ദലിത് മുന്നേറ്റകാലത്തെ ഭേദചിന്തകള്‍ – ബി.ആര്‍.പി. ഭാസ്‌കര്‍

ദലിത് മുന്നേറ്റകാലത്തെ ഭേദചിന്തകള്‍  – ബി.ആര്‍.പി. ഭാസ്‌കര്‍

തുല്യതയിലും തുല്യാവസരങ്ങളിലും ഊന്നിയുള്ള ഒരു പ്രസ്ഥാനത്തിലൂടെ മാത്രമെ ഭരണഘടന പ്രാഥമിക ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ. കേരളത്തിലെ ദലിത് ചിന്തകര്‍   അതിനുള്ള ശ്രമത്തിന്റെ ഭാഗമാകണം.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിത് ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്. ഭരണഘടനയില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള തുല്യത, തുല്യാവസരങ്ങള്‍ തുടങ്ങിയ ആശയങ്ങള്‍ പല നൂറ്റാണ്ടുകാലം നിലനിന്ന ജാതിവ്യവസ്ഥയെ നിരാകരിക്കുകയും അതിന്റെ തുടര്‍ച്ചയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം കുറ്റകരമാക്കുന്ന നിയമങ്ങള്‍ പാസാക്കുകയും ചെയ്തിരുന്നു. ആ വ്യവസ്ഥയുടെ ഗുണം അനുഭവിച്ചവര്‍ക്കിടയില്‍ ഇതൊക്കെ ഇഷ്ടപ്പെടാത്തവരുണ്ട്. രാഷ്ട്രീയ-ഔദ്യോഗിക തലങ്ങളില്‍ അവര്‍ക്ക് ഏറെ സ്വാധീനമുള്ളതുകൊണ്ട് ഭരണഘടന നിലവില്‍ വന്നിട്ട് ഏഴു പതിറ്റാണ്ടോളമായിട്ടും തുല്യതയും തുല്യാവസരങ്ങളും ഇപ്പോഴും വിദൂരലക്ഷ്യങ്ങളായി തുടരുന്നു.


കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ സമത്വസങ്കല്പം ഉള്‍ക്കൊണ്ടിട്ടില്ലാത്ത ജാതിമേധാവിത്വ വിഭാഗങ്ങള്‍ നഷ്ടപ്പെട്ട പദവി അക്രമത്തിലൂടെ പുന:സ്ഥാപിക്കാന്‍ ശ്രമം തുടങ്ങി. ഗോസംരക്ഷണത്തിന്റെ പേരില്‍ അവര്‍ നടത്തിയ ആക്രമണങ്ങളെല്ലാം ലക്ഷ്യമിട്ടത് ദലിതരെയും മുസ്ലീങ്ങളെയുമാണ്. പലയിടങ്ങളിലും അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ദലിതര്‍ സംഘടിത പ്രതിരോധമുയര്‍ത്തി. ഗുജറാത്തിലെ ഊനയില്‍ പരമ്പരാഗതമായി ചത്ത പശുവിന്റെ തോലുരിച്ചെടുക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന നാലു ദലിതരെ ചാട്ടകൊണ്ടടിച്ച സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഊന ദലിത് അത്യാചാര്‍ ലഡായി സമിതി അഹമ്മദാബാദില്‍ നിന്ന് ഊനയിലേക്ക് ഒരു മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമിതി കണ്‍വീനര്‍ ജിഗ്‌നേഷ് മേവാനി ദേശീയതലത്തില്‍ ശ്രദ്ധനേടി. പിന്നീട് നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച് എം.എല്‍.എ ആയി…


ഉത്തര്‍പ്രദേശില്‍ സന്യാസിവേഷത്തില്‍ നടക്കുന്ന ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം പലയിടങ്ങളിലും ദലിതര്‍ക്കെതിരെ സംഘടിതമായ ആക്രമണങ്ങള്‍ നടന്നു. സഹരന്‍പൂരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. അവിടെയും ധീരമായ ചെറുത്തു നില്പുണ്ടായി. വിദ്യാഭ്യാസത്തിലൂടെ ദലിത്‌മോചനം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ 2014ല്‍ സ്ഥാപിതമായ ഭീം സേനയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോലീസ് അക്രമം നടത്തിയവരെ രക്ഷിക്കാനാണ് ശ്രമിച്ചത്. അവര്‍ ആസാദിനെ തുറുങ്കിലടച്ചു. അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ജാമ്യവും വിചാരണയും കൂടാതെ ഒരു കൊല്ലം വരെ തടങ്കലില്‍ വയ്ക്കാനനുവദിക്കുന്ന ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജയിലില്‍ സന്ദര്‍ശിച്ച ഒരു സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു ”ഞാന്‍ ജയിലില്‍ നിന്ന് പുറത്തു വരുന്നില്ലെന്ന് ബി.ജെ.പി. ഉറപ്പാക്കും.” ആ നിരീക്ഷണത്തില്‍ അത്ഭുതപ്പെടാനില്ല.


കഴിഞ്ഞ നാലു കൊല്ലക്കാലത്ത് സംഘപരിവാര്‍ നിയന്ത്രിക്കുന്ന സംഘടനകള്‍ നടത്തിയ അഴിഞ്ഞാട്ടത്തെ തടയാന്‍ ഭരണകൂടങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടില്ല. പല സംഭവങ്ങളും നടക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായിരുന്നു. ഇടപെട്ടപ്പോഴാകട്ടെ കേസ് തേച്ചുമാച്ചു കളഞ്ഞു കുറ്റവാളികളെ രക്ഷപ്പെടുത്തുവാനാണ് അവര്‍ ശ്രമിച്ചത്.


ഇരുനൂറുകൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ ഖൊരെഗാനില്‍ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം പൊരുതിയ മഹര്‍ പട്ടാളക്കാര്‍ പേഷ്വായുടെ സേനയ്ക്കുമേല്‍ നേടിയ വിജയം ആഘോഷിക്കാനെത്തിയ ദലിതര്‍ക്കു നേരെ കാവിക്കൊടിയുമായെത്തിയ മറാഠകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു ആഹ്വാനം ചെയ്ത രണ്ടു പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തെങ്കിലും അവര്‍ വലിയ സ്വാധീനമുള്ളവരായതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ മടിച്ചു.


ദലിത് പീഡനം മോദി അധികാരത്തിലേറിയ ശേഷം തുടങ്ങിയതല്ല. അദ്ദേഹത്തിന്റെ കീഴില്‍ അതിനു ആക്കംകൂടി എന്നുമാത്രം. ഔദ്യോഗിക കണക്കുകളനുസരിച്ച് കഴിഞ്ഞ പതിറ്റാണ്ടു കാലത്ത് (2007-2017) ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ 66 ശതമാനം വര്‍ദ്ധിച്ചു, ബലാത്സംഗങ്ങള്‍ ഇരട്ടിച്ചു. ഓരോ 15 മിനിട്ടിലും ഒരു ദലിത്പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓരോ ദിവസവും ആറു ദലിത് സ്ത്രീകള്‍ ബലാത്‌സംഗം ചെയ്യപ്പെട്ടു. ഇത്തരത്തില്‍ കുറ്റങ്ങള്‍ പെരുകിക്കൊണ്ടിരിക്കുമ്പോള്‍ സുപ്രീംകോടതി നിയമത്തില്‍ പീഡകര്‍ക്ക് സഹായകമാകുന്ന ഒരു മാറ്റം വരുത്തി. സ്ത്രീകള്‍ക്കും ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പാര്‍ലമെന്റ് ഉണ്ടാക്കിയ നിയമങ്ങളില്‍ പരാതി ലഭിച്ചാലുടന്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.


പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് പലപ്പോഴും തയ്യാറാകാത്ത സാഹചര്യത്തിലാണ് ആ വ്യവസ്ഥ എഴുതിച്ചേര്‍ത്തത്. അത് വ്യാപകമായി ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്നു പറഞ്ഞുകൊണ്ട് കോടതി അത് എടുത്തുകളഞ്ഞു. ദുരുപയോഗത്തിന് തെളിവായി കോടതി ചൂണ്ടിക്കാട്ടിയത് നാഷണല്‍ ക്രൈംസ് റിക്കോര്‍ഡ്‌സ് ബ്യൂറോ എന്ന കേന്ദ്ര സ്ഥാപനം സംസ്ഥാന പോലീസുകള്‍ നല്‍കിയ കണക്കുകളെ ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട്  ആണ്. ആ കണക്കുകളില്‍ നിന്ന് വായിച്ചെടുക്കാവുന്ന പ്രധാനപ്പെട്ട വസ്തുത ഈ നിയമം വന്ന ശേഷവും പീഡനങ്ങള്‍ വര്‍ദ്ധിക്കുകയും ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം കുറയുകയുമാണെന്നാണ്. ഇത് അവഗണിച്ചുകൊണ്ടാണ് ജ. എ.കെ. ഗോയല്‍, ജ. യു.യു. ലളിത് എന്നീ ജഡ്ജിമാരുടെ ബെഞ്ച് അറസ്റ്റ് നിര്‍ബന്ധമാക്കുന്ന വകുപ്പ് നീക്കം ചെയ്തത്. നേരത്തെ ഇതേ ബെഞ്ച് സ്ത്രീപീഡനവിരുദ്ധ നിയമത്തിലെ സമാനമായ വകുപ്പും എടുത്തുകളഞ്ഞിരുന്നു. ഇതില്‍ നിന്നു ഈ രണ്ട് ജഡ്ജിമാരുടെയും സവര്‍ണ പുരുഷ മനസ്സുകള്‍ക്ക്  ദലിത്‌വിരുദ്ധ, സ്ത്രീവിരുദ്ധ മനോഭാവത്തെ മറികടക്കാന്‍ നിയമങ്ങളില്‍ എഴുതിച്ചേര്‍ത്ത വകുപ്പുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നെങ്കില്‍ത്തന്നെ എന്ത് അപരിഹാര്യമായ നഷ്ടമാണ് അതിന്റെ ഫലമായുണ്ടാകുന്നത്? എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തശേഷം പോലീസ് നടത്തുന്ന അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പോലീസിനു തന്നെയോ വ്യാജമായി കുറ്റം ചുമത്തപ്പെട്ടവര്‍ക്കോ നിയമനടപടികളിലൂടെ പരിഹാരം തേടാവുന്നതാണ്. അത്തരം നടപടികളിലൂടെ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാനാകും. സുപ്രീംകോടതിയില്‍ ഇപ്പോള്‍ ഒരു ദലിത് ജഡ്ജി പോലുമില്ലെന്നതും സ്ത്രീപ്രാതിനിധ്യം നാമമാത്രമാണെന്നതും കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.