും അധിഷ്ഠിതമായ സേവനമെന്ന പ്രമാണ വാക്യത്തോട് കൂടി ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആവശ്യമായ സഹായങ്ങള്‍ പലതരത്തിലുള്ള വികസന പദ്ധതികളിലൂടെ ചെയ്തുവരുന്നു. അവരുടെ ശാരീരികവും മാനസികവുമായ കാര്യങ്ങളില്‍ സഹായിച്ചു സമൂഹത്തിലെ മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ദൗത്യമാണ് ദീന ദാസികള്‍ ഏറ്റെടുത്തിരിക്കുന്നത്. 
കണ്ണൂര്‍, കാസര്‍ഗോട്, വയനാട് ജില്ലകളില്‍ ഉപേക്ഷിക്കപ്പെടുന്നതും അനാഥരായതുമായ പിഞ്ചു ബാല്യങ്ങളുടെ പരിചരണത്തോടൊപ്പം, വയോജനങ്ങളുടെ ആതുരസേവനം,  സാമൂഹ്യ-സേവനം,  വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, പാലിയേറ്റീവ് കെയര്‍, ഡേ കെയര്‍  തുടങ്ങിയവയും ദീനസേവന സഭയുടെ  മാതൃകാ പ്രവര്‍ത്തനങ്ങളാണ്.