തൊടികളിലെ തലയെടുപ്പുള്ള പനകള്‍

ഫീച്ചര്‍
തൊടികളിലെ തലയെടുപ്പുള്ള പനകള്‍
സി.എഫ്. ജോണ്‍

സ്‌കൂളില്‍ പഠിക്കുന്ന കാലം, വെളുപ്പിന് ഉമ്മറത്തിരിക്കുമ്പോള്‍, ചെത്തുകാരന്‍ നാരായണന്‍ മുറ്റത്തിനരികുചേര്‍ന്ന്, പുരയിടത്തില്‍ പനയുടെ  അടുത്തേക്ക് തിരക്കിട്ട് പോകുന്നത് നോക്കിയിരുന്നിട്ടുണ്ട്. ദേഹത്തോട് ചേര്‍ന്നിരിക്കുന്ന, അരയില്‍ മുറുക്കിക്കെട്ടിയ, കൊച്ചു മരക്കൂടും അതിനുള്ളിലെ കത്തിയും പാളപ്പാത്രവും മനസ്സിലെന്നുമുണ്ട്, ഒരു സമ്മിശ്രവികാരത്തോടെ. ആ പാളപ്പാത്രത്തില്‍നിന്നും കുറച്ച് കള്ള് കുടിക്കുവാനുള്ള കൊതി ഒരു വശത്ത്, വൈകുന്നേരങ്ങളില്‍ തെറിവിളിയും ലഹളയും വെട്ടുകത്തിയും കൊലവിളിയുമായി ഭാര്യയുടെ പുറകെ ഓടുന്ന ഗ്രാമത്തിലെ കുടിയന്‍ മറുവശത്ത്, നാരായണന്റെ കര്‍ത്തവ്യബോധത്തോടെയുള്ള, അലസമല്ലാത്ത, നടത്തത്തിനിടയില്‍ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു തന്നിട്ടുള്ള അത്ഭുതരഹസ്യങ്ങള്‍ ഇപ്പോഴും മങ്ങാതെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു, പ്രകൃതിയുടെ മറ്റു രഹസ്യങ്ങളിലേക്കുള്ള ചൂണ്ടുപലകകളായി. പനയുടെ അടുത്തുള്ള ആഴക്കിണര്‍ വറ്റി വരണ്ടു കിടക്കുമ്പോഴും അമ്പത് അടിയിലേറെ ഉയരമുള്ള പനയിലെ കലം നിറഞ്ഞു തുളുമ്പുന്നു. എന്നെ നടുക്കിക്കൊണ്ട് ഒരു ദിവസം നാരായണന്‍ വീണ്ടും പറഞ്ഞു:” അമ്മ മരിച്ചു കിടക്കുമ്പോഴും ഒരു കര്‍ഷകന്‍ പശുവിനെ കറക്കുവാന്‍ പോകുന്നപോലെ എനിക്ക് ഈ പന കേറണം”. വേദനയിലും കര്‍ത്തവ്യബോധത്തിലും നിന്ന് തെളിഞ്ഞു കിട്ടിയ സൂക്ഷ്മബോധ്യതലങ്ങളെ മുറുകെ പിടിച്ചുകൊണ്ട് നാരായണന്‍ പനകള്‍ കയറിയിറങ്ങുകയായിരുന്നു.
അടുത്തകാലത്ത് വെള്ളാറ്റഞ്ഞൂരില്‍ എന്റെ സഹോദരന്മാരുടെകൂടെ കുറച്ചുകാലം നിന്നപ്പോള്‍ ചെറുപ്പത്തിലെ നാരായണനെ ഓര്‍മിപ്പിച്ചുകൊണ്ട് മണികണ്ഠന്‍ കടന്നുവരുന്നതു കണ്ടു. മണികണ്ഠന്‍ വരുന്നത് ഒരു ബൈക്കിലാണ്. പാളപ്പാത്രത്തിനു പകരം വലിയൊരു പ്ലാസ്റ്റിക് കാന്‍ ബൈക്കില്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്റെ സഹോദരന്‍ സൈമണ്‍ പറഞ്ഞു: ‘ഏതു കള്ള് തരാത്ത  പനയില്‍ നിന്നു കള്ള് ചൊരത്താന്‍ മണികണ്ഠന് കഴിയും.’ അത്രയും സമയം മണികണ്ഠന്‍ പനയില്‍ ചിലവഴിക്കും. തൃശൂര്‍ ജില്ലയിലെ ഏറ്റവും അധികം കള്ള് അളക്കുന്ന ചെത്തുകാരനുള്ള അവാര്‍ഡ് തുടര്‍ച്ചയായി കിട്ടുന്നത് മണികണ്ഠനാണ്. ദിവസം മൂന്നു പ്രാവശ്യം പുരയിടത്തിലെ രണ്ട് പനകളിലേക്കായി ഓടിപ്പോകുന്നത് കണ്ടു. ഒന്ന് കൂടെയിരുന്ന് സംസാരിക്കാന്‍ ഞാനാഗ്രഹം കാണിച്ചപ്പോള്‍ ഒരു ദിവസം ഉച്ചയൂണിന്റെ ഇടയിലുള്ള കുറച്ചുസമയം മണികണ്ഠന്‍ വന്നു കൂടെയിരുന്നു.
ജീവിതത്തിന്റെ സിംഹഭാഗവും പനമുകളിലാണ് ഒരു ചെത്തുകാരന്‍ ചിലവഴിക്കുന്നത്. സങ്കീര്‍ണതകള്‍ നിറഞ്ഞ വികാരങ്ങളും, വിചാരങ്ങളും, പ്രലോഭനങ്ങളും നിറഞ്ഞ രഹസ്യപാനീയം നിഗൂഢപ്രക്രിയയിലൂടെ പനയില്‍ നിന്നും ചോര്‍ത്തിയെടുക്കുന്ന മാന്ത്രികനാണ് ഒരു ചെത്തുകാരന്‍. ഇത് ദൈവത്തിന്റെ പാനീയമോ അതോ മൃതിയടയുന്ന മര്‍ത്യനെ മത്തുപിടിപ്പിക്കുന്നതോ? ദൈവം നൃത്തമാടിയത് ഇത് കുടിച്ചിട്ടാണോ? മനുഷ്യന്‍ കാലുറയ്ക്കാനാകാതെ ആടി അലയുന്നതും? പനമുകളില്‍ നിന്നാണ് ചെത്തുകാരന്‍ ലോകത്തെ കണ്ടിട്ടുള്ളത്. അതിന്റെ നീരൊഴുക്കിലൂടെ, രഹസ്യങ്ങളിലൂടെ – മത്തുപിടിക്കാതെ മത്തുപിടിപ്പിക്കുന്നത് സഹിച്ചുകൊണ്ടുള്ള ഒരു കയറിയിറക്കം. ഏണിക്കമ്പുകളിലും പട്ടതണ്ടുകളിലും കാലും ശരീരവും ഉറപ്പിച്ചുവച്ചുകൊണ്ട് ഉണര്‍ന്നിരുന്നുള്ള ഒരു കര്‍മയോഗ ജീവിതമാണ് ഒരു ചെത്തുകാരന്റേത്. മനുഷ്യര്‍ക്ക് പുറമെ കള്ളുകുടിയന്‍ മെരു, എലി, അണ്ണാന്‍, ഉറുമ്പ് എന്നിങ്ങനെ പലരും കൂടിച്ചേരുന്നു, ചെത്തുകാരന്‍ ചെത്തിയെടുക്കുന്ന ഒരുതുള്ളി കള്ളിനായി.
