ടെലിവിഷന്‍ ഫേക്‌ലോര്‍ – ടി.കെ. സന്തോഷ്‌കുമാര്‍

ടെലിവിഷന്‍ ഫേക്‌ലോര്‍  – ടി.കെ. സന്തോഷ്‌കുമാര്‍

അച്ചടിയന്ത്രത്തില്‍നിന്ന് ഗൂഗിള്‍ എന്‍ജിനിലേക്കും പത്രത്തില്‍നിന്ന് ഫെയ്‌സ്ബുക്കിലേക്കും ഗുട്ടന്‍ബര്‍ക്കില്‍നിന്ന് മാര്‍ക് സുക്കര്‍ബര്‍ഗിലേക്കും ലോകം നടന്നു തീര്‍ത്ത ദൂരമാണ് ഇതുവരെയുള്ള മാധ്യമചരിത്രമെന്ന് ആലങ്കാരികമായി അടയാളപ്പെടുത്താം. പത്രത്തിനു പിന്നാലെ റേഡിയോയും അതിനു പിന്നാലെ  ടെലിവിഷനും വന്നു. ഈ മൂന്നു മാധ്യമങ്ങളും വ്യവസ്ഥാപിത മാര്‍ഗരേഖകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പത്രത്തിന് റേഡിയോ ഒരുകാലത്തും ഭീഷണിയായിരുന്നില്ല. എന്നാല്‍ ടെലിവിഷന്റെ വളര്‍ച്ച, വിശേഷിച്ച് വാര്‍ത്താചാനലുകളുടെ തത്സമയമുള്ള കൊണ്ടാട്ടങ്ങള്‍ പത്രങ്ങളുടെ ഭാവിയില്‍ ആശങ്കകള്‍ വളര്‍ത്തി. പത്രയുടമകള്‍ സമാന്തരമായി ടെലിവിഷന്‍ ചാനലുകള്‍ ആരംഭിച്ചു. അത് മാറുന്ന മാധ്യമ സാഹചര്യം മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു.


    ഫോര്‍ത്ത് എസ്റ്റേറ്റില്‍ ഏറ്റവും ശക്തമായ മാധ്യമം ഇന്ന് ടെലിവിഷനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിവരം, വിജ്ഞാനം, വിനോദം ഇവ ഒരുപോലെ ടെലിവിഷന്‍ ജനങ്ങളിലെത്തിച്ചു. ദൃശ്യത്തിന്റെ തത്സമയസ്വഭാവം തന്നെയായിരുന്നു ടെലിവിഷന്റെ ശക്തി. ആഗോള ടെലിവിഷന്‍ ചരിത്രത്തിലേക്കു നോക്കിയാല്‍ വ്യക്തമായ രണ്ടുതരം തിരിവുകള്‍ ടെലിവിഷനെ സംബന്ധിച്ചു കാണാം. ഒന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനായ ബി.ബി.സിയുടെ പൊതുജനസേവന മാതൃക. രണ്ടാമത്തേത് അമേരിക്കന്‍ ടെലിവിഷന്റെ കച്ചവടമാതൃക. പൊതുജനസമ്പര്‍ക്കമാധ്യമമെന്ന നിലയില്‍,  ഇന്ത്യ പിന്തുടരാന്‍ ശ്രമിച്ചത് ബി.ബി.സി. മാതൃകയായിരുന്നു. എന്നാല്‍ 1991 മുതല്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ നെറ്റുവര്‍ക്ക് അടക്കമുള്ള ആഗോള മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ സംപ്രേഷണാനുവാദം നല്‍കിയതും, ഉപഗ്രഹസാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വകാര്യചാനലുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെ, ഇന്ത്യന്‍ ടെലിവിഷന്‍രംഗം കച്ചവടവല്‍ക്കരിക്കപ്പെട്ടു. സ്വകാര്യമൂലധനനിക്ഷേപത്തില്‍ അത് അനിവാര്യമായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദൂരദര്‍ശന് സാധിക്കാത്ത ദൃശ്യവിനോദങ്ങളുടെ ലോകത്തേക്കായിരുന്നു സ്വകാര്യ-ഉപഗ്രഹചാനലുകള്‍ ഇന്ത്യന്‍ കാണികളെ ആനയിച്ചത്.


ടെലിവിഷന്റെ കച്ചവടമാതൃക എന്നും വികാരവിക്ഷുബ്ധമായ വിനോദമൂല്യങ്ങള്‍ക്കായിരുന്നു  പ്രാധാന്യം നല്‍കിയത്. വിഖ്യാത ചലച്ചിത്രകാരനായ ഓഴ്‌സണ്‍ വെല്‍സ്, ”ക വമലേ ലേഹല്ശശെീി. ക വമലേ ശ േമ ൊൗരവ മ െുലമിൗെേ. ആൗ േക രമി’ േേെീു ലമശേിഴ ുലമിൗെേ” എന്നാണ് പറഞ്ഞത്. കാണികളെ ടെലിവിഷന്‍ അതിന്റെ വിസ്മയങ്ങളില്‍ തളച്ചിടുന്നു എന്നര്‍ത്ഥം. മൈക്കല്‍ ട്രേസിക്കാകട്ടെ ടെലിവിഷന്‍ വിഷം കലക്കിയ പാനപാത്രമായിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കൊപ്പം ടെലിവിഷനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ ആഗോളതലത്തില്‍ വന്നു. ടെലിവിഷന്‍ നെറ്റുവര്‍ക്കുകള്‍, വിവര വിനോദ വിനിമയത്തിലൂടെ ലോകത്തെ ആഗോളഗ്രാമം ആക്കിമാറ്റുന്നു എന്നു നിരീക്ഷിച്ച മാര്‍ഷല്‍ മക്‌ലൂഹന്‍ പറഞ്ഞത്, അച്ചടിയുടെ/അക്ഷരത്തിന്റെ കുത്തകസ്വഭാവത്തെ ടെലിവിഷന്‍ ഉടച്ചുകളഞ്ഞു എന്നാണ്. വിവരങ്ങള്‍ അറിയുന്നതിന്/അറിവു നേടുന്നതിന്, വിനോദത്തിന് ടെലിവിഷന്റെ മുന്നില്‍ ഇരുന്നുകൊടുത്താല്‍ മതി, അക്ഷരം പഠിക്കുകയോ അച്ചടിമാധ്യമങ്ങള്‍ വായിക്കുകയോ ചെയ്യേണ്ടതില്ല. ഗുണ്ടന്‍ബര്‍ഗ് ഗാലക്‌സി എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് മക്‌ലൂഹന്‍ പറഞ്ഞത്, ടെലിവിഷന്‍ ജനങ്ങളെ ഗോത്രകാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ്. ഗോത്രകാലഘട്ടത്തില്‍, വിവരങ്ങള്‍ അറിയുന്നതിന്, അക്ഷരജ്ഞാനം ആവശ്യമില്ലായിരുന്നു.വാമൊഴിയായി അത്, പലരുടെ നാവില്‍തുമ്പിലൂടെ കാതുകളിലേക്ക് പകര്‍ന്നുകിട്ടുമായിരുന്നു. വിവരവിനിമയത്തിന്റെ വാമൊഴിപ്പാരമ്പര്യം അതിലുണ്ട്.


ആ സ്ഥാനത്താണ് അച്ചടി അക്ഷരങ്ങള്‍കൊണ്ട് വിവരവിനിമയത്തിന് തടയണ തീര്‍ത്തത്. വിവരങ്ങളുടെയും അറിവിന്റെയും ഗോത്രസംസ്‌കൃതിയിലെ വിനിമയരീതിയെ തടസ്സപ്പെടുത്തല്‍. അച്ചടിമാധ്യമങ്ങള്‍ വിനിമയപ്രക്രിയയില്‍ വരുത്തിയ ഈ മാറ്റത്തെ അപഗോത്രീകരണം ആയാണ് മാര്‍ഷല്‍ മക്‌ലൂഹന്‍ വിലയിരുത്തിയത്. ടെലിവിഷന്റെ വരവോടെ അക്ഷരങ്ങളുടെ തടയണ പൊളിയുകയും വിനിമയം ഗോത്രകാല വാമൊഴിപ്പാരമ്പര്യത്തിലേക്ക് തിരിയുകയും ചെയ്തു. അത് പുതിയ ഗോത്രസമൂഹമായ ആഗോളഗ്രാമത്തെ സൃഷ്ടിച്ചു. ടെലിവിഷന്റെ വാമൊഴി സ്വഭാവം അതിന്റെ ജനപ്രിയതയ്ക്ക് കാരണമായി എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ടെലിവിഷനെ ജനപ്രിയ നാടോടിത്ത സംസ്‌കാരത്തില്‍നിന്ന് അടര്‍ത്തി മാ റ്റാന്‍ കഴിയില്ല. ഫെഡ്രിക് ജെയിംസണ്‍ പറഞ്ഞപ്രകാരം ഉത്തമകലയുടെ വ്യവസ്ഥാപിത സ്വഭാവവുമായി ടെലിവിഷന്‍ മാധ്യമത്തിന് ഇണങ്ങി നില്‍ക്കാന്‍ കഴിയില്ല. പകരം ഉത്തമം, അധമം എന്ന വേര്‍തിരിവ് ഇല്ലാതാക്കുന്ന ദൃശ്യസംസ്‌കാരം സൃഷ്ടിക്കാനേ സാധിക്കുകയുള്ളൂ. അച്ചടിമാധ്യമത്തെപ്പോലെ എഡിറ്ററുടെ അല്ലെങ്കില്‍ ഡയറക്ടറുടെ നിയന്ത്രണത്തിലാണ് ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അതിന്റെ അക്ഷരമാലകള്‍ ലിഖിതസ്വഭാവമുള്ളതല്ല.