പലകയും കത്തിയും
ചെത്തുകാരന്റെ കത്തിയെ ചേറ്റ്വത്തി അല്ലെങ്കില്‍ ചോറ്റ്വത്തി എന്ന് പറയും. ചെത്തുന്ന കത്തി അല്ലെങ്കില്‍ ചോറു തരുന്ന കത്തി എന്നര്‍ത്ഥം. ആ കത്തിവയ്ക്കാന്‍ വേണ്ടി മാത്രം ഒരു മരയറ. അതിനെ കത്തിക്കൂട് എന്നു പറയുന്നു. ചോറ്റ്വത്തിയുടെ കൂട് ഉണ്ടാക്കുന്നത് പ്ലാവിന്റെ തടിയുള്ള വേരിലെ കാതല്‍ ഉപയോഗിച്ചാണ്. പ്രകൃതിയുടെ രഹസ്യമായ കള്ളിനെ കറന്നെടുക്കുന്നതിനുപയോഗിക്കുന്ന ഈ കത്തി ശുദ്ധമുള്ളതായി മണികണ്ഠന്‍ കരുതുന്നു. ഇതിനെ ജീവന്‍പോലെ ചെത്തുകാരന്‍ കരുതുന്നു. സ്ത്രീകള്‍ ആര്‍ത്തവ ദിവസങ്ങളില്‍ ഇത് തൊടാന്‍പാടില്ല. അല്ലാത്ത സമയത്തും ആരും അത് തൊടില്ല. ഇത് പരിശുദ്ധിയുള്ളതാണ്. ഈ പണി വരദാനവും തപസ്യയും പോലെയാണ്. കത്തികൂടില്‍ ചോറ്റ്വത്തിക്ക് ഇറങ്ങാന്‍ മാത്രം പാകത്തിലുള്ള ഒരു വിടവില്‍ ആ കത്തി ഭദ്രമായിരിക്കും. പുറകിലിരിക്കുന്ന ഈ കത്തിക്കൂട്ടില്‍ നിന്നും ഒരു ചെത്തുകാരന്‍ കത്തിയൂരിയെടുക്കുന്നതും തിരിച്ചുവയ്ക്കുന്നതും ഏറ്റവും അനായാസത്തോടെയാണ്, ശരീരത്തിന്റെ ഒരു ഭാഗമെന്നപോലെ. നല്ലൊരു പാട്ടുകാരിക്ക് അവളുടെ വാദ്യോപകരണം പോലെ. ഒരു നിര്‍ദിഷ്ടകാര്യത്തിനുമാത്രം ഒരായുധം മാറ്റിവയ്ക്കുന്ന സംസ്‌കാരത്തില്‍ നിന്നു നാം എത്രയോ അകന്നുപോയിരിക്കുന്നു. കയ്യിലുള്ള  ആയുധം വാക്കത്തിയായാലും കത്തിയായാലും പണമായാലും എവിടേയും വീശി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു ചെത്തുകാരന്റെ ചോറ്റ്വത്തി പനയുടെ കുലയല്ലാതെ മറ്റൊന്നിനേയും സ്പര്‍ശിക്കുന്നില്ല.
കുലത്തൊഴില്‍
ആറ് വയസ്സുമുതലെ മണികണ്ഠന്‍ അച്ഛന്റെ കൂടെ നടന്നിട്ടുണ്ട്. ”ഇത് നമ്മുടെ കുലത്തൊഴിലാണ്. നീ നമ്മുടെ പാരമ്പര്യം കാത്തോളോട്ടാ” എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. കുലത്തൊഴില്‍ ചെത്താണെങ്കിലും ഇന്നധികം ആരും ആഗ്രഹിക്കാത്ത ഒരു തൊഴിലെന്നപോലെ മണികണ്ഠനും അതാഗ്രഹിച്ചില്ല. ഒരു ലെയ്ത്ത്കമ്പനിയില്‍ ജോലി നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു നിയോഗംപോലെ ചേട്ടന്റെ നിര്‍ബന്ധപൂര്‍വം കുടുംബത്തിലെ ഒരു ചെത്ത് ലൈസന്‍സ് വേണ്ട എന്ന് വയ്ക്കാന്‍ മനസ്സുവരാതെ ഈ ജോലി ഏറ്റെടുത്തത്. ചേട്ടനാണ് ആശാന്‍. ചെത്തില്‍ നിന്നും കുറേശ്ശെ വരുമാനമായി തുടങ്ങിയപ്പോള്‍ ലെയ്ത്ത്കമ്പനിയിലെ ജോലി രാത്രി ഡ്യൂട്ടിയും പകല്‍ ചെത്തുമായി മൂന്നരവര്‍ഷം നടന്നു. പിന്നെ ലെയ്ത്ത്കമ്പനിയിലെ ജോലി ഉപേക്ഷിച്ചു. ചെത്തിന്റെ പാരമ്പര്യവും ആ കര്‍മത്തിലര്‍പ്പിക്കുന്ന ആത്മാര്‍ത്ഥതയും നിലനിര്‍ത്തേണ്ട ആദരവും കാത്തുസൂക്ഷിക്കേണ്ടത് ഒരു വിശ്വാസമായി ഒരു ജീവിതനിയോഗമായി മണികണ്ഠന്‍ ഏറ്റെടുക്കുകയായിരുന്നു.
സമൂഹത്തിന്റെ വൈകൃതങ്ങളില്‍പ്പെട്ട് അര്‍ത്ഥവും ശോഭയും നഷ്ടപ്പെട്ട ഒന്നായി തീര്‍ന്നുകഴിഞ്ഞിരിക്കുന്നു ഇന്ന് കള്ളും ഒപ്പം ചെത്തുകാരനും. മണികണ്ഠന്റെ ആകുലതയും ജീവിതവും ഈ കുലത്തൊഴിലിന്റെ സംസ്‌കൃതി തിരിച്ചുപിടിക്കുന്നതിലാണ്. ഈ തൊഴിലും കള്ളും അതിന്റെ ശരിയായ സൗന്ദര്യത്തില്‍ നിലനില്‍ക്കണമെന്ന് മണികണ്ഠന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ മറ്റു സമുദായങ്ങളിലുള്ളവര്‍ക്കും ചെത്തുവാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഈ തൊഴില്‍ നിലനിര്‍ത്തേണ്ടതിന് കുന്നംകുളം റേഞ്ചില്‍ മറ്റൊരു സമുദായക്കാരനെ ആദ്യം ചെത്ത് പഠിപ്പിച്ചത് മണികണ്ഠനാണ്. 2015-ല്‍ സ്ഥാപിച്ച ജില്ലയിലെ ഏറ്റവും അധികം കള്ള് അളക്കുന്ന ചെത്തുകാരനുള്ള അവാര്‍ഡ് ഒരു വര്‍ഷം ആശാനായ ചേട്ടനും നാലുവര്‍ഷം മണികണ്ഠനുമാണ് നേടിയിരിക്കുന്നത്.
കള്ള്, ചെത്തുകാരന്‍, ഷാപ്പുകള്‍ – അല്പം കണക്ക്
ഇപ്പോഴത്തെ കണക്കുപ്രകാരം ഒരു ലിറ്റര്‍ കള്ളിന് അടിസ്ഥാന വിലയും ബോണസും ബത്തയും പ്രൊവിഡന്റ് ഫണ്ടും എല്ലാം ചേര്‍ത്ത് അമ്പത്തഞ്ച് രൂപയോളം ചെത്തുകാരന് കിട്ടും. ഷാപ്പ് അത് വില്‍ക്കുന്നത് 120 രൂപയ്ക്ക്. മണികണ്ഠന്‍ ഒരു വര്‍ഷം ഒമ്പത് ലക്ഷം രൂപയോളം ചെത്തുതൊഴിലില്‍ നിന്നും വരുമാനം ഉണ്ടാക്കുന്നു. 50 ലിറ്റര്‍ അളന്നാല്‍ എല്ലാം ചേര്‍ത്ത് 2750 രൂപയോളം ഒരു ദിവസം കിട്ടും. 165 ലിറ്റര്‍ വരെ ഒരു ദിവസം മണികണ്ഠന്‍ അളന്നിട്ടുണ്ട്. അന്ന് ഏഴു പനകള്‍ ചെത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാലു പനകളേ ചെത്തുവാന്‍ അനുവാദമുള്ളൂ.
20 വര്‍ഷം മുമ്പാണ് മണികണ്ഠന്‍ ചെത്തു തുടങ്ങിയത്. ”അന്ന് കുന്നംകുളം റേഞ്ചില്‍  560 പേര്‍ ചെത്തുകാരായുണ്ടായിരുന്നു